#ദിനസരികള്‍ 1161 ചില ഭരണഘടനാചിന്തകള്‍
അഡ്വക്കേറ്റ്
കാളീശ്വരം രാജ് എഴുതിയ ഇന്ത്യന്‍ ഭരണഘടന – പാഠങ്ങള്‍ പാഠഭേദങ്ങള്‍ എന്ന
സമാഹാരത്തില്‍ ഭരണഘടനയുടെ ഭാവി ;
ഇന്ത്യയുടേയും എന്നൊരു ലേഖനമുണ്ട്. “നമ്മുടേത്
വിചിത്രകാലമാണ്.ഗാന്ധിജിയുടെ ഘാതകരെപ്പോലും മഹത്വവത്കരിക്കാന്‍ ശ്രമിക്കുന്ന ,
ദേശീയതയെപ്പോലും സാധാരണക്കാര്‍ക്കെതിരെ പ്രയോഗിക്കുന്ന ഹിറ്റ്ലറെത്തന്നെ
അനുകൂലിച്ച അതിദേശീയവാദികള്‍ക്ക് ജനകോടികള്‍ പിന്തുണ നല്കാന്‍ തീരുമാനിച്ച
ഇക്കാലത്താണ് ഇന്ത്യ ഇപ്പോള്‍ എത്തിനില്ക്കുന്നത്.” ഈ കാലഘട്ടത്തില്‍ ജനാധിപത്യത്തിന്റേയും നമ്മുടെ
ഭരണഘടനയുടേയും ഭാവിയെന്ത് എന്ന പ്രസക്തമായ ചോദ്യത്തെയാണ് അദ്ദേഹം ഈ ലേഖനത്തിലൂടെ
അഭിമുഖീകരിക്കാന്‍ ശ്രമിക്കുന്നത്.
ഇന്നത്തയെത്ര ഹിംസാത്മകമായിരുന്നില്ലെങ്കിലും സമാനമായ ഒരു
സാഹചര്യത്തെ നാം അടിയന്തിരാവസ്ഥ എന്ന പേരില്‍ നേരിട്ടിരുന്നു. അന്ന് ഭരണഘടന
റദ്ദാക്കപ്പെടുകയും കേവലം ഒരു വ്യക്തി രാജ്യത്തിന്റെ എല്ലാ മൂല്യങ്ങള്‍ക്കുമുപരിയായി
പ്രതിഷ്ഠിക്കപ്പെടുകയും ചെയ്തു. ഇന്ത്യയുടെ ജനാധിപത്യം അവിടെ അവസാനിക്കുകയാണെന്നുപോലും
ചിന്തിച്ചവരുണ്ട്. എന്നാല്‍ നാം അക്കാലത്തെ അതിജീവിച്ചു , മൂല്യങ്ങളെ
തിരിച്ചു പിടിച്ചു. ഭരണഘടനയുടെ അടിസ്ഥാന ഭാവങ്ങളെ അട്ടിമറിച്ചുകൊണ്ട് ഇനിയൊരു
ഇടപെടലും ഉണ്ടാകരുതെന്ന ഉദ്ദേശത്തോടെ കേശവാനന്ദ ഭാരതി കേസില്‍ സുപ്രിംകോടതി വിധി
പറഞ്ഞു.അതനുസരിച്ച് നമ്മുടെ ജനാധിപത്യവും മതേതരത്വവും ഫെഡറല്‍ ഘടനയും സര്‍വ്വതന്ത്രസ്വതന്ത്രമായ
നീതിന്യായ വ്യവസ്ഥയും മറ്റും മറ്റുമായ ഒരു പിടി അടിസ്ഥാന മൂല്യങ്ങള്‍ ഇനിയൊരു
മാറ്റമുണ്ടാകാത്ത വിധത്തില്‍ സംരക്ഷിക്കപ്പെട്ടുവെന്ന് നാം കരുതുന്നു. “തെരഞ്ഞെടുപ്പുകളിലെ
പ്രകടപത്രികപോലെ ഭരണഘടനകള്‍ മാറ്റിയെഴുതിയ തായ്ലണ്ടിലേയും മറ്റും അവസ്ഥ ഇവിടെ
ഉണ്ടായിട്ടില്ല” എന്ന
ശുഭാപ്തി വിശ്വാസവും ലേഖകനുണ്ട്.
