#ദിനസരികള് 1107 മരക്കവികളോട് ഒരപേക്ഷ




            എനിക്ക് മരങ്ങളെ വലിയ ഇഷ്ടമാണ്. അവയെ വെറുതെയങ്ങനെ നോക്കിയിരിക്കുന്നതു തന്നെയൊരു രസമാണ്. വിവിധ ആകൃതികളില്‍ പടര്‍ന്നു വിടര്‍ന്നു വന്‍ശിഖരങ്ങളുമായി ചിലതെല്ലാം ഭൂമിക്കു സമാന്തരമായി പടര്‍ന്നു കിടക്കുന്നു. ചിലതാകട്ടെ ആകാശവിതാനങ്ങളെ തുളച്ചു ഉയരങ്ങളിലേക്ക് ഏറി നില്ക്കുന്നു. അവയിലെല്ലാമായി എണ്ണിയെടുക്കാനാകാത്തത്ര ഇലകള്‍ പഴുത്തതും പച്ചയുമായി ഇടകലര്‍ന്നു നില്ക്കുന്നു. ചിലതൊക്കെ പൂക്കുകയും കായ്ക്കുകയും ചെയ്യുന്നവയാണ്.ചിലതാകട്ടെ ഇലപൊഴിക്കുന്നവ.ഇനിയും ചിലത് രുചിയും മണവുമുള്ള കനികള്‍ പേറുന്നവ. കണ്ണിന് ഇമ്പമേകുന്ന നിറങ്ങളില്‍ പഴുത്തു പാകമാകുന്നവ. അങ്ങനെ ഏതെല്ലാം വിധത്തിലുള്ള വൈജാത്യങ്ങള്‍ പേറുന്ന മരങ്ങളാണ് നമുക്കു ചുറ്റും ? കൂടാതെ അവയിലാകെയും ആടിപ്പാടിക്കഴിഞ്ഞു കൂടുന്ന ഖഗമൃഗാദികള്‍ ! ശബ്ദംകൊണ്ടും രൂപം കൊണ്ടും രസിപ്പിക്കുന്ന മറ്റു ഭംഗികള്‍ ! ഒന്നു കൂടി ശ്രദ്ധിച്ചു നോക്കിയാല്‍ ഒരു മരത്തെത്തന്നെ ആശ്രയിച്ചു കഴിയുന്ന നിരവധിയായ ജീവജാലങ്ങളെ നമുക്ക് കണ്ടെടുക്കാം.
                   കനിഞ്ഞു പൂക്കളും തേനും
                   കനിയും നീട്ടിനില്ക്കും നിന്‍
                   നിറഞ്ഞ തൃക്കരങ്ങള്‍ക്കായിത തൊഴുന്നേന്‍
                   മഴയായി , ക്കുളിരായി, പ്പശിയാറ്റും പഴമായി
                   ത്തുയിരിനു മരുന്നായി                  
                   പ്പണിക്കരുത്തായ്
                   കുഞ്ഞിക്കയ്യില്‍ കളിപ്പാട്ടച്ചിരിയായി
                   വാര്‍ദ്ധകത്തില്‍ ഖിന്നതയ്ക്കു
                   താങ്ങി നില്ക്കാനൂന്നു കമ്പായി എന്ന് നമ്മുടെ ഒരു കവി പാടിയതുകൂടി ഓര്‍മ്മിക്കുക.
            മരങ്ങളെക്കുറിച്ച് നമുക്ക് നല്ല ചില പഠനങ്ങളുണ്ട്. കേരളത്തിലെ വൃക്ഷങ്ങള്‍ , മരങ്ങള്‍ മുതലായവ അങ്ങനെയുള്ളതാണ്. അതില്‍ എം എസ് ജോയ് എഴുതിയ മരങ്ങള്‍ - പ്രകൃതിക്കും മനുഷ്യനും എന്ന പുസ്തകത്തെക്കുറിച്ച് മുന്നേ ഞാനെഴുതിയിട്ടുണ്ട്.”നൂറ്റിയൊന്ന് മരങ്ങളെക്കുറിച്ചാണ് പുസ്തകത്തില്പറയുന്നത്. കൂടാതെ വിത്തുശേഖരണം, വിത്തുപചാരം തുടങ്ങി നടീലും പരിചരണവും വരെയുള്ള കാര്യങ്ങള്മുഖവുരയായി ചേര്ത്തിരിക്കുന്നു.