#ദിനസരികള് 1111 - ഗ്രാംഷിയെക്കുറിച്ച്



1986 ല് രവീന്ദ്രനാണ് മലയാളത്തില് ഗ്രാംഷിയെക്കുറിച്ചുള്ള ഒരു പഠനം ആദ്യമായി തയ്യാറാക്കുന്നത്.പിന്നീട് ഏകദേശം പത്തു കൊല്ലത്തിനു ശേഷം , ഇ എം എസും പി ഗോവിന്ദപ്പിള്ളയും ചേര്ന്ന് എഴുതിയ ഗ്രാംഷിയന് വിചാര വിപ്ലവം എന്ന സാമാന്യം നല്ലൊരു പഠന ഗ്രന്ഥം പുറത്തു വന്നു. അതേത്തുടര്ന്ന് മലയാളത്തില് ഗ്രാംഷിയന് ചിന്താസരണികളെ പിന്പറ്റി ധാരാളം ലേഖനങ്ങളും ലഘു കൃതികളുമുണ്ടായി. ഈ തലച്ചോറ് ഒരു ഇരുപതു വര്ഷത്തേക്കെങ്കിലും പ്രവര്ത്തന രഹിതമാക്കപ്പെടണം എന്ന മുസ്സോളിനിയുടെ നിര്‍‍ദ്ദേശത്തെ മുന്നിറുത്തി ജയിലിലടയ്ക്കപ്പെട്ട ഗ്രാംഷി നമ്മുടെ യുവാക്കളെ ആശയപരമായി ആയുധമണിയിക്കുന്ന , തീപ്പിടിപ്പിക്കുന്ന ഒരാവേശമായി മാറി. ഗ്രാംഷിയുടേതായി രേഖപ്പെടുത്തപ്പെട്ട രചനകളെല്ലാംതന്നെ മലയാളത്തിലേക്കും മൊഴിമാറ്റം ചെയ്യപ്പെട്ടു. അങ്ങനെ ഗ്രാംഷിയന് ദര്ശനത്തില് വിപുലവും സജീവവുമായ ഒരു ശേഖരം നമുക്കുണ്ടായിവരികയും നമ്മുടെ ഭാവുകത്വങ്ങളില് ഇടപെടാന് ശേഷിയുള്ള സംവാദോല്ക്കടമായ ഒരു നിതാന്തജാഗ്രതയായി അത് മാറുകയും ചെയ്തു.

ജയില് മോചിതനായി എങ്കിലും കൊടിയ പീഢനത്തിന്റെ ഫലമായി അദ്ദേഹത്തിന് കുറച്ചു മാസങ്ങള് മാത്രമേ പിന്നീട് ജീവിച്ചിരിക്കുവാന് കഴിഞ്ഞുള്ളു, 1937 ല് , തന്റെ നാല്പത്തിയാറാമത്തെ വയസ്സില് അദ്ദേഹം അന്തരിച്ച ഗ്രാംഷിയെക്കുറിച്ച് വിഖ്യാതനായ ഫ്രഞ്ച് ചിന്തകന് ലൂയി അല്ത്തൂസര് പറഞ്ഞിട്ടുള്ളത് മാര്ക്സിസ്റ്റ് ചിന്തയെ മുന്നോട്ടു കൊണ്ടുപോകാന് യത്നിച്ചിട്ടുള്ള ഒരേയൊരാള് എന്നാണ്. എത്രമാത്രം ആഴത്തിലാണ് ഗ്രാംഷി മാര്ക്സിയിന് ചിന്തകളെ പുതിയ കാലത്തിന്റെ പരിസരത്തുവെച്ച് വിശകലനം ചെയ്യുന്നതെന്നും വിപുലപ്പെടുത്തുന്നതെന്നും അല്ത്തൂസറിന്റെ ഈ നിലപാട് സാക്ഷ്യപ്പെടുത്തുന്നു. ഒരു പക്ഷേ ജീവിതത്തിലും ചിന്തയിലും ഇത്രയധികം മൌലികത പുലര്ത്തിപ്പോന്ന ചിന്തകരുടെ എണ്ണം തുലോം വിരളമായിരിക്കും.താനെന്താണോ ചിന്തിക്കുന്നത് അതിനു വേണ്ടിയാണ് അദ്ദേഹം ജീവിച്ചത്. ജയില് ജീവിതത്തിന്റെ കൊടിയ യാതനയ്ക്കിടയിലും അദ്ദേഹം എഴുതുന്നത് നോക്കുക :- ഇറ്റലിയിലും ലോകമാകെയും നടന്നുവരുന്നതും നടന്നു കൊണ്ടിരിക്കുന്നതുമായ രാഷ്ട്രീയ പോരാട്ടത്തിലെ ഒരു സംഭവം മാത്രമാണ് എന്റെ തടവറ ജീവിതം. ഈ പോരാട്ടം എത്രനാള് തുടരേണ്ടി വരുമെന്ന് ആര്ക്കും ഇനിയും തിട്ടപ്പെടുത്താനാവില്ല.യുദ്ധത്തില് പ്രതിയോഗികളെ തടവില് പിടിക്കുന്നതുപോലെ എന്നേയും പിടികൂടി എന്നേയുള്ളു.ഇതും ഇതിലേറെയും സംഭവിക്കാം എന്നറിഞ്ഞുകൊണ്ടുതന്നെയാണ് ഞാനായാലും മറ്റുള്ളവരായാലും പോരാട്ടത്തില് പങ്കു ചേരുന്നത്.” (ഗ്രാംഷിയന് വിചാര വിപ്ലവം പേജ് 25-26 )

