#ദിനസരികള് 1116
ഓരോ
ജില്ലകളിലേയും ഇതരസംസ്ഥാന തൊഴിലാളികളെ പത്തുലക്ഷം രൂപയ്ക്ക് വിലയ്ക്കുവാങ്ങുവാനുള്ള
കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നീക്കമാണ് അതാത് ജില്ലാ കളക്ടര്‍മാര്‍ സ്വീകരിച്ച
നിയമപരമായ നിലപാടുകളിലൂടെ അട്ടിമറിയ്ക്കപ്പെട്ടത്. കോണ്‌ഗ്രസിന്റെ അഖിലേന്ത്യാ
പ്രസിഡന്റ് സോണിയ ഗാന്ധിയുടെ നിര്‍ദ്ദേശമനുസരിച്ചാണത്രേ തൊഴിലാളികളുടെ
യാത്രാച്ചെലവിലേക്ക് പത്തുലക്ഷം വീതം ഡി സി സി പ്രസിഡന്റുമാര്‍ നല്കാന്‍
തീരുമാനിച്ചത്. അതുപക്ഷേ കേരളത്തെ സഹായിക്കാനുള്ള മനസ്ഥിതിയായിരുന്നെങ്കില്‍
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആ തുക കൈമാറാമായിരുന്നു. അതു ചെയ്യാതെ
സവിശേഷമായ ഒരാവശ്യത്തിലേക്ക് മാത്രമായി നിജപ്പെടുത്തി തുക കൈമാറാന്‍ ശ്രമിക്കുമ്പോള്‍
അത് കളക്ടര്‍മാര്‍ക്ക് കൈപ്പറ്റാനാകില്ലെന്ന് കൃത്യമായി അറിയാവുന്നവരാണ്
ഈക്കളിയുടെ സൂത്രധാരന്മാര്‍. എന്നാല്‍ ലാഭമുണ്ടാക്കാന്‍ നടത്തിയ ആ നീക്കം ഭീമമായ നഷ്ടത്തിലേക്കാണ്
കൂപ്പുകുത്തിയത്. അതിന്റെ നാണക്കേട് മാറ്റാന്‍ പ്രവാസിപ്രണയത്തെ പകരം വെയ്ക്കാനുള്ള
ശ്രമങ്ങളുമായി നേതൃത്വം മുന്നോട്ടിറങ്ങിക്കഴിഞ്ഞു. കുളത്തില്‍ പോയത് കിണറ്റില്‍
പിടിക്കാമെന്ന ചിന്തയാണ് അത്തരമൊരു നീക്കത്തിനു പിന്നിലെന്ന് കേരളം തിരിച്ചറിയാതിരിക്കുമോ?
വിശ്വാസ്യത
എന്നൊന്നുണ്ടെന്ന് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം എന്നാണ് മനസ്സിലാക്കുക? ഇനിയെങ്കിലും
അതുമനസ്സിലാക്കിയില്ലെങ്കില്‍ ഒരു രാഷ്ട്ര്രീയ കക്ഷി എന്ന നിലയില്‍ അവരെങ്ങനെയാണ്
മുന്നോട്ടു പോകുക? പ്രളയകാലത്ത് ആയിരം വീടുകള്‍ നിര്‍മ്മിച്ചു കൊടുക്കുമെന്നുള്ള
പ്രഖ്യാപനവും അതിനു വേണ്ടി കെ പി സി സി പിരിച്ചെടുത്ത കോടികളും എതിലേപോയെന്ന്
കേരളത്തിലെ ജനതയ്ക്ക് മനസ്സിലായിട്ടില്ല. അക്കണക്കില്‍ ഒരു വീടുപോലും നിര്‍മ്മിച്ചു
നല്കിയിട്ടുമില്ല. അക്കൂട്ടരാണ് ഇപ്പോള്‍ ഇതരസംസ്ഥാന തൊഴിലാളികളേയും പ്രവാസികളേയും
കൈയ്യിലെടുക്കാന്‍ രാഷ്ട്രീയ നീക്കവുമായി എത്തിയത്.
കൊവീഡുമായി ബന്ധപ്പെട്ട് സംസ്ഥാനം നടത്തുന്ന അതിജീവന
ശ്രമങ്ങളെ ഏതെല്ലാം വിധത്തില്‍ അപകീര്‍ത്തിപ്പെടുത്താം എന്നാണ്
പ്രതിപക്ഷനേതാവിന്റേയും കെ പി സി സി നേതൃത്വത്തിന്റേയും ആലോചനയെന്ന് നമുക്കറിയാം.
ഈ പ്രതിസന്ധി ഘട്ടത്തില്‍ ജനതയുടെ കൂടെ നില്ക്കുക എന്ന കടമ ചെയ്യേണ്ടതിനു പകരം
അവരെക്കൂടി ആശങ്കപ്പെടുത്തുന്ന നിലപാടാണ് കോണ്‍ഗ്രസ് നേതൃത്വം ചെയ്യുന്നത്.
