#ദിനസരികള്‍ 1164 കഥ പറയുന്ന കാസ്ട്രോ – 3
കാസ്ട്രോ
താന്‍ ജനിച്ച വീടിനെക്കുറിച്ചുള്ള വിശേഷങ്ങള്‍ തുടര്‍ന്നു “ തടികൊണ്ട്
ഉണ്ടാക്കിയ ഒരു വീടായിരുന്നു അത്.കടുപ്പമുള്ള ഒരു തരം മരമായിരുന്നു
അതിനുപയോഗിച്ചത് (Caguarin
). ആ മരത്തടികളുടെ മുകളറ്റത്ത് വീടിന്റെ അടിത്തറ ഉറപ്പിക്കുന്നു.
വീട് കൃത്യമായ ചതുരാകൃതിയിലായിരുന്നുവെന്നാണ് എന്റെ ഓര്‍മ്മ.പില്ക്കാലത്ത് അതിനോട്
ഒരു കൂട്ടിച്ചേര്‍ക്കല്‍ നടക്കുകയുണ്ടായി. ഓഫീസെന്ന നിലയ്ക്ക് ഒരു മുറിയാണ്
കൂടുതലായി സൃഷ്ടിക്കപ്പെട്ടത്.പിന്നീട് വീണ്ടും ഒരു കുളിമുറിയും സാമാനങ്ങള്‍
സൂക്ഷിക്കാനുള്ള ഒരു മുറിയും ഭക്ഷണം കഴിക്കാനുള്ള ഒന്നും ഒരടുക്കളയും കൂട്ടിച്ചേര്‍ക്കപ്പെട്ടു.ഏറ്റവും
ആദ്യമുണ്ടായിരുന്നതിനുമുകളില്‍ മറ്റൊരു നില കൂടി പണിയപ്പെട്ടു. ആ
രണ്ടാംനിലയാകട്ടെ താരതമ്യേന ചെറുതായിരുന്നു. ആഗസ്ത് 13 1926 ന് രാത്രി രണ്ടു
മണിക്ക് ഞാന്‍ അവിടെയാണ് ജനിച്ചത് എന്നാണ് കഥ.ആ ചുറ്റുപാടുകളില്‍ കിളികള്‍ക്കും
മരങ്ങള്‍ക്കും കരിമ്പുപാടങ്ങള്‍ക്കുമിടയിലാണ് ഞാന്‍ എന്റെ കുട്ടിക്കാലം
കഴിച്ചുകൂട്ടിയത്. അച്ഛന്‍
എഞ്ചെല്‍ കാസ്ട്രോയാകട്ടെ അത്യുത്സാഹിയായിരുന്നു.കാര്യങ്ങളില്‍ തീര്‍ച്ചയും മൂര്‍ച്ചയുമുള്ള
അദ്ദേഹം തീരുമാനങ്ങളില്‍ നിന്ന് പിന്നോട്ടു പോയിരുന്നില്ല. എഴുത്തും വായനയും
അദ്ദേഹം സ്വപ്രയത്നംകൊണ്ടാണ് ആര്‍ജിച്ചത്. കര്‍മ്മനിരതനായിരുന്ന ആ മനുഷ്യന്‍
സംഘാടനങ്ങളില്‍ തനിക്കുള്ള സ്വാഭാവികമായ ശേഷിയെ ഫലപ്രദമായി വിനിയോഗിക്കാന്‍
പരിശ്രമിച്ചിരുന്നു.”
കാസ്ട്രോ പറഞ്ഞു.
കുട്ടിക്കാലത്തെക്കുറിച്ചും
തന്റെ പിതാവിനെക്കുറിച്ചുമുള്ള മധുരമായ ഓര്‍മ്മകളില്‍ അദ്ദേഹം മുഴുകി.അദ്ദേഹത്തിന്റെ
പിതാവ് ക്യൂബയിലേക്ക് എത്തിച്ചേരാനിടയാക്കിയ സാഹചര്യങ്ങളെ ഇങ്ങനെ വിശദീകരിച്ചു. “
നേരത്തെ സൂചിപ്പിച്ചതുപോലെ എന്റെ അച്ഛന്‍ വളരെ ഒരു ദരിദ്രനായ
കര്‍ഷകനായിരുന്നു.1992 ഞാന്‍ ഗലീഷ്യയില്‍ പോയപ്പോള്‍ എന്റെ അച്ഛന്‍ താമസിച്ചിരുന്ന
ലങ്കാറയും സന്ദര്‍ശിച്ചിരുന്നു.അവിടെ അദ്ദേഹം ജനിച്ച വീട് ഞാന്‍ കണ്ടു.വളരെ ചെറിയ
ഒന്നായിരുന്നു അത്.പതിനെട്ടോ ഇരുപതോ അടി വീതിയും മുപ്പത്തിരണ്ടടി നീളവുമുള്ള
കല്ലുകൊണ്ടു പണിത ചെറിയൊരു വീട്.ആ പ്രദേശങ്ങളില്‍ സര്‍വ്വസാധാരണമായി കാണുന്ന
അത്തരം കല്ലുകൊണ്ടാണ് ദരിദ്രരായ കൃഷീവലന്മാര്‍ തങ്ങളുടെ വീടുകള്‍ നിര്‍മ്മിച്ചിരുന്നത്.ഈ
ചെറിയ ഗ്രാമീണ ഭവനങ്ങളിലാണ് കുടുംബം മുഴുവനായും കഴിഞ്ഞു കൂടിയിരുന്നത്. പലപ്പോഴും
മൃഗങ്ങളും അവരോടൊപ്പം താമസിച്ചുപോന്നു.കിടപ്പുമുറിയും അടുക്കളയുമെല്ലാം
ഒന്നുതന്നെയായിരുന്നു.കൃഷിയിടങ്ങളോ എന്തിന് ഒരു മുറ്റമോ അവിടെയില്ലായിരുന്നു.
