#ദിനസരികള്‍ 1156 - പാഴ്നിലങ്ങള്‍ക്കു വേണ്ടി




            ഇന്ത്യാ ചൈന തര്‍ക്കങ്ങള്‍ അതിസാഹസികതയിലേക്ക് എത്തില്ലെന്ന് പ്രതീക്ഷിക്കുമ്പോഴും ഇക്കാലത്തും അതിര്‍ത്തിയുടെ പേരില്‍  പോരടിക്കുന്ന രണ്ട് ആധുനിക രാഷ്ട്രങ്ങളുടെ പാപ്പരത്തങ്ങളെച്ചൊല്ലി അത്ഭുതപ്പെടാതിരിക്കുന്നതെങ്ങനെ ? ഇപ്പുറത്ത് വീണതിനെക്കാള്‍ അപ്പുറത്ത് പൊലിഞ്ഞുവെന്ന് തമ്പേറടിച്ച് തെരുവില്‍ ഘോഷിക്കുന്ന ആള്‍ക്കൂട്ടങ്ങളോട് സഹതപിക്കാതിരിക്കുന്നതെങ്ങനെ ? ‘പുല്ലുപോലും മുളയ്ക്കാത്ത ഒരു ഭൂപ്രദേശത്തിനു വേണ്ടി വിലപ്പെട്ട മനുഷ്യജീവനുകളെ എയ്തുവീഴ്ത്തുന്ന സൈനികസംവിധാനങ്ങളെ അപലപിക്കാതിരിക്കുന്നതെങ്ങനെ ?  ഒരു  യുദ്ധത്തെ കാത്തിരിക്കുന്നില്ലെങ്കില്‍ തന്ത്രപരമായിമറ്റൊരു മൂല്യവുമില്ലാത്ത പ്രദേശങ്ങള്‍ക്കുവേണ്ടിയാണ് രണ്ട് ആണവശക്തികള്‍ മുഖാമുഖം നില്ക്കുന്നത്. അതാത് രാജ്യത്തിനുള്ളില്‍ ഒരു തര്‍ക്കത്തിനും വിധേയമല്ലാത്ത ധാരാളം ഭൂപ്രദേശങ്ങള്‍ തരിശായി കിടക്കുമ്പോഴാണ് ഓരോ രാഷ്ട്രങ്ങളും അതിര്‍ത്തി സംരക്ഷണത്തിന്റെ പേരില്‍  കോടികള്‍ തുലയ്ക്കുന്നത്.

          ഇന്ത്യയുടെ അതിര്‍ത്തികള്‍ എക്കാലത്തേയുംകാള്‍ ചൂടുപിടിച്ചിരിക്കുന്നു. എല്‍ ഒ സിയുടെ കാര്യം പറയാതിരിക്കുന്നതാണ് നല്ലത്. എല്‍ എ സിയിലാകട്ടെ കഴിഞ്ഞ അരനൂറ്റാണ്ടു കാലത്തിനുള്ളില്‍ ആദ്യമായി ആള്‍നാശവുമുണ്ടായിരിക്കുന്നു. ഇനി ഇത്തരം സംഘര്‍ഷങ്ങള്‍ ആവര്‍ത്തിക്കാനുള്ള സാധ്യതകളും നിലനില്ക്കുന്നു. ഇന്ത്യയാണ് എല്ലാ മര്യാദകളും ലംഘിച്ചുകൊണ്ട് അതിര്‍ത്തിക്കുള്ളിലേക്ക് കടന്നുകയറിയതെന്നും പി എല്‍ എയെ ആക്രമിച്ചതെന്നുമാണ് ഗ്ലോബല്‍ ടൈംസ് പറയുന്നത്. അമേരിക്കയുടെ പിന്തുണയുണ്ടെന്ന ഹുങ്കിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യ അത്തരമൊരു നീക്കം നടത്തിയതെന്നാണ് അവരുടെ ആശങ്ക. എന്നാല്‍ തങ്ങളുടെ രാജ്യത്തിന്റെ അതിര്‍ത്തികളേയും പരമാധികാരത്തേയും സംരക്ഷിക്കാനുളള്ള ശേഷി പി എല്‍ എയ്ക്കുണ്ടെന്ന് അവര്‍ മുന്നറിയിപ്പു നല്കുകയും ചെയ്യുന്നു.

          അപ്പോള്‍ ഒരു കാര്യം വ്യക്തമാണ്. രാജ്യം പുലര്‍ത്തിപ്പോന്ന വിദേശ നയത്തിലുണ്ടായ വ്യതിയാനമാണ് ഇന്ത്യ ചൈന സംഘര്‍ഷങ്ങളുടെ കാരണം. അമേരിക്കന്‍ പക്ഷപാതിത്വം അതിന്റെ എല്ലാ പരിധികളും വിട്ട് മുന്നോട്ടു പോകുന്നത് ചൈന കാണാതിരിക്കില്ലല്ലോ. ഇത് അവരെ പ്രകോപിപ്പിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ അതിര്‍ത്തികള്‍ അത്ര ശാന്തമാകേണ്ടതില്ലെന്ന് ചൈന ചിന്തിക്കുന്നുണ്ടാകാം. അതോടൊപ്പംതന്നെ നേപ്പാളിലും കുത്തിത്തിരിപ്പുകളുണ്ടാക്കി അതിര്‍ത്തി സംഘര്‍ഷഭരിതമാക്കുന്നതില്‍ അവര്‍ വിജയിക്കുകയും ചെയ്തു. ഇന്ത്യയില്‍ നിലവിലിരിക്കുന്ന സര്‍ക്കാറാകട്ടെ അമേരിക്കയോടുള്ള വിധേയത്വത്തിന്റെ കാര്യത്തില്‍ മറ്റെല്ലാവരേയും അതിശയിക്കുന്ന നിലപാടുകളുമായിട്ടാണ് മുന്നോട്ടു പോകുന്നത്. അപ്പോള്‍ അതിര്‍ത്തി ശാന്തമാകണമെങ്കില്‍ രണ്ടു കാര്യങ്ങളാണ് സംഭവിക്കേണ്ടത് ഒന്ന് ഇന്ത്യ ചേരിചേരാ നയത്തിന്റെ അന്തസ്സത്തയ്ക്ക് ചേര്‍ന്ന നിലപാടു സ്വീകരിക്കണം, രണ്ട് ചൈന ഇന്ത്യയുമായി നയതന്ത്രതലത്തില്‍ നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലെടുത്ത തീരുമാനങ്ങളെ മാനിക്കണം.

          എന്തുതന്നെയായാലും പാഴ്നിലങ്ങള്‍ക്കുവേണ്ടി ഒരു മനുഷ്യ ജീവനും ഹോമിക്കപ്പെടരുതെന്ന് ഇരുരാജ്യങ്ങളും പ്രതിജ്ഞയെടുക്കണം. വീണ ശവങ്ങളുടെ എണ്ണങ്ങളുടെ പേരില്‍ ആഹ്ലാദനൃത്തം നടത്തുന്നവര്‍ അത് അവസാനിപ്പിച്ച് സമാധാനത്തിനു വേണ്ടി തെരുവിലിറങ്ങണം. അത്രമാത്രം.

മനോജ് പട്ടേട്ട് || 17 June 2020, 08.30 AM ||


Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1