#ദിനസരികള് 1114



          ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിനെക്കുറിച്ച് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എന്തെല്ലാം തരത്തിലുള്ള വാര്‍ത്തകളാണ് നമ്മുടെ മുന്നിലേക്ക് എത്തിയതെന്ന് നോക്കുക. അദ്ദേഹം മരിച്ചുവെന്ന് വിധിയെഴുതിയ മാധ്യമങ്ങളുണ്ട്. അത്രത്തോളമെത്തിയില്ലെങ്കിലും മസ്തിഷ്കമരണം സംഭവിച്ചുവെന്നും ഇനിയൊരു തിരിച്ചു വരവ് അസാധ്യമായിരിക്കുമെന്നും ചിലര്‍ എഴുതി. കടുത്ത പുകവലിയും അനാരോഗ്യവും അദ്ദേഹത്തിന്റെ അലട്ടുന്നതിനിടെയാണ് ഹൃദയശസ്ത്രക്രിയ്ക്ക് വിധേയനായതെന്നും അതു പരാജയപ്പെട്ടുവെന്നുമൊക്കെ തുടര്‍ക്കഥകള്‍ നിര്‍മ്മിക്കപ്പെട്ടു. എന്തിന് അധികം ? കിമ്മിന് ഒരു പിന്‍ഗാമിയെത്തന്ന അവരോധിച്ചിട്ടേ പല മാധ്യമങ്ങളും പിന്‍മാറിയുള്ളുവെന്നതാണ് വസ്തുത.
          ഏപ്രില്‍ പതിനൊന്നു മുതല്‍ അദ്ദേഹം പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടില്ല എന്നതാണ് ഇത്തരം അഭ്യൂഹങ്ങളിലേക്ക് മാധ്യമങ്ങളെ കൊണ്ടെത്തിച്ചത്. രാജ്യത്തിന്റെ പരമോന്നത നേതാവ് കിം ഇന്‍ സുങ്ങിന്റെ ദിനാചരണച്ചടങ്ങില്‍ അദ്ദേഹം പങ്കെടുത്തില്ലയെന്നത് ചൂണ്ടിക്കാട്ടിയാണ് മാധ്യമങ്ങള്‍ തങ്ങളുടെ വാര്‍ത്തകള്‍ക്ക് ആധികാരികതയുണ്ടാക്കാന്‍ ശ്രമിച്ചത്. ഇത് മാധ്യമങ്ങളുടെ മാത്രം പ്രചരണമായിരുന്നില്ല. അമേരിക്കയടക്കമുള്ള ഉത്തരകൊറിയന്‍ വിരുദ്ധ ശക്തികള്‍ ഈ പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചു. കാര്‍ഡിയോ വാസ്കുലര്‍ സര്‍ജറിക്കുശേഷം കിമ്മിന്റെ നില അത്യപകടകരമാണെന്നാണ് അവര്‍ കണ്ടെത്തിയത്. അമേരിക്കയുടെ പ്രസിഡന്റ് നടത്തിയ ചില പ്രസ്താവനകള്‍ കിമ്മിനെക്കുറിച്ചുള്ള വാര്‍ത്തകളെ പരോക്ഷമായി ശരിവെയ്ക്കുന്നതായി. പിന്നീട് ഏകദേശം മൂന്നാഴ്ചയ്ക്കു ശേഷം, ഈ മാസമാദ്യം , അദ്ദേഹം ഒരു വള ഫാക്ടറി ഉദ്ഘാടനം ചെയ്യുന്ന ചിത്രം ഉത്തര കൊറിയ പുറത്തു വിട്ടു.അവസാനം അഭ്യൂഹങ്ങളെയെല്ലാം തള്ളിക്കളഞ്ഞുകൊണ്ട് കിം പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടതിനു ശേഷം ,  മെയ് മൂന്നിന് , I, for one, am glad to see he is back, and well എന്നൊരു ട്വീറ്റ് അമേരിക്കയുടെ പ്രസിഡന്റു വക പുറത്തുവന്നു. തിരിച്ചു വന്നതില്‍ സന്തോഷമെന്നാണ് ട്രമ്പ് പ്രതികരിച്ചതെങ്കിലും അമേരിക്കയും വടക്കന്‍ കൊറിയയും തമ്മിലുള്ള ഊഷ്മളമായ ബന്ധം അറിയുന്നവര്‍ക്ക് ആ സന്തോഷത്തില്‍ നിരാശ മാത്രമാണ് വായിച്ചെടുക്കാന്‍ കഴിയുക.
          2011 ഡിസംബറില്‍ കിം ജോംഗ്-ഇല്‍ അന്തരിച്ചതിനു ശേഷമാണ് കിം ഉത്തരകൊറിയയുടെ പരമാധികാരത്തിലേക്ക് എത്തുന്നത്. അതോടെ ലോകം എല്ലുറപ്പുള്ള ഒരു നേതാവിനെ കാണുകയായിരുന്നു. തന്റെ ഇരുപത്തെട്ടാം വയസ്സില്‍ ഈ സ്ഥാനത്തേക്ക് എത്തിയ കിമ്മിന്റെ ചടുലമായ നീക്കങ്ങള്‍ പലപ്പോഴും മാധ്യമങ്ങളില്‍ നിറഞ്ഞു.അമേരിക്കയുടെ മുന്നറിയുപ്പുകളെ വെല്ലുവിളിച്ചുകൊണ്ട് ആണവപരീക്ഷണങ്ങള്‍ നടത്തി. അധിനിവേശങ്ങളില്‍ അഭിരമിക്കുന്ന പാശ്ചാത്യശക്തികളുടെ നീചമായ കൂട്ടുകെട്ടിനെ ആവോളം എതിര്‍ക്കുവാനും അടിച്ചേല്പിക്കപ്പെടുന്ന സാമ്രാജ്യത്വങ്ങളെ ആട്ടിക്കളയുവാനും കിം കാണിച്ച ആര്‍ജ്ജവം എടുത്തു പറയേണ്ടതാണ്. തന്റെ രാജ്യത്തെ ബദലുകള്‍ക്ക് മാതൃകയായി നിലനിറുത്തിക്കൊണ്ടുപോകാന്‍ അദ്ദേഹം സദാജാഗരൂകനാണ്.
          എന്നാല്‍ അമേരിക്കയാകട്ടെ , കിമ്മിന്റെ അഥവാ ഉത്തര കൊറിയയുടെ നീക്കങ്ങളെ പൈശാചികമെന്നാണ് വിശേഷിപ്പിച്ചത്. അവരെ ചതിപ്പെടുത്താനുള്ള അവസരങ്ങള്‍ക്ക് കാത്തിരിക്കുന്ന യാങ്കികളുടെ കണ്ണില്‍ കിം എന്നും കരടാകുന്നു. ആ കിമ്മിനെക്കുറിച്ചാണ് ലോകത്തെല്ലായിടത്തുമുള്ള മാധ്യമങ്ങള്‍ തെമ്മാടി ക്കഥകളെഴുതിയത്.
          സാമ്രാജ്യത്വ വിരുദ്ധ ചേരികളില്‍ നില്ക്കുന്നവരെക്കുറിച്ച് എക്കാലത്തും നമ്മുടെ മാധ്യമങ്ങള്‍ ധാരാളം നുണക്കഥകള്‍ എഴുതിക്കൂട്ടിയിട്ടുണ്ട്. പ്രത്യക്ഷമായിത്തന്നെ അക്കൂട്ടര്‍ പുലര്‍ത്തുന്ന പക്ഷപാതത്തിന് ഉദാഹരണമാണത്. നമ്മുടെ കേരളത്തിലടക്കമുള്ള നുണഫാക്ടറികളായ അത്തരം പത്രമാധ്യമങ്ങളെ വളരെ ജാഗ്രതയോടെ ജനം നേരിടേണ്ട ഘട്ടമാണിതെന്നാണ് കിം മരിച്ചതില്‍‌ ആഹ്ലാദിച്ച മാധ്യമപ്രവര്‍ത്തനം ജാഗ്രതപ്പെടുത്തുന്നത്.        

© മനോജ് പട്ടേട്ട് ||05 May 2020, 09:00 AM ||



Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1