#ദിനസരികള് 1109 നിറംകൊണ്ടും ഭാഷകൊണ്ടും കുലംകൊണ്ടും മുറിവേറ്റവന്റെ കവിത.


          എന്‍ എന്‍ കക്കാട് , വഴി വെട്ടുന്നവരോട് എന്ന പേരില്‍ ഒരു കവിത എഴുതിയിട്ടുണ്ട്.പെരുവഴി നിലവിലിരിക്കുമ്പോള്‍ ആ വഴിയേ എളുപ്പത്തിന് പോകാതെ സ്വന്തമായി വഴിവെട്ടാന്‍ ശ്രമിക്കുന്നവരെയാണ് പ്രസ്തുത കവിത അഭിവാദ്യം ചെയ്യുന്നത് :
                        ഇരുവഴിയില്‍ പെരുവഴി നല്ലൂ
                   പെരുവഴി പോ ചങ്ങാതി
                   പെരുവഴി കണ്‍മുന്നിലിരിക്കേ
                   പലതുണ്ടേ ദുരിതങ്ങള്‍
                   വഴിവെട്ടാന്‍ പോകുന്നവനോ
                   പല നോമ്പുകള്‍ നോല്‍‌ക്കേണം
                   പല കാലം തപസ്സു ചെയ്ത്
                   പല പീഢകളേല്‍‌ക്കേണം എന്നാണ് കവിയുടെ മുന്നറിയിപ്പ്. നാം വെട്ടിത്തെളിക്കുന്ന പുതിയ വഴികളില്‍ കാല്‍പ്പാദം പതിഞ്ഞ് പതിഞ്ഞ് പരുവപ്പെട്ടുവരാന്‍ ഏറെ കാലമെടുക്കും. ഏറെ വെല്ലുവിളികളെ നേരിടേണ്ടിവരും. ചിലപ്പോള്‍ എങ്ങുമെത്താതെ ഒടുങ്ങിപ്പോകേണ്ടിവരും. പാറക്കൂട്ടങ്ങളെ തച്ചു തകര്‍‌ക്കേണ്ടിവരും. മലമ്പള്ളങ്ങളെ തുരന്നു പോകേണ്ടിവരും. മലരികളും ചുഴികളും നിറഞ്ഞ നദികളെ മുറിച്ചു കടക്കേണ്ടിവരും. അങ്ങനെ എന്തെല്ലാം പ്രതിബന്ധങ്ങളെ നേരിടേണ്ടി വരില്ല? ക്ഷമയോടെ അക്കാലമെല്ലാം കാത്തിരിക്കേണ്ടി വരും. അതുകൊണ്ട് ദീപാലംകൃതമായ പെരുവഴികളെ അല്ലെങ്കില്‍ രാജവീഥികളെത്തന്നെ ആശ്രയിക്കുക. നിങ്ങള്‍ ഭദ്രമായിരിക്കും.
          എന്നാല്‍ ധിക്കാരികളായ പുതുനാമ്പുകള്‍ ആ ഭദ്രതയെ തീരെ മാനിച്ചില്ല. സ്വന്തം നെറ്റിത്തടത്തിലെ വിയര്‍പ്പുചാലൊഴുക്കി നട്ടു നനച്ചു വളര്‍ത്തിയവ മാത്രമേ ഭക്ഷിക്കൂ എന്ന് അക്കൂട്ടര്‍ വാശി പിടിച്ചു.അതുകൊണ്ട് കണ്ടു കണ്ടു കനച്ചുപോയ കാഴ്ചകളെ പേറുന്ന രാജവീഥികളെ ദൂരങ്ങളിലുപേക്ഷിച്ച് അവര്‍ പുതുവഴി തേടിയിറങ്ങി. പുതിയ സ്വപ്നങ്ങളെ , പുതിയ ജീവിതത്തെ , പുതിയ ഭാഷയെ ആവാഹിച്ചുണര്‍ത്താനുള്ള ആ യാത്ര , പക്ഷേ എന്നും മനുഷ്യനോടൊപ്പമായിരുന്നു. പാരമ്പര്യസിദ്ധമായ വരേണ്യതകളുടെ കാപട്യങ്ങളില്‍ അഭിരമിച്ച് ജീവിച്ചു പോകുന്ന മനുഷ്യനെയല്ല , മറിച്ച് മണ്ണിനോടൊട്ടി നില്ക്കുന്ന , വിയര്‍പ്പു ഗന്ധമുള്ള, മണ്ണിനെ ഊറ്റിയും ഉരുക്കിയും ജീവിച്ചു പോകുന്ന സാധാരണക്കാരനായ മനുഷ്യനെയാണെന്ന് മാത്രം.    അത്തരത്തില്‍ പുതുവഴി വെട്ടാനിറങ്ങിയ പുതുതലമുറക്കാരുടെ തീര്‍ച്ചയും മൂര്‍ച്ചയുമുള്ള പ്രതിനിധിയാണ് യുവകവി ജിത്തു തമ്പുരാന്‍ എന്ന് നിസ്സംശയം പറയാം. അദ്ദേഹത്തിന്റെ ഒരു മാവോയിസ്റ്റ് പ്രണയ ലേഖനം എന്ന കാവ്യസമാഹാരത്തിലെ കരിന്തണ്ടന്‍ എന്ന കവിത നോക്കുക :-
                   നിലാമനസ്സുള്ള പുലിക്കറുമ്പാ
                   ഉറച്ച നേരുള്ള കറുത്ത ചെക്കാ
                   ചരിത്രക്കര്‍ക്കടം നനഞ്ഞും കൊണ്ടെന്റെ
                   മനസ്സിന്‍ മുറ്റത്തു വാ എന്ന വിളിയില്‍ പീലിത്തിരുമുടിയും കോലക്കുഴലുമായി കളിച്ചു തിമര്‍ത്തു നടക്കുന്ന ബാലഗോപാലനെയല്ല കവി ആവാഹിക്കുന്നത്, മറിച്ച് അങ്ങനെ നമ്മുടെ സവര്‍ണ സങ്കല്പങ്ങളില്‍ തിടം കൊണ്ടു  നില്ക്കുന്ന ഒരു ബോധത്തിന്റെ എതിര്‍വശങ്ങളില്‍ നിലകൊള്ളുന്ന പ്രതിബിംബത്തെയാണ്. ആ ബിംബം കള്ളക്കൃഷ്ണനെന്ന കളിമൊഴിയിലല്ല വേരു പിടിച്ചു നില്ക്കുന്നത് മറിച്ച് ഉറച്ച നേരുള്ളവന്‍ എന്ന പെരുത്ത വിശേഷണത്തിലാണ്. ഈ നേരിനോടാണ് ധിക്കാരികളായ പുതുതലമുറ കടപ്പെട്ടിരിക്കുന്നത്. അതല്ലാതെ നമ്മുടെഇരുത്തം വന്ന വഴിയോരങ്ങളില്‍ തിളങ്ങി നില്ക്കുന്ന വര്‍ണപ്രപഞ്ചത്തിനോടല്ല.അതുകൊണ്ടാണ് ജിത്തുവിനെപ്പോലെ പുതുവഴികളെ വെട്ടാനിറങ്ങിയവര്‍ കാണുന്ന കാഴ്ചകള്‍ നിങ്ങളുടെ പതിവുഭംഗികളില്‍ അലോസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ഞാന്‍ നേരത്തെ സൂചിപ്പിച്ചത്.
          കനകച്ചിലങ്ക കിലുങ്ങുന്ന വഴികളില്‍ മാത്രം കവിതയെ തേടിയിറങ്ങുന്നവര്‍ക്ക് ജിത്തുവിന്റെ കവിതയുടെ ഭാഷ മനസ്സിലായെന്നു വരില്ല.പതിവുമൊഴിവഴക്കങ്ങളുടെ ശൃംഗാരങ്ങളിലാണ് ജീവിതം കരുപ്പിടിച്ചു നില്ക്കുന്നതെന്നല്ല ജിത്തുവിന്റെ രാഷ്ട്രീയം സംസാരിക്കുന്നത്. അത് പലപ്പോഴും വായ പൊത്തിപ്പിടിക്കപ്പെട്ടവന്റെ അമര്‍ത്തിയ നിലവിളിപോലെയാണ്. പുറത്തേക്ക് ചിലപ്പോള്‍ ഒരിരമ്പലേ കേട്ടുവെന്നു വരികയുള്ളു. എന്നാല്‍ അകത്താകമാനം അലറിത്തിളയ്ക്കുന്ന നോവിന്റെ പെരുങ്കടല്‍ അലറി വിളിക്കുന്നത് കാതുള്ളവന് കേള്‍ക്കാം.അടിയാക്കുട്ടി എന്ന കവിത അത്തരമൊരു സാക്ഷ്യമാണ്.
                   മുഖത്തെ വെയിലും തുടച്ചു കളഞ്ഞമ്മ
                   കരയുന്ന പാട്ടാണ് സംഗീതം
                   വെള്ളക്കലത്തില്‍ തവിയിട്ടിളക്കുന്നൊ
                   രാസുരത്താളമതിന്‍ വാദ്യം  എന്നെഴുതുമ്പോള്‍ അത്തരത്തിലുള്ള ഒരു പെരുങ്കടലിളക്കത്തെ അനുഭവിപ്പിക്കുവാനാണ് കവി ഉദ്യമിക്കുന്നത്.തിളപ്പിക്കാനൊന്നുമില്ലാത്ത കലത്തില്‍ വെറും വെള്ളമൊഴിച്ച് തവിയിട്ടിളക്കുന്നതിനു പിന്നിലെ മനോനില പക്ഷേ അറിയണമെങ്കില്‍ മനുഷ്യനെന്ന നിലയില്‍ നാം ചിലതെല്ലാം അറിഞ്ഞനുഭവിക്കുക തന്നെ വേണമല്ലോ.
          അതേ സമാഹാരത്തിലെ ചെകുത്താന്‍ പാട്ട് നോക്കുക
വരി സാത്താനേ , ദൈവത്തിന്‍
ദളിതരൂപം ധരിച്ചോനേ
വരിക പേടിക്കിനാവോലും
കാട്ടുമാക്കാനേ
ഇടയടുപ്പില്‍ പതക്കുന്ന
ചതി കുടിച്ചു വളര്‍‌ന്നോനെ
ഇടം ചായും മരക്കമൊമ്പില്‍
പൂത്തു കായ്ച്ചോനേ
തൊലി കറുത്തതുകൊണ്ടു മാത്രം
തിന്മപക്ഷം ലഭിച്ചോനെ
തൊടുവിരല്‍ തുമ്പത്തു നേരിന്‍
ചോരയുള്ളോനെ ഈ വരികള്‍ കേവലം അലക്ഷ്യമായ കുറേ വിശേഷണങ്ങളുടെ കൂട്ടിവെയ്പ്പല്ല, ജിത്തുവിന്റെ രാഷ്ട്രീയമാണ് വെളിപ്പെടുത്തുന്നത്. അതൊരിക്കലും സ്ഥാപനവത്കരിക്കപ്പെട്ട ദൈവത്തിന്റെ വിശാലമായ വഴികളുടെ പ്രതിനിധാനങ്ങളായല്ല അവതരിപ്പിക്കപ്പെടുന്നത്, മറിച്ച് നിറംകൊണ്ടും ഭാഷകൊണ്ടും കുലം കൊണ്ടും മുറിവേറ്റവനെയാണ് അടയാളപ്പെടുത്തുന്നത്.
          അലറിയാര്‍ക്കും സാഗരത്തിന്നധിനിവേശം
          തകര്‍‍ത്തോനേ
          വലയെറിഞ്ഞോനേ നിനക്കെന്‍
          ചുവന്നഭിവാദ്യം ! എന്നാണ് കവിത അവസാനിക്കുന്നത്. വരൂ ഞാന്‍ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കാം എന്നു കല്പിച്ച ഒരു മഹാജീവിതത്തിന്റെ സ്മരണകളെ തൊട്ടുണര്‍ത്തുന്ന ഈ വരികളില്‍ പടര്‍ന്നിരിക്കുന്ന ചുവപ്പ് മനുഷ്യനു വേണ്ടി ഒരു മനുഷ്യന്‍ കുരിശില്‍ ചിതറിയ ചോരയുടെ അതേ ചുവപ്പാണ്. അത്തരത്തിലുള്ള ഒരു ദര്‍ശനത്തോടുള്ള ആഭിമുഖ്യമാണ് ജിത്തുവിന്റെ രാഷ്ട്രീയമെന്നു കൂടി നാം തിരിച്ചറിയുക.
          വായനയുടെ വഴിവിട്ട വഴക്കങ്ങളിലാണ് ജിത്തുവിന്റെ കവിത തെളിഞ്ഞു കിട്ടുക. നിങ്ങളുടെ സാമ്പ്രദായികതയെ അതൊട്ടും തന്നെ തൃപ്തിപ്പെടുത്തുന്നില്ല. നിങ്ങള്‍ നിങ്ങളുടെ രാജവീഥികളില്‍ നിന്നിറങ്ങി മലമടക്കുകളിലൂടെയും കരിമ്പാറക്കൂട്ടങ്ങളിലൂടെയും നടന്ന് കല്ലും മുള്ളും ചവിട്ടി കാലുപൊള്ളിക്കാന്‍ തയ്യാറാണെങ്കില്‍ മാത്രം വരിക, ജിത്തുവിന്റെ കവിതകളെ തൊടുക.
         

- ഒരു മാവോയിസ്റ്റ് പ്രേമലേഖനം എന്ന പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് പായല്‍ ബുക്സാണ്. വില 70 രൂപ.-



© മനോജ് പട്ടേട്ട് ||30 April 2020, 10:00 AM ||



Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം