#ദിനസരികള് 1118 എന്റെ പ്രിയപ്പെട്ട വയലാര്‍ കവിതകളിലൂടെ
വയലാറിന്റെ
ഏറ്റവും പ്രിയപ്പെട്ട കവിതകളേതൊക്കെയാണ് ? ചോദ്യം എന്നിലും കൌതുകമുണര്‍ത്തി. കടലില്‍ നിന്നും ഒരു
കുമ്പിള്‍ ജലമെടുത്ത് മാറ്റി നിറുത്തി ഇതാണ് എനിക്ക് പ്രിയപ്പെട്ട കടല്‍ജലം എന്ന്
ആര്‍ക്കെങ്കിലും നിര്‍ണയിക്കാനാകുമോ എന്നൊരു മറുചോദ്യമാണ് നാവില്‍ തൊടുത്തത്. അതുപക്ഷേ
പുറത്തേക്കു തുപ്പുന്നതിനുമുമ്പേ തന്നെ അതിലെ യുക്തിയില്ലായ്മയില്‍ മനസ്സുടക്കി.
കടല്‍ ജലം, അതിന്റെ ജൈവഘടകങ്ങളില്‍ ചിലപ്പോള്‍ വ്യത്യാസമുണ്ടാകാമെങ്കിലും ഏതര്‍ത്ഥത്തിലും
അതു പരന്നിരിക്കുന്ന ഇടങ്ങളിലെല്ലാം ഒന്നുതന്നെയാണ്. അതുപോലെ ഒരു കവിയുടെ
എക്കാലത്തേയും രചനകള്‍ക്ക് ഒരേ രുചിയും മണവുമായിരിക്കുമോ? വീഴാത്ത ഒരു
വില്ലാളിയുമില്ല എന്നു പറയുന്നതുപോലെ ചില്പപ്പോഴെങ്കിലും താനിരിക്കുന്ന ഉദാത്ത
സിംഹാസനങ്ങളെ വിട്ട് കവിയ്ക്കും താഴെയിറങ്ങേണ്ടി വന്നിട്ടുണ്ടാവില്ലേ ? ഉണ്ടാവും. തീര്‍ച്ചയായുമുണ്ടാകും.അങ്ങനെയെങ്കില്‍ പ്രിയാപ്രിയങ്ങളെ
നിശ്ചയിക്കുക എന്ന വലിയൊരു കടമ്പയെ മറികടക്കുകതന്നെ എന്ന് ഞാനും നിശ്ചയിച്ചു.
അതിന്റെ അടിസ്ഥാനത്തിലാണ് എന്റെ പ്രിയപ്പെട്ട വയലാര്‍ കവിതകളെക്കുറിച്ചുള്ള ഈ
അന്വേഷണമെന്ന് ആദ്യമേ പറയട്ടെ.
വയലാറിന്റെ
കവിതകളാണോ അതോ ഗാനങ്ങളാണോ ആദം എന്നെ തീണ്ടിയത് ? സ്വാഭാവികമായും പാട്ടുകള്‍
തന്നെയായിരിക്കണം. ഒളിമൊഴികള്‍ നിറച്ചു വെച്ച ആ ഗാനങ്ങള്‍ കേരളം നാവില്‍നിന്നും
എടുത്തു മാറ്റി നാളുകളുണ്ടായിട്ടില്ലല്ലോ ഇതുവരെ. എത്രയാളുകള്‍ എത്രയാളുകളുടെ
തിങ്കളാഴ്ച നൊയമ്പുകള്‍ മുടക്കിയിട്ടുണ്ടാകും ? ഇളനീര്‍ക്കുടങ്ങള്‍
ഉടച്ചിട്ടുണ്ടാകും ? ( ഒരു കാര്യം ഇവിടെ സൂചിപ്പിക്കേണ്ടതുണ്ടെന്ന് തോന്നുന്നു. വയലാറിന്റെ ഗാനങ്ങളെക്കുറിച്ചുള്ള
ഒരു സാംസ്കാരിക പരിശോധന നാമിനിയും നടത്തിയിട്ടില്ല. ചില ശ്രമങ്ങളുണ്ടായിട്ടുണ്ട്
എന്ന് കാണാതിരിക്കുന്നില്ല. അതിനുമപ്പുറം വയലാറിന്റെ ഒളിമൊഴികളുടെ ആഴവും പരപ്പും
അന്വേഷിക്കുന്ന , കേരളത്തിന്റെ സാംസ്കാരിക മനസ്സില്‍ അതുണര്‍ത്തിവിട്ട
അലകളെക്കുറിച്ച് അന്വേഷിക്കുന്ന പ്രൌഢമായ പഠനങ്ങള്‍ ഇനിയും ഉണ്ടാകേണ്ടതുണ്ട്. സംസ്കാര പഠനരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക്
ആലോചിക്കാവുന്ന നല്ലൊരു മേഖലയാണിത്. ) അതുകൊണ്ടുതന്നെ ഏറ്റവും എളുപ്പം
പ്രചരിപ്പിക്കപ്പെടാനിടയുള്ളവയെന്ന നിലയില്‍ വയലാറിന്റെ സിനിമാ ഗാനങ്ങളെയാണ്
ഞാനും ആദ്യകാലങ്ങളില്‍ പരിചയപ്പെട്ടത്.
