#ദിനസരികള്‍ 1166 ശൂദ്രര്‍ ആരായിരുന്നു ? - 2
( ഡോക്ടര്‍ അംബേദ്കറിന്റെ Who
were Shudras
? എന്ന
കൃതിയിലൂടെ )
പ്രപഞ്ചത്തിന്റെ
തുടക്കത്തെക്കുറിച്ചാണ് പുരുഷസൂക്തം സംസാരിക്കുന്നത്.മറ്റൊരു തരത്തില്‍ പറഞ്ഞാല്‍
ഇത് പ്രപഞ്ചോല്പത്തി സിദ്ധാന്തമാണ്. ഒരല്പം ചിന്താശേഷിയുള്ള ഏതൊരു ജനതയും തനതായ
ഒരു പ്രപഞ്ചോല്പത്തിസിദ്ധാന്തം കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്.പുരുഷ
സൂക്തത്തോട് സാമ്യപ്പെടുത്താനാകുന്ന വിധത്തിലുള്ള ഒരു സിദ്ധാന്തം ഈജിപ്തുകാര്‍ക്കുണ്ടായിരുന്നു.അതനുസരിച്ച്
പ്രപഞ്ചം ഉണ്ടാക്കിയത് ക്നുമ്മു ആണ്. ഒരു കുശവന്‍ തന്റെ ചക്രത്തിലുമുകളില്‍ വെച്ച്
ഓരോന്നുമുണ്ടാക്കുന്നതുപോലെ അദ്ദേഹം ഓരോന്നിനും ആകൃതി നല്കി. “ അദ്ദേഹമാണ്
എല്ലാം സൃഷ്ടിച്ചത്.എല്ലാത്തിരും രൂപം നല്കി. നിലവിലുള്ള എല്ലാം അങ്ങനെയുണ്ടായി.
അദ്ദേഹം പിതാക്കന്മാര്‍ക്കും പിതാവാണ്. ആദ്യമാതാവും അദ്ദേഹം തന്നെ. അവന്‍ മനുഷ്യരെ
പരുവപ്പെടുത്തി. ദൈവങ്ങളെ സൃഷ്ടിച്ചു.അവനായിരുന്നു ഒരേയൊരു പിതാവ്.അവന്‍ സ്വര്‍ഗ്ഗത്തിന്റേയും
സ്രഷ്ടാവായിരുന്നു. ഈ ലോകത്തേയും അതിനു താഴെയുള്ള ലോകത്തേയും ജലത്തേയും
മലകളേയുമൊക്കെ നിര്‍മ്മിച്ചത് അദ്ദേഹമാണ്. കിളികളേയും മത്സ്യങ്ങളേയും
വന്യമൃഗങ്ങളേയും വളര്‍ത്തുമൃഗങ്ങളേയും എന്തിന് പുഴുക്കളെപ്പോലും അവന്‍ ഇണകളായി
സൃഷ്ടിച്ചു.” പഴയ
നിയമത്തിലെ ഉല്‍പ്പത്തി പുസ്തകത്തിലെ അധ്യായം ഒന്നില്‍ ഇതിനോട് വളരെയേറെ
സാദൃശ്യമുള്ള പ്രപഞ്ച സിദ്ധാന്തം നമുക്ക് കാണാം.
