#ദിനസരികള് 1113 അസംബന്ധങ്ങളുടെ പുഷ്പവൃഷ്ടി.
അസംബന്ധം ! കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നവരെ ആദരിക്കുവാനെന്ന
പേരില്‍ കേന്ദ്രത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് രാജ്യത്തെ
ആതുരാലയങ്ങള്‍ക്കു മുകളില്‍ സൈന്യം നടത്തിയ പുഷ്പവൃഷ്ടിയെ ഒറ്റവാക്കില്‍ കേവലം
അസംബന്ധം എന്നല്ലാതെ വേറെന്താണ് പറയുക ? ബാന്‍ഡുകളൊരുക്കി കരസേനയും കപ്പലുകളിലെ ദീപങ്ങള്‍
തെളിയിച്ച് നാവിക സേനയും ആദരിക്കല്‍ മാമാങ്കത്തിന് കുടപിടിച്ചു.
കാശ്മീരുമുതല്‍ കന്യാകുമാരിവരെ പറന്നെത്തിയ വിമാനങ്ങള്‍ പുഷ്പവൃഷ്ടിക്കു പുറമേ
നഗരങ്ങളില്‍ അഭ്യാസക്കാഴ്ചയൊരുക്കുകയും ചെയ്തു.
കൊവീഡ്
പ്രതിരോധ പ്രവര്‍ത്തനത്തിന്റെ പേരില്‍ ഇത്തരം കെട്ടുകാഴ്ചകള്‍ ആദ്യമായിട്ടല്ല
നാം കാണുന്നത്. ഇതിനുമുമ്പേ പാത്രം മുട്ടാനും വിളക്കു കൊളുത്താനുമാണ്
ആഹ്വാനങ്ങളുണ്ടായത്.വ്യാപകമായ വിമര്‍ശനങ്ങള്‍ക്ക് വഴി വെച്ച അത്തരം നിര്‍ദ്ദേശങ്ങള്‍ക്കു
ശേഷമാണ് കോടിക്കണക്കായ രൂപ ചെലവഴിച്ച് മൂന്നു സൈന്യങ്ങളുടേയും
സംയുക്താഭിമുഖ്യത്തില്‍ ഞായറാഴ്ച്ച പുതിയ ആഘോഷം നടത്തിയത്.
ആരോഗ്യ പ്രവര്‍ത്തകരെ
ആദരിക്കുകയും അവരോട് ഐക്യപ്പെടുകയും ചെയ്യേണ്ടതാണ് എന്ന കാര്യത്തില്‍
സംശയമൊന്നുമില്ല.എന്നാല്‍ ആ ആദരിക്കല്‍ എങ്ങനെയൊക്കെയാകണം എന്ന കാര്യത്തിലാണ്
അഭിപ്രായ വ്യത്യാസമുണ്ടാകുന്നത്.രാജ്യത്ത് കൊവീഡ് ബാധിതരുടെ എണ്ണം
അരലക്ഷത്തിലേക്ക് എത്തുന്നു. ഒരു ദിവസം ഏകദേശം രണ്ടായിരത്തോളം ആളുകളാണ് ഇപ്പോള്‍
രോഗബാധിതരായിക്കൊണ്ടിരിക്കുന്നത്. ഈ സ്ഥിതി തുടര്‍ന്നാല്‍ രാജ്യം നേരിടാന്‍
പോകുന്ന വെല്ലുവിളി അപ്രവചനീയമാകും. ഇപ്പോള്‍ത്തന്നെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും
ആശുപത്രികള്‍ക്കും ആവശ്യമായ പ്രതിരോധ സാമഗ്രികള്‍ കിട്ടുന്നില്ല എന്ന പരാതിയുണ്ട്.
കിട്ടുന്നവയാകട്ടെ ആവശ്യത്തിന് ഗുണനിലവാരമില്ലാത്തതുമാണ്. അതോടൊപ്പം ചില
സംസ്ഥാനങ്ങളില്‍ കൊവീഡ് 19 സ്ഥിരീകരിച്ച നേഴ്സുമാര്‍ക്ക് ആവശ്യമായ ചികിത്സ
കിട്ടാത്ത സാഹചര്യമുണ്ട്.