പാട്ടുകള്‍ക്ക്
ശേഷം കവിത വന്നിട്ടുണ്ട്. ഏതു കാലം മുതല്‍ എന്നു ചോദിച്ചാല്‍ പറയാന്‍
കഴിയില്ല. പക്ഷേ വൃക്ഷം , മാനിഷാദാ എന്നീ രണ്ടുകവിതകളില്‍ ഏതെങ്കിലും ഒന്നില്‍ നിന്നായിരിക്കും
എന്റെ വയാലാര്‍ പ്രയാണം ആരംഭിച്ചതെന്ന് എനിക്ക് അസന്നിഗ്ദമായി പറയാന്‍
കഴിയും.വൃക്ഷം പഠിച്ചത് പാഠപുസ്തകത്തില്‍ നിന്നാണ്. എന്നാല്‍
ഒന്നാം
കൊമ്പത്ത് വന്നിരുന്നന്നൊരു
പുന്നാരക്കിളി
ചോദിച്ചു
കൂട്ടിന്നിളംകിളി
ചെങ്ങാലിപ്പൈങ്കിളി
കൂടുവിട്ടിങ്ങോട്ടു
പോരാമോ ? –
എന്നുതുടങ്ങുന്ന മാനിഷാദ എന്ന കവിത വായിച്ചതാകട്ടെ
സ്നേഹിക്കയില്ല ഞാന്‍ നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തേയും എന്ന
വരികളെ അന്വേഷിച്ചു പോയപ്പോഴും. ആ വരികള്‍ അന്നും ഇന്നും ഏറെ പ്രിയപ്പെട്ടതാണ്
അതുവഴി , അതെഴുതിയ കവിയും എനിക്ക് ഏറെ പ്രിയപ്പെട്ടവനായി മാറി എന്നതാണ് വാസ്തവം. (ഈ
കവിത അടങ്ങുന്ന മുളങ്കാട് എന്ന കാവ്യസമാഹാരമാണ് വയലാറിന്റേതായി എന്റെ കൈവശം
ആദ്യമെത്തുന്നത്.ചിതലരിച്ചു തീര്‍ന്നില്ലെങ്കില്‍ പഴയ പുസ്തകക്കെട്ടുകള്‍ക്കിടയില്‍
എവിടെയെങ്കിലും അതിപ്പോഴും കാണേണ്ടതാണ്.)
ഇതേ
സമാഹാരത്തില്‍ തന്നെയാണ് മുളങ്കാടും പ്രയാണവും നാഗസാക്കിയിലെ കുരിശും പശയുള്ള
വരമ്പും വിലങ്ങുകളും എന്റെ ശില്പവും പൊട്ടിയഴുകിയ വ്രണവും മറ്റും മറ്റുമുള്ളത്.
