#ദിനസരികള്‍ 1159 കഥ പറയുന്ന കാസ്ട്രോ – 2



          1926 ആഗസ്റ്റ് 13 ന് ക്യൂബയിലെ ബിരാനിലെ സാമാന്യം സമ്പന്നമായ ഒരു കുടുംബത്തിലാണ് കാസ്ട്രോ എന്ന വിപ്ലവകാരി ജനിച്ചത്. അക്കാലത്ത്  ധനാഢ്യര്‍ക്കു വേണ്ടിയുള്ള മതപഠനസ്കൂളുകളിലെ പഠനത്തിനു ശേഷം നിയമ പഠനത്തിന് ചേര്‍ന്നു. അത്തരത്തില്‍ വളര്‍ന്ന കാസ്ട്രോ സ്വഭാവികമായും ഒരു യാഥാസ്ഥിതികനായ നേതാവായിട്ടാണ് മാറേണ്ടിയിരുന്നതെങ്കിലും അങ്ങനെ സംഭവിക്കാതിരുന്നതെന്തുകൊണ്ട് എന്ന ചോദ്യത്തിന് കാസ്ട്രോ മറുപടി പറയുന്നത് ഇങ്ങനെയാണ്. ഒരുവന്റെ വിധി നിര്‍ണയിക്കുന്നത് അവന്‍ മാത്രമല്ലല്ലോ. അതില്‍ സാഹചര്യങ്ങള്‍ക്ക് സവിശേഷമായ പ്രാധാന്യമുണ്ട്. അഥവാ സാഹചര്യങ്ങള്‍ അവനെ ഉരുക്കിപ്പണിയുന്നുവെന്നു പറയാം.അങ്ങനെയല്ലാതെ ഒരു മനുഷ്യനും വിപ്ലവകാരിയായി ജനിക്കുന്നേയില്ലെന്ന് ഞാന്‍ പറയും.കാസ്ട്രോയുടെ മറുപടിയില്‍ മനുഷ്യന്‍ നേരിടുന്ന സാഹചര്യങ്ങളാണ് അവനെ സൃഷ്ടിക്കുന്നതെന്ന് വ്യക്തമാണ്.അങ്ങനെയാണെങ്കില്‍ എന്തൊക്കെ സാഹചര്യങ്ങളാണ് കാസ്ട്രോയെ മഹാനായ വിപ്ലകാരിയാക്കിയത് എന്ന ചോദ്യം പ്രസക്തവുമാണ്. ആ ചോദ്യത്തിന് കാസ്ട്രോയുടെ മറുപടി നോക്കുക. ഞാന്‍ തന്നെയാണ് എന്നെ ഒരു വിപ്ലവകാരിയാക്കിയത്. ഒരുള്‍പ്രദേശത്തെ കൃഷിയിടത്തില്‍ ജനിച്ച ഞാന്‍ അത്തരമൊരു വിപ്ലവകാരി എന്നില്‍ രൂപപ്പെട്ടുവരാനിടയാക്കിയ സാഹചര്യങ്ങളെക്കുറിച്ച് ഇടക്കിടയ്ക്ക് ആലോചിക്കാറുണ്ട്. ഒറിയന്റെ (Oriente )  എന്ന പ്രദേശത്തിനു വടക്ക് നിപെ ഉള്‍ക്കടലിനു ഏറെ അകലെയല്ലാതെ സ്ഥിതിചെയ്യുന്ന കരിമ്പുതോട്ടങ്ങള്‍ക്കു സമീപത്താണ് ഞാന്‍ ജനിച്ചത്.ആ കൃഷിയിടം ബിരാന്‍ എന്നാണ് വിളിക്കപ്പെട്ടിരുന്നത്.ഇതൊരു പട്ടണമൊന്നുമായിരുന്നില്ല.എന്തിന് ഒരു ഗ്രാമമെന്നു പോലും പറയാന്‍ കഴിയില്ല. ചിതറിക്കിടക്കുന്ന കുറച്ചു വീടുകള്‍. അത്രമാത്രം. എന്റെ വീട് അവിടെയായിരുന്നു.മുന്‍സിപ്പാലിയില്‍ നിന്നും തെക്കോട്ടു പോകുന്ന മണ്ണുനിറഞ്ഞു കുഴഞ്ഞു വൃത്തികെട്ടു കിടന്നിരുന്ന ഒരു പാതയ്ക്ക് സമീപമായിരുന്നു ആ വീടുണ്ടായിരുന്നത്. ആ സമയത്തെ വഴികളെല്ലാം അങ്ങനെതന്നെയായിരുന്നു.ജനങ്ങള്‍ കുതിരവണ്ടികളിലോ കാളവണ്ടികളിലോ സഞ്ചരിച്ചു.മോട്ടോര്‍ വാഹനങ്ങള്‍ എന്തിന് - വൈദ്യുത ബള്‍ബുകള്‍‌ പോലും അവിടെയുണ്ടായിരുന്നില്ല.മണ്ണെണ്ണെവിളക്കും മെഴുകുതിരികളുമായിരുന്നു അക്കാലത്തെ വീടുകളില്‍ വെളിച്ചത്തിനു വേണ്ടി ആശ്രയിച്ചത്. വീട് പണിതിരിക്കുന്നത് സ്പാനീഷ് രീതിയിലോ ഗലീഷ്യന്‍ രീതിയിലോ ആണ്.അതുപോലെതന്നെ എന്റെ പിതാവും ഒരു സ്പാനിഷ് വംശജനായിരുന്നു. ലൂഗോയിലെ ലങ്കാറ ഗ്രാമത്തില്‍ നിന്നുള്ള ഒരു ദരിദ്ര കൃഷീവലന്റെ മകനായിരുന്നു അദ്ദേഹം. ഗലീഷ്യയില്‍ വീടുകള്‍ക്കു താഴെത്തന്നെ മൃഗങ്ങളെ സംരക്ഷിക്കുക എന്ന രീതിയായിരുന്നു നിലവിലുണ്ടായിരുന്നത്. അത്തരത്തിലാണ് എന്റെ വീടും നിര്‍മ്മിക്കപ്പെട്ടിരുന്നത്. അവ മരക്കാലുകളില്‍ ഉയര്‍ന്നു നിന്നു. ആ കാലുകള്‍ക്ക് ഏകദേശം ആറടിയോളം ഉയരമുണ്ടാകും. എനിക്ക് മൂന്നോ നാലോ വയസ്സുള്ളപ്പോള്‍ വൈകുന്നേരങ്ങളില്‍ പശുക്കളെ കൊണ്ടുവന്ന് വീടിനു താഴെ കെട്ടിയിടുന്നത് ഓര്‍മ്മയുണ്ട്. അവിടെ വെച്ചുതന്നെയാണ് അവയെ കറന്ന് പാലെടുക്കാറുള്ളതും. അതൊടൊപ്പം തന്നെ പന്നികളും കോഴികളും താറാവുകളും ടര്‍‌ക്കികളുമൊക്കെ അവിടെ വളര്‍ത്തപ്പെട്ടിരുന്നു.
(തുടരും)

മനോജ് പട്ടേട്ട് || 20 June 2020, 07.30 AM ||

Comments

Popular posts from this blog

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1208 - കടലു കാണാന്‍ പോയവര്‍