#ദിനസരികള് 1106 ഇനിയും പഠിക്കാത്ത ഏമാന്മാര്‍
പോലീസില്‍ എത്ര
പറഞ്ഞാലും മനസ്സിലാകാത്ത ഒരു കൂട്ടരുണ്ട്.സേനയില്‍ വളരെ കുറഞ്ഞൊരു ശതമാനമേ
ഇത്തരക്കാരുള്ളു. എങ്കിലും യാതൊരു വിധത്തിലുള്ള മനുഷ്യത്വവും നിയമാവബോധവും
തൊട്ടുതെറിക്കാത്ത അത്തരക്കാരുടെ പെരുമാറ്റവും രീതികളും സേനക്കാകമാനമാണ്
നാണക്കേടാണുണ്ടാക്കുന്നത്. ഈ ലോക്ക് ഡൌണ്‍ കാലത്ത് സര്‍ക്കാര്‍ പോലീസിന് നല്കിയ
ചില സവിശേഷ നിയന്ത്രണാധികാരങ്ങളെ മുന്‍നിറുത്തി തനി തെമ്മാടിത്തരംകാണിക്കുന്ന
പോലീസുകാരെക്കുറിച്ച് നാം ധാരാളമായി ചര്‍ച്ച ചെയ്തതാണ്. ആ ചര്‍ച്ചകളെ മുന്‍നിറുത്തി
കേരളത്തിന്റെ മുഖ്യമന്ത്രി തന്നെ പോലീസിന് പ്രത്യക്ഷമായും പരോക്ഷമായും ചില
താക്കീതുകള്‍ നല്കിയിട്ടുമുണ്ട്. എന്നാലും അതെല്ലാംതന്നെ കാറ്റില്‍പ്പറത്തിക്കൊണ്ടാണ്
യൂണിഫോമണിഞ്ഞ ഒരു കൂട്ടം തെമ്മാടികള്‍ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും
അഴിഞ്ഞാടുന്നത്.
ഏറ്റവും അവസാനം
, ഇന്നലെ , ദേശാഭിമാനി കണ്ണൂര്‍
ബ്യൂറോയിലെ സീനിയര്‍ എഡിറ്ററായ മനോഹരന്‍ മോറായിയൊണ് ചക്കരക്കല്‍ സി ഐ ക്രൂരമായി
മര്‍ദ്ദിച്ചത്. മുണ്ടയാട് ഒരു കടയില്‍ സാധനം വാങ്ങാനെത്തിയതായിരുന്നു അദ്ദേഹം. അതേ
ആവശ്യത്തിന് കടയില്‍ മറ്റാളുകളും എത്തിയിട്ടുണ്ടായിരുന്നു. അവരെല്ലാം കൊവിഡ്
മുന്നറിയിപ്പനുസരിച്ച് സാമൂഹിക അകലം പാലിച്ചുകൊണ്ടാണ് നിന്നിരുന്നത്. എന്നാല്‍ സി
ഐ പാഞ്ഞു വരികയും കടയിലേക്ക് അതിക്രമിച്ചു കടന്നുകൊണ്ട് അവിടെ കൂടിനിന്നവരെ
അടിച്ചോടിക്കുകയും ചെയ്തു. താന്‍ പത്രപ്രവര്‍ത്തകനാണെന്ന ഐ ഡി
കാണിച്ചുവെങ്കിലും അതൊന്നും സി ഐ മുഖവിലയ്ക്കെടുത്തില്ലെന്ന് മാത്രവുമല്ല മനോഹരനെ
പോലീസ് ജീപ്പിനടുത്തേക്ക് വലിച്ചിഴച്ചു കൊണ്ടുപോകുകയും ചെയ്തു. പോലീസിന്റെ ഭാഗത്തു
നിന്നും തികച്ചും നിരുത്തവാദപരമായുണ്ടായിരിക്കുന്ന ഈ ഹീനപ്രവര്‍ത്തിക്കെതിരെ
നടപടിയെടുക്കണമെന്ന് പത്രപ്രവര്‍ത്തക യൂണിയനും പൊതുജനങ്ങളും ആവശ്യപ്പെട്ടു
കഴിഞ്ഞു.
