#ദിനസരികള്‍ 1154 പ്രതിപാത്രം ഭാഷണഭേദം



          സി വി കൃതികളിലെ ഭാഷണ വൈവിധ്യത്തെക്കുറിച്ച് ഡോക്ടര്‍ നടുവട്ടം ഗോപാലകൃഷ്ണന്‍ രസകരമായ ഒരു ലേഖനമെഴുതിയിട്ടുണ്ട്.1728 മുതലുള്ള ഏകദേശം അരനൂറ്റാണ്ടു കാലത്തെയാണ് സി വി രാമന്‍ പിള്ള തന്റെ മാര്‍ത്താണ്ഡവര്‍മ്മ , രാമരാജ ബഹദൂര്‍ , ധര്‍മ്മ രാജ എന്നീ ആഖ്യായികളിലൂടെ അടയാളപ്പെടുത്തുന്നത്. അക്കാലത്ത് തിരുവിതാംകൂറുമായി ബന്ധപ്പെടുന്ന വിവിധ ജാതിമതസ്ഥരായ ആളുകളുടെ വൈവിധ്യമാര്‍ന്ന ഭാഷണരീതികളെ സി വി തന്റെ ആഖ്യായികളിലൂടെ അവതരിപ്പിച്ചത്. നായന്മാര്‍ ,സ്വദേശികളായ പോറ്റിമാര്‍ , പരദേശികള്‍ , തിരുവിതാംകോട്, പദ്മനാഭപുരം , ഇരണിയല്‍ , കല്‍ക്കുളം, വിളവങ്കോട് , കോട്ടാര്‍ , ആറന്നൂര്‍ , ഇരട്ടമല , ആരുവാമൊഴി , കിളിമാനൂര്‍ , ആറ്റിങ്ങല്‍ ദേശങ്ങളിലെ സാമാന്യ വ്യവഹാരഭാഷകര്‍ എന്നിവരടങ്ങിയ ഒരു ഭാഷണസമൂഹത്തെയാണ് സി വി തന്റെ മൂന്ന് ആഖ്യായികളിലൂടെ ചിത്രീകരിച്ചതെന്ന് ലേഖകന്‍ ചൂണ്ടിക്കാണിക്കുന്നു. ഏതു കെരന്തം കൊച്ചമ്മ, എന്നും വായിക്കണതോ? നോമ്പിനു വായിക്കണതോ?” എന്നു ചോദിക്കുന്ന പരിചാരകയുടെ ഗ്രാമ്യഭാഷയും ഹരിപഞ്ചാനന പ്രഭൃതികള്‍ മുതലായവരുടെ വാഗ്ദോരണിയിലൂടെ വെളിവാക്കപ്പെടുന്ന വരേണ്യഭാഷയും അതോടൊപ്പം നിരവധി നിരവധി ഭാഷാഭേദങ്ങളും സി വി പ്രയോഗിക്കുന്നുണ്ട്. ഇങ്ങനെ മൂന്നു ആഖ്യായികകളിലുമായി സൃഷ്ടിക്കപ്പെട്ട ഏകദേശം 136 കഥാപാത്രങ്ങള്‍ക്കും ഒന്നിനൊന്ന് വ്യത്യസ്തമായ ഭാഷ അനുവദിച്ചു കൊടുത്തതുകണ്ട് അത്ഭുതസ്തബ്ദനായതുകൊണ്ടാകണം , എന്‍ കൃഷ്ണപിള്ള പ്രതിപാത്രം ഭാഷണ ഭേദം എന്ന് വിസ്മയം കൊണ്ടത്.സംസാര ഭാഷണത്തില്‍ ഭാഷയെ അതിന്റെ ഏതുരൂപത്തിലും അതിനിപുണമായി തികച്ചും സ്വഭാവികമായി വികാരവിചാരങ്ങളുടെ പ്രകാശനത്തിന് അതിസമര്‍ത്ഥമായി പ്രയോഗിക്കുന്നതിനുള്ള കഴിവില്‍ സി വിയെ അതിശയിക്കാന്‍ - എന്നല്ല സമീപിക്കുവാന്‍ പോലും കഴിവുള്ള സാഹിത്യകാരന്മാര്‍ കേരളത്തില്‍ വളരെ വിരളമാണെന്ന് പ്രൊഫസര്‍ കൈനിക്കര കുമാരപിള്ളയും സാക്ഷ്യപ്പെടുത്തുന്നു.

