#ദിനസരികള്‍ 636
ഹര്ത്താലിനെതിരെയുള്ള ബോധവത്കരണങ്ങളും പ്രതിഷേധങ്ങളും എന്നത്തേയുംകാള് ശക്തിപ്പെട്ടു വന്നിരിക്കുന്നു.അതുകൊണ്ടുതന്നെ ഈ ഒരു സമര രീതി ആധുനികകാലത്തിന് ചേര്ന്നതാണോയെന്ന് പരിശോധിച്ചു നോക്കുവാന് സമൂഹത്തിനിടയില് പ്രവര്ത്തിക്കുന്ന - ഹര്ത്താല് ഒരു പ്രതിഷേധ രീതിയാണ് എന്നു വിശ്വസിക്കുന്ന - കക്ഷികളും പ്രവര്ത്തകരും തയ്യാറാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
കേരളത്തില് ഈ സമരരീതി ഇത്രയധികം എതിര്പ്പു നേടിയെടുത്തത് ബി ജെ പി ഈ അടുത്ത കാലത്ത് അടിക്കടി നടത്തിയ അനാവശ്യഹര്ത്താലുകളാണ്. എന്തുകൊണ്ടാണെന്ന് ജനങ്ങളെ കൃത്യമായി ബോധ്യപ്പെടുത്താന് കഴിയാത്തതുകൊണ്ട് സ്വാഭാവികമായും അതിനെതിരെയുള്ള പ്രതിഷേധങ്ങള് ശക്തമാകുകയും ഒരു ഹര്ത്താല് വിരുദ്ധവികാരം ഉടലെടുക്കുകയും ചെയ്തു. ഏറ്റവും അവസാനത്തെ സമരമാര്ഗ്ഗത്തെ ആദ്യംതന്നെ പ്രഖ്യാപിക്കുന്ന രീതി ഹര്ത്താലിന്റെ വിശ്വാസ്യതയെ തകര്ത്തു. കാലൊടിഞ്ഞ രോഗിക്ക് പോസ്റ്റുമോര്ട്ടം ചെയ്യുന്നതുപോലെയാണ് ചില രാഷ്ട്രീയ പാര്ട്ടികള് ഹര്ത്താല് പ്രഖ്യാപിച്ചത്. അതുകൊണ്ടുതന്നെ ഇങ്ങനെ പ്രഖ്യാപിക്കപ്പെട്ട ഹര്ത്താല് ജനവിരുദ്ധ സമരമാണെന്ന ധാരണ രൂഢമൂലമായി.
സേ നോ ഹര്ത്താല് എന്നൊരു മൂവുമെന്റ് നമ്മുടെ നാട്ടിലുണ്ടല്ലോ. അതിവൈകാരികമാണ് അവരുടെ പല വാദങ്ങളുമെങ്കിലും ചര്ച്ച ചെയ്യപ്പെടേണ്ടതായ ചില ആശയങ്ങള് അവയിലുണ്ട്. ഹിംസാത്മകം , ജനതയെ തടവിലാക്കുന്നു , ജനാധിപത്യവിരുദ്ധം എന്നതൊക്കെ അത്തരത്തില് ചിലതാണ്. ഭരണാധികാരികളുടെ കൊള്ളരുതായ്മകള്കൊണ്ടും പക്ഷപാതിത്വങ്ങള് കൊണ്ടും ജനതയുടെ നിലനില്പുതന്നെ വലിയ പ്രതിസന്ധി നേരിടുന്ന ഘട്ടങ്ങളില് പ്രഖ്യാപിക്കപ്പെടുന്ന ഹര്ത്താലുകള് ഇത്തരം വാദങ്ങളുടെ മുനയൊടിക്കാന് പര്യാപ്തമാണ്. പ്രതിഷേധ സജ്ജരായി മുന്നോട്ടു വരുന്ന ജനതയുടെ ഒറ്റക്കെട്ടായ ആവശ്യമായി ആ പ്രതിഷേധം അപ്പോള് രൂപംകൊള്ളുന്നു. അവിടെ കക്ഷിരാഷ്ട്രീയത്തിന്റെ സങ്കുചിതത്വങ്ങളെക്കാള് ഉന്നയിക്കപ്പെടുന്ന മുദ്രാവാക്യങ്ങളുടെ ആര്ജ്ജവമാണ് ജനത പരിശോധിക്കുക.അതുകൊണ്ട് ഉചിതമായ സമയത്ത് പുറത്തെടുക്കേണ്ട അവസാനത്തെ സമരരൂപമാണ് ഹര്ത്താല് എന്ന ധാരണയാണ് ഉണ്ടാകേണ്ടത്.