ഇത്തരത്തിലുള്ള
സംഭവങ്ങള്‍ കുറച്ചൊന്നുമല്ല റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കൊറോണയുടെ പേരില്‍ കിട്ടിയിരിക്കുന്ന
അമിതാധികാരം ചിലരെ മത്തു പിടിപ്പിക്കുന്നുണ്ട് എന്നുതന്നെയാണ് കരുതേണ്ടത്.
കാര്യമെന്താണെന്നു പോലും ചോദിക്കാതെ യാത്രക്കാരുടെ നേരെ കുതിര കയറുന്നു. ഒരുദാഹരണം
പറയാം. വണ്ടി കൈകാണിച്ചു നിറുത്തി യാത്രക്കാരന്റെ കൈയ്യില്‍ എഴുതി
സൂക്ഷിച്ചിരിക്കുന്ന സ്റ്റേറ്റു മെന്റും
മറ്റും പരിശോധിക്കണമെന്നും ആവശ്യമെന്താണോ അത് മനസ്സിലാക്കി പെരുമാറണമെന്നുമാണ്
പോലീസിനുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശം. എന്നാല്‍ നടക്കുന്നത് ഇതൊന്നുമല്ല. വണ്ടി
കൈകാണിച്ചു നിറുത്തിയാല്‍ പിന്നെ അരമണിക്കൂറു നേരം പോലീസുകാരന്റെ അക്രമ
പ്രസംഗമാണ്. എന്തിനാണ് പോകുന്നതെന്നോ ആവശ്യമെന്താണെന്നോ ഒന്നുമല്ല , മറിച്ച്
യാത്രക്കാരനെ ചീത്തപറയാന്‍ കിട്ടിയ ഒരവസരമായിട്ടാണ് അവരിതിനെ കാണുന്നത്.
ബോധവത്കരണമെന്നുപോലും കരുതാനാകാത്ത ഇത്തരം സമീപനം പോലീസിനെക്കുറിച്ച് ജനങ്ങളുടെ
മനസ്സില്‍ അവമതിപ്പുണ്ടാക്കുവാനേ സഹായിക്കുകയുള്ളു
ഇങ്ങനെ ക്ഷുദ്രരായ
ചിലര്‍ നടത്തുന്ന ഇത്തരം ഹീനപ്രവര്‍ത്തികള്‍ക്ക് എത്രവേണമെങ്കിലും ഉദാഹരണങ്ങളുണ്ട്.
ജനങ്ങളുടെ സഹായത്തോടെ കൊറണോ പ്രതിരോധ
പ്രവര്‍ത്തനങ്ങളില്‍ നല്ല നിലയില്‍ മുന്നോട്ടു പോകുന്ന സര്‍ക്കാറിന്റെ കൂടി
മുഖത്ത് കരിവാരിത്തേയ്ക്കുന്നതാണ് പോലീസിലെ ഒരു ചെറിയ വിഭാഗം നടത്തുന്ന ഇത്തരം
നീക്കങ്ങളെന്ന് പറയാതെ വയ്യ. അതുകൊണ്ട് ജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തേണ്ടി
വരുന്ന സാഹചര്യങ്ങളില്‍ അവരോട് ഇടപെടാനറിയുന്നവരെയാണ് നിയോഗിക്കേണ്ടത്. ജില്ലാ
പോലീസ് അധികാരികള്‍ക്ക് ഇക്കാര്യത്തില്‍ ഫലപ്രദമായി ഇടപെടാന്‍ കഴിയും.അതിനുള്ള
ജാഗ്രത അവര്‍ പ്രകടിപ്പിക്കേണ്ടതുണ്ട്.
ജനങ്ങളെക്കൊണ്ട്
ഏത്തമിടുവിക്കുന്ന ജില്ലാ പോലീസ് ഏമാന്മാരാണ് ഇക്കാര്യത്തില്‍ നടപടിയെടുക്കേണ്ടത്
എന്നതാണ് ഇക്കാര്യത്തിലെ ദയനീയമായ തമാശ.
© മനോജ് പട്ടേട്ട് ||27-Apr-20 9:18:43
AM||
Comments