#ദിനസരികള് 634



            മമ്മൂട്ടിയും മോഹന്‍ലാലും വിമര്‍ശനത്തിന് അതീതരാണോ? അവരുടെ സിനിമകളെക്കുറിച്ച് ആരെങ്കിലും പ്രതികൂലമായോ വിമര്‍ശനാത്മകമായോ ഒരഭിപ്രായം പറഞ്ഞാലുടനെ വെട്ടുക്കിളിക്കൂട്ടത്തെപ്പോലെ ചാടിവീണ് ആക്രമിക്കുന്ന ഒരു പറ്റത്തെ എപ്പോഴും കാണാം. ഇവര്‍ ആരാധകരെന്ന വിശേഷണത്തില്‍ പെടുന്നു. അവര്‍ തെറി വിളിച്ചും ഒച്ച വെച്ചു ഭയപ്പെടുത്തിയും വിമര്‍ശകരുടെ വാ അടപ്പിക്കാന്‍‌ ബദ്ധപ്പെടുന്നു.ഒരു മൂല്യവുമില്ലാതെ നടന്മാര്‍ കാട്ടിക്കൂട്ടുന്ന പൊങ്ങച്ചങ്ങളേയും വീരസ്യങ്ങളേയും നെഞ്ചേറ്റിക്കൊണ്ടു നടക്കുന്ന ഇത്തരം അധോമുഖവാമനരുടെ പ്രാകൃതകൂട്ടങ്ങള്‍, ജനങ്ങളുടെ ഇടയില്‍ തെറ്റായ സന്ദേശം പരത്തുന്ന സിനിമകളെക്കുറിച്ചുപോലും വിമര്‍ശനാത്മകമായി പ്രതികരിക്കാന്‍ സാധിക്കാത്ത അന്തരീക്ഷം സൃഷ്ടിക്കുന്നു. അവര്‍ക്കു കൈചുരുട്ടലുകളും മീശ പിരിക്കലുകളും മാത്രമാണ് സിനിമ. ജനതയുടെ ഇടയില്‍ ഏറ്റവുമധികം സ്വാധീനം ചെലുത്താന്‍ ശേഷിയുള്ള ഒരു മാധ്യമമെന്ന നിലയില്‍ സിനിമയുടെ മൂല്യമാകേണ്ട സാമുഹിക പ്രതിബദ്ധത എന്ന ആശയം ഈ ആരാധകക്കൂട്ടത്തിന് അന്യമാണ്. അത് ആരെങ്കിലും ചൂണ്ടിക്കാണിച്ചാല്‍ അവരെ പ്രതിസ്ഥാനത്തു നിറുത്തി കല്ലെറിയുകയും തെറി വിളിക്കുകയും ചെയ്യുകയെന്നത് ഇവരുടെ അജണ്ടയുമാണ്. ഈ അവസ്ഥ മാറേണ്ടതുണ്ട്.

            ഇക്കഴിഞ്ഞ നാളുകളില്‍ വിഖ്യാത എഴുത്തുകാരി അരുന്ധതി റോയി മമ്മൂട്ടിയുടെ അബ്രഹാമിന്റെ സന്തതികള്‍ എന്ന സിനിമയെക്കുറിച്ച് പൊതു സമൂഹം ആലോചിക്കേണ്ടതായ ഒരഭിപ്രായം പറഞ്ഞു. "I happened to see a film from the state Kerala which supposedly has modern thinking- Abrahaminte Santhathikal. The villains of the film- Africans were depicted as cruel and idiots . These Africans were imported into Kerala just to work on the racial angle.There is no point in criticising Kerala. This society, the artists, actors, producers are