#ദിനസരികള്‍ 1162 പ്രധാനമന്ത്രി വായിച്ചറിയുവാന്‍ രാമചന്ദ്ര ഗുഹ എഴുതുന്നു .
കൊവിഡ്
19യെക്കുറിച്ച് രാജ്യത്തെ ഏറ്റവും മികച്ച വിദഗ്ദര്‍ നയിച്ച ഒരു ഓണ്‍ലൈന്‍
ക്ലാസില്‍ പങ്കെടുത്ത അനുഭവം ജൂണ്‍ രണ്ടാം വാരത്തിലെ മാതൃഭൂമി
ആഴ്ചപ്പതിപ്പില്‍ പ്രശസ്ത ചരിത്രകാരനായ രാമചന്ദ്രഗുഹ എഴുതുന്നുണ്ട്. വര്‍ഷങ്ങളായുള്ള
അനുഭവപരിചയത്തിന്റെ കരുത്തുള്ള ആറുപേരടങ്ങുന്ന അധ്യാപകരുടെ പാനലാണ് ക്ലാസുകള്‍ നയിച്ചത്.
അതുകൊണ്ടുതന്നെ അവര്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധാപുര്‍വ്വം കുറിച്ചെടുത്ത ഗുഹ
, ഈ പ്രതിസന്ധികാലത്തെ അതിജീവിക്കാനുള്ള വഴികളെക്കുറിച്ചും രാജ്യം ഭരിക്കുന്ന
കേന്ദ്രസര്‍ക്കാറിന് കൊറോണയെന്ന മാരക വൈറസിനെ നേരിടുമ്പോള്‍ സംഭവിച്ച
വീഴ്ചകളെക്കുറിച്ചുമാണ് ‘കേന്ദ്രസര്‍ക്കാര്‍ കേള്‍ക്കേണ്ടത്’ എന്ന
കുറിപ്പിലൂടെ പങ്കുവെയ്ക്കുന്നത്. ഏറെ പ്രസക്തമായ അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ വ്യാപകമായി
ചര്‍ച്ച ചെയ്യപ്പെടേണ്ടവ തന്നെയാണ്.
കൊവിഡിനെ മുന്‍നിറുത്തി രാജ്യത്ത് ലോക്‍ഡൌണ്‍ പ്രഖ്യാപിക്കപ്പെട്ടത്
ഏറെ തിടുക്കത്തിലാണ്. കേവലം നാലുദിവസം മാത്രമാണ് ജനങ്ങള്‍ക്ക് അടച്ചു പൂട്ടലിനു
മുന്നേ അനുവദിക്കപ്പെട്ടത്. രോഗവ്യാപനം തടയുന്നതിന് ഒരു പരിധിവരെ ആ തീരുമാനം
സഹായിച്ചിട്ടുണ്ടെങ്കിലും ലോക്‍ഡൌണ്‍ സൃഷ്ടിച്ച അരക്ഷിതാവസ്ഥ വ്യാപകമായ വിമര്‍ശനത്തിന്
കാരണമായിട്ടുണ്ട്. മതിയായ
സമയം അനുവദിക്കാതെ നടപ്പിലാക്കിയ തീരുമാനത്തിന്റെ ഫലമായി ലക്ഷക്കണക്കായ
തൊഴിലാളികള്‍ പെരുവഴിയിലായി. എവിടെ എത്തിയോ അവിടെ കഴിച്ചു കൂട്ടേണ്ടി വന്ന