നടുക എന്ന കര്മ്മം മാത്രം ചെയ്തു ശീലിച്ചു പോരുന്ന നമുക്ക് മറ്റു കാര്യങ്ങളൊന്നും വേണ്ടതല്ലെങ്കിലും മരത്തേയും പ്രകൃതിയേയും സ്നേഹിക്കുന്നവര്ക്ക് നടീല്എന്നതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് മറ്റുള്ളവയും. മരങ്ങള്നടുന്നതിനുമുമ്പ് ഏതുതരം മരമാണ് നടുന്നതെന്നും അതുകൊണ്ട് പ്രകൃതിക്കും മനുഷ്യനുമുള്ള ഗുണമെന്താണെന്നും നാം മനസ്സിലാക്കേണ്ടതുണ്ട്.ഈ പുസ്തകം നമ്മുടെ നാട്ടിലെ മരങ്ങളെക്കുറിച്ച് നാം അറിഞ്ഞിരിക്കേണ്ട വിവരങ്ങള്പങ്കുവെക്കുന്നുഎന്നാണ് ആ പുസ്തകത്തെക്കുറിച്ചുള്ള കുറിപ്പിലുള്ളത്.
          എന്നാലും കുറച്ചുകൂടി ആഴത്തിലുള്ള പഠനങ്ങള്‍ നമ്മുടെ മരങ്ങളെക്കുറിച്ച് ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു. മരങ്ങളെക്കുറിച്ച് അറിയേണ്ടതെല്ലാം അതിലുണ്ടായിരിക്കണം. അവയ്ക്ക് ശാസ്ത്രീയമായ കാഴ്ചപ്പാടുകളുണ്ടാകണം. കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലും ആയുര്‍വേദത്തിന്റെ അന്ധമായ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലുമായിരിക്കരുത് അതില്‍ വിവരങ്ങള്‍ ഉള്‍‌പ്പെടുത്തേണ്ടത്. അങ്ങനെ വന്നാല്‍ അരളിയുടെ വടക്കോട്ടു പോകുന്ന വേരിന് തെക്കോട്ടു പോയതിനെക്കാള്‍ വിഷമുണ്ടാകും എന്നൊക്കെ എഴുതിവെയ്ക്കേണ്ടി വരും.വിഷസസ്യങ്ങളെക്കുറിച്ച് എ നളിനാക്ഷന്‍ അത്തരത്തിലൊരു ശ്രമം നടത്തിയിട്ടുണ്ടെങ്കിലും സമഗ്രത അവിടേയും അവകാശപ്പെടാനാവില്ല. ഔഷധ സസ്യങ്ങളെക്കുറിച്ച് നാട്ടുവൈദ്യന്മാര്‍ മുതല്‍ കോട്ടയ്ക്കര്‍ ആര്യവൈദ്യ ശാല വരെ പുസ്തകങ്ങള്‍ അച്ചിടിച്ചിട്ടുണ്ട്. അതിലേറെയും വ്യക്തിപരമായ അനുഭവങ്ങളേയും കേട്ടു കേള്‍വിയേയും മാത്രം ആശ്രയിച്ചാണ് എഴുതിയിട്ടുള്ളത്.
          ആമസോണിന്റെ കരയിലെ വൃക്ഷലതാദികള്‍ അരച്ച് കടലാസാക്കി പ്രകൃതി സ്നേഹത്തെക്കുറിച്ച് കവിതയെഴുതി പ്രചരിപ്പിക്കുന്നവര്‍ കവിതയെഴുത്ത് നിറുത്തിയാല്‍ തന്നെ പ്രകൃതി സ്നേഹമായി എന്ന് പണ്ട് വിജയന്‍ പറഞ്ഞതാണ് ഇപ്പോള്‍ എനിക്കോര്‍മ്മ വരുന്നത്. അത്രയും കടലാസുകള്‍ വെറുതെ കളയുന്നതിനു പകരം ഒരു മരമഹാഗ്രന്ഥം സമഗ്രമായി പ്രസിദ്ധീകരിക്കുകയാണ് വേണ്ടതെന്ന് സൂചിപ്പിച്ചുകൊണ്ട് നിറുത്തുന്നു.

© മനോജ് പട്ടേട്ട് ||28-Apr-20 11:16:30 AM||



Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1