#ദിനസരികള്‍ 1165 ഹിന്ദുത്വയുടെ അഭാരതീയ ഹിമാലയങ്ങള്‍.
സുകുമാര്‍ അഴീക്കോടിന്റെ
തത്വമസി എന്ന പ്രസിദ്ധ ഗ്രന്ഥം അവസാനിക്കുന്നത് വിശ്വദൃഷ്ടിയില്‍ , നാളെയുടെ
മുന്നില്‍ എന്നിങ്ങനെ രണ്ട് അധ്യായങ്ങള്‍ അടങ്ങിയ
ഉപസംഹാരത്തോടുകൂടിയാണ്.ലോകം ഉപനിഷത്താദി വൈദിക ഗ്രന്ഥസമുച്ചയങ്ങളെ
സമീപിച്ചിരിക്കുന്നതെങ്ങനെയാണ് എന്നാണ് വിശ്വൃഷ്ടിയില്‍ എന്ന ലേഖനം ചര്‍ച്ച
ചെയ്യുന്നത്.ഇന്ത്യയില്‍ ആത്മവിദ്യയ്ക്കും വൈദിക സാഹിത്യത്തിനുമുള്ള
പ്രാധാന്യത്തെ എടുത്തു പറഞ്ഞതിനു ശേഷം ലോകത്തിന്റെ ഇതരഭാഗങ്ങളിലുണ്ടാക്കിയ
സ്വാധീനം വിശദമാക്കുന്നു. സര്‍ വില്യം ജോണ്‍സ്, മാക്സ് മ്യൂളര്‍ , പോള്‍ ഡോയ്സന്‍
, ഹ്യൂം , എമേഴ്സണ്‍ , യേറ്റ്സ് , തോറോ, റൊമയ്‍ന്‍ റൊളണ്ട് , ഐന്‍സ്റ്റീന്‍
തുടങ്ങി ഒട്ടേറെ ജിജ്ഞാസുക്കളെ ഭാരതീയ ചിന്തപദ്ധതി ആകര്‍ഷിച്ചിട്ടുണ്ട്. “നല്ലൊരു
പാശ്ചാത്യഗ്രന്ഥാലയത്തിലെ ഒരു ഷെല്‍ഫ് ഇന്ത്യയിലേയും അറേബ്യയിലേയും മുഴുവന്‍
സാഹിത്യത്തെക്കാള്‍ വിലപിടിച്ചതാണെന്ന” മെക്കാളെ പ്രഭുവിന്റെ അടിച്ചിരുത്തല്‍ അസ്ഥാനത്താണെന്ന്
ഭാരതത്തിന്റെ തത്വചിന്തകളെ അടുത്തറിയുവാന്‍ തുനിഞ്ഞിറങ്ങിയവര്‍ സാക്ഷ്യപ്പെടുത്തുന്നു.
ഷോപ്പനോ വര്‍ എഴുതുന്നതു നോക്കുക –“ഉപനിഷത്തുകളുടെ പഠനം പോലെ അത്ര
പ്രയോജനകരവും ഉദാത്തവുമായ ഒരു പഠനം ലോകത്തില്‍ വേറെയില്ല.എന്റെ ജീവിതത്തിന്റെ
ആശ്വാസം അതായിരുന്നു.എന്റെ മരണത്തിലും ആശ്വാസം അതായിരിക്കും.” മാക്സ്
മ്യൂളറാകട്ടെ ഈ അഭിപ്രായത്തെ സര്‍വ്വാത്മനാ സ്വാഗതം ചെയ്യുന്നു. ലോകചിന്തകരേയും
അതുവഴി സാഹിത്യത്തേയും ഇന്ത്യന്‍ ചിന്ത സ്വാധീനിച്ചതിന്റെ ഒരു നഖചിത്രമാണ് ഈ
ലേഖനം.
