#ദിനസരികള് 634


സ്വാമിയേ ശരണമയ്യപ്പാ. കൌമാര കുതൂഹലങ്ങള്ക്കുശേഷം എനിക്ക് ദൈവങ്ങളിലൊന്നും ഇക്കാലം വരെ വിശ്വാസമുണ്ടായിരുന്നില്ല. എന്നു മാത്രവുമല്ല ദൈവമുണ്ടാകണമെന്ന് ആത്മാര്ത്ഥമായി ആഗ്രഹിച്ചു കൊണ്ട് ഞാന് ദൈവത്തിനെ സ്ഥാപിച്ചെടുക്കാന് ശ്രമിച്ചിട്ടുമുണ്ട്. എന്നാല് നാളിതുവരെ മനുഷ്യന്റെ ജീവിതത്തില് ഒരു ദൈവത്തിനുള്ള സ്ഥാനം കണ്ടെത്താന് എനിക്കു കഴിഞ്ഞിരുന്നില്ല. മാത്രവുമല്ല കൂടുതല് കൂടുതല് ചിന്തിക്കുന്തോറും ഈ പ്രപഞ്ചത്തില് ദൈവത്തിന് ഒരു സ്ഥാനവുമില്ല എന്ന കാര്യമാണ് വെളിവായി വന്നത്. സത്യം പറയണമല്ലോ എവിടെയെങ്കിലും ദൈവത്തെ സ്ഥാപിച്ചെടുക്കാന് കഴിയുമെങ്കില് പ്രപഞ്ചം അപാരസാന്ദ്രതയില് ഒരു കോസ്മിക് എഗ്ഗായിരുന്ന സമയത്തുമാത്രമാണ്. പുറത്തു നിന്നും അല്ലെങ്കില് അകത്തുനിന്നും ഒരു ബലം പ്രയോഗിക്കപ്പെടാതെ ഈ പ്രപഞ്ചം എങ്ങനെ വികസിച്ചു വന്നു എന്ന ചോദ്യം ഇത്തിരി കുഴക്കുന്നതാണ്. ( എക്സ്പാന്റിംഗ് യൂണിവേഴ്സ് എന്ന സങ്കല്പം വിശദീകരിക്കുവാന് ഫസ്റ്റ് ത്രി മിനുട്സ് എന്നൊക്കെയുള്ള പുസ്തകങ്ങളുണ്ടെന്നു കേള്ക്കുന്നു.) വേണമെങ്കില് നമുക്കു ദൈവത്തെ അവിടെ പ്രതിഷ്ഠിക്കാം, സത്യമെന്താണെന്ന് ശാസ്ത്രം കണ്ടുപിടിക്കുന്നതുവരെ മാത്രം. പക്ഷേ ഇവിടെ അതൊന്നുമല്ല കാര്യം. എനിക്ക് ഈയിടെയായി ശബരിമല ശ്രീധര്‌മ്മ ശാസ്താവില് വിശ്വാസം ജനിച്ചിരിക്കുന്നു. അദ്ദേഹമാണ് ദൈവം. അപാരനായ ദൈവം. അനന്യനായ ദൈവം.ഇത്രനാളും കണ്ടതൊന്നും പെണ്ണായിരുന്നില്ല , ഇവളാണ് പെണ്ണ് എന്ന് നമ്മുടെ ഒരു താരദൈവം ഏതോ സിനിമയില് പറയുന്നതുപോലെ ഇത്രനാളും കണ്ടതൊന്നും ദൈവമായിരുന്നില്ല ഇതാണ് , സാക്ഷാല് ഒന്നാം തരം ദൈവം. സ്വാമിയേയ് ശരണമയ്യപ്പാ ! കേരളം ഈ ദൈവത്തിനു മുന്നില് സാഷ്ടാംഗം പ്രണമിക്കണം.