രാജ്യത്തെ
സാമ്പത്തികസ്ഥിതി തുലോം ദയനീയമായിരിക്കുന്നു. ഒന്നാം സാമ്പത്തിക പാക്കേജ് എന്ന
പേരില്‍ നടപ്പിലാക്കിയ പദ്ധതി ദുരിതമനുഭവിക്കുന്ന ബഹുഭൂരിപക്ഷം പൌരന്മാര്‍ക്കും
ആശ്വാസമായിട്ടില്ല.എന്നാലും രണ്ടാം സാമ്പത്തിക പാക്കേജ് എന്ന ആവശ്യത്തോട് കേന്ദ്രം
നാളിതുവരെ അനുഭാവപൂര്‍ണമായി പ്രതികരിച്ചിട്ടില്ല. അടച്ചു പൂട്ടല്‍ ഇപ്പോള്‍ മൂന്നാംഘട്ടത്തിലേക്ക്
കടക്കുകയാണ്. ജനങ്ങളോട് പുറത്തിറങ്ങരുതെന്ന് ആവശ്യപ്പെടുമ്പോഴും
അകത്തിരിക്കുന്നവര്‍ എങ്ങനെ ജീവിക്കുമെന്ന ചോദ്യത്തിന് ഉത്തരമില്ല. ഒരു
വരുമാനവുമില്ലാതെ കോടിക്കണക്കായ ജനത ദാരിദ്ര്യത്തെ മുഖാമുഖം കണ്ട് ജീവിച്ചു
പോകുന്നു. ആ ദുരിതം വാക്കുകള്‍കൊണ്ട് വിവരിക്കുവാന്‍ കഴിയുന്നതിനും അപ്പുറമാണ്.
കൊവീഡു ബാധിച്ച് മരിക്കുന്നതിനെക്കാള്‍ എത്രയോ ഇരട്ടി ആളുകള്‍ പട്ടിണി
കിടന്നുമരിക്കാന്‍ പോകുന്നുവെന്ന് രാഷ്ട്രീയ സാമൂഹിക സാമ്പത്തിക മണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍
ഭയപ്പെടുന്നു. കാര്യങ്ങള്‍ ഇത്രത്തോളം ദയനീയമായിരിക്കേയാണ് അസംബന്ധങ്ങള്‍കൊണ്ട്
അലങ്കാരങ്ങള്‍ തീര്‍ക്കുന്ന കേന്ദ്രസര്‍ക്കാര്‍ പുഷ്പവൃഷ്ടി പോലെയുള്ള പൌരാണികകലാപരിപാടിയെ
തിരിച്ചു കൊണ്ടുവരുന്നത്. (ആ പ്രവര്‍ത്തിയ്ക്ക് ഹിന്ദുത്വയുമായി ബന്ധപ്പെട്ട
മറ്റൊരു രാഷ്ട്രീയ വായന സാധ്യമാണെന്നു കൂടി സൂചിപ്പിക്കട്ടെ )
ഈ ദുരിതകാലത്തെങ്കിലും ജനതയെ സഹായിക്കുവാന്‍
ഇനിയെങ്കിലും കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു വരണം. അതല്ലെങ്കില്‍ നാട്ടിലാകെ
, പ്രത്യേകിച്ച് നമ്മുടെ ഗ്രാമപ്രദേശങ്ങളില്‍ കൊള്ളയും പിടിച്ചു പറിയും മറ്റ്
അതിക്രമങ്ങളും വ്യാപകമാകുമെന്ന കാര്യത്തില്‍ സംശയമില്ല.ഇതുമനസ്സിലാക്കി ആവശ്യമായ
മുന്‍കരുതലുകള്‍ നേരത്തെ സ്വീകരിക്കുക എന്ന ഒരേയൊരു പോംവഴിയാണ് നമുക്കു
മുന്നിലുള്ളത്.
© മനോജ് പട്ടേട്ട് ||04 May 2020, 08:00 AM ||
Comments