#ദിനസരികള്‍ 1163 ശൂദ്രര്‍ ആരായിരുന്നു ? - 1
( ഡോക്ടര്‍ അംബേദ്കറിന്റെ Who
were Shudras എന്ന
കൃതിയിലൂടെ )
എല്ലാവര്‍ക്കും
അറിയാവുന്നതുപോലെ ഇന്തോ - ആര്യന്‍ സമൂഹത്തിലെ നാലാമത്തെ വര്‍ണമായിരുന്നു ശൂദ്രര്‍.എന്നാല്‍
എന്നാല്‍ ശുദ്രര്‍ ആരാണെന്നും അവര്‍ എങ്ങനെയാണ് നാലാം വര്‍ണമായതെന്നും
അന്വേഷിക്കുവാന്‍ കുറച്ചുപേര്‍ മാത്രമേ ശ്രദ്ധവെച്ചുള്ളു. അത്തരത്തിലുള്ള ഒരന്വേഷണത്തിന്
പ്രാധാന്യമുണ്ട്. ശൂദ്രര്‍ നാലാം സ്ഥാനത്തേക്ക് എത്തിയത് ഏതെങ്കിലും
പരിണാമത്തിലൂടെയോ ഇനി അഥവാ ഏതെങ്കിലും വിപ്ലവത്തിലൂടെയോ മറ്റോ ആണോ എന്ന
ചോദ്യത്തിന്റെ ഉത്തരം അറിയേണ്ടതുതന്നെയാണ്. അതറിയണമെങ്കില്‍ നാം ചാതുര്‍വര്‍ണ്യം
എന്ന വ്യവസ്ഥയില്‍ നിന്ന് ആരംഭിക്കേണ്ടതുണ്ട്. ചാതുര്‍വര്‍ണ്യത്തെക്കുറിച്ചുള്ള
പഠനം നാം ആരംഭിക്കേണ്ടതാകട്ടെ ഋഗ്വേദത്തിലെ പത്താം മണ്ഡലത്തിലെ തൊണ്ണൂറാമത്തെ
സൂക്തവും അതിവിഖ്യാതവുമായ പുരുഷസൂക്തത്തില്‍ നിന്നുമാണ്.
എന്താണ് ഈ സൂക്തം പറയുന്നത് ? പറയുന്നു :-
1. പുരുഷന് ആയിരം തലകളുണ്ട്. അതുപോലെ തന്നെ
ആയിരം കണ്ണുകളും ആയിരം പാദങ്ങളുമുണ്ട്.അവന്‍ ഭൂമിയെ പൊതിഞ്ഞും അതിന്റെ
അതിരുകളെ അതിലംഘിച്ചും വിരാജിക്കുന്നു.
2. ഇക്കാണായതെല്ലാം പുരുഷനാണ്. എന്നു
മാത്രവുമല്ല അസ്തിത്വമുള്ളതും ഇനി ഉണ്ടാകാനാരിക്കുന്നതും ആയ എല്ലാം അവനാകുന്നു.
അവന്‍ അനശ്വരനാകുന്നു. അന്നംകൊണ്ട് അവന്‍ വിശാലമാകുന്നു.
3. ഇതെല്ലാം
അവന്റെ മഹത്വമാണ്. പുരുഷന്‍ ഇതിനേയും അതിശയിക്കുന്നു. നിലവിലുള്ളതെല്ലാം തന്നെ
അവന്റെ കാല്‍ ഭാഗമാണ്.ആകാശത്ത് അനശ്വരമായിരിക്കുന്നതാകട്ടെ അവന്റെ മുക്കാല്‍ ഭാഗം
അടങ്ങുന്നതാണ്.
4. ഈ
മുക്കാല്‍ ഭാഗത്തോടുകൂടി പുരുഷന്‍ മുകളിലേക്കുയര്‍ന്നു.അവന്റെ കാല്‍ഭാഗം
ഇവിടെത്തന്നെ തുടര്‍ന്നു.തിന്നുന്നതും തിന്നാത്തതുമായി അവന്‍ അത്തരത്തിലുള്ള
സകലതിനും മുകളില്‍ വ്യാപരിച്ചു.
