#ദിനസരികള്‍ 1160 കക്കാടിന്റെ പോത്ത്




എന്എന്കക്കാടിന്റെ ഒരു കവിതയുണ്ട്. പേര് പോത്ത്. കവിത ഇങ്ങനെ :-

ചത്തകാലം പോല്‍
തളം കെട്ടിയ ചളിക്കുണ്ടില്
ശവംനാറിപ്പുല്ലുതിന്നാവോളവും
കൊഴുത്ത മെയ് ആകവേ താഴ്ത്തി
നീ ശാന്തനായ് കിടക്കുന്നൂ.

വട്ടക്കൊമ്പുകളുടെ കീഴെ തുറിച്ച
മന്തന്കണ്ണാല്നോക്കി നീ
കണ്ടതും കാണാത്തതുമറിയാതെ
എത്ര തൃപ്തനായ്‌ കിടക്കുന്നൂ.

നിന്‍റെ ജീവനിലിഴുകിയ
ഭാഗ്യ,മെന്തൊരു ഭാഗ്യം!

ഈ കവിത എന്‍ എന്‍ കക്കാട് എഴുതുന്നത് 1976 ലാണ്. അന്നത്തെ രാഷ്ട്രീയ കാലാവസ്ഥയില്‍ അത്തരമൊരു കവിത ഏറെ പ്രസക്തമായിരുന്നു. മലവും മൂത്രവുമെല്ലാം ഇഴുകിച്ചേര്‍ന്ന് ഒന്നായി മാറിയ ചളിക്കുണ്ടില്‍ സ്വസ്ഥനായി കിടക്കുന്ന പോത്ത് അസ്തമിച്ചു പോയ മൂല്യബോധങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്. ആ ചെളിനിലത്തില്‍ മയങ്ങിക്കിടക്കുന്ന പോത്തിന്റെ ജീവിതത്തെ ചൂണ്ടി നിന്റെ ജീവനിലിഴുകിയ ഭാഗ്യമെന്തൊരു ഭാഗ്യം എന്ന് കവി കൈകൊട്ടുമ്പോള്‍ ആ നിന്ദാസ്തുതി എത്ര ആഴത്തിലാണ് മുഴങ്ങുന്നതെന്ന് നാം അത്ഭുതപ്പെട്ടുപോകുന്നു. എന്നാല്‍ പോത്താകട്ടെ കവി കയ്യടിച്ചത് തനിക്കുള്ള അഭിനന്ദനമാണെന്ന് കരുതി ഈ കെട്ട കഴിനിലമാണ് തന്റെ സ്വര്‍ഗ്ഗമെന്ന് അഭിമാനിച്ചു വീണ്ടും വീണ്ടും ചേറിലേക്ക് വീണു പുളച്ചു കളിക്കുന്നു. ആ ചെളിക്കുണ്ടിലല്ല , പുറത്താണ് സുഖമെന്ന് ആരെങ്കിലും ചൂണ്ടിക്കാണിച്ചുകൊടുത്താലും പോത്തല്ലേ ? എന്തു മനസ്സിലാക്കാന്‍ ?
            ശവംനാറിപ്പുല്ലിന്റെ രുചിയില്‍ ജീവിച്ചുപോകുന്ന അത്തരത്തിലുള്ള പോത്തുകള്‍ എല്ലാ കാലത്തുമുണ്ടായിരുന്നു. അവ എന്നും അളിഞ്ഞു കുഴഞ്ഞ ചെളിക്കുളങ്ങളില്‍ ആഹ്ലാദ നൃത്തമാടിക്കൊണ്ടിരുന്നു. ആരെങ്കിലും അടുത്തേക്കു ചെന്നാല്‍ അവരിലേക്കും ചെളിവീശിത്തെറിപ്പിച്ച് അവര്‍ ഉന്മാദ നൃത്തം ചവിട്ടി, രസിച്ചു, തങ്ങളാണ് ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യശാലികളെന്ന് സ്വയം നിശ്ചയിച്ചു. അമ്പടാ ഞാനേ എന്ന് മേനി നടിച്ചു. ആ ചെളിക്കുണ്ടിനു പുറത്തുള്ളവരെ നീചമായ പദപ്രയോഗങ്ങളാല്‍ അധിക്ഷേപിച്ചു.അല്പത്തരങ്ങളുടെ അരങ്ങേറ്റങ്ങള്‍ കണ്ട് സാംസ്കാരിക ബോധമുള്ള , മാനവിക മൂല്യങ്ങളെക്കുറിച്ച് ധാരണകളുള്ള സാധാരണ ജനങ്ങള്‍ മൂക്കത്തു വിരല്‍ വെച്ചു.എന്നാല്‍ പോത്താകട്ടെ അതൊന്നും തന്നെ വകവെച്ചതേയില്ല.
          പന്നിയും അത്തരത്തിലുള്ള ഒരു മൃഗമാണ്. അഴുക്കിടങ്ങളെ പോത്തിനെക്കാള്‍ കൂടുതല്‍ പന്നിയാണ് ഇഷ്ടപ്പെടുന്നത്. അതുകൊണ്ടു കവിതയില്‍ നിന്നും പോത്തിനെ മാറ്റി പന്നിയെന്നാക്കിയാല്‍ കവി ഉദ്ദേശിച്ച ലക്ഷ്യങ്ങളെ കൂടുതലായി ധ്വനിപ്പിക്കുവാന്‍‌ കഴിയും.
          ആ പന്നിയെ മാറ്റി മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നാക്കിയാല്‍ കവിത കൂടുതല്‍ നന്നായി ജനതയ്ക്ക് മനസ്സിലാകും.
         
മനോജ് പട്ടേട്ട് || 21 June 2020, 07.30 AM ||


Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1