അവസ്ഥയില്‍ പലരും മരണത്തെ മുഖാമുഖം കണ്ടു. പല ആവശ്യങ്ങള്‍ക്കായി പല വഴിയേ പാഞ്ഞ
ജീവിതങ്ങള്‍ പാതിവഴിയില്‍ മുട്ടുകുത്തി നിലവിളിക്കുന്നതും നാം കാണാനിടയായി. ഒരു
തയ്യാറെടുപ്പുമില്ലാതെ , സംസ്ഥാനങ്ങളെ വിശ്വാസത്തിലെടുക്കാതെയായിരുന്നു ലോക്‍ഡൌണ്‍
പ്രഖ്യാപിച്ചത് എന്ന വിമര്‍ശനത്തില്‍ കഴമ്പുണ്ട്.ഗുഹ എഴുതുന്നത് നോക്കുക “ നാട്ടിലേക്ക്
മടങ്ങണമെന്ന് ആഗ്രഹിച്ച കുറച്ച് തൊഴിലാളികളെ മാത്രമേ മാര്‍ച്ച് മധ്യത്തില്‍ വൈറസ്
ബാധിച്ചിരുന്നുള്ളു.നാട്ടിലേക്ക് മടങ്ങാന്‍ മതിയായ സമയം
കൊടുത്തിരുന്നുവെങ്കില്‍ അവര്‍ സുരക്ഷിതരായി വീടുകളിലേക്ക്
എത്തിച്ചേരുമായിരുന്നു.എന്നാല്‍ ആറാഴ്ചകള്‍ക്കു ശേഷം അവര്‍ക്ക് മടങ്ങാന്‍ സര്‍ക്കാര്‍
ട്രെയിനുകള്‍ ഏര്‍പ്പെടുത്തുമ്പോഴേക്കും പതിനായിരക്കണക്കിന് ആളുകളിലേക്ക്
വൈറസ് വ്യാപിച്ചു കഴിഞ്ഞിരുന്നു. ഈ വീഴ്ചയുടെ ഉത്തരവാദിത്തം സംസ്ഥാനങ്ങളുടെ തലയില്‍
കെട്ടിവെയ്ക്കാനാണ് കേന്ദ്രം ഇപ്പോള്‍ ബദ്ധപ്പെടുന്നത്.പക്ഷേ വിഭജനത്തിനു ശേഷം
രാജ്യം കണ്ട മനുഷ്യ നിര്‍മ്മിത ദുരന്തത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തവും പ്രധാനമന്ത്രിയ്ക്ക്
മാത്രമാണ്.”
കൂലിവേലക്കാരായ തൊഴിലാളികളുടെ ജീവിതം കൂടുതല്‍ ദുസ്സഹമായി. തൊഴില്‍
നഷ്ടപ്പെട്ടതോടെ വരുമാനമില്ലാതാകുകയും
കഴിക്കാന്‍ ഭക്ഷണമോ കിടക്കാനൊരിടമോ ഇല്ലാത്ത അവസ്ഥ ഒട്ടുമിക്ക
സംസ്ഥാനങ്ങളിലും രൂപപ്പെടുകയും ചെയ്തു. വൈറസിനെന്നല്ല, സാധാരണ രോഗങ്ങള്‍ക്കുപോലും ചികിത്സിക്കാന്‍
കഴിയാത്ത ദുര്‍ഗതിയിലേക്ക് ആയിരങ്ങളാണ് കൂപ്പുകുത്തിയത്. സാമ്പത്തിക രംഗം തകര്‍ന്നു.