ചിന്തകളെ അക്ഷരാര്‍ത്ഥത്തില്‍തന്നെ ജ്വലിപ്പിച്ചവയായിരുന്നു ആ കവിതകളോരോന്നുംതന്നെ.അതുകൊണ്ടായിരിക്കണം
, “മുളങ്കാട്” എന്ന കാവ്യസമാഹാരത്തിലെ ഒട്ടു മിക്ക കവിതളും ഇന്നും
പ്രിയപ്പെട്ടവയായിത്തന്നെ തുടരുന്നു.
സര്‍ഗ്ഗശക്തിയുടെ
പടക്കുതിരയെ അഴിച്ചു വിട്ട് ആരൊരാളുണ്ട് അതിന്റെ മാര്‍ഗ്ഗം മുടക്കുവാന്‍ എന്നു
ആരേയും വെല്ലുവിളിക്കുന്ന അശ്വമേധം എന്ന കവിതയും ആ സമാഹാരത്തിലുണ്ട്.
വായിക്കുമ്പോഴൊക്കെ ഒരു വലിയ കറുത്ത കുതിരയുടെ പുറത്ത് ഇടിമിന്നല്‍വാളുമിളക്കി
ഇരമ്പിയാര്‍ത്തു വരുന്ന അജയ്യനായ ഒരു പോരാളിയെയാണ് ഞാന്‍ മനസ്സില്‍ കാണുക.
രണനിലങ്ങളില്‍ അവന്‍ മുന്നേറുന്നു. വന്നെതിരിടുന്ന ശക്തികളൊക്കെ അടുത്ത
നിമിഷം നിലംപരിശാകുന്നു. യുഗങ്ങളിലൂടെ അങ്കമാടിവന്ന വീര്യമാകെ ഓരോ ചുവടിലും
ആവാഹിച്ചു കൊണ്ട് കുതികൊള്ളുന്ന ആ മഹത്തായ കര്‍മ്മോത്സുകത പക്ഷേ
തൊട്ടുനില്ക്കുന്നത് പച്ചമണ്ണിലാണെന്ന് ഘോഷിക്കുന്ന ‘അശ്വമേധം’ വയലാറിന്റെ രാഷ്ട്രീയ
നിലപാടുകളുടെ പ്രഖ്യാപനം കൂടിയാണ്.
ഈ യുഗത്തിന്റെ
സാമൂഹ്യ ശക്തി ഞാന്‍
മായുകില്ലെന്റെ
ചൈതന്യവീഥികള്‍
ഈശ്വരനല്ല
മാന്ത്രികനല്ല ഞാന്‍
പച്ചമണ്ണില്‍
മനുഷ്യത്വമാണ് ഞാന്‍ - എന്നി വരികളിലെ പക്ഷപാതിത്വം ജീവിതാവസാനംവരെ
നിലനിറുത്തുവാന്‍ , അല്ല , ഒന്നുകൂടി തീവ്രതപ്പെടുത്തുവാന്‍ വയലാറിന് കഴിഞ്ഞു. ആ
പക്ഷപാതിത്വം കൊണ്ടുകൂടിയാകണം അശ്വമേധം എനിക്കും പ്രിയപ്പെട്ടതായിത്തീരുന്നത്.
