#ദിനസരികള്‍ 638
ഇന്ത്യന് നാഷണല് കോണ്ഗ്രസ്സിന്റെ പ്രസിഡന്റായ രാഹുല് ഗാന്ധിയുടെ നീക്കങ്ങളെ വളരെ ആകാംക്ഷയോടെയും താല്പര്യത്തോടെയും വീക്ഷിക്കുന്ന ഒരാളാണ് ഞാന്. ബി ജെ പിക്കെതിരെയുള്ള മതേതര ശക്തികളുടെ നീക്കങ്ങള്ക്ക് കുന്തമുനയാകേണ്ട ഒരു പ്രസ്ഥാനവും അതിന്റെ അമരക്കാരനും ജനാധിപത്യ മൂല്യങ്ങളില് വിശ്വസിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്ന ആരിലും താല്പര്യമുണ്ടാക്കുമല്ലോ.ആ അര്ത്ഥത്തില് ഇന്ത്യയുടെ രാഷ്ടീയ രംഗത്ത് ഫലപ്രദമായ ചില നീക്കങ്ങള് ഈ അടുത്ത കാലങ്ങളില് അദ്ദേഹം നടത്തിയെന്നും ഒരു നേതാവിന്റെ പാടവം പ്രകടിപ്പിച്ചു തുടങ്ങിയെന്നും പപ്പുമോന് എന്ന ദുരവസ്ഥയില് നിന്നും വിമോചിതനായിട്ടുണ്ടെന്നും ഞാന് വിചാരിച്ചതാണ്. എന്നാല് യാഥാസ്ഥിതിക വലതു പക്ഷത്തിന്റെ പരമാവധിയില് ജീവിക്കുന്ന ഒരു വെറും ബുത്തൂലെവല് കോണ്ഗ്രസുകാരന് മാത്രമാണ് താനെന്ന് ശബരിമലയിലെ യുവതിപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രിംകോടതി പ്രഖ്യാപിച്ച വിധിയോടുള്ള നിലപാടു മാറ്റത്തോടെ അദ്ദേംഹം തെളിയിച്ചിരിക്കുന്നു.
സ്ത്രീവിരുദ്ധവും തുല്യതയുടെ നിഷേധമായുമാണ് രാഹുല് ഗാന്ധി ശബരിമലയില് സ്ത്രീകളെ പ്രവേശിപ്പിക്കാത്തതിനെ ആദ്യം വിലയിരുത്തിയത്.അതുകൊണ്ട് ഭരണ ഘടന ഉയര്ത്തിപ്പിടിക്കുന്ന നീതിബോധത്തിന്റെ അടിസ്ഥാനത്തില് യുവതിപ്രവേശനമാകാം എന്ന വിധിയെ അദ്ദേഹം ദേശീയ തലത്തില് സ്വാഗതം ചെയ്യുകയാണുണ്ടായത്.എന്നാല് അദ്ദേഹത്തിന്റെ അഭിപ്രായം വ്യക്തിപരമാണെന്നു വിലയിരുത്തിക്കൊണ്ടാണ് കേരളത്തിലെ കോണ്ഗ്രസു നേതൃത്വം പ്രതികരിച്ചത്. അവര് യുവതിപ്രവേശന വിധിക്കെതിരെ ബി ജെ പിയുമായി യോജിച്ച് സമരങ്ങളുമായി മുന്നോട്ടു പോയി.ഒരു ഘട്ടത്തില് കേരളത്തിലെ സമരം അക്രമാസക്തമാകുന്നതിനെതിരേയും പ്രസ്തുത വിഷയം പാര്ലമെന്റില് ഉന്നയിക്കപ്പെടുന്നതിനെതിരേയും അദ്ദേഹം നിലപാടുകള് സ്വീകരിച്ചുവെന്ന് വാര്ത്തകള് വന്നത് അദ്ദേഹത്തിലുള്ള പ്രതീക്ഷ വര്ദ്ധിപ്പിച്ചു. എന്നാല് ഇപ്പോള് രാഹുല് ഗാന്ധി , വിധിയുടെ എല്ലാ തരത്തിലുമുള്ള സാമൂഹിക പ്രസക്തികളേയും നിഷേധിച്ചുകൊണ്ട് യുവതി പ്രവേശനത്തിന് എതിരെ രംഗത്തുവന്നിരിക്കുന്നു.
കേരളത്തിലാവട്ടെ വലതുപക്ഷവും ബി ജെ പിയും മറ്റു സംഘപരിവാറു സംഘടനകളും ശബരിമല വിധിയെ മുന്നിറുത്തി ഒറ്റക്കെട്ടായി നടത്തിയ നീക്കങ്ങള് അടപടലം പൊട്ടിപ്പൊളിഞ്ഞിരിക്കുന്ന സന്ദര്ഭത്തിലാണ് രാഹുല് ഗാന്ധി താന് ഒരു മണ്ടന് തന്നെയാണെന്ന് വീണ്ടും തെളിയിച്ചിരിക്കുന്നത്.ജനങ്ങള് ഈ വിഷയത്തില് അവരുടെ മുദ്രാവാക്യങ്ങള്ക്കപ്പമല്ലെന്ന് വ്യക്തമായിരിക്കുന്ന ഈ സന്ദര്ഭത്തില് രാഹുല് ഗാന്ധിക്കുണ്ടായ നിലപാടുമാറ്റം ആശ്ചര്യപ്പെടുത്തുന്നുണ്ടെങ്കിലും എല്ലാ തരത്തിലുമുള്ള പിന്തിരിപ്പന് സ്വഭാവങ്ങളേയും ഒട്ടും ചോര്ത്തിക്കളയാതെ ഉള്ളില് കൊണ്ടു നടക്കുന്ന കോണ്ഗ്രസ് എന്ന വലതു പാര്ട്ടിയുടെ യഥാര്ത്ഥ സ്വഭാവം രാഹുല് ഗാന്ധിയും പ്രകടിപ്പിക്കാതെ വയ്യല്ലോ! നിലപാടില് നിന്നും പിന്തിരിഞ്ഞോടുന്ന ഈ നേതാവിന് ബി ജെ പിയ്ക്കെതിരെയുള്ള നീക്കങ്ങള്ക്ക് എത്ര കണ്ട് ചുക്കാന് പിടിക്കാനാകും എന്ന സംശയം അസ്ഥാനത്തല്ല.
Comments