സാമൂഹ്യ വ്യവസ്ഥ ശിഥിലമായി.ഈ സാഹചര്യത്തില്‍ ഇനിയെങ്കിലും ശരിയായ കാര്യങ്ങള്‍
ചെയ്യാന്‍ മോഡി സര്‍ക്കാറിന് കഴിയണം എന്ന് പ്രത്യാശിക്കുന്നതോടൊപ്പം, ഐ സി എം
ആറിനു പുറത്തുള്ള വിഖ്യാതരായ സാംക്രമിക രോഗവിദഗ്ദരുടെ സഹായം തേടുക , വീടുകളിലെ
ഒതുങ്ങിക്കൂടലുകളുണ്ടാക്കുന്ന മാനസികവും ശാരീരികവുമായ പ്രത്യാഘാതങ്ങള്‍ നേരിടാന്‍ സാമൂഹ്യ
ശാസ്ത്രജ്ഞരോടും മനശാസ്ത്രജ്ഞരോടും സഹായം അഭ്യര്‍ത്ഥിക്കുക , എല്ലാം അടക്കി
ഭരിക്കുക എന്ന പ്രവണത അവസാനിപ്പിച്ച് സംസ്ഥാനങ്ങളുടെ വിഹിതങ്ങളും മറ്റും യഥാസമയം കൊടുക്കുവാനുള്ള
തീരുമാനമെടുക്കുക , സര്‍ക്കാറിതര സംഘടനകളെ വിശ്വാസത്തിലെടുക്കുക എന്നിങ്ങനെ
മോഡിയും കൂട്ടരും അടിയന്തിരമായ ചെയ്യേണ്ട കുറച്ചു കാര്യങ്ങളെക്കുറിച്ചും ഗുഹ
സൂചിപ്പിക്കുന്നു. അധികാരം തങ്ങളില്‍ത്തന്നെ അടക്കി നിറുത്തുവാനുള്ള അദമ്യമായ
പ്രവണത നരേന്ദ്രമോഡിയുടെ സ്ഥിരമായ സ്വഭാവമാണ്. അതുകൊണ്ട് കൊവിഡിനെ മുന്‍നിറുത്തി
അദ്ദേഹം കാട്ടിക്കൂട്ടിയ കോപ്രായങ്ങള്‍ സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാക്കാനിടയാക്കി.
അതൊടൊപ്പം ആഭ്യന്തരമന്ത്രാലയത്തിന്റെ കരുണയില്ലാത്ത ഇടപെടലുകള്‍ കൂടിയായപ്പോള്‍
കാര്യങ്ങള്‍ കൈവിട്ടുപോയി എന്നുതന്നെ പറയാവുന്ന ഘട്ടത്തിലുമായി. അടുത്ത ആഴ്ചകളില്‍ കൊവിഡ്
പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ആഭ്യന്തരമന്ത്രാലയത്തെ പൂര്‍ണമായും
മാറ്റിനിറുത്തണമെന്നാണ് ഒരു പാനലിസ്റ്റ് അഭിപ്രായപ്പെട്ടതെന്ന് ഗുഹ
എടുത്തെഴുതുന്നുണ്ട്.
അവസാനമായി താനാണ് രാജ്യം എന്ന ചിന്താഗതിയെ നരേന്ദ്രമോഡി
അടിയന്തിരമായി ഉപേക്ഷിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ലഭ്യമായ വിദഗ്ദരേയും
സംഘടനകളേയും പങ്കെടുപ്പിച്ചുകൊണ്ട് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ
ശക്തിപ്പെടുത്താനും രാജ്യത്തെ സാമ്പത്തിക പ്രതിസന്ധികളില്‍ നിന്ന്
രക്ഷിച്ചെടുക്കാനും കഴിയൂ.തനിക്ക് എല്ലാത്തിനും ഉത്തരമറിയാമെന്നും ആരുടേയും സഹായം
ഒരു കാര്യത്തിലും വേണ്ടായെന്നുമുള്ള പിടിവാശി രാജ്യത്തെ തകര്‍ക്കാതിരിക്കണമെങ്കില്‍
, ഇത്രയെങ്കിലും രാജ്യസ്നേഹത്തിന്റെ പേരില്‍ അധികാരത്തിലെത്തിയവര്‍ ചെയ്തേ മതിയാകൂ
എന്നാണ് ഗുഹയുടെ ലേഖനം അടിവരയിടുന്നത്
മാതൃഭൂമി ആഴ്ചപ്പതിപ്പ്
ജൂണ്‍ 7 –
13 ,2020
മനോജ് പട്ടേട്ട് || 23 June 2020, 07.30 AM ||
Comments