മാര്ക്സിനെ മുന്നോട്ടുകൊണ്ടുപോകാനുള്ള ഗ്രാംഷിയുടെ ശേഷിയെക്കുറിച്ച് അല്ത്തൂസര്ക്ക് സംശയമൊന്നുമുണ്ടായിരുന്നില്ല. എന്നാല് നാല്പത്തിയാറാമത്തെ വയസ്സില് അന്തരിച്ച ഗ്രാംഷി പക്ഷേ എത്രമാത്രം ആഴത്തില് പഠിക്കപ്പെടുന്നുണ്ട് എന്ന ചോദ്യം പ്രസക്തമാണ്. നമ്മുടെ ഭാഷയിലും ഗ്രാംഷിയന് കൃതികളെല്ലാംതന്നെ ഭാഷാന്തരം ചെയ്ത് എത്തിയിട്ടുണ്ടെന്ന് നാം കണ്ടു. അദ്ദേഹത്തിന്റെ പരികല്പനകളെക്കുറിച്ച് കാതലുള്ള ചില പഠനങ്ങളും വന്നുകഴിഞ്ഞിട്ടുണ്ട്. എന്നാലും മാര്ക്സിസത്തെ അതിന്റെ സത്തയില് അറിഞ്ഞ് ആവിഷ്കരിക്കാന് ശ്രമിച്ച ഗ്രാംഷിയെ അദ്ദേഹം അര്ഹിക്കുന്ന വിധത്തില് നാം ആദരിച്ചിട്ടുണ്ടോയെന്ന സംശയം ഇപ്പോഴും നിലനില്ക്കുന്നു.ഒരു ചിന്തകന് ആദരിക്കപ്പെടുന്നത് അയാളുടെ ആശയങ്ങളെ കണ്ണാടിക്കൂട്ടില് പ്രതിഷ്ഠിച്ച് കൈയ്യടിക്കുമ്പോഴല്ല മറിച്ച് പുതിയ കാലത്തിന്റെ വെളിച്ചത്തില് വിമര്ശനാത്മകമായി സമീപിച്ച് ഉള്ളുറപ്പുകള് പരിശോധിക്കപ്പെടുമ്പോഴാണ്. ഗ്രാംഷിയെ സംബന്ധിച്ച് അത്തരത്തിലുള്ള സമഗ്രമായ ഒരു സമീപനം ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു.


© മനോജ് പട്ടേട്ട് ||02 May 2020, 09:00 AM ||




Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം