#ദിനസരികള് 1115 യൂദാസിന്റെ സുവിശേഷം – 3
തോമസിന്റെ സുവിശേഷം കണ്ടെടുക്കപ്പെട്ടപ്പോഴും സഭാപിതാക്കന്മാര്‍ ഇതേ
നിലപാടുതന്നെയാണ് സ്വീകരിച്ചത്.കോപ്റ്റിക് വിശ്വാസങ്ങളുമായി ബന്ധപ്പെട്ടതാണ് ഈ
പുസ്തകമെന്നും അവ യഥാര്‍ത്ഥവിശ്വാസികളെ വഴിതെറ്റിക്കുമെന്നും അവര്‍
ശഠിച്ചു.സിനോപ്റ്റിക് സുവിശേഷങ്ങളില്‍ നിന്നും വ്യത്യസ്തമായി അത്ഭുതപ്രവര്‍ത്തികള്‍ക്ക്
അത്രമേല്‍ പ്രാധാന്യം കൊടുക്കാതെ രേഖപ്പെടുത്തപ്പെട്ടിരിക്കുന്ന തോമസിന്റെ
സുവിശേഷം പക്ഷേ അതിമനോഹരങ്ങളായ വചനങ്ങള്‍ പേറുന്നവയാണ്.യാഥാര്‍ത്ഥ്യം കണ്ടറിഞ്ഞേ
വിശ്വസിക്കൂ എന്ന് വാശിപിടിച്ചയാളാണ് തോമസ്. ഉയിര്‍പ്പിനു ശേഷം കര്‍ത്താവ്
വെളിപ്പെട്ടു എന്നു കേട്ടപ്പോള്‍ ആണിപ്പഴുതില്‍ വിരലിട്ടുനോക്കാതെ വിശ്വസിക്കയില്ല
എന്നു പ്രസ്താവിച്ച തോമസ് എഴുതിയ സുവിശേഷം യേശു തന്നോട് നേരിട്ടു പറഞ്ഞ
വാചകങ്ങളാല്‍ സമൃദ്ധമാണ്.
അതേ മനോഹാരിത
യൂദാസിന്റെ സുവിശേഷത്തിനില്ലെങ്കിലും
ആധികാരികമാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല.എന്നാല്‍ സഭ ഈ സുവിശേഷത്തെ
അംഗീകരിക്കാതിരിക്കാന്‍ പറയുന്ന പല കാരണങ്ങളിലൊന്ന് ആധികാരികമല്ലയെന്നാണ്.
എന്തായാലും യേശു തന്നോട് നേരിട്ടു വെളിപ്പെടുത്തിയ രഹസ്യങ്ങള്‍ എന്ന
ആമുഖത്തോടെയാണ് യൂദാസ് സുവിശേഷ രചന ആരംഭിച്ചിട്ടുള്ളത്. “പെസഹായ്ക്ക് മൂന്നു ദിവസം മുമ്പുള്ള ഒരാഴ്ച യേശു
തന്റെ ശിഷ്യനായ യൂദാസ് സ്കറിയാതയോട് വെളിപ്പെടുത്തിയ രഹസ്യങ്ങള്‍ “ എന്ന്
ഗ്രന്ഥത്തിന്റെ ആരംഭത്തില്‍ത്തന്നെ രേഖപ്പെടുത്തിയിരിക്കുന്നു. കാലപ്പഴക്കത്തില്‍
ധാരാളം വരികളും താളുകള്‍തന്നെയും നശിച്ചു പോയിരിക്കുന്നതുകൊണ്ട് പല വചനങ്ങളും പൂര്‍ണമായും
വായിച്ചെടുക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍പ്പോലും ഭാഷാപണ്ഡിതന്മാരുടെ
അശ്രാന്തപരിശ്രമത്തില്‍ ചില കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയിട്ടുണ്ട്.
തോമസിന്റേയും
യൂദാസിന്റേയും സുവിശേഷങ്ങളില്‍ അത്ഭുതപ്രവര്‍ത്തികളെ നമുക്ക് കാണാനാവില്ല. യേശു
നേരിട്ടു പറഞ്ഞ വചനങ്ങളെയാണ് അവര്‍ ആധാരമാക്കിയിരിക്കുന്നത്.അതിനുപ്പുറത്തുള്ളതെല്ലാം
കാണാതെ വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്മാര്‍ എന്ന തത്വത്തിന്
വിപരീതമായിട്ടുള്ളതായിരിക്കുമെന്നാണ് അവര്‍ ചിന്തിച്ചിട്ടുണ്ടാകുക. അതുകൊണ്ടാണ്
മത്തായിയോ മാര്‍ക്കോസോ എഴുതിയതുപോലെ തോമസ്സും യൂദായസും അത്ഭുതങ്ങള്‍ ചെയ്യുന്ന
യേശുവിനെ അവതരിപ്പിക്കാതെ സാരഗര്‍ഭമായ ആശയങ്ങള്‍ പേറുന്ന അദ്ദേഹത്തിന്റെ വചനങ്ങളെ
പ്രാപിക്കുന്നത്.
ഈ സുവിശേഷത്തില്‍ മറ്റു ശിഷ്യന്മാരില്‍ നിന്നെല്ലാം
ഒഴിഞ്ഞ് യൂദാസ്സും യേശുവും മാത്രമാകുന്ന സന്ദര്‍ങ്ങളുണ്ട്. അപ്പോഴെല്ലാം യൂദാസിനെ
മറ്റൊരു വലിയ കര്‍ത്തവ്യത്തിനു വേണ്ടി യേശു തയ്യാറാക്കിയെടുക്കുന്നതായി കാണാം. യേശു
യൂദാസ് ചെയ്യേണ്ടിവരുന്ന കഠിനകൃത്യത്തെക്കുറിച്ച് പറയുന്നത് കേള്‍ക്കുക “ യൂദാസ്
ധ്യാനിക്കുന്നത് ഏറ്റവും ശ്രേഷ്ഠമായ കാര്യങ്ങളാണെന്ന് മനസ്സിലാക്കിയ യേശു അവനോട്
പറഞ്ഞു.-‘ നീ മറ്റള്ളവരില്‍ നിന്നും അകന്നു നില്ക്കുക.ഞാന്‍ നിന്നോട് ആ
രാജ്യത്തിന്റെ രഹസ്യങ്ങള്‍ പറഞ്ഞു തരാം.നിനക്ക് അതിനു സാധിക്കും.എന്നാല്‍ വളരെ
വേദനിപ്പിക്കുന്ന ഒരു വലിയ കാര്യം നിനക്കു ചെയ്യേണ്ടതായി വരും.അതിനായി മറ്റൊരാള്‍
നിനക്കു പകരക്കാരനാകും.ദൈവത്തിന്റെ പ്രവര്‍ത്തികളുടെ പൂര്‍ത്തീകരണത്തിന്
പന്ത്രണ്ടുപേര്‍ വീണ്ടും ഉണ്ടാവേണ്ടതുണ്ട്’ യൂദാസ് യേശുവിനോട് ചോദിച്ചു ‘എപ്പോഴാണ് ഈ
കാര്യങ്ങള്‍ അങ്ങ് എനിക്ക് പറഞ്ഞു തരുന്നത്. ? എപ്പോഴാണ് മനുഷ്യ വംശത്തിനു
വേണ്ടിയുള്ള ആ വെളിച്ചം ഉദിക്കുന്നത് ?’ യൂദാസ് ഇതുപറയുമ്പോള്‍ യേശു പോയിക്കഴിഞ്ഞിരുന്നു
“
ഇതു സൂചിപ്പിക്കുന്നത് യേശു വളരെ മുമ്പുതന്നെ
യൂദാസിനെ ഒരുക്കിയെടുക്കാന്‍ ശ്രമിച്ചിരുന്നുവെന്നാണല്ലോ.അവന്‍ ചെയ്യേണ്ട
കഠിനകൃത്യം ഒറ്റുകാരന്റെ ഭാഗം അഭിനയിക്കുകയെന്നല്ലാതെ മറ്റൊന്നുമല്ലെന്ന് യേശുവിന്
അറിയാം. പ്രവചനങ്ങളനുസരിച്ച് ദൈവവഴികളെ സ്ഥാപിച്ചെടുക്കാനുള്ള കരു മാത്രമായിരുന്നു
ഇവിടെ യൂദാസ്. അതുകൊണ്ടാണ് ആരൊക്കെ കല്ലെറിഞ്ഞാലും അതു നിന്നെ
ബാധിക്കുകയേയില്ലെന്ന് യേശു യൂദാസിനോട് ആവര്‍ത്തിക്കുന്നത്. അവസാന ദിവസങ്ങളില്‍
മറ്റു പന്ത്രണ്ടു ശിഷ്യന്മാരെക്കാളും ഉന്നതമായ സ്ഥാനം നിനക്കു ലഭിക്കുമെന്ന്
യൂദാസിനോട് യേശു പറയുന്നുണ്ട്. അതു സത്യത്തില്‍ യൂദാസ് ചെയ്യാന്‍ പോകുന്ന വലിയ
പ്രവര്‍ത്തിക്ക് പ്രേരകമാകുന്ന വിധത്തിലുള്ള പ്രലോഭനമായിരുന്നു. പറയുന്നത്
യേശുവായതുകൊണ്ടുതന്നെ , അദ്ദേഹത്തെ ഏറെ വിശ്വസിക്കുന്ന യൂദാസ് ഒട്ടുംതന്നെ
സംശയിച്ചുമില്ല. അങ്ങനെ തന്റെ ഗുരുവിന്റെതന്നെ നിര്‍ദ്ദേശങ്ങളെ അക്ഷരം പ്രതി
അനുസരിച്ച യൂദാസിനെയാണ് പിന്നീട് ആ വലിയ വഴികളുടെ അര്‍ത്ഥാന്തരങ്ങളെ
തിരിച്ചറിയാനാകാത്ത അല്പന്മാരായി നാം കല്ലെറിയുന്നത്.
യൂദാസിന്റെ സുവിശേഷം സത്യസന്ധരായ രണ്ടു മനുഷ്യരെ
അവതരിപ്പിക്കുന്നു. ഒന്ന് ദൈവപുത്രനെന്ന് വിശേഷിപ്പിക്കപ്പെട്ട യേശുവാണ്. രണ്ട്
ലോകം കള്ളനെന്ന പട്ടം കല്പിച്ചു ചാര്‍ത്തിക്കൊടുത്ത യൂദാസ്സുമാണ്. ഒരു പക്ഷേ
ബൈബിള്‍ അവതരിപ്പിച്ച മനുഷ്യരില്‍ ഏറ്റവും സത്യസന്ധനായ വിശ്വാസിയാണ് യൂദാസ്
ഇസ്കറിയോത് എന്നു പോലും വിശേഷിപ്പിക്കപ്പെട്ടാല്‍ അത്ഭുതമില്ല.അതുകൊണ്ട്
മനുഷ്യനെ അറിയണമെന്നുണ്ടെങ്കില്‍ യൂദാസിനെ അറിയണം, യൂദാസ് എഴുതിയ സുവിശേഷത്തെ
അറിയണം. എന്നാല്‍ മാത്രമേ യേശു യൂദാസിനോടു പറഞ്ഞ “ എന്നാല്‍ നീ
അവരെയെല്ലാവരേയും കാള്‍ മുകളിലായിരിക്കും” എന്ന വചനം സത്യമായി ഭവിക്കുകയുള്ളു.
© മനോജ് പട്ടേട്ട് ||06 May 2020, 08:00 AM ||
Comments