#ദിനസരികള് 1117



            1928 ല്‍ നടന്ന കൂടിക്കാഴ്ചയിലാണ് ,ജാതി പ്രകൃതി നിശ്ചയമായിട്ടല്ലേ ഉണ്ടാകുന്നത് എന്ന ചോദ്യം ഗാന്ധി ശ്രീനാരായണനോട് ചോദിക്കുന്നത്. ഒരു വൃക്ഷത്തിലെ ഇലകള്‍ വ്യത്യസ്തമായ ആകൃതിയിലല്ലേ ഉണ്ടാകുന്നത് ? അവ ഒന്നൊന്നിനോട് തികച്ചും ഭിന്നമായിരിക്കുന്നതുപോലെ തന്നെ മനുഷ്യരും ഭിന്നരല്ലേ ? അതുകൊണ്ടു ജാതി പ്രകൃത്യാതന്നെ സാധുവായ ഒരാശയമാണ് എന്നാണ് ഗാന്ധി വാദിച്ചത്.
          എന്നാല്‍ ആ നിലപാടിനെ നാരായണഗുരു നേരിട്ടത് സഹജമായ യുക്തിബോധത്തോടെയാണ്. ആ വൃക്ഷത്തിലെ ഇലകള്‍ പരസ്പരം ആകൃതിവ്യത്യാസം കാണുന്നുവെങ്കിലും അവയുടെ എല്ലാത്തിന്റേയും രുചി ഒരേപോലെയാണ് അതായത് സത്തയില്‍ ഒന്നാണല്ലോ. അതുപോലെ മനുഷ്യരും രൂപത്തില്‍ പലതായി കാണുന്നുവെങ്കിലും സത്തയില്‍ ഒരു വ്യത്യാസവുമില്ല എന്നായിരുന്നു നാരായണ ഗുരു അടിവരയിട്ടു പറഞ്ഞ്. യുക്തിഭദ്രമായ ആ  നിലപാടിനെ ഗാന്ധി രണ്ടും കൈകളും കൂപ്പി സ്വീകരിക്കുകയാണ് ഉണ്ടായതെങ്കിലും ജാതീയതയെ തള്ളിപ്പറയുവാന്‍ അദ്ദേഹം ഒരിക്കലും തയ്യാറായിട്ടില്ലെന്നതാണ് വസ്തുത. ജാതി സത്തയില്‍ ഒന്നായ മനുഷ്യനെ പരസ്പരം വിഘടിപ്പിക്കുവാനും ചൂഷണം ചെയ്യാനുമുള്ള ഒന്നാണെന്നും അതുകൊണ്ട് ജാത്യാചാരങ്ങള്‍ അവസാനിപ്പിക്കണമെന്നുമുള്ള ചിന്ത ഗാന്ധിയില്‍ ഒരു കാലത്തുമുണ്ടായിട്ടില്ലെന്നു മാത്രവുമല്ല താനൊരു വര്‍ണാശ്രമധര്‍മ്മിയായ ഹിന്ദുവാണെന്നതില്‍ അദ്ദേഹം നിരന്തരം അഭിമാനിക്കുകയും ചെയ്യുന്നുണ്ട്.
          ശ്രീനാരായണനാകട്ടെ തന്റെ ജീവിതത്തിന്റെ ആദ്യവസാനം ജാതീയതയെ -മനുഷ്യനെ മനുഷ്യനില്‍ നിന്നും അകറ്റി നിറുത്തുന്ന ക്രൂരമായ വര്‍ണവ്യവസ്ഥയെ - സയുക്തികം എതിര്‍ത്തുപോന്നു. വാക്കുകൊണ്ടു പ്രവര്‍ത്തികൊണ്ടും ഒരുപോലെ ജാത്യാചാരങ്ങളിലെ മനുഷ്യവിരുദ്ധതയെ നിരന്തരം അദ്ദേഹം ചൂണ്ടിക്കാണിച്ചുകൊണ്ടേയിരുന്നു. എന്നാല്‍ ഗാന്ധിയെപ്പോലെ ഗുരു പറയുന്നത് നാം ആദരവോടെ കേട്ടുനിന്നുവെങ്കിലും അംഗീകരിക്കുവാനോ നടപ്പിലാക്കുവാനോ ഒരു കാലത്തും തയ്യാറായില്ലെന്നു മാത്രവുമല്ല ഗുരു ജീവിച്ചിരുന്ന കാലത്തുതന്നെ അദ്ദേഹത്തേയും ചോവന്‍ നാണുഎന്നു വിശേഷിപ്പിക്കുവാന്‍ മടിച്ചിരുന്നുമില്ല.
