#ദിനസരികള്1155


കഥ പറയുന്ന കാസ്ട്രോ

          A Spoken Autobiography എന്ന വിശേഷണത്തോടെയാണ് ക്യൂബയുടെയും ലോകവിപ്ലവ പ്രസ്ഥാനങ്ങളുടേയും  അനിഷേധ്യ നേതാവായ ഫിഡല്‍ കാസ്ട്രോയുടെ My Life എന്ന ആത്മകഥ അവതരിപ്പിക്കപ്പെടുന്നത്. കാസ്ട്രോയുമായി ഏകദേശം നൂറുമണിക്കൂറുകള്‍ നടത്തിയ അഭിമുഖഭാഷണങ്ങളുടെ ലിഖിതരൂപമാണ് ഈ പുസ്തകം എന്നതുകൊണ്ടാണ് അത്തരമൊരു വിശേഷണം സാധ്യമാകുന്നത്. അതുകൊണ്ടുതന്നെ ഒരേ സമയം ജീവചരിത്രവും ആത്മകഥയുമാണ് ഈ ഗ്രന്ഥം എന്നും പറയാം. ഏറെ പ്രസിദ്ധനായ ഇഗ്നേഷ്യോ റാമിനെ ( Ignacio Ramonet Miguez  ) എന്ന  സ്പാനിഷ് മാധ്യമപ്രവര്‍ത്തകനാണ് കാസ്ട്രോയുമായി അഭിമുഖം  നടത്തിയത്. Fidel Castro: Biografía a dos voces  എന്ന പേരില്‍ 2006 ലും My Life: A Spoken Autobiography എന്ന പേരില്‍ 2008 ല്‍ ഇംഗ്ലീഷിലും ഈ പുസ്തകം പ്രസിദ്ധീകരിച്ചു.

          28 അധ്യായങ്ങളും നിരവധി ഫോട്ടോകളും ജീവിതത്തിലെ പ്രധാനപ്പെട്ട സംഭവങ്ങളുടെ സൂചികയും മറ്റുമായി കാസ്ട്രോയുടെ ജീവിതകഥ വിപുലമായിത്തന്നെ ഈ പുസ്തകം അടയാളപ്പെടുത്തുന്നു.ഏതുതരത്തിലുള്ള ചോദ്യങ്ങളേയും സത്യസന്ധമായി നേരിടുന്ന കാസ്ട്രോയെയാണ് ഈ അഭിമുഖത്തിലുടനീളം നമുക്ക് കാണാനാകുക. ഒരു തരത്തിലുള്ള അസഹിഷ്ണുതയും അദ്ദേഹം പ്രകടിപ്പിക്കുകയോ ഏതെങ്കിലും ചോദ്യങ്ങള്‍ ഉന്നയിക്കുന്നതില്‍ നിന്ന് ചോദ്യകര്‍ത്താവിനെ അദ്ദേഹം തടയുകയോ ചെയ്തില്ല. തന്റെ ജീവിതവുമായി ബന്ധപ്പെട്ട എന്തു വിഷയത്തെക്കുറിച്ചും ചോദ്യങ്ങള്‍ ഉന്നയിക്കുവാനുള്ള സ്വാതന്ത്ര്യവും അഭിമുഖകാരന് അനുവദിക്കപ്പെട്ടുവെന്ന് അദ്ദേഹംതന്നെ സാക്ഷ്യപ്പെടുത്തുന്നുമുണ്ട്.അതൊടൊപ്പം തന്നെ ഈ പുസ്തകത്തില്‍ എന്തെങ്കിലും സംഗതികള്‍ വിട്ടുപോയിട്ടുണ്ടെങ്കില്‍ ആ വിഷയത്തില്‍ കാസ്ട്രോ നിഷേധ നിലപാടു സ്വീകരിച്ചതുകൊണ്ടല്ല മറിച്ച് അഭിമുഖകാരന്റെ ബൌദ്ധിക നിലവാരത്തിലെ ഏറ്റക്കുറച്ചിലുകള്‍ കൊണ്ടാണെന്നു കൂടി അദ്ദേഹം അടിവരയിടുന്നു. എന്തായാലും കാസ്ട്രോയുടെ ജീവിതത്തെ , അതോടൊപ്പം തന്നെ ക്യൂബയുടെ ജീവിതത്തെ അടുത്തറിയുവാന്‍ ഏറ്റവും സമുചിതമായ ഈ പുസ്തകത്തെ കൈയ്യിലെടുക്കുക എന്നുള്ളതാണ്.

