#ദിനസരികള് 1108 യൂദാസിന്റെ സുവിശേഷം - 2



            1970 കളുടെ അവസാന പാദങ്ങളിലാണ് യൂദാസിന്റെ സുവിശേഷം കണ്ടെടുക്കപ്പെടുന്നത്. ഈജിപ്തിലെ നൈല്‍ നദിയുടെ തീരത്തെ ഒരു ഗുഹയില്‍ നിന്നുമാണ് നാലുഗ്രന്ഥങ്ങളുടെ ശേഖരമടങ്ങിയ പെട്ടി  കണ്ടെടുക്കപ്പെടുന്നത്.വേണ്ടത്ര ധാരണയില്ലാതെ കൈകാര്യം ചെയ്തതുകൊണ്ട് അത്രയും പഴക്കം ചെന്ന ഗ്രന്ഥങ്ങളുടെ അവസ്ഥ കൂടുതല്‍ ദയനീയമായി.ഗ്രന്ഥശേഖരത്തില്‍ ആകെ 66 പേജുകളുണ്ടായിരുന്നു.ഒന്നു മുതല്‍ ഒമ്പതുവരെയുള്ള പേജുകളില്‍ ക്രിസ്തുശിഷ്യനായ പത്രോസ് ഫിലിപ്പോസിനെഴുതിയ ലേഖനവും 10 മുതല്‍ 32 വരെയുള്ള പേജുകളില്‍ യാക്കോബിന്റെ സുവിശേഷവും 33 മുതല്‍ 56 വരെയുള്ള പേജുകളില്‍ യൂദാസിന്റെ സുവിശേഷവുമാണ് ഉണ്ടായിരുന്നത്.57 മുതല്‍ 66 വരെയുള്ള പേജുകള്‍ കാലപ്പഴക്കത്താല്‍ ഏറെ ഭാഗവും നഷ്ടമായ നിലയായിരുന്നതിനാല്‍ ഈ പുസ്തകത്തിന്റെ തലക്കെട്ട് എന്താണെന്ന് തിരിച്ചറിയാന്‍ കഴിയാതെ പോയി.ബുക്ക് ഓഫ് അലോജെനസ് എന്നറിയപ്പെടുന്ന കോപ്റ്റിക്ക് രചനയാണിതെന്ന് പിന്നീട് കണ്ടെത്തി.എന്നാണ് കണ്ടെടുക്കപ്പെട്ട ഗ്രന്ഥങ്ങളെക്കുറിച്ച് നമുക്ക് ലഭിക്കുന്ന വിവരങ്ങള്‍. (യൂദാസിന്റെ സുവിശേഷം ആമുഖം )
          കണ്ടെത്തിയ ഗ്രാമീണനില്‍ നിന്നും പുരാവസ്തു ശേഖരിക്കുന്ന കച്ചവടക്കാരന്‍ കുറഞ്ഞ തുകയ്ക്കാണ് പുസ്തകം വാങ്ങിയത്.അയാളുടെ കൈയ്യില്‍ നിന്നും ഒരിക്കല്‍ ഗ്രന്ഥം മോഷ്ടിക്കപ്പെടുകയും ചെയ്തു.അങ്ങനെ അശ്രദ്ധമായി കൈകാര്യം ചെയ്ത പുസ്തകത്തിന്റെ താളുകള്‍ വിദഗ്ദരുടെ കൈകളിലേക്ക് എത്തുമ്പോഴേക്കും കൂടുതലായി നശിച്ചിട്ടുണ്ടായിരുന്നു. പിന്നീട് ഏറെക്കാലത്തിനു ശേഷം നാഷണന്‍ ജ്യോഗ്രഫി ഒരുപാട് വിദഗ്ദരെ വിനിയോഗിച്ച് ഏകദേശം അഞ്ചുവര്‍ഷക്കാലം നടത്തിയ പ്രവര്‍ത്തനത്തിന്റെ ഫലമായിട്ടാണ് പുസ്തകം വായിക്കുവാനും കാര്യങ്ങള്‍ ഗ്രഹിക്കാനുമായത്.
