#ദിനസരികള്‍ 1158 കുട്ടിക്കവിതകളിലൂടെ



           
          നീലാകാശം , പീലികള്‍ വിരിയും പച്ചത്തെങ്ങോല
          തെളിഞ്ഞ മഞ്ഞപ്പൂങ്കിളി,യാകെച്ചുവന്ന റോസ്സാപ്പൂ
          തവിട്ടു പശുവിന്‍ വെളുത്ത പാല് കുടിച്ചതില്‍ പിന്നെ
          കറുത്ത രാത്രിയില്‍ ഈ നിറമെല്ലാം ഓര്‍ത്തു കിടന്നു ഞാന്‍ - മകള്‍ക്കു വേണ്ടി കുറച്ച് കുട്ടിപ്പാട്ടുകള്‍ സംഘടിപ്പിക്കണമെന്ന് രണ്ടുദിവസമായി ഞാന്‍ ചിന്തിക്കുന്നു. അതുകൊണ്ടായിരിക്കണം , രാവിലെ എഴുന്നേറ്റത് മനസ്സില്‍ ഈ പാട്ടും മൂളിക്കൊണ്ടാണ്. എങ്കില്‍പ്പിന്നെ ഓര്‍മ്മ വരുന്ന കുട്ടിപ്പാട്ടുകള്‍ രേഖപ്പെടുത്തുക തന്നെ :-
            ആദ്യം തന്നെ മനസ്സിലേക്ക് ഓടിയെത്തിയത് പ്രാവുപാട്ടാണ് :-
          പ്രാവേ പ്രാവേ പോകരുതേ
          വാവാ കൂട്ടിനകത്താകാം
          പാലും പഴവും പോരെങ്കില്‍
          ചോറും കറിയും ഞാന്‍ നല്കാം
          കൊള്ളാം കുഞ്ഞേ നിന്നിഷ്ടം
          തള്ളാന്‍ പാടില്ലെന്നാലും
          ഞാനങ്ങോട്ടേക്കില്ലിപ്പോള്‍
          മാനം നോക്കിപ്പോകുന്നു മാനത്തിന് ആകാശമെന്നും അഭിമാനമെന്നും രണ്ടര്‍ത്ഥം. നിന്റെ കൂട്ടിനകത്തിരുന്നാല്‍ എന്റെ മാനം പോകും എന്ന് ; അതുവഴി സ്വാതന്ത്ര്യത്തിന്റെ വിശാല ആകാശവും. ഇവിടെ നിറുത്തേണ്ടതിനു പകരം ഉള്ളൂരങ്ങനെ എഴുതിയെഴുതി എവിടെയൊക്കെയോ കയറിപ്പോയി കവിതയെ കൊന്നുകളഞ്ഞു.
            അന്തിമയങ്ങിക്കഴിഞ്ഞാലുടന്‍ തന്നെ
          പൊന്തിപ്പരക്കുന്നു കൂരിരുട്ടെങ്ങുമേ
          കണ്ണടച്ചാലും തുറന്നാലുമൂഴിയും
          വിണ്ണുമൊപ്പംതന്നെ എല്ലാം കരിനിറം
          രാവിനെപ്പട്ടാപ്പകല്‍ പോലെയാക്കുവാ
          നീ വിളക്കെത്ര തുണയ്ക്കുന്നതെപ്പോഴും
          ദീപം കൊളുത്തിയാല്‍ കൈകാല്‍ കഴുകണം
          ആപത്തു നീങ്ങുവാന്‍ നാം ജപിക്കണം
          പിന്നെ ക്രമത്തില്‍ പഠിക്കേണ്ട പാഠങ്ങ
          ളൊന്നൊഴിയാതെ പഠിച്ചു തീര്‍ത്തീടേണം
          ഇച്ചൊന്നവണ്ണം നടക്കും കിടാങ്ങള്‍ക്കു
          നിശ്ചയം ശ്രേയസ്സു മേല്‍മേല്‍ വളര്‍ന്നിടും  -  ഇതും ഉള്ളൂരിന്റെ തന്നെയാണ്. രസകരമായ കുവിത.എന്നാല്‍ ദീപം കൊളുത്തിയാല്‍ കൈകാല്‍ കഴുകണം ആപത്തു നീങ്ങുവാന്‍ നാം ജപിക്കണം എന്നീ രണ്ടുവരി കവിതയുടെ എല്ലാ മാഹാത്മ്യത്തേയും ഇല്ലാതെയാക്കുന്നു. ഒട്ടുമിക്ക കുട്ടിക്കവിതകളുയും ഒരു കുഴപ്പമിതാണ്. കാര്യമൊക്ക പറഞ്ഞു കൊടുക്കും. പക്ഷേ തന്റെ കഴിവില്‍ വിശ്വസിക്കുവാന്‍ പഠിപ്പിക്കില്ല. മാത്രവുമലില ദൈവത്തിന്റെ പേരില്‍ വിശ്വാസത്തിന്റെ പേരില്‍ അവരെ  വഴിതെറ്റിക്കുകയും ചെയ്യുന്നു. അത്തരത്തിലല്ലാത്ത മനോഹരമായ കവിതകളുണ്ടാകേണ്ടത് അത്യാവശ്യം തന്നെയാണ്.