അതാകട്ടെ സ്വയം അപഹാസ്യരാക്കുകയാണെന്ന് അവര്‍ തിരിച്ചറിയുന്നില്ലല്ലോ
എന്നതാണ് ഖേദകരം. ഡാറ്റാവിവാദമടക്കം പ്രതിപക്ഷമുണ്ടാക്കിയ ഓരോ വിവാദങ്ങളേയും
പരിശോധിച്ചാല്‍ ഇക്കാര്യം കൂടുതല്‍ ബോധ്യമാകും
ഇതെല്ലാംതന്നെ
കോണ്‍ഗ്രസിന്റെ വിശ്വാസ്യതയെ – ഇനിയും അങ്ങനെയൊന്നുണ്ടെങ്കില്‍ - ഇല്ലാതാക്കുമെന്ന്
അവരെന്താണ് തിരിച്ചറിയാതെ പോകുന്നത് ? കോണ്‍ഗ്രസിനോടുള്ള
സ്നേഹംകൊണ്ടൊന്നുമല്ല ഈ ആശങ്ക പങ്കുവെയ്ക്കുന്നത്. അക്കൂട്ടര്‍ പാടെ തുലഞ്ഞുപോയാല്‍
ബി ജെ പിയെപ്പോലെയുള്ള ഹിന്ദുത്വ ശക്തികള്‍ക്ക് അത് വളമാകുമല്ലോയെന്ന ഭയപ്പാടു
മാത്രമാണ് ഇത്തരം ആശങ്കയ്ക്ക് കാരണം. പറയുന്ന കാര്യത്തില്‍ തനിക്കു തന്നെ
വിശ്വാസമില്ലാത്ത ചെന്നിത്തലയും കഴമ്പുള്ള ഒരു അഭിപ്രായംപോലും നാളിതുവരെ
പറഞ്ഞിട്ടില്ലാത്ത കെ പി സി സി പ്രസിഡന്റും ഞഞ്ഞഞ്ഞ മുഞ്ഞഞ്ഞ എന്നു
വെപ്രാളപ്പെടുന്ന ഉമ്മന്‍ ചാണ്ടിയുമൊക്കെയാണ് ഇപ്പോഴും കോണ്‍ഗ്രസിന്റെ ആവനാഴിയിലെ
അസ്ത്രങ്ങള്‍ എന്നാണെങ്കില്‍ കഷ്ടം എന്നല്ലാതെ എന്തു പറയാന്‍ ?
ശക്തമായ പ്രതിപക്ഷമുണ്ടായാലേ ജനാധിപത്യത്തിന്റെ ശേഷി
അതിന്റെ പരമാവധിയിലേക്ക് എത്തിച്ചേരുകയുള്ളുവെന്ന് ചിന്തിക്കുന്ന കേരളത്തിലെ
ജനതയുടെ പ്രതിനിധിയായിട്ടാണ് ഞാനിത് പറയുന്നത്. അതുകൊണ്ട് അത്തരത്തിലൊരു
പ്രതിപക്ഷം ഇവിടെ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. ഭരണപക്ഷത്തിന് സംഭവിക്കുന്ന
വീഴ്ചകളെ ചൂണ്ടിക്കാണിക്കുകയും ഈ പ്രതിസന്ധിയെ അതിജീവിക്കുവാനുള്ള ക്രിയാത്മക നിര്‍ദ്ദേശങ്ങള്‍ പങ്കുവെയ്ക്കുകയും
ചെയ്തുകൊണ്ടുവേണം പ്രതിപക്ഷം കളം നിറയേണ്ടത്. എന്നാല്‍ ഇപ്പോഴാകട്ടെ അവരുടെ
നീക്കങ്ങള്‍ കേവലം രാഷ്ട്രീയ പ്രേരിതമായ മുതലെടുപ്പുശ്രമങ്ങള്‍ മാത്രമാണെന്ന്
ജനതയ്ക്ക് മനസ്സിലാകുന്നു. അതുകൊണ്ട് അവര്‍ക്ക് ജനതയുടെ മനസ്സില്‍ ഒറ്റുകാരുടെ
മുഖമാണ് ഇപ്പോഴുള്ളത്. ഈ സാഹചര്യത്തില്‍ അതിവേഗംതന്നെ കേരളത്തിലെ കോണ്‍ഗ്രസു പാര്‍ട്ടി
തങ്ങളുടെ നിലപാടുകള്‍ പുനപരിശോധിക്കുകയും ജനതയുടെ താല്പര്യം മുന്‍നിറുത്തി കേരളത്തിന്റെ
മുഖ്യമന്ത്രിയോടൊപ്പം തോളോടു തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ തയ്യാറാകുകയും
വേണം. അതുകൊണ്ട് മാത്രമായില്ല, നിലവിലുള്ള
നേതൃത്വത്തെ അപ്പാടെ മാറ്റി പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രി ഓടുന്ന
ട്രാക്കിലൂടെ പോയിട്ട് ആ പഞ്ചായത്തിലൂടെയെങ്കിലും ഓടാന്‍ ശേഷിയുള്ളവരെ
കണ്ടെത്തുകയെന്ന ഭീമപ്രയത്നവും അവരെ കാത്തിരിക്കുന്നു.
© മനോജ് പട്ടേട്ട് ||07 May 2020, 09:00 AM ||
Comments