ഇവിടെ കലക്കവള്ളത്തില് മീന്പിടിക്കാന് ശ്രമിക്കുന്ന ഒരു കൂട്ടരുണ്ട്. അത് നമ്മുടെ വ്യാപാരി സമൂഹമാണ്. ഹര്ത്താലിനെതിരെ അവരുന്നയിക്കുന്ന വാദങ്ങള്ക്കൊന്നും ജനാധിപത്യ സ്വഭാവമില്ലെന്നു മാത്രമല്ല തങ്ങളുടെ സ്വത്ത് സമ്പാദ്യം എന്ന സങ്കുചിതത്വം വേണ്ടുവോളമുണ്ടുതാനും. നാടിനെ ബാധിക്കുന്ന പ്രശ്നങ്ങളോടുള്ള പ്രതികരണങ്ങളായി ജനങ്ങളുടെ ഇടയില് പ്രവര്ത്തിക്കുന്ന ഉത്തരവാദിത്തമുള്ള കക്ഷികളെപ്പോലൂം ആക്ഷേപിച്ചുകൊണ്ട് ഈ സങ്കുചിതത്വം തഴച്ചു നില്ക്കുന്നു.വെറും കച്ചവടതാല്പര്യമല്ലാതെ മറ്റൊന്നുംതന്നെ അവരെ ബാധിക്കുന്നതേയില്ല. അതുകൊണ്ട് സേ നോ ഹര്ത്താല് എന്ന മുന്നേറ്റത്തിന്റെ കൂടെക്കൂടി അവര് ജയ് വിളിക്കുന്നത് സംശയാസ്പദം തന്നെയാണ്.എന്നുമാത്രവുമല്ല അവര് പ്രഖ്യാപിക്കുന്ന ഹര്ത്താലുകള് ഇനിയുമുണ്ടാകുമെന്നും അത് തങ്ങളുടെ ആവശ്യം നേടിയെടുക്കുന്നതിനുവേണ്ടിയാണെന്നുമുള്ള വ്യാപാരികളുടെ നിലപാട് അവരുടെ ഇരട്ടത്താപ്പ് തുറന്നു കാണിക്കുന്നതാണ്.
ജനാധിപത്യ വിരുദ്ധ ആശയങ്ങളുമായി തിരഞ്ഞെടുക്കപ്പെട്ട ഗവണ്മെന്റുകള് മുന്നോട്ടു പോകുന്ന ഒരു നാട്ടില് ജനതയുടെ പ്രതിഷേധ രൂപമായി , അവര് സ്വയം വേണ്ടെന്നു വെയ്ക്കുന്നതുവരെ ഹര്ത്താലുകള് അവസാനത്തെ ആയുധമായി പ്രയോഗിക്കപ്പെടണം. അതായത് ജനതയ്ക്ക് ആവശ്യമാണെന്നു തോന്നുന്ന ഘട്ടത്തില് ഏതു തരത്തിലുള്ള സമരരൂപവും കൈക്കൊള്ളുവാന് അവര്ക്ക് സ്വാതന്ത്ര്യമുണ്ടാകണം. അങ്ങനെയാണ് ഈ സമൂഹം ഇന്നത്തെ രീതിയിലേക്ക് പരിണമിച്ചെത്തിയത്. അല്ലാതെ അതിവൈകാരികമായി നോ എന്നു പറയകുയല്ല , എന്തിന് എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരമുണ്ടോ എന്നു നോക്കുകയാണ് ജനത ചെയ്യേണ്ടത്.
Comments