1952 ലാണ്
വയലാര്‍ പശയുള്ള വരമ്പ് എന്ന കവിത എഴുതുന്നത്. ഈ മണ്ണിനെ പൊന്നു വിളയിക്കുന്ന
ഇടങ്ങളായി പരിവര്‍ത്തിപ്പിച്ചെടുത്തതില്‍ അധ്വാനവര്‍ഗ്ഗത്തിന്റെ പങ്കിനെ
ഊന്നിപ്പറയുകയാണ് ഈ മനോഹരമായ കവിത.എത്ര കിണഞ്ഞു ശ്രമിച്ചിട്ടും വരമ്പുറയ്ക്കാതെ
പോയപ്പോള്‍ പണിയാളനായ ചെറുമനെ കൊന്ന് ആ ചോരയും മണ്ണും കൂട്ടിക്കുഴച്ച് വരമ്പുയര്‍ത്തി
ആര്‍ത്തലച്ചെത്തുന്ന ജലപ്രവാഹത്തെ തടുത്തു നിറുത്തിയതിന്റെ ചരിത്രമാണ് പശയുള്ള
വരമ്പ് പറയുന്നത്.ഇന്നും ചോര മണക്കുന്ന ആ കഥ തങ്ങളുടെ ചെറുകിടാങ്ങള്‍ക്കായി
മുത്തശിമാര്‍ പാടിക്കൊടുക്കുന്നു. ചരിത്രത്തിന്റെ രാജവീഥികളില്‍ സഞ്ചരിച്ചവരുടെ
കഥകള്‍ മാത്രം കണ്ടും രേഖപ്പെടുത്തിയും ശീലപ്പെട്ടു പോന്ന നമുക്ക് പാര്‍ശ്വവത്കരിക്കപ്പെട്ട
ഒരു വിഭാഗം ഈ മണ്ണിനു വേണ്ടി ചെയ്ത ചോരചീന്തലുകള്‍ ഒരു കാലത്തും
പരിഗണിക്കപ്പെടേണ്ടതാണെന്ന് തോന്നിയിട്ടേയില്ല. അത്തരം ചിന്തകളുടെ മുഖത്താണ് ഈ
പശയുള്ള വരമ്പ് തുപ്പലായി ചെന്നു വീഴുന്നത്.
ഒരു ചിറ
കെട്ടുവാന്‍ ജീവിതത്തിന്‍
കരളിലെച്ചോര
കൊടുത്തവനെ
കൃഷിമേഖലകള്‍ക്കു
ജീവരക്ത
പ്പശയിട്ടൊരാദ്ധീര
കര്‍ഷകനെ
അഭിമാനപൂര്‍വ്വം
സ്മരിക്കുമാറു
ണ്ടഭിവാദനങ്ങളോടെന്നുമെന്നും !
ഇവിടത്തെ വയലും വരമ്പുകളും
ഇവിടുത്തെ
കായ്കനിത്തോപ്പുകളും
മുഴുവനീ കര്‍ഷക
ജീവരക്തം
ഇഴുകിപ്പിടിച്ചവയായിരിക്കും
മണമുള്ള
മണ്ണിന്റെ മാറ്റു നോക്കാന്‍
മലനാട്ടുമണ്ണിന്റെ
സ്വാദുനോക്കാന്‍
മിഴികണയ്ക്കൂ,
നിണം തുളുമ്പും
പഴയ
യുഗത്തിന്റെ വാള്‍മുനയില്‍ - എന്ന് വരാനിരിക്കുന്ന ഒരു കാലത്തെക്കൂടി ധൈര്യപ്പെടുത്തുന്നുണ്ട്
, ഈ കവിത
പരിഹാസത്തില്‍
പൊതിഞ്ഞ് കൂര്‍ത്ത മുനകളെ ചേര്‍ത്തുവെയ്ക്കുക
എന്നത് വയലാറിന്റെ ഒരു ശീലമായിരുന്നു. പ്രത്യേകിച്ച് കുപ്പക്കുഴിയില്‍ തള്ളേണ്ട
ആചാരങ്ങളെ ഇപ്പോഴും നെഞ്ചോടു ചേര്‍ത്തിരിക്കുന്ന പടുജന്മങ്ങളെക്കാണുമ്പോള്‍ ആ
പരിഹാസത്തിന് മൂര്‍ച്ച കൂടും. ദൈവത്തെ നമുക്ക് വീട്ടില്‍ പണിക്കു നിറുത്താമെന്ന്
ചിന്തിച്ച വയലാറില്‍ നിന്നും മറ്റൊന്ന് പ്രതീക്ഷിക്കുക വയ്യല്ലോ
അത്തരത്തിലുള്ള ഒരു മുനയാണ് അറുകൊലയമ്മാവന്‍ വന്നില്ല എന്ന കവിത.തറവാടിന് നല്ലതു
വരുത്താനും ആചാരങ്ങളും അനുഷ്ഠനങ്ങളും അണുവിട തെറ്റിക്കാതെ മുന്നോട്ടു കൊണ്ടുപോകാനും
കടംകൊണ്ടും മുന്നിട്ടിറങ്ങുന്നവരെ കണക്കിന് അപഹസിക്കുന്ന കവിത നോക്കുക
“ഒരു കുടം കള്ളും പൂവന്‍ കോഴിയും…”
അറുകൊലയമ്മാവന്‍
ഗര്‍ജ്ജിച്ചു
തുറുകണ്ണു
നിന്നു കറങ്ങുന്ന കണ്ടപ്പോള്‍
തറവാട്ടു
മൂപ്പില പേടിച്ചു . ഈ അറുകൊലയമ്മാവന്‍ പണ്ടെങ്ങോ തൂങ്ങിച്ചത്ത ഒരു പരദ്രോഹിയാണ്.