ഗ്രാമപ്രദേശങ്ങളിലാകെ ചിതറിക്കിടന്നിരുന്ന ഒറ്റപ്പെട്ടയിടങ്ങളില്‍ കൃഷി ചെയ്താണ്
കുടുംബങ്ങള്‍ ജീവിച്ചത്. പതിനാറോ പതിനേഴോ വയസ്സില്‍ അച്ഛന്‍ സ്പെയിനില്‍ സൈനിക
സേവനത്തില്‍ ഏര്‍പ്പെട്ടിരുന്നു. 1895 ല്‍ ആരംഭിച്ച രണ്ടാം സ്വാതന്ത്ര്യ
സമരത്തില്‍ പങ്കെടുക്കുന്നതിനു വേണ്ടി അദ്ദേഹം തന്റെ ഇരുപതാമത്തെ വയസ്സില്‍
ക്യൂബയിലേക്ക് മടങ്ങിപ്പോന്നു.ഏതു സാഹചര്യത്തില്‍ എപ്പോഴാണ് അദ്ദേഹം
മടങ്ങിപ്പോന്നതെന്ന് ആര്‍ക്കും അറിയില്ല. അക്കാര്യത്തെക്കുറിച്ച് ഞാന്‍ അദ്ദേഹവുമായി
സംസാരിച്ചിട്ടുമില്ല. സുഹൃത്തുക്കള്‍ വല്ലപ്പോഴും ഒത്തു കൂടുമ്പോള്‍ അദ്ദേഹം
ചിലപ്പോള്‍ അക്കാര്യങ്ങള്‍ പറയുമായിരുന്നു.എന്നാല്‍ എന്റെ മുതിര്‍ന്ന സഹോദരി
അഞ്ജലീറ്റയ്ക്കും റമോണയ്ക്കും – അവര്‍ ഇപ്പോഴും
ജീവിച്ചിരിക്കുന്നു – കുറച്ചു കൂടി കാര്യങ്ങള്‍ അറിയാം.അവര്‍ ഇക്കാര്യത്തെക്കുറിച്ച്
എന്നെക്കാള്‍ കൂടുതല്‍ പിതാവുമായി സംസാരിച്ചിരിക്കുന്നു.ഞാന്‍ ഹവാനയിലെ
സ്കൂളിലേക്ക് പോകുകയും പിന്നീട് വിപ്ലവപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും മൊന്‍കാദയ്ക്കെതിരെ
കലാപം നടത്തുകയും ജയിലില്‍ പോകുകയും ഇറങ്ങിയതിനു ശേഷം ഗ്രാന്‍മ മുന്നേറ്റങ്ങളുടെ
പ്രവര്‍ത്തനത്തില്‍ മുഴുകുകയുമൊക്കെ ചെയ്തതുകൊണ്ട്
എന്നെക്കാള്‍ നാലുവയസ്സിനെക്കാള്‍ ഇളപ്പമുള്ള റൌളിനെപ്പോലെയോ വീട്ടില്‍ തന്നെ
താമസിച്ചിരുന്ന എന്റെ മറ്റു
സഹോദരങ്ങളെപ്പോലെയോ എനിക്ക് പിതാവിന്റെ കഥകള്‍ കേള്‍ക്കാന്‍ സാഹചര്യങ്ങളുണ്ടായിരുന്നില്ലല്ലോ.
അദ്ദേഹം അവരോട് ധാരാളമായി സംസാരിച്ചിട്ടുണ്ടാകുമെന്നാണ് ഞാന്‍ കരുതുന്നത്.” തന്റെ
പിതാവുമായി ബന്ധപ്പെട്ട ഓര്‍മ്മകളില്‍ കാസ്ട്രോ സംസാരിച്ചു നിറുത്തി.
(തുടരും
)
മനോജ് പട്ടേട്ട് || 25 June 2020, 08.30 AM ||
Comments