#ദിനസരികള്‍ 1157 ഥാപ്പര്‍ സംസാരിക്കുന്നു..




            റൊമില ഥാപ്പറുമായി രണ്‍ബീര്‍ ചക്രവര്‍ത്തി നടത്തിയ ഒരു അഭിമുഖം ചരിത്രം വര്‍ത്തമാനം ഹിന്ദുത്വം എന്ന പേരില്‍ ഹരിതം ബുക്സ് മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. The News and Sunday ക്കു വേണ്ടി സമന്‍ഖാനു നല്കിയ ഒരഭിമുഖവും കൂടി ഈ പുസ്തകത്തില്‍ ചേര്‍ത്തിരിക്കുന്നു. രണ്ടഭിമുഖങ്ങളും ഥാപ്പറിന്റെ സുവിദിതമായ നിലപാടുകളെ അടിവരയിട്ടുറപ്പിക്കുന്നു.
          ഈ രാജ്യത്തിന്റെ അടിസ്ഥാനസ്വഭാവമായ ബഹുസ്വരതയെ അട്ടിമറിച്ചു കൊണ്ട് ഏകശിലാരൂപമാക്കാനുള്ള രാഷ്ട്രീയ ഹിന്ദുത്വത്തിന്റെ വര്‍ത്തമാനകാല അജണ്ടകളെ ഥാപ്പര്‍ ചരിത്രത്തെ മുന്നില്‍ നിറുത്തിയാണ് നേരിടുന്നത്. എത്ര നൂറ്റാണ്ടുകള്‍ പിന്നോട്ടു പോയാലും അത്തരമൊരു ഏകശിലാത്മകതയ്ക്ക് ഇന്ത്യയുടെ ചരിത്രത്തില്‍ നിന്നും ഉദാഹരണങ്ങളെ കണ്ടെത്താന്‍ സാധ്യമല്ലെന്നിരിക്കേ വൈവിധ്യങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ ചെറുക്കേണ്ടത് ചരിത്രത്തോടുള്ള നീതിപുലര്‍ത്തല്‍കൂടിയാണെന്ന് അവര്‍ ചിന്തിക്കുന്നു. അതുകൊണ്ടാണ് ഒരു ഭൂപ്രദേശത്തിന്റെ സൂചകപദമായ ഹിന്ദു എന്നത് ഒരു മതത്തിന്റെ പേരായി മാറുകയും ആ മതത്തെ മുന്‍നിറുത്തി രാഷ്ട്രീയ അജണ്ടകള്‍ പരുവപ്പെടുകയും അത്തരം അജണ്ടകളില്‍ തൂങ്ങി ഫാസിസ്റ്റുകള്‍ അധികാരത്തിലെത്തുകയും ചെയ്തപ്പോള്‍ ഫലത്തില്‍ അത്  ഇന്ത്യയുടെ ആത്മാവിനെനിഷേധിക്കുകയാണെന്ന് ഥാപ്പറിനൊപ്പം നമുക്കും ചിന്തിക്കേണ്ടി വന്നത്.എന്നാല്‍ ഒരു ജനത എന്ന നിലയില്‍ നമ്മുടെ പ്രതികരണം ശുഷ്കമാകുന്നുവെന്നാണ് അവര്‍ ചിന്തിക്കുന്നത് :- “നിഖില്‍ ചക്രവര്‍ത്തി സ്മാരക പ്രഭാഷണത്തില്‍ രാജ്യവുമായും സമൂഹവുമായും ബന്ധപ്പെടുന്ന നടപടികളില്‍ വിയോജിപ്പുണ്ടെങ്കില്‍ ശബ്ദിക്കണമെന്ന് ഞാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇത്തരം കാര്യങ്ങളില്‍ ജനങ്ങള്‍ പ്രതികരിക്കാതിരിക്കുന്നത് എന്നെ വ്യാകുലപ്പെടുത്തുന്നുണ്ട് എന്ന് അവര്‍ തുറന്നു പറയുന്നു.( സമന്‍ഖാനുമായുള്ള അഭിമുഖം നോക്കുക ) ചരിത്ര വസ്തുതകള്‍ക്കു പകരം സ്വന്തം പ്രത്യയശാസ്ത്രങ്ങളെ പകരം വെച്ചുകൊണ്ട് തീവ്രഹിന്ദുത്വവാദികള്‍ നടത്തുന്ന നീക്കങ്ങളെ പ്രതിരോധിക്കുക എന്ന ചരിത്രപരമായ ദൌത്യം ഒരു ജനത എന്ന നിലയില്‍ നാം ഇനിയും ഏറ്റെടുത്തിട്ടില്ല എന്ന ഖേദമാണ് ഥാപ്പറിന്റെ വാക്കുകളില്‍ നിഴലിക്കുന്നത്.