          സവര്‍ണജാതിവ്യവസ്ഥയെ വെല്ലുവിളിച്ചുകൊണ്ട് ശ്രീനാരായണന്‍ സ്ഥാപിച്ച ക്ഷേത്രങ്ങളില്‍ എല്ലാത്തരം മനുഷ്യര്‍ക്കും ഒരു പോലെ പ്രവേശനമുണ്ട് എന്നിരിക്കേ ചിലയിടങ്ങളില്‍ അധകൃതര്‍ക്കു ക്ഷേത്രസന്ദര്‍ശനം നിഷേധിച്ചിരുന്നുവെന്ന് വന്നാലോ ? അതില്പരമൊരു തമാശയുണ്ടോ ? എന്നാല്‍ അത്തരത്തിലൊരു രീതി ഗുരു ജീവിച്ചിരിക്കേത്തന്നെ തലശ്ശേരി ജഗന്നാഥക്ഷേത്രത്തിലുണ്ടായി.വാര്‍ത്ത കേട്ട ഗുരു വീണ്ടും തലശേരിയിലേക്കെത്തുകയും അവിടെയുള്ള ഈഴവപ്രമാണിമാരോട് താഴെത്തട്ടിലുള്ള ജനതതിയുടെ ക്ഷേത്രപ്രവേശനത്തിനു വേണ്ടി വാദിക്കുകയും ചെയ്തതിനു ശേഷമാണ് അനുമതിയുണ്ടായതത്രേ !      ജാതി ഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും സോദരത്വേന , സമഭാവനയോടെ , പുലരേണ്ടയിടങ്ങളാണ് താന്‍ സ്ഥാപിക്കുന്ന ക്ഷേത്രങ്ങളെന്ന് പ്രഖ്യാപിച്ച ഒരു മഹാമനുഷ്യന്റെ പിന്‍ഗാമികളാണ് അതേ ജാതീയതയെ തോളിലേറ്റെടുത്ത് എഴുന്നള്ളിച്ചുകൊണ്ടുനടക്കുന്നത്.
          കേരള ജനത എന്നും ജീവിച്ചുപോന്നത് ഇത്തരത്തിലൊരു ഇരട്ടത്താപ്പിലായിരുന്നു. ഈ കുറിപ്പിന്റെ ആദ്യം ഗാന്ധി ചെയ്തതതുപോലെ നാം ആശയങ്ങളെ കൈകൂപ്പി സ്വീകരിക്കുമെങ്കിലും അതിനെ കേവലം ആശയമായിത്തന്നെ നിലനിറുത്തും , അനുവര്‍ത്തിക്കേണ്ടതാണെന്ന് ചിന്തിക്കുകയേയില്ല. പറയാനുള്ളതാണ് , പ്രവര്‍ത്തിക്കാനുള്ളതല്ല എന്ന ആശയത്തോടാണ് നാം കൂടുതലായും ഐക്യപ്പെട്ടു നില്ക്കുക.അതുകൊണ്ടാണ് ഇപ്പോഴും നമ്മുടെ സമൂഹത്തില്‍ ജാതീയത ഒന്നല്ലെങ്കില്‍ മറ്റൊന്നിനെതൊട്ട് നിലനിന്നു പോകുന്നത്.
ആരു നീയെന്നു കേൾക്കേണ്ട
നേരു മെയ്തന്നെ ചൊല്കയാൽ
ഇനമാർന്നുടൽതാൻ തന്റെ-
യിനമേതെന്നു ചൊൽകയാൽ
ഇനമേതെന്നു കേൾക്കില്ല
നിനവും കണ്ണുമുള്ളവർ - എന്ന് ഗുരുവിനെപ്പോലെയുള്ള സത്യദര്‍ശികള്‍ പലതവണയായി പറഞ്ഞു പഠിപ്പിച്ചു തന്നാലും ആര്‍ കേള്‍ക്കുവാന്‍ ? ആര്‍ അനുസരിക്കുവാന്‍ ?  


© മനോജ് പട്ടേട്ട് ||08 May 2020, 07:00 AM ||




Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം