#ദിനസരികള് 1110



          ചില ജീവിതങ്ങള്‍ അങ്ങനെയാണ്. മറ്റുള്ളവരില്‍ ഒരു ഞെട്ടല്‍ അവശേഷിപ്പിച്ചുകൊണ്ട് പാതിവഴിയില്‍ യാത്ര അവസാനിപ്പിച്ച് മടങ്ങും. ഒരു നിമിഷം കൊണ്ട് അവര്‍ തങ്ങളുടെ ചുറ്റും കൂടിയിരിക്കുന്നവരെ ഇരുട്ടിലേക്ക് ഒറ്റപ്പെടുത്തും. പ്രിയപ്പെട്ടവരില്‍ ആ വേര്‍പാടുണ്ടാക്കുന്ന ശൂന്യത പെട്ടെന്നൊന്നും നികത്തപ്പെടില്ല. മാനന്തവാടിയിലെ വ്യവസായിയായിരുന്ന അറയ്ക്കല്‍ ജോയിയുടെ നിര്യാണവും അത്തരത്തിലൊരു ഞെട്ടലും ശൂന്യതയുമാണ് കൂടെയുള്ളവര്‍ക്ക് സമ്മാനിച്ചത്.
          കഴിഞ്ഞ ദിവസം ദുബായിയില്‍ വെച്ചാണ് അറയ്ക്കല്‍ ജോയി അന്തരിക്കുന്നത്. ഹൃദായഘാതം എന്നായിരുന്നു പ്രാഥമികമായ വിവരം. പിന്നീട് ആത്മഹത്യയാണ് എന്ന് ദുബായി പോലീസ് സ്ഥിരീകരിച്ചു. എന്തായാലും വളരെ ചുരുങ്ങിയ കാലംകൊണ്ട് വ്യവസായ ലോകത്തില്‍ പേരെടുത്ത അദ്ദേഹം സഹജീവികളോട് കരുണയുള്ളവനായിരുന്നുവെന്നാണ് പലരുടേയും പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.കൂടെയുള്ളവരെ അകമഴിഞ്ഞ് സഹായിക്കുന്ന സ്വഭാവമുണ്ടായിരുന്നുവെന്ന് പലരും സാക്ഷിപ്പെടുത്തുന്നു. തന്നെ ആശ്രയിച്ചു കഴിയുന്ന കുടംബക്കാരേയും ബന്ധുമിത്രാദികളേയും അദ്ദേഹം കൈപിടിച്ചുയര്‍ത്തി.
          ഒരു സാധാരണ കുടുംബത്തില്‍ നിന്നാണ് അദ്ദേഹത്തിന്റെ വളര്‍ച്ച ആരംഭിച്ചത്. വ്യവസായിയായി അറിയപ്പെടുന്നതിനുമുമ്പേതന്നെ അദ്ദേഹത്തെ അറിയാമായിരുന്നെങ്കിലും പിന്നീട് അദ്ദേഹവുമായി ഇടപഴകേണ്ട ഒരു ഘട്ടവും എന്നെ സംബന്ധിച്ച് ഉണ്ടായിട്ടില്ല. എന്നാല്‍ ആ വളര്‍ച്ചയെ അത്ഭുതത്തോടെ ആദരവോടെ ഞാനെന്നും നോക്കിക്കണ്ടിരുന്നു.സാഹയം ചോദിച്ചു ചെന്ന ആരേയും ആരെയും കൈവിട്ടില്ല എന്നതില്‍ അഭിമാനിച്ചിരുന്നു.വന്ന വഴി മറക്കാത്തയാളാണെന്ന് പലരോടും ഞാനും പറഞ്ഞിരുന്നു. അദ്ദേഹം കുടുംബക്കാരെയൊക്കെ നന്നായി സഹായിച്ചു. ആഴ്ചയിലൊരിക്കലെങ്കിലും അദ്ദേഹം സഹായിച്ച ആളുകളെക്കുറിച്ചുള്ള എന്തെങ്കിലും ഒരു വിവരം ഞാന്‍ കഴിഞ്ഞ കുറേ കൊല്ലങ്ങളായി കേള്‍ക്കുമായിരുന്നു. സമൂഹത്തിന്റെ പൊതുവായ ആവശ്യത്തിനു വേണ്ടി കൈയ്യയച്ച് സഹായിക്കാനും മറന്നിട്ടില്ല. തന്റെ അമ്മയുടെ പേരില്‍ വയനാട് ജില്ലാ ആശുപത്രിയില്‍ ആരംഭിച്ച ഡയാലിസിസ് കേന്ദ്രം അദ്ദേഹത്തിന്റെ സേവനസന്നദ്ധതയുടെ മകുടോദാഹരണമാണ്.
          നാല്പത്തിയയ്യായിരം അടി വിസ്താരത്തില്‍ കേരളത്തിലെതന്നെ ഏറ്റവും വലിയ വീടുകളിലൊന്ന് മാനന്തവാടിയില്‍ ഉണ്ടാക്കിയെടുത്തപ്പോള്‍ മാത്രമാണ് എനിക്ക് അദ്ദേഹത്തോട് ഒരു അഭിപ്രായ വ്യത്യാസം തോന്നിപ്പോയത്. ഒരിക്കല്‍ വീടുപണി നടക്കുന്ന സമയത്ത് മറ്റൊരാവശ്യവുമായി ബന്ധപ്പെട്ട് അവിടെ പോകേണ്ടി വന്നിട്ടുണ്ടെങ്കിലും പണി പൂര്‍ത്തിയായ ശേഷം നാളിതുവരെ ഞാനവിടെ പോകാതിരുന്നതും ഈ അഭിപ്രായ വ്യത്യാസം മനസ്സിലെവിടെയോ കിടക്കുന്നതുകൊണ്ടായിരിക്കണം.അതല്ലെങ്കില്‍ അവിടം എന്നെപ്പോലെയുള്ള സാധാരണക്കാര്‍ ചെന്നു കയറേണ്ട സ്ഥലമല്ലെന്നും ചിന്തിച്ചു പോയിട്ടുണ്ടാകാം.എന്തായാലും നിരവധി സാധാരണക്കാര്‍ക്ക് തൊഴിലവസരങ്ങള്‍ ലഭിക്കുന്നുവെന്നത് വലിയ കാര്യമായി ഞാന്‍ വിലയിരുത്തി.വെറുതെ കുറേ പണം ഒരു വ്യക്തി സ്വകാര്യമായി ബാങ്കില്‍ സൂക്ഷിച്ചു വെയ്ക്കുന്നതിനെക്കാള്‍ എത്ര മഹത്തരമാണ് അത് സമൂഹത്തില്‍ വിതരണം ചെയ്യപ്പെടാനുള്ള സാഹചര്യം സൃഷ്ടിക്കുകയെന്നത്. ജോയി അത്തരത്തിലുള്ള ഒരു സേവനം കൂടിയാണ് ചെയ്തത്.
          ഞാന്‍ എന്തുകൊണ്ടോ വിശുദ്ധ വേദ പുസ്തകം കൈയ്യിലെടുക്കുന്നു. മത്തായിയുടെ സുവിശേഷമാണ് തുറന്നു കിട്ടിയത്. ഏഴാം അധ്യായം 24 മുതല്‍ ഞാനിങ്ങനെ വായിച്ചു "എന്റെ വചനങ്ങൾ ശ്രവിക്കുകയും അവ അനുസരിക്കുകയും ചെയ്യുന്നവൻ പാറമേൽ ഭവനം പണിത വിവേകമതിയായ മനുഷ്യന് തുല്യനായിരിക്കും. മഴ പെയ്തു, വെള്ളപ്പൊക്കമുണ്ടായി, കാറ്റൂതി, അത് ഭവനത്തിന്മേൽ ആഞ്ഞടിച്ചു. എങ്കിലും അത് വീണില്ല. എന്തുകൊണ്ടെന്നാൽ, അത് പാറമേൽ സ്ഥാപിതമായിരുന്നു. " ഞാന്‍ വിശുദ്ധഗ്രന്ഥം അടച്ചു വെച്ചു. ഒരു നിമിഷം കണ്ണടച്ചു.
          ഇതെഴുതിക്കഴിയുമ്പോഴേക്കും അദ്ദേഹത്തിന്റെ ഭൌതിക ശരീരം മാനന്തവാടി കണിയാരം സെന്റ് ജോസഫ് കതീഡ്രലില്‍ അടക്കം ചെയ്തിട്ടുണ്ടാകും.ഹൃദയത്തിന്റെ സമൃദ്ധിയില്‍ നിന്ന് അധരങ്ങള്‍ സംസാരിച്ച ഒരു മനുഷ്യന്റെ വേര്‍പാടില്‍ അനുശോചിക്കട്ടെ. അദ്ദേഹത്തിന്റെ പിതാവിന്റേയും പ്രിയപ്പെട്ടവരുടേയും വേദനയില്‍ പങ്കുകൊള്ളട്ടെ.

© മനോജ് പട്ടേട്ട് ||01 May 2020, 08:00 AM ||




Comments

Popular posts from this blog

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1208 - കടലു കാണാന്‍ പോയവര്‍