ഒരുപക്ഷേ ഭരണഘടന അതിന്റെ ഭൌതിക പരിവേഷങ്ങളോടെ ദീര്‍ഘകാലം
നിലനിന്നുവെന്നു വരാം. എന്നാല്‍ അതിന്റെ ഉള്‍ബലങ്ങളെ നിശ്ചയിക്കുന്ന സാരവത്തായ
മൂല്യസങ്കല്പങ്ങളെ എത്രമാത്രം ആഴത്തില്‍ ജനതയ്ക്കിടയില്‍ വേരുപിടിപ്പിക്കാന്‍
കഴിഞ്ഞു എന്ന ചോദ്യത്തിനുള്ള ഉത്തരത്തിലാണ് ഭരണഘടന ഒരു വിജയമായിരുന്നുവോ എന്നു
നിശ്ചയിക്കാനാവശ്യമായ സൂചനകളിരിക്കുന്നത്. അതായത് ഭരണഘടനയുടെ മഹത്തായ സവിശേഷതകളായ
ജനാധിപത്യം , മതേതരത്വം, സാമ്പത്തിക സങ്കല്പങ്ങള്‍ മുതലായവ എത്രമാത്രം
ജനതയ്ക്കിടയില്‍ നിലനില്ക്കുന്നുവെന്ന് പരിശോധിച്ചാല്‍ മുക്കാല്‍
നൂറ്റാണ്ടുകാലമായിട്ടും നമുക്ക് അവയെ ചെറിയ തോതിലെങ്കിലും സ്വാംശീകരിക്കാന്‍
കഴിഞ്ഞിട്ടില്ലെന്ന് കാണാം. തീവ്രവലതുപക്ഷ കക്ഷിയും ഹിന്ദുത്വവാദികളുമായവരുടെ
കൈകളിലേക്ക് രാജ്യം എത്തിപ്പെട്ടതുതന്നെ ഇത്തരം ആശയങ്ങളെ നാം വേണ്ട തോതില്‍
മനസ്സിലാക്കിയിട്ടില്ലെന്നതിന്റെ പ്രത്യക്ഷ ഉദാഹരണങ്ങളാണ്. “ഉദ്ബുദ്ധ
ജനതയുടെ നയപ്രഖ്യാപന”മെന്ന രീതിയിലേക്ക്
തിരഞ്ഞെടുപ്പുകള്‍ മാറണമെങ്കില്‍ അംബേദ്കര്‍ സങ്കല്പിച്ചതുപോലെ പാര്‍ശ്വവത്കൃതര്‍ക്കും
ദരിദ്രര്‍ക്കും ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ഭരണഘടന പ്രയോജനപ്പെടണം.
അത്തരമൊരു കാലത്തിലേക്ക് നാമിനിയും എത്തിയിട്ടില്ലെന്നുമാത്രവുമല്ല
, നേരെ എതിര്‍ചേരിയിലേക്ക് ഒരുപാടു മുന്നേറുകയും ചെയ്തു.അതുകൊണ്ടുതന്നെ ഒരു
രാഷ്ട്രീയ ഉത്പന്നമായ ഭരണഘടന അതിന്റെ സമുജ്ജ്വലമായ ആന്തരിക ഭാവങ്ങളുടെ അഭാവത്തില്‍
റദ്ദാക്കപ്പെട്ട ഒരു പുസ്തകം മാത്രമായി മാറാനുള്ള സാധ്യത ഏറെയാണ് എന്ന് ലേഖനം
വിലയിരുത്തുന്നു.
മനോജ് പട്ടേട്ട് || 22 June 2020, 07.30 AM ||
Comments