          ഇതേ കുഴപ്പം പേറുന്ന മറ്റൊരു കവിതയാണ് കുമാരനാശാന്റെ കുട്ടിയും തള്ളയും. സങ്കല്പ ഭദ്രതയുള്ള ഒരു കവിത. എന്നാല്അവസാനം ദേവസങ്കല്പത്തിലേക്ക് എത്തിച്ചു. അതിനു പകരം ഇത്തിരി വളര്ന്നാല്നീയതു പഠിക്കുമെന്നോ മറ്റോ പറഞ്ഞിരുന്നെങ്കില് ഉജ്ജ്വലമാകുമായിരുന്നു
          വല്ലിയില്നിന്നു ചെമ്മേ-പൂക്കള്
പോവുന്നിതാ പറന്നമ്മേ!
തെറ്റീ!നിനക്കുണ്ണി ചൊല്ലാം-നല്പൂ-
മ്പാറ്റകളല്ലേയിതെല്ലാം.
മേല്ക്കുമേലിങ്ങിവ പൊങ്ങി-വിണ്ണില്
നോക്കമ്മേ, യെന്തൊരു ഭംഗി!
അയ്യോ!പോയ്ക്കൂടിക്കളിപ്പാന്‍-അമ്മേ
വയ്യേയെനിക്കു പറപ്പാന്‍!
ആകാത്തതിങ്ങനെ എണ്ണീ-ചുമ്മാ
മാഴ്കൊല്ലായെന്നോമലുണ്ണീ!
പിച്ച നടന്നു കളിപ്പൂ-നീയീ-
പ്പിച്ചകമുണ്ടോ നടപ്പൂ?
അമ്മട്ടിലായതെന്തെന്നാല്ഞാനൊ
രുമ്മതരാ,മമ്മ ചൊന്നാല്
നാമിങ്ങറിയുവതല്പം-എല്ലാ-
മോമനേ ദേവസങ്കല്പം.
            അടുത്തതൊരു കോഴിപ്പാട്ടാണ് : -
പൂവന്‍ കോഴി പതിവായെന്നെ
          കൂവിയുണര്‍ത്തും പൂങ്കോഴി
          മുറ്റത്തങ്ങനെ തലയും പൊക്കി
          ച്ചുറ്റിനടക്കും പൂങ്കോഴി
          കുപ്പകള്‍ ചികയും പൂങ്കോഴി 
          ചപ്പുകള്‍ ചിക്കും പൂങ്കോഴി
          എന്തൊരു രസമാ നിന്‍ തൊപ്പി
          എങ്ങനെ കിട്ടി ചെന്തൊപ്പി ?
          ഭാഷ വഴങ്ങാനും ഭാവനയുടെ വഴികളെ മിനുക്കിയെടുക്കാനും ഇത്തരം കവിതകള്‍ കുട്ടികളെ സഹായിക്കും.
          പൂക്കുന്നിതാ മുല്ല , പൂക്കുന്നിലഞ്ഞി
          പൂക്കുന്നു തേന്മാവ് പൂക്കുന്നശോകം
          വായ്ക്കുന്നു വേലിക്കു വര്‍ണങ്ങള്‍ , പൂവാല്‍
          ചോക്കുന്നു കാട,ന്തിമേഘങ്ങള്‍ പോലെ എന്നെഴുതുമ്പോള്‍ താളമുണ്ടാകുന്ന വഴികളെക്കുറിച്ചും ഒരു അവബോധമുണ്ടാക്കാനാകും.
          തുമ്പപ്പൂവിലും തൂമയെഴും നിലാ
          വന്‍പില്‍ തൂവിക്കൊണ്ടാകാശ വീഥിയില്‍
          അമ്പിളി പൊങ്ങി നില്ക്കുന്നിതാ മര
          ക്കൊമ്പില്‍ നിന്നൊരു കോലോളം ദൂരത്തില്‍ - എന്ന കാഴ്ച അനുഭൂതി ദായകം തന്നെ
          ഇതെന്തൊരാനന്ദമിതെന്തു കൌതുകം
          സ്വതന്ത്രമായ് സുന്ദരമിപ്രഭാകണം
          ഇതാ പറന്നെത്തിയടുത്തു ഹാ പറ
          ന്നിതാ തൊടുമ്മുമ്പിതു വിണ്ണിലായിതേ എന്ന കേള്‍ക്കുമ്പോള്‍ ഒരത്ഭതമുണ്ടാകില്ലേ ? കുട്ടികളില്‍ ആ അത്ഭുതത്തെ ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞാല്‍ നാം രക്ഷപ്പെട്ടു, കുട്ടികളും.




മനോജ് പട്ടേട്ട് || 19 June 2020, 07.30 AM ||


Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1