രണ്ടാമത്തെ
ലേഖനത്തിലാകട്ടെ നാളെയുടെ മുമ്പില്‍ ഈ ചിന്തകള്‍ എങ്ങനെയാണ് പരിഗണിക്കപ്പെടുക
എന്ന അന്വേഷണമാണ് നടക്കുന്നത്.നാളെ ഭാരതത്തില്‍ ഉപനിഷത്തുകള്‍ക്കും അതു
പ്രസരിപ്പിക്കുന്ന സാര്‍വ്വലൌകികമായ മാനവികസ്നേഹത്തിനും പ്രസക്തിയുണ്ടാകുമോ എന്ന
ചോദ്യത്തിന് ഉത്തരമായി പ്രസ്തുത ലേഖനത്തില്‍ നാം ഇങ്ങനെ വായിക്കുന്നു “ ചരിത്രത്തില്‍
അനൂഹ്യങ്ങളായ മാറ്റങ്ങള്‍ നിരവധിയുണ്ടാകാം.പക്ഷേ പാറപോലെ ഉറച്ചതും ആകാശംപോലെ
പരന്നതും ഉഷസ്സുപോലെ വിശുദ്ധവുമായ ഉപനിഷത്തിന്റെ ഉപദേശം മറക്കുവാന്‍ എന്തായാലും
ഇന്ത്യയ്ക്ക് സാധിക്കുമെന്ന് തോന്നുന്നില്ല.ഉപനിഷത്തിന്റെ പ്രാഭവം ഏറ്റവും നന്നായി
ഇന്ത്യയില്‍ തുടര്‍ന്നു പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കുമെന്ന് അത് ഏറ്റവും നന്നായി
പഠിച്ച ഹ്യൂമിനു ഒട്ടും സംശയമില്ല.ഇന്ത്യ അനന്തകയുടെ മുന്നില്‍ ആത്മസമര്‍പ്പണം
ചെയ്തിട്ടുണ്ട് എന്ന് മാസ്സണ്‍ - ഒസല്‍ പ്രഖ്യാപിച്ചത് , ഉപനിഷത്തിന്റെ
ചിന്താമഹിമയുടെ സാര്‍വ്വകാലികമായ പ്രസക്തി നിരൂപിച്ചുകൊണ്ടാണ്.ഇന്ത്യയില്‍ എക്കാലത്തും
കര്‍മ്മവും ക്രമവും നിലനിറുത്തി അവ്യവസ്ഥ ഇല്ലാതാക്കാന്‍ പ്രചോദനം കൊടുക്കുന്ന
ശക്തി ഇതായിരിക്കുമെന്ന് ഇന്ത്യാ ചരിത്രത്തെ സസൂക്ഷ്മം നിരീക്ഷി പഠിച്ച അദ്ദേഹം
അഭിപ്രായപ്പെട്ടിരിക്കുന്നു.”
അതായത് ഇന്ത്യയില്‍ വ്യക്തിപരവും സാമൂഹികവുമായ ജീവിതങ്ങളെ
സ്വാധീനിക്കുവാനും മാറ്റിത്തീര്‍ക്കുവാനും പരസ്പരം സ്നേഹത്തോടെയും സഹവര്‍ത്തിത്വത്തോടെയും
ജീവിച്ചുപോകുവാനും എക്കാലത്തും ഉപനിഷത്തുകള്‍ പുലര്‍ത്തിപ്പോരുന്ന ആശയങ്ങള്‍ സഹായകമാകുകതന്നെ
ചെയ്യും എന്ന് അടിവരയിട്ടുറപ്പിക്കുകയാണ് ഈ ലേഖനത്തിലൂടെ അഴിക്കോട് ചെയ്യുന്നത്.
ഉപനിഷത്തുകളുടെയോ
ഭാരതീയമായ മറ്റേതെങ്കിലും ചിന്താപദ്ധതിയുടെയോ മഹത്വം പ്രഘോഷിക്കുവാനല്ല ഞാന്‍
മുകളിലെ രണ്ടു ഖണ്ഡികകളിലൂടെ പരിശ്രമിച്ചത്. മറിച്ച് ഔപനിഷദികവും ഭാരതീയവുമായ
ആശയങ്ങളെയാണ് തങ്ങള്‍ പിന്‍പറ്റുന്നതെന്ന് ആണയിട്ടുകൊണ്ട് അധികാരത്തിലെത്തിയ ഒരു
കൂട്ടം ഈ നാടിനെ ഇന്ന് എവിടെക്കൊണ്ടെത്തിച്ചിരിക്കുന്നുവെന്ന്
ചൂണ്ടിക്കാണിക്കുവാനാണ്. ലോകം കൈയ്യടിച്ചംഗീകരിച്ച ആശയങ്ങളുടെ ഒരു മുഴക്കവും
ഇക്കാലങ്ങളില്‍ ഇന്ത്യയില്‍ നിന്നുമുണ്ടാകുന്നില്ല. സഹനാവവതു സഹനൌ ഭുനക്തു
സഹവീര്യം കരവാവഹൈ , തേജസ്വീ നാവധീതമസ്തു , മാ വിദ്വിഷാവഹൈ എന്ന് പ്രാര്‍ത്ഥിച്ചിരുന്ന
ഉപനിഷത്ത് മന്ത്രങ്ങളുടെ സ്ഥാനത്ത് വെറുപ്പിന്റേയും വിദ്വേഷത്തിന്റെ ഗ്വാഗ്വാ
വിളികള്‍ പകരം വെയ്ക്കപ്പെട്ടു. ജാതിയുടേയും മതത്തിന്റേയും പേരില്‍ ഏറ്റവും
കൂടുതല്‍ അക്രമം നടക്കുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് ആത്മവിദ്യയുടെ ഈ നാടും
മുന്നേറി. ഭാരതം എന്തിന്റെ പേരിലാണോ ലോകത്തിന്റെ മുന്നില്‍ തലയുയര്‍ത്തി
നിന്നത് അതേ ആശയങ്ങളെല്ലാംതന്നെ മണ്ണടിഞ്ഞു കഴിഞ്ഞു.
ഇനി
ചിന്തിക്കേണ്ടത് , അടിമുടി ഭാരതത്തെ , അതിന്റെ മഹത്വങ്ങളെ ഇല്ലായ്മ
ചെയ്തുകൊണ്ടിരിക്കുന്ന ഹിന്ദുത്വം നമുക്കു വേണമോയെന്നു മാത്രമാണ്.
മനോജ് പട്ടേട്ട് || 26 June 2020, 07.30 AM ||
Comments