          തോമസിന്റെയും മഗ്ദലന മറിയത്തിന്റെയുമൊക്കെ സുവിശേഷങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും അവയ്ക്കെല്ലാം തന്നെ യൂദാസിന്റെ സുവിശേഷത്തിന്റെ അതേ അവസ്ഥ തന്നെയാണ് നേരിടേണ്ടി വന്നിട്ടുള്ളത്. സഭ അവയിലൊന്നു പോലും അംഗീകരിക്കാന്‍ നാളിതുവരെ തയ്യാറായിട്ടില്ലെന്നു മാത്രവുമല്ല , അവ കൃത്രിമമായി സൃഷ്ടിക്കപ്പെട്ടതാണെന്ന നിലപാടില്‍ തള്ളിക്കളയുകയും ചെയ്തു. മത്തായി മാര്‍ക്കോസ് ലൂക്കാ യോഹന്നാന്‍ എന്നീ നാലുപേരുടെ സുവിശഷങ്ങളെ മാത്രമാണല്ലോ സഭ അംഗീകരിച്ചിട്ടുള്ളത്. പിന്നീട് പല കാലങ്ങളിലായി കണ്ടെടുക്കപ്പെട്ട മറ്റു രേഖകളെയെല്ലാം സഭ ഓരോരോ കാരണങ്ങള്‍ നിരത്തി നിരസിച്ചു. സഭയുടെ കാഴ്ചപ്പാടിനോട് യോജിക്കാത്ത ചിലതെല്ലാം തിരിച്ചു കിട്ടാത്ത വിധത്തില്‍ നശിപ്പിച്ചു. ഒരു പക്ഷേ സഭാ കിങ്കരന്മാരാല്‍ നശിപ്പിക്കപ്പെടാതിരിക്കാനായിട്ടു കൂടിയായിരിക്കണം ഇവ പലയിടങ്ങളിലുമായി ഒളിപ്പിച്ചു വെയ്ക്കപ്പെട്ടത്.
          ക്രിസ്തുമതവുമായി ബന്ധമുണ്ടെന്നും ഇല്ലെന്നും വാദിക്കപ്പെടുന്ന നോസ്റ്റിക് ചിന്തയുമായി ബന്ധപ്പെട്ടതാണ് കണ്ടെടുക്കപ്പെട്ട രേഖകളെന്നാണ് സഭ വാദിക്കുന്നത്. അതുകൊണ്ടുതന്നെ വിശ്വാസ്യത തീരെയില്ലാത്തവയാണ് അതെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.ഏറെ പ്രസിദ്ധമായ ചാവുകടല്‍ ചുരുളുകളടക്കമുള്ളവയെ സഭ ഇത്തരത്തില്‍ അവിശ്വസിക്കുകയും സ്വന്തം വിശ്വാസികള്‍ക്ക് അവയെക്കുറിച്ച് മുന്നറിയിപ്പു നല്കുകയും ചെയ്തു. കണ്ടെടുക്കപ്പെടുന്നതിന് മുമ്പേ തന്നെ യൂദാസിന്റെ സുവിശേഷത്തെക്കുറിച്ച് മറ്റു ചില ഗ്രന്ഥങ്ങളില്‍ പരാമര്‍ശമുണ്ടായിരുന്നു.അതുകൊണ്ടാണ് സഭയുടെ ശ്ലൈഹിക പിതാവ് ഐറേനിയൂസ് യൂദാസിന്റെ സുവിശേഷത്തെ തൊട്ടുകൂടാന്‍ പാടില്ലാത്തത് എന്നാണ് വിശേഷിപ്പിക്കുന്നത് (തുടരും )

© മനോജ് പട്ടേട്ട് || 29 ഏപ്രില്‍ 2020, 8.18 AM||




Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം