#ദിനസരികള് 1112 - സവര്‍ക്കറെ വിട്ടയച്ചു കൊണ്ടുള്ള ഉത്തരവ്
ബോംബേ ഗവണ്‍മെന്റ് വിനായക് ദാമോദര്‍ സവര്‍ക്കറെ ജയിലില്‍ നിന്നും വിട്ടയക്കുവാന്‍
തീരുമാനിച്ചിരിക്കുന്നതിനാല്‍ ആഭ്യന്തര വകുപ്പ താഴെ പറയുന്ന തീരുമാനങ്ങള്‍
അറിയിക്കുന്നു.
1.1898 ലെ ക്രിമിനല്‍ നടപടിക്രമങ്ങളുടെ 401 ആം
വകുപ്പനുസരിച്ച് വിനായക് ദാമോദര്‍ സവര്‍ക്കറിന്റെ ശിക്ഷാകാലം ചില ഉപാധികളോടെ
വെട്ടിക്കുറയ്ക്കാന്‍ കൌണ്‍സിലിന്റെ ഗവര്‍ണര്‍ തീരുമാനിച്ചിരിക്കുന്നു.
2. ഉപാധികളോടെയുള്ള ഈ വിട്ടയക്കല്‍ ഉത്തരവ് യെര്‍വാദാ
ജയിലിന്റെ സൂപ്രണ്ടിന് അയച്ചുകൊടുക്കുന്നതും ഉത്തരവില്‍ പറഞ്ഞിരിക്കുന്ന
ഉപാധികളെല്ലാം തന്നെ സമ്മതിച്ചുവെന്ന് കുറ്റവാളിയില്‍ നിന്നും സൂപ്രണ്ട്
എഴുതി വാങ്ങേണ്ടതും ഉത്തരവനുസരിച്ച് കുറ്റവാളിയെ വിട്ടയച്ചതിന്റെ റിപ്പോര്‍ട്ട്
ജയില്‍ ഇന്‍സ്പെക്ടര്‍ ജനറല്‍ വഴി സര്‍ക്കാറിലേക്ക് സമര്‍പ്പിക്കേണ്ടതുമാണ്.
ഉപാധികള്‍ താഴെ
പറയുന്നു
(1)
ബോംബേ കൌണ്‍സില്‍ ഗവര്‍ണറുടെ അധികാരപരിധിക്കുള്ളില്‍ മാത്രമേ
കുറ്റവാളിയായ വിനായക് ദാമോധര്‍ സവര്‍ക്കര്‍ താമസിക്കുവാന്‍ പാടുള്ളു. അത് പ്രസ്തുത
അധികാരപരിധിക്കുള്ളില്‍ വരുന്ന രത്നഗിരി ജില്ലയിലായിരിക്കണം. എന്നുമാത്രവുമല്ല സര്‍ക്കാറിന്റെ
അനുമതി കൂടാതെ പുറത്തുപോകാന്‍ പാടില്ലാത്തതാണ്. എന്തെങ്കിലും ഒഴിച്ചു
കൂടാനാകാത്ത അടിയന്തിര സാഹചര്യങ്ങള്‍ ഉണ്ടാകുകയാണെങ്കില്‍ ജില്ലാ
മജിസ്ട്രേറ്റിന്റെ അനുമതി വാങ്ങിയിരിക്കേണ്ടതാണ്.
(2)
മേല്‍വ്യക്തി വരുന്ന അഞ്ചു
കൊല്ലക്കാലത്തേക്ക് സര്‍ക്കാറിന്റെ അറിവോ സമ്മതമോ കൂടാതെ രഹസ്യമായോ പരസ്യമായോ ഒരു
തരത്തിലുള്ള രാഷ്ട്രീയ നീക്കങ്ങളിലും ഇടപെടാന്‍ പാടില്ലാത്തതാകുന്നു. അഞ്ചു കൊല്ലം
എന്ന കാലാവധിയില്‍ മാറ്റം വരുത്താനുള്ള അധികാരം സര്‍ക്കാറില്‍ നിക്ഷിപ്തമാണ്.
സവര്‍ക്കര്‍
ഇതെല്ലാം ഒരെതിര്‍പ്പും കൂടാതെ തന്നെ സ്വീകരിച്ചതാണ്.അലംഘനീയമായ ഈ ഉപാധികള്‍ക്കു
പുറമേ താഴെ പറയുന്ന തരത്തിലുള്ള ഒരു പ്രസ്താവന എഴുതിത്തന്നിട്ടുമുണ്ട് : എനിക്ക്
ന്യായമായ വിചാരണയും നീതിയുക്തമായ ശിക്ഷയുമാണ് ലഭിച്ചിട്ടുള്ളതെന്ന കാര്യം
വ്യക്തമാക്കുന്നു.പോയകാലത്ത് ഞാന്‍ ചെയ്ത നീചപ്രവര്‍ത്തികളെയോര്‍ത്ത്
വ്യസനിക്കുന്നു.വരുംകാലങ്ങളില്‍ എന്റെ കഴിവിനും ശക്തിക്കുമനുസിച്ച് നിയമത്തിനു
വിധേയനായി ഞാന്‍ ജീവിക്കുമെന്നും ഭരണഘടനാപരിഷ്കാരങ്ങളുടെ വിജയത്തിനു വേണ്ടി പ്രവര്‍ത്തിക്കുവാന്‍
എന്നെ അനുവദിക്കുന്നിടത്തോളംകാലം യത്നിക്കുമെന്നും ഉറപ്പു നല്കുന്നു”
നേര്‍ പകര്‍പ്പ്
സൂപ്രണ്ടിനു വേണ്ടി.
1924 മുതല്‍1937 വരെ രത്നഗിരിയില്‍ തുടര്‍ന്ന സവര്‍ക്കര്‍
ഗാന്ധിയേയും സ്വരാജിനേയും നിരന്തരം ആക്ഷേപിക്കുകയും തള്ളിപ്പറയുകയും ചെയ്തു. സവര്‍ക്കര്‍
, ബ്രിട്ടീഷ് അധികാരികള്‍ക്കെതിരെയുള്ള നീക്കങ്ങളില്‍ ഒരു ഘട്ടത്തിലും
പങ്കാളിയായില്ലെന്നു മാത്രവുമല്ല , അവസരത്തിലും അനവസരത്തിലും താനവരുടെ വിശ്വസ്തനായ
ഭൃത്യനാണെന്ന് തെളിയിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകുയും ചെയ്തു. തന്നെ
വിട്ടയയ്ക്കുകയാണെങ്കില്‍ ബ്രിട്ടീഷുകാരുടെ വിനീത വിധേയനായി ജീവിതകാലം മുഴുവന്‍ കഴിഞ്ഞുകൊള്ളാം
എന്ന് ചൂണ്ടിക്കാണിച്ചു കൊണ്ട് നിരവധി തവണ
സവര്‍ക്കര്‍ കത്തെഴുതിയിട്ടുണ്ട്. നിരന്തരമായി എഴുതിക്കൂട്ടിയ അത്തരം കത്തുകള്‍
കാരണമാണ് 1924 ല്‍ സവര്‍ക്കറെ മോചിപ്പിക്കുവാന്‍ ബ്രിട്ടീഷ് അധികാരികള്‍
തീരുമാനിച്ചത്. ആ തീരുമാനം അറിയിച്ചു കൊണ്ടുള്ള കത്താണ് നാം മുകളില്‍ കണ്ടത്.
© മനോജ് പട്ടേട്ട് ||03 May 2020, 08:00 AM ||
Comments