ഏതോ പെണ്ണിന്റെ മടിക്കുത്തില്‍ കൈവച്ചതിന്റെ വൈര്യാഗ്യമായി അവളുടെ ആങ്ങളമാര്‍ തല്ലിക്കൊന്ന്
കെട്ടിത്തൂക്കിയതാണ് കിട്ടൂശാര്‍ എന്നറിയിപ്പെട്ടിരുന്ന ഈ അമ്മാവനെ. എന്നാല്‍
നാട്ടിലെ പ്രമാണിയായാതിനാല്‍ പാണന്മാര്‍ പാടിനടക്കുന്നത് ദേവിയുടെ ഭുതങ്ങള്‍
തല്ലിക്കൊന്നതാണെന്നോ മറ്റുമാണ്. എന്തായാലും മരണശേഷം ആളൊരു ഉഗ്ര അറുകൊലയായി നാടു
വിറപ്പിക്കുന്നുണ്ടത്രേ ! ആ അറുകൊലയാണ് ഇന്ന്
തറവാട്ടില്‍ തുള്ളിയുറഞ്ഞു നില്ക്കുന്നതെന്ന് വന്നാല്‍ ആരാണ് ഞെട്ടാതിരിക്കുക.
അങ്ങനെ അറുകൊലയമ്മാവന്റെ നിര്‍ദ്ദേശമനുസരിച്ച് കടംമേടിച്ചും സ്വത്തൊക്കെ പണയം
വെച്ചും മൂപ്പിലങ്ങുന്ന് കളമെഴുത്തും പാട്ടുമൊക്കെ ഗംഭീരമായി നടത്തിപ്പോന്നു.
പണ്ടത്തെപ്പോലെന്നെപ്പൂജിക്കാത്തതെ
ന്തുണ്ണികളെന്നെ
മറക്കാമോ
തെക്കേമാവിന്റെ
താഴത്തൊരമ്പലം
വയ്ക്കാന്‍ നിങ്ങള്‍ക്കു
മടിയാണോ?
അറുകൊലയാണു ഞാന്‍ , കിട്ടുമ്മാവനെ
അറിയുകില്ലിന്നത്തെക്കുഞ്ഞുങ്ങള്‍
- എന്ന അമ്മാവന്റെ ആഗ്രഹമനുസരിച്ച് തെക്കേമാവിന്റെ താഴെത്തന്നെ ഒരു അമ്പലവും പണി
കഴിപ്പിച്ചു. അങ്ങനെ അമ്മാവനെ തറവാട്ടിലെ സമ്പത്തും ശേഷിയും വര്‍ദ്ധിപ്പിക്കുന്നതിനു
വേണ്ടി കുശാലായിത്തന്നെ പ്രതിഷ്ഠിച്ചു പോന്നെങ്കിലും
കാര്യങ്ങള്‍ അപകടത്തിലേക്കായി.തറവാടു മുടിഞ്ഞു.മുടിയുന്തോറും പിന്നേയും കടം
വാങ്ങി. അങ്ങനെ അവസാനം കടം കൊണ്ട തുകയ്ക്കുവേണ്ടി കുടിയാന്‍ ലോനപ്പന്‍ ജപ്തി
നടത്താനെത്തി.