5. അവനില്‍ നിന്നുമാണ്
വിരാഡ് പുരുഷനുണ്ടായി. ജനിച്ചപ്പോള്‍ അവന്‍ മുകളിലേക്കും
താഴേക്കും ഭൂമിയെ അതിലംഘിച്ചു വളര്‍ന്നു.
6. ദേവന്മാര്‍ പുരുഷനെ ഹവനമാക്കി യജ്ഞം
ആരംഭിച്ചപ്പോള്‍ വസന്തം നെയ്യായും വേനല്‍ എണ്ണയും ശരത്ത് ഫലവുമായി മാറി
7. ആദ്യം ജനിച്ച ഈ പുരുഷനെ അവര്‍ ദര്‍ഭയാല്‍
ആഹുതി കഴിച്ചു. അവനോടൊപ്പം ദൈവങ്ങളും സാധ്യരും ഋഷിമാരും യാജ്ഞികരായി.
8. ആ മഹായജ്ഞത്തില്‍ നിന്നും തൈരും
നെയ്യുമുണ്ടായി. അതില്‍ നിന്നും ഇണങ്ങുന്നതും ഇണങ്ങാത്തതുമായ ഖഗമൃഗാദികളുണ്ടായി,
9.ആ യജ്ഞത്തില്‍ നിന്നും
ഋക്കും സാമവുമുണ്ടായി.
10. അവ കുതിരകളെ ഉല്പാദിപ്പിച്ചു. രണ്ടു
നിരകളിലായി പല്ലുകളുള്ള ജീവികളെ എല്ലാം തന്നെ ഉല്പാദിപ്പിച്ചു. ആടുകളും
ചെമ്മരിയാടുകളും ഉണ്ടായി വന്നു.
11. ദൈവങ്ങള്‍ പുരുഷനെ വിഭജിച്ചപ്പോള്‍
എത്ര ഭാഗങ്ങളുണ്ടായിരുന്നു? അവന്റെ മുഖം എന്തായിരുന്നു ?
കരങ്ങളെന്തായിരുന്നു? അരക്കെട്ടും പാദങ്ങളും
എങ്ങനെയുള്ളവയായിരുന്നു ?
12.
അവന്റെ മുഖം ബ്രാഹ്മണരായിരുന്നു. കരങ്ങള്‍ ക്ഷത്രിയരായിരുന്നു. വൈശ്യര്‍ എന്നു
വിളിക്കപ്പെട്ടവര്‍ അവന്റെ അരക്കെട്ടായിരുന്നു.
13. താരാനാഥന്‍ അവന്റെ ആത്മാവില്‍ നിന്നും
ഉദ്ഭവിച്ചു. സൂര്യന്‍ കണ്ണുകളില്‍ നിന്നും പുറപ്പെട്ടു പോന്നു. ഇന്ദ്രയും
അഗ്നിയും വായില്‍ നിന്നും ഉദ്ഭവിച്ചു. ശ്വാസത്തില്‍ നിന്നും
വായുവുണ്ടായി.
14. നാഭിയില്‍ നിന്നും വായുമണ്ഡലവും
കഴുത്തില്‍ നിന്നും ആകാശവും പാദത്തില്‍ നിന്നും ഭൂമിയും ചെവികളില്‍ നിന്ന്
നാലു ദിശകളുമുണ്ടായി. ഇത്തരുണത്തില്‍ ദേവതകള്‍ ഈ ലോകത്തെ സൃഷ്ടിച്ചു.
15. ദേവതകള്‍ പുരുഷനെ ബന്ധനത്തിലാക്കി യാഗം
ദീക്ഷിച്ചപ്പോള്‍ അഗ്നിയ്ക്കു ചുറ്റും ഏഴു വടികള്‍ നാട്ടിയിരുന്നു.ഇരുപത്തൊന്നു
കഷണം വിറകും സൃഷ്ടിക്കപ്പെട്ടിരുന്നു.
16. യജ്ഞങ്ങളാല്‍ ദേവന്മാര്‍ യജ്ഞം
ചെയ്തു. ആദ്യ അനുഷ്ഠാനം ഇതായിരുന്നു. സാധ്യന്മാരും ദേവതകളുമുള്ള അതേ
ആകാശത്തിലേക്ക് ആ മഹത്തായ ശക്തി വിന്യസിക്കപ്പെട്ടു.
(തുടരും )
മനോജ് പട്ടേട്ട് || 23 June 2020, 07.30 AM ||
Comments