ഇത്തരം കഥകള്‍ വിദ്യാര്‍ത്ഥികളില്‍ താല്പര്യമുണര്‍ത്താനും
കുട്ടികളെ രസിപ്പിക്കാനുമൊക്കെ ഉപയോഗിക്കമെന്നല്ലാതെ മറ്റൊന്നിനും അവ
പ്രയോജനപ്പെടില്ലെന്നത് വാസ്തവമാണ്. പുരുഷസൂക്തത്തിലെ ചില ഭാഗങ്ങളെ സംബന്ധിച്ചും ഈ
കാഴ്ചപ്പാട് ശരിയാണ്. എന്നാല്‍ അതു മുഴുവനായി എടുത്താല്‍ ആ നിലാപാട്
ശരിയാവുകയില്ല.അതിനൊരു കാരണം പുരുഷസൂക്തത്തിന്റെ എല്ലാ ഭാഗത്തിനും ഒരേ
പ്രാധാന്യമല്ല എന്നുള്ളതാണ്. പതിനൊന്നും പന്ത്രണ്ടും സൂക്തങ്ങള്‍ ഒരു വിഭാഗത്തില്‍
പെടുന്നു.ബാക്കിയുള്ളവ മറ്റൊരു വിഭാഗത്തിലും.ആരും അതത്ര കാര്യമാക്കുന്നില്ല.ഒരു
ഹിന്ദുവും അതൊന്നും ആലോചിക്കുന്നേയില്ല.എന്നാല്‍ നേരത്തെ പറഞ്ഞതുപോലെ പതിനൊന്നും
പന്ത്രണ്ടും സൂക്തങ്ങളുടെ കാര്യം മറ്റൊന്നാണ്.പ്രത്യക്ഷത്തില്‍ ഇവ ബ്രാഹ്മണര്‍ അഥവാ
പുരോഹിതര്‍ ക്ഷത്രിയര്‍ അഥവാ പോരാളികള്‍ വൈശ്യര്‍ അഥവാ കച്ചവടക്കാര്‍ ശൂദ്രര്‍ അഥവാ
സേവകര്‍ എന്നിങ്ങനെ ബ്രഹ്മാവിന്റെ അഥവാ സ്രഷ്ടാവിന്റെ ശരീരത്തില്‍ നിന്നും
ഉല്പാദിപ്പിക്കപ്പെട്ടു എന്നുമാത്രമാണ് പറയുന്നത്. എന്നാല്‍ പ്രപഞ്ച രഹസ്യത്തിന്റെ
ഒരു ഭാഗമായി ഈ വരികള്‍ മനസ്സിലാക്കപ്പെടുന്നില്ലെന്നതാണ് വസ്തുത. ഇന്തോ
ആര്യന്‍ സമൂഹത്തില്‍ ഇതൊരു കവിസങ്കല്പം മാത്രമായിട്ടാണ് നിലനിന്നിരുന്നതെന്ന്
മനസ്സിലാക്കുന്നത് ഹിമാലയന്‍ അബദ്ധമായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
ഈ സൂക്തങ്ങളില്‍ പ്രതിപാദിക്കപ്പെട്ടവ പോലെയുള്ള ഒരു സമൂഹത്തെയാണ്
സൃഷ്ടിക്കേണ്ടതെന്നുള്ള സ്രഷ്ടാവിന്റെ കല്പന ആ വരികള്‍ പേറുന്നുവെന്നാണ് പൊതുവേ വിശ്വസിക്കപ്പെടുന്നത്.
ആ വരികളുടെ അത്തരത്തിലുള്ള അര്‍ത്ഥം ആ വരികള്‍ ഉല്പാദിപ്പിക്കുന്നില്ലെങ്കിലും
പാരമ്പര്യമായി അങ്ങനെത്തന്നെയാണ് വ്യാഖ്യാനിക്കപ്പെടുന്നത്. സൂക്തം ചമച്ചവന്റെ
ഉദ്ദേശങ്ങളുമായി ആ വ്യാഖ്യാനം തീരെയങ്ങ് ഇണങ്ങിപ്പോകാത്തതാണ് എന്നും പറയുക
വയ്യ.അതുകൊണ്ട് പതിനൊന്നും പന്ത്രണ്ടും സൂക്തങ്ങള്‍ കേവലം
പ്രപഞ്ചോല്പത്തിയെക്കുറിച്ചു മാത്രമല്ല പറയുന്നത് മറിച്ച് ഒരു പ്രത്യേക രീതിയും
തരവും അവലംബിക്കേണ്ട സമൂഹനിര്‍മ്മിതിയെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ കൂടി
അവയില്‍ അടങ്ങിയിരിക്കുന്നുവെന്നാണ് വ്യാഖ്യാനിക്കപ്പെടുന്നത്
മനോജ് പട്ടേട്ട് || 27 June 2020, 09.30 AM ||
Comments