#ദിനസരികള്‍ 635


ആനന്ദ്, രാമരാജ്യം എന്ന ലേഖനത്തില് പറയുന്നു -“ഒരു സഹോദരന് മൂലം രാജ്യത്തുനിന്നും നിഷ്കാസിതനായവനായിരുന്നു രാമന്.ആ മുറിവ് ദേശാന്തര യാത്രയിലത്രയും രാമന്റെ ഉള്ളില് ഉണങ്ങാതെ കിടന്നു.അതുകൊണ്ട് സഹോദരന്മാരെ ഒന്നിച്ചു കാണുമ്പോഴൊക്കെ രാമന്റെ മനസ്സില് നിന്ദയും പകയും ജ്വലിച്ചുവെങ്കില് അത്ഭുതപ്പെടാനില്ല.സുഗ്രീവനെക്കൊണ്ട് ബാലിയോട് യുദ്ധം ചെയ്യിച്ചപ്പോഴും വിഭീഷണനെ രാവണനുനേരെ തിരിച്ചു വിട്ടപ്പോഴും തനിക്കു നേരിടേണ്ടി വന്ന അവസ്ഥ മറ്റുള്ളവരിലും കണ്ടു സമാധാനിക്കുകയായിരുന്നു രാമന്.നാടിനെ മാത്രമല്ല പത്നിയെക്കൂടി ഉപേക്ഷിച്ച് കൂടെപ്പോരാന് തയ്യാറായ ലക്ഷ്മണന്റെ വ്യഥയിലും മറ്റേ സഹോദരനോടുള്ള പ്രതികാരം സാക്ഷാത്കരിച്ച് തൃപ്തിപ്പെടുകയായിരുന്നു രാമനെന്ന് തോന്നും.” “സ്വന്തം ദേശത്തു നിന്നും വംശത്തില് നിന്നും വേര്‌പെട്ടു പോകാന്‌ നിര്ബന്ധിതനായ ഈ ആര്യന് അന്യരായ മറ്റു ദേശക്കാരേയും വംശക്കാരേയും വെറുക്കാന് തുടങ്ങി.അവരെ താണതരം മനുഷ്യരായി രാക്ഷസന്മാരും വാനരന്മാരും പക്ഷികളുമൊക്കെയായിത്തന്നെ മാത്രം രാമന് കണ്ടു.” “ ഈ രാമനായിരിക്കുന്നു ഇന്ന് ആര്യാവര്‌ത്തത്തിന്റെ ലഹരി.രാമന്റെ സംസ്കാരം പെട്ടെന്ന് എവിടേയും നിറയുവാന് തുടങ്ങിയിരിക്കുന്നു” ലേഖനത്തിന്റെ പല ഇടങ്ങളില് നിന്നുമായി ശേഖരിച്ചവയാണ് മുകളിലെ വരികള്.സാഹോദര്യങ്ങള്ക്കു നേരെ ശത്രുതമനോഭാവത്തോടെ രാമന് പെരുമാറുന്നു എന്ന ആരോപണത്തെ മുന്നോട്ടു വെയ്ക്കുന്ന ഈ ലേഖനം കൂടുതല് ശ്രദ്ധയോടെ വായിച്ചെടുക്കേണ്ട സവിശേഷമായ സന്ദര്ഭങ്ങളെയാണ് നാം നേരിട്ടുകൊണ്ടിരിക്കുന്നത്.

“ഈ രാമനായിരിക്കുന്നു ഇന്ന് ആര്യാവര്‌ത്തത്തിന്റെ ലഹരി.രാമന്റെ സംസ്കാരം പെട്ടെന്ന് എവിടേയും നിറയുവാന് തുടങ്ങിയിരിക്കുന്നു” എന്ന് ആനന്ദ് എഴുതുന്നത് തൊണ്ണൂറുകളിലാണ്.അവിടെ നിന്നും നാം പിന്നിട്ടു പോന്ന കാലങ്ങള് നമ്മുടെ സമുഹത്തില് എങ്ങനെയൊക്കെയാണ് രാമന് പ്രവര്ത്തിച്ചത് എന്ന ചോദ്യത്തിന്റെ ഉത്തരങ്ങളാണ്. ഇതര ജനവിഭാഗങ്ങളോട് അസഹിഷ്ണക്കളായി വെറുപ്പോടെ പെരുമാറുന്ന ഒരു ജനതയായി രാമനെ മാതൃകാവത്കരിച്ചവര് മാറിയിരിക്കുന്നു.രാമന് തന്റെ “പൈതൃക”ത്തില് അഭിമാനിയായിരുന്നു. ഇക്ഷ്വാകുവംശത്തിന്റെ പാരമ്പര്യത്തില് നിന്നും അണുവിട വ്യതിചലിക്കുവാന് അദ്ദേഹം തയ്യാറായിരുന്നില്ല.വര്ണ്ണാശ്രമ ധര്മ്മങ്ങളെ സംരക്ഷിക്കുവാന് എന്തു പാതകം ചെയ്യാനും അദ്ദേഹത്തിന് മടിയുണ്ടായിരുന്നില്ല. തപസ്സുചെയ്തുകൊണ്ടിരുന്ന ശൂദ്രന്റെ ശിരച്ഛേദം അത്തരത്തിലുള്ള കര്മ്മമായിരുന്നു. സീതയെ ത്യജിച്ചതിനു പിന്നിലും ലോകത്തിനു ബോധ്യപ്പെടുന്ന ഒരു ന്യായമുണ്ടായിരുന്നില്ല.

ആ രാമനെ നെഞ്ചേറ്റുന്നവരാണ് നാട്ടിലാകെ രാമസ്മൃതികളെക്കൊണ്ട് നിറയ്ക്കുന്നത്.വര്ണ്ണാശ്രമങ്ങളുടെ സംസ്ഥാപനവും ഇതര വിശ്വാസങ്ങളോട് വിദ്വേഷവും ഇവിടെ സ്വാഭാവികമായും ജീവിതമൂല്യങ്ങളായിത്തീരുന്നു.അതു മാനിക്കാത്തവരെ രാക്ഷസന്മാരായും ഹനിക്കപ്പെടേണ്ടവരായും ചിത്രീകരിക്കുന്നു. അപരര്ക്കുനേരെ രാമന് രാവണനോടു ചെയ്തതുപോലെ ധര്മ്മയുദ്ധമാണ് ചെയ്യേണ്ടത് എന്ന ബോധത്തില് വിജൃംഭിച്ചിരിക്കുന്ന ഒരു ആര്യാവര്ത്തം നിര്മ്മിക്കപ്പെട്ടിരിക്കുന്നു.

രാമകഥ ഭാരതത്തില് എല്ലാക്കാലത്തും സംഗരമായി തുടരുകയാണ്. അക്കഥയില് നിന്നും വിമോചിക്കപ്പെടുക എന്നതാണ് ഭാരതത്തിന്റെ അതിജീവനത്തിനുള്ള ഏകമാര്ഗ്ഗം എന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.



Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1