സുപ്രിംകോടതി ജഡ്ജിമാരെക്കൊണ്ട് തനിക്ക് അനുകൂലമായി ചിന്തിപ്പിക്കുകയും വിധിപറയിപ്പിക്കുകയും ചെയ്തതിലൂടെയാണ് അദ്ദേഹം തന്റെ ശക്തി വെളിപ്പെടുത്താന് തുടങ്ങിയത്. കുറെ പൊട്ടന്മാരേയും കപടവിശ്വാസികളേയും ലോകത്തിനു മുന്നില് കാട്ടിക്കൊടുക്കാന് അദ്ദേഹം തീരുമാനിച്ചുറച്ച പോലെയായിരുന്നു പിന്നീടുള്ള ഓരോ കാര്യങ്ങളും നടന്നത്. ബി ജെ പി എന്ന വര്ഗ്ഗീയ കക്ഷിയുടെ പപ്പും പൂടയും പറിച്ച് വെയിലുത്തുണക്കാനിട്ടു. അതിലെ ഓരോ നേതാക്കന്മാരും ഇത്രയേയുള്ളു എന്ന് ജനങ്ങള്ക്ക് ബോധ്യപ്പെടുത്തിക്കൊടുത്തു. സാമുദായിക സംഘടനകളെന്താണെന്ന് വെളിവാക്കിക്കൊടുത്തു. അവരുടെയൊക്കെയുള്ളില് ആഴത്തില് വേരോടിയിരിക്കുന്ന ജാതീയതയെ കുത്തിപ്പുറത്തെടുത്തിട്ടു. സവര്ണമേധാവിത്ത ത്തിന്റെ ഗുലാനുകളെ ഏഴാംകൂലി തുരുപ്പുകൊണ്ട് വെട്ടിവീഴ്ത്തി. ഏറ്റവും രസകരമായത് തന്ത്രികുടുംബത്തോടുള്ള അദ്ദേഹത്തിന്റെ അടക്കാനാകാത്ത പക പുറത്തു വന്നതാണ്. കൊച്ചിയിലെ ഫ്ലാറ്റില് നിന്നും ഓടാന് തുടങ്ങിയ തന്ത്രിപ്രമുഖന്മാരെ ഇതുവരെയൊന്ന് നിലത്തിരിക്കാന് അദ്ദേഹം സമ്മതിച്ചിട്ടില്ല.ഇതാ അവസാനമായി മുഖ്യതന്ത്രിയെ ജനങ്ങളൊന്നാകെ എടുത്തിട്ട് അമ്മാനമാടുന്നു !

എന്നെ രക്ഷിക്കാനും എന്റെ ഇഷ്ടം നടപ്പിലാക്കാനും എനിക്കറിയാം എന്നാണ് അയ്യപ്പന്‍ പറയുന്നത്. ത്രിലോകങ്ങളേയും വിറപ്പിച്ച മഹിഷിയെ സംഹരിച്ച അദ്ദേഹത്തെ കേരളത്തെ വെറുപ്പിച്ച ശോഭാ സുരേന്ദ്രന് രക്ഷിക്കണോ? സംഘികള് വിചാരിക്കുന്നതുപോലെ ഒരു ശക്തിയുമില്ലാത്ത ആളല്ല ശബരിമലയിലെ അയ്യപ്പന്. അയ്യപ്പന്റെ കാര്യങ്ങള് നിശ്ചയിക്കാനും നടപ്പിലാക്കാനും അദ്ദേഹത്തിനുതന്നെ ശക്തിയുണ്ടെന്ന് ഇനിയെങ്കിലും ബി ജെ പിയും കൂട്ടരും മനസ്സിലാക്കുക തന്നെ വേണം. അയ്യപ്പന് നീതിയുടേയും നിയമത്തിന്റേയും കൂടെയേ എന്നും നിന്നിട്ടുള്ളു. തന്റെ അനുജനെ കിരീടാവകാശിയായി പ്രഖ്യാപിച്ച് കാടുകേറി ശാസ്താവില് വിലയം പ്രാപിച്ച നിഷ്കാമകര്മ്മിയായ അയ്യപ്പസ്വാമിയെ സംഘികള് മനസ്സിലാക്കാന് പോകുന്നതേയുള്ളു. എന്നു വെച്ചാല് അയ്യപ്പന്റെ കളികള് സംഘികള് കാണാനിരിക്കുന്നതേയുള്ളുവെന്നാണ്. അതുകൊണ്ട് അയ്യപ്പാ നീ തന്നെ തുണ..

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1