സര്‍പ്പം പാട്ടു നടത്താനായി
സ്വല്പം രൂപ ഞാന്‍ മേടിച്ചു,
അതിനിച്ചിതമുള്ള തറവാടു മോഹിക്കാന്‍
മുതിരണോ മുതിരണോ ലോനപ്പാ – എന്നു ചോദിച്ച മൂപ്പിലാനോട്
സര്‍പ്പംപാട്ടിനു തറവാടു
പോയാലും
സര്‍പ്പത്താന്മാരു തന്നോളും
എന്നാണ് പൊട്ടിച്ചിരിച്ചുകൊണ്ട് ലോനപ്പനും ആമീനും പറയുന്നത്. അവസാനം ജപ്തി
നടന്നപ്പോഴും തറവാട് അന്യന്റെ കൈകളിലേക്ക് ചെന്നു ചേര്‍ന്നപ്പോഴും മൂപ്പിലാന്‍
തെരുവില്‍ തെണ്ടാനിറങ്ങിയപ്പോഴും ഒരു അറുകൊലയമ്മാവനേയും കണ്ടില്ലെന്ന് കവിത
അവസാനിക്കുന്നു. ഒരു കാലഘട്ടത്തിന്റെ ചരിത്രം മുഴുവനായിത്തന്നെ ആവാഹിച്ചിരിക്കുന്ന
പ്രസ്തുത കവിത വര്‍ത്തമാനകാലത്തിന്റെ കൂടി നേര്‍ച്ചിത്രമാകുന്നു.
“എനിക്കു മരണമില്ല” നോക്കുക. അത് എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്.കാരണം
മനുഷ്യകുലത്തെ മുന്നോട്ട് ആനയിക്കാന്‍ പര്യാപ്തമായ ശാസ്ത്രത്തിന്റെ മഹത്തരമായ
ശേഷിയില്‍ ഇത്രയധികം ആഹ്ലാദംകൊണ്ട് മറ്റൊരു രചന മലയാളത്തിലുണ്ടോ ? അത് അവതരിപ്പിച്ച രീതിയോ ? കവിത്വശേഷിയുടെ
പരമാവധിയില്‍ നിന്നുകൊണ്ടു നൈമിഷികമായ ജീവകണികയെ യുഗാന്തരങ്ങള്‍ കടന്നുപോന്ന
അതീതശക്തിയായി പരിവര്‍ത്തിപ്പിച്ചെടുത്ത മായികത ! എനിക്കു മരണമില്ല എന്ന പ്രയോഗത്തിലെ കാല്പനികതയാണ് ആ
കവിതയിലേക്ക് ആരേയും – എന്നേയും – ആകര്‍ഷിക്കുന്നതെങ്കിലും കേവലം കാല്പനികമായ
ഒരാശ്ചര്യത്തിനപ്പുറത്തേക്ക് അതു നമ്മെ നയിക്കുന്നു.കവിത പുലര്‍ത്തുന്ന വ്യത്യസ്തമായ
ഒരു കാഴ്ചപ്പാട് എന്താണെന്ന് വെച്ചാല്‍ കേവലശാസ്ത്രവാദിയായി മാത്രം അദ്ദേഹം
ഒതുങ്ങിപ്പോകുന്നില്ലെന്നതാണ്. അത് മാനുഷ്യകങ്ങളേയും അതിന്റെ ജൈവിക ചോദനകളേയും
തൊട്ടറിയുന്നു. പൂവിനെ വിഭജിച്ച് സസ്യശാസ്ത്രജ്ഞന്മാര്‍ പുതിയ പാഠങ്ങള്‍
പഠിച്ചെടുക്കുന്നതുപോലെത്തന്നെ പ്രധാന്യമുള്ളതാണ് അതിന്റെ സൌന്ദര്യാതിരേകത്തില്‍ മതിമറന്ന്
കവിത ആരചിക്കുന്നതെന്നും കവിയ്ക്ക് ധാരണയുണ്ട്. അതുകൊണ്ടാണ് ഒരു ഈ കവിത കേവലമൊരു
മുദ്രാവാക്യമെന്ന നിലയിലേക്ക് നിപതിക്കാതെ തിളങ്ങി നില്ക്കുന്നത്.
ചക്രവാളത്തിൻ മതിൽക്കെട്ടിന്മേൽ കൈയ്യുംകുത്തി
നില്ക്കും ഞാൻ പ്രപഞ്ചത്തിൻ ഭ്രമണം നിയന്ത്രിക്കാൻ!