          ഭൂതകാലത്തെ തങ്ങളുടെ ഇച്ഛാനുസാരം വ്യാഖ്യാനിച്ചെടുക്കാനുള്ള ഗൂഢനീക്കങ്ങളുടെ ഭാഗമായി യൂറോപ്യന്‍ നാഗരികതകള്‍പോലും ഇന്ത്യയില്‍ നിന്നും പുറപ്പെട്ടു പോയ ആര്യന്മാരുടെ സംഭാവനയാണെന്ന് വാദിക്കുന്നവരെ പത്തൊമ്പതാം നൂറ്റാണ്ടു മുതല്‍ നാം കാണുന്നു.അതോടൊപ്പം ജനങ്ങളില്‍ ഏറെ സ്വാധീനം ചെലുത്തിയ ഇതിഹാസ പുരാണാദികള്‍ സാമര്‍ത്ഥ്യത്തോടെ  തങ്ങള്‍ക്ക് അനുകൂലമായി വ്യാഖ്യാനിച്ചെടുക്കുന്നു.വംശവിശുദ്ധി പൌരാണിക കാലംമുതലേ നിലവിലുണ്ടായിരുന്ന ഒരാശയമായി അവതരിപ്പിക്കപ്പെടുന്നു. കൂടാതെ ഒരു ഹിന്ദുരാഷ്ട്രനിര്‍മ്മിതി എന്ന ലക്ഷ്യത്തെ സാധിപ്പിച്ചെടുക്കാന്‍ അനിവാര്യമായതെല്ലാം കൂട്ടിച്ചേര്‍ക്കപ്പെടുന്നു. മതത്തെ അടിസ്ഥാനമാക്കി ഒരു പ്രത്യയശാസ്ത്രം സൃഷ്ടിക്കുമ്പോള്‍ ആ മതത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ പുനര്‍നിര്‍മ്മിക്കേണ്ടിവരും.അത്തരമൊരു നിര്‍മ്മാണം മതാനുയായികളുടെ വരേണ്യ യാഥാസ്ഥിതിക ആശയപ്രകടനങ്ങള്‍ക്ക് അനുസരിച്ചായിരിക്കും രൂപപ്പെടുക.നിര്‍വചിക്കപ്പെട്ട ഭൂവിഭാഗം , ഏക സംസ്കാര വംശീയ ഉദ്ഭവം , ഏകമതം, ഏകഭാഷ , എന്നിവയെക്കുറിച്ചാണ് ഹിന്ദുത്വം സംസാരിക്കുന്നത്.ഹിന്ദുക്കള്‍ക്ക് ഒരേ പിതൃഭൂമിയും പുണ്യഭൂമിയും ഉണ്ടാകണം. മറ്റുള്ളവരെല്ലാം വിദേശീയരെന്നാണ് കാഴ്ചപ്പാട്. ഏകശിലാ രൂപത്തിലും ഏക വിശുദ്ധ ഗ്രന്ഥത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച സെമിറ്റിക് മതങ്ങളുടെ ചുവടുപിടിച്ച് മതരൂപം ആവിഷ്കരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. വൈദിക സംഘടനകളുടെ പരിശ്രമങ്ങള്‍ സാമൂഹിക രാഷ്ട്രീയ അണിചേരല്‍ എളുപ്പമാക്കുന്നു. അതിനാല്‍ ഞാനിതിനെ കാര്യനിര്‍വ്വാഹക ഹിന്ദുവാദം(Syndicated Hinduism ) എന്നു വിളിക്കുന്നുവെന്ന് ഥാപ്പര്‍ വിശദമാക്കുന്നു. എങ്ങനെയൊക്കെയാണ് ഈ സിന്‍ഡിക്കേറ്റഡ് ഹിന്ദുയിസത്തെ പ്രതിരോധിക്കാന്‍ കഴിയുക എന്ന ചോദ്യത്തിനുള്ള ജനാധിപത്യപരമായ പരിഹാരങ്ങളാണ് പുസ്തകം ചര്‍ച്ച ചെയ്യുന്നത്.

ഹരിതം ബുക്സ് ചരിത്രം, വര്‍ത്തമാനം , ഹിന്ദുത്വം. വില 75 രൂപ



മനോജ് പട്ടേട്ട് || 18 June 2020, 08.30 AM ||

Comments