          കാസ്ട്രോയുടെ ചില പ്രത്യേകതകള്‍ റാമിനെ സൂചിപ്പിക്കുന്നുണ്ട് Castro likes precision , accuracy, exactitude, punctuality. Whatever the subject he may be talking about , he does mathematical calculations at amazing speed.No approximations for Fidel. He remembers the smallest details.” ഈ പ്രസ്താവന തികച്ചും ശരിയാണെന്ന് അഭിമുഖത്തിലൂടെ ആ നേതാവിനെ അടുത്തറിഞ്ഞതിനു ശേഷം നമുക്കു വ്യക്തമാകും. ഇത്ര കൃത്യതയോടെയുള്ള ഒരു ജീവിത രീതി അവലംബിച്ചതുകൊണ്ടാകണം തന്റെ ജീവിതത്തിലെ ഓരോ സംഭവവികാസങ്ങളേയും അതിന്റെ ചരിത്രപരമായ പ്രാധാന്യങ്ങളുടെ വെളിച്ചത്തില്‍ വിശദമാക്കുവാന്‍ അദ്ദേഹത്തിന് സാധിച്ചത്.ഒരു തീരുമാനമെടുക്കുന്നതുവരെ വിഷയത്തിന്റെ നാനാവിധമായ വശങ്ങളെക്കുറിച്ച് കുലങ്കഷമായി ആലോചിക്കുകയും തീരുമാനിച്ചു കഴിഞ്ഞാല്‍പ്പിന്നെ അതു നടപ്പിലാക്കുന്നതില്‍ ഇന്ദ്രനേയും ചന്ദ്രനേയും വകവെയ്ക്കാത്തതുമായ ശീലമാണ് ഏതൊരു വിപ്ലവകാരിയേയും മുന്നോട്ട് നയിക്കുന്നത്. Once a project has been discussed and approved no obstacle can stop him എന്നാണ് അഭിമുഖകാരന്‍ നിലപാടിലെ വിട്ടുവീഴ്ചയില്ലായ്മയെ ചൂണ്ടിക്കാണിച്ചുകൊണ്ട് കാസ്ട്രോയെക്കുറിച്ച് എഴുതുന്നത്.

          താന്‍ നടത്തിയ അഭിമുഖത്തെക്കുറിച്ചും അതിന്റെ രീതികളെക്കുറിച്ചും റാമിനെ ഫിദലിനൊപ്പം നൂറുമണിക്കൂര്‍ എന്ന ആമുഖ ലേഖനത്തില്‍ ഇങ്ങനെ എഴുതുന്നു “ I have never liked those narcissistic interviewers who never stop attacking their interlocutor and are eager to demonstrate that they are cleverer , more intelligent and better prepared than the person they are interviewing. That type of journalist doesn’t listen to the person being interviewed, often cuts them off, and eventually frustrates the reader. Nor do I like those who think of the interview as police interrogation in which there is a cop on one side of the table and a suspect on the other , or as an inquisitorial relationship with a perpetrator of crimes standing before a harsh judge whose job it is to extract a confession.” ഇത്തരത്തിലുള്ള അഭിമുഖങ്ങളോട് തനിക്കുള്ള വിമുഖത തുറന്നു പറയുന്ന റാമിനെയുടെ നിലപാടില്‍ നിന്നുകൊണ്ട് വര്‍ത്തമാന കാലത്ത് നമ്മുടെ മാധ്യമങ്ങളില്‍ നടക്കുന്ന മുഖാമുഖങ്ങളെ ഒന്നോര്‍ത്തു നോക്കുക. വിധിപറച്ചിലുകള്‍ കൊണ്ട് കലുഷിതമായിരിക്കുന്ന അത്തരം നടപ്പുശീലങ്ങളെ അടിമുടി നിരാകരിച്ചുകൊണ്ടാണ് അദ്ദേഹം ഈ അഭിമുഖം പൂര്‍ത്തിയാക്കിയിരിക്കുന്നതെന്ന് എടുത്തു പറയേണ്ടതില്ലല്ലോ. ഇവിടെയൊരു വിചാരണയല്ല നടക്കുന്നതെന്ന ബോധ്യം ഓരോ ചോദ്യത്തിലും സ്പന്ദിച്ചു നില്ക്കുന്നു.
          ഈ പുസ്തകത്തിലൂടെ ഒരു യാത്രയാണ് ഇനി.
                                                (തുടരും )
         
         
                     

 മനോജ് പട്ടേട്ട് || 16June 2020, 08.30 AM ||









Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1