ഗോളങ്ങളെടുത്തു ഞാൻ പന്തടിക്കുമ്പോൾ, വിദ്യു-
ന്നാളങ്ങൾ കെടുത്തിയും കത്തിച്ചും രസിക്കുമ്പോൾ
നീരവനീലാകാശമേഖലകളിൽ, നാളെ
താരകേ, നിന്നെക്കൊണ്ടു നർത്തനം ചെയ്യിക്കും ഞാൻ!
കുതിരപ്പുറത്തു ഞാൻ പാഞ്ഞു പോവുമ്പോൾ, കൈയ്യിൽ
കുതറിത്തുള്ളിക്കൊണ്ടെൻ ചാട്ടവാറിളകുമ്പോൾ,
ഞടുങ്ങിപ്പോകുന്നില്ലേ നിമിഷങ്ങളിൽ കുള -
മ്പടികൾ പതിയുമ്പോളീയണ്ഡകടാഹങ്ങൾ?
കാലമാണവിശ്രമം പായുമെന്നശ്വം. -സ്നേഹ-
ജ്വാലയാണെന്നിൽക്കാണും ചൈതന്യം സനാതനം!
നില്ക്കും ഞാൻ പ്രപഞ്ചത്തിൻ ഭ്രമണം നിയന്ത്രിക്കാൻ!
ഗോളങ്ങളെടുത്തു ഞാൻ പന്തടിക്കുമ്പോൾ, വിദ്യു-
ന്നാളങ്ങൾ കെടുത്തിയും കത്തിച്ചും രസിക്കുമ്പോൾ
നീരവനീലാകാശമേഖലകളിൽ, നാളെ
താരകേ, നിന്നെക്കൊണ്ടു നർത്തനം ചെയ്യിക്കും ഞാൻ!
കുതിരപ്പുറത്തു ഞാൻ പാഞ്ഞു പോവുമ്പോൾ, കൈയ്യിൽ
കുതറിത്തുള്ളിക്കൊണ്ടെൻ ചാട്ടവാറിളകുമ്പോൾ,
ഞടുങ്ങിപ്പോകുന്നില്ലേ നിമിഷങ്ങളിൽ കുള -
മ്പടികൾ പതിയുമ്പോളീയണ്ഡകടാഹങ്ങൾ?
കാലമാണവിശ്രമം പായുമെന്നശ്വം. -സ്നേഹ-
ജ്വാലയാണെന്നിൽക്കാണും ചൈതന്യം സനാതനം!
അതുകൊണ്ട് എന്നു
ഏറ്റു പാടിപ്പോകാത്തവര്‍ ഇനിയും ഇവിടെയുണ്ടാകുമോ ?
വയലാര്‍
പലപ്പോഴും ദൈവത്തെ തന്റെ എതിരാളിയായി സങ്കല്പിച്ചുകൊണ്ട് രചന നിര്‍വ്വഹിച്ചിരുന്നു.
അത്തരം സന്ദര്‍ഭങ്ങളില്‍ അദ്ദേഹത്തിന്റെ പദപ്രയോഗ ശേഷിയില്‍ ഒരസാമാന്യമായ
ശക്തിവിശേഷം ജ്വലിച്ചു കയറുന്നത് നമുക്ക് കാണാനാകും. മനുഷ്യനാണ്
അജയ്യനായിരിക്കുന്നതെന്നും അവന്റെ ഭാവനാശേഷിയില്‍ വിരിഞ്ഞ ഒരു സങ്കല്പം മാത്രമാണ്
ദൈവമെന്നും വയലാര്‍ ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നതാണ്.ദൈവം വീട്ടില്‍
വന്നിരുന്നു എന്ന കവിത ഇത്തരമൊരു പ്രഖ്യാപനത്തിന്റെ പ്രത്യക്ഷ ഉദാഹരണമാണ്. ആരാണു
കുഞ്ഞേ , കിഴവനല്ലേ ? ആരാകിലെന്തമ്മേ
ദൈവമല്ലേ എന്ന് അവസാക്കുന്ന പ്രസ്തുത കവിത അടക്കിപ്പിടിച്ച ചിരി അസാധാരണമാണ്. ദൈവം
യുഗങ്ങളിലൂടെ എന്ന കവിതയും ദൈവത്തെ പ്രതിയോഗിയായി പ്രതിഷ്ഠിക്കുന്ന കവിതകളുടെ ഗണത്തില്‍
ഏറ്റവും പക്വത പുലര്‍ത്തുന്ന ഒന്നായിരിക്കുമെന്ന് കരുതുന്നു.