          ഭാഷാസ്വഭാവം വെച്ച് ഗ്രാമ്യം , ശുദ്ധമലയാളം , മിശ്രഭാഷ, തെക്കന്‍ മലയാളം , മധ്യതിരുവിതാംകൂര്‍ മലയാളം , നിലവാരപ്പെട്ട മലയാളം എന്നിങ്ങനെ ആറായി തരംതിരിക്കാമെന്ന് ഡോക്ടര്‍ നടുവട്ടം ചൂണ്ടിക്കാണിക്കുന്നു. തെക്കന്‍ തിരുവിതാംകൂര്‍കാരുടെ  സംഭാഷണങ്ങള്‍ക്കാണ് ഗ്രാമ്യഭാഷയെ ഉപയോഗിക്കുന്നത്.ചന്ത്രക്കാരന്‍ മുതല്പേര്‍ ഈ ഭാഷ ഉപയോഗിക്കുന്നു. ശുദ്ധമലയാളം ഉണ്ണിത്താനെപ്പോലെയുള്ളവരും മിശ്രഭാഷ , അതായത് ഹിന്ദുസ്ഥാനി , കന്നട, തമിഴ് മുതലായ ഭാഷകളുടെ ചേര്‍പ്പ് , കാളിപ്രഭാവഭട്ടന്‍ , മാണിക്യഗൌണ്ഡന്‍ മുതലായവരും തെക്കന്‍ പ്രാദേശികഭേദം പാറുക്കുട്ടിയുടെ വാല്യക്കാരി , വേലു മുതലായവരും ഉപയോഗിക്കുന്നു. കുറുങ്ങോട്ട് കൃഷ്ണക്കുറുപ്പ് കൊടന്തയാശാന്‍ മുതലായവര്‍ മധ്യതിരുവിതാംകൂര്‍ ഭാഷാഭേദങ്ങളെയാണ് ഉപയോഗിക്കുന്നത്.നിലവാരപ്പെട്ട മലയാളമുപയോഗിക്കുന്നവരായി അനിഴം തിരുനാള്‍ , ദിവാന്‍ കേശവനുണ്ണിത്താന്‍ മുതലായവരേയും ചൂണ്ടിക്കാണിക്കുന്നു.

          അങ്ങനെയൊക്കെയാണെങ്കിലും സ്വഭാവികമായ സംഭാഷണരീതികള്‍ സി വിയില്‍ കുറവാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്.രീതിമത്കൃതമാണ് മിക്ക ഭാഷണങ്ങളും. സ്വാഭാവിക ഭാഷണങ്ങള്‍ വളരെ കുറവാണ്. എല്ലാ ഭാഷണങ്ങള്‍ക്കുമുണ്ട് കൃത്രിമത്വം. ഇതിനു കാരണം സംഭാഷണഭാഗങ്ങള്‍ നോവലിസ്റ്റ് നാടകകൃത്തായി മാറുന്നതാണ്.പ്രേക്ഷകരെ സാക്ഷിനിറുത്തി അരങ്ങില്‍ കഥാപാത്രങ്ങള്‍ സംസാരിക്കുന്നതുപോലെയാണ് സി വിയുടെ കഥാപാത്രസംഭാഷണങ്ങള്‍ എന്ന് അദ്ദേഹം പറയുന്നു.എങ്കില്‍‌പ്പോലും ഇത്രയധികം വൈവിധ്യങ്ങള്‍ നിറഞ്ഞ ഭാഷാപ്രയോഗങ്ങള്‍ മലയാള സാഹിത്യത്തില്‍ - ഒരു പക്ഷേ ലോകസാഹിത്യത്തില്‍ തന്നെയും മറ്റാരും തന്നെ പ്രയോഗിച്ചിട്ടില്ല. ആ ധാരാളിത്തത്തിന്റെ മുന്നില്‍ നാം വിനീതരാകുക.
         

 മനോജ് പട്ടേട്ട് || 15 June 2020, 08.30 AM ||










Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1