ആയിരമായിരമാണ്ടുകള്‍ക്കപ്പുറ
ത്താരോ വിരചിച്ച മുഗ്ദസങ്കല്പമേ
നിന്നെ നിര്‍മ്മിച്ച പുരുഷാന്തരങ്ങളില്‍
നിന്നു വളരുമാ ശക്തികേന്ദ്രങ്ങളില്‍
നിന്നെഗ്ഗവേഷണ വസ്തുവായിക്കാണുന്നു
മുന്നില്‍ , ചരിത്രവും യുക്തിയും ശാസ്ത്രവും
ഈ യുഗം സൃഷ്ടിച്ചു മാനവന്‍ നേടിയ
മായിക ശക്തി നിനക്കു നല്കില്ല ഞാന്‍ - എന്ന
ശാസ്ത്രയുഗത്തിന്റെ പെരുമ്പറകൊട്ടല്‍ കൂടിയാണ്.
ഇനിയും എത്ര കവിതകള്‍ . ഒരു പക്ഷേ പുറങ്ങളോളം എഴുതിയാലും
അവസാനിച്ചുവെന്ന് വരില്ല.വിലങ്ങുകള്‍ , രക്തവും പൂക്കളും , കല്യാണ സൌഗന്ധികം,
ശക്തിയുടെ സൈറന്‍, താടക എന്ന രാജകുമാരി , പ്രൊക്രൂസ്റ്റസ് , കത്രീന , സര്‍ഗ്ഗസംഗീതം,
ഓടക്കുഴല്‍ ഗര്‍ജ്ജിക്കുന്നു, ആത്മാവില്‍ ഒരു ചിത , മനുഷ്യനിലേക്ക് , ഒരു ജൂഡാസ്
ജനിക്കുന്നു, ആയിഷ.. അങ്ങനെ എത്രയോ കവിതകള്‍ ? അവയെല്ലാംതന്നെ ഞാന്‍ മുന്നില്‍ ഞാന്‍
മുന്നില്‍ എന്ന നിലക്കു തിരക്കു കൂട്ടുന്നു.
വയലാറില്‍ അമൃതത്വത്തെക്കുറിച്ചുള്ള ചിന്തകളുടെ ഒരു
വേലിയേറ്റം തന്നെയുണ്ടെന്ന് പറഞ്ഞല്ലോ.അതുപക്ഷേ വയലാര്‍ തനിക്കുമാത്രമായി എന്ന
നിലയ്ക്ക് പരുവപ്പെടുത്തിയെടുത്ത ഒരാശയമല്ല. മാനവസത്തയെയാകെത്തന്നെ പരിഗണിച്ചു
കൊണ്ടാണ് അമൃതജീവിതമെന്ന സങ്കല്പം വയലാറില്‍ പച്ച
പിടിച്ചു നില്ക്കുന്നത്. അതിന്റെ അടിത്തറയായി നിലകൊള്ളുന്നതാകട്ടെ ,
സ്നേഹിക്കയില്ല ഞാന്‍ നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തേയും എന്ന
ദര്‍ശനം തന്നെയാണ്.
പ്രിയപ്പെട്ട വയലാര്‍ കവിതകളിലൂടെയുള്ള
ഈ ഓട്ടപ്രദക്ഷിണം മനുഷ്യനെത്തൊട്ടു നില്ക്കുന്ന ഒരാളിലേക്കുള്ള അന്വേഷണം
കൂടിയാകുന്നത് അങ്ങനെയാണ്.
© മനോജ് പട്ടേട്ട് ||09 May 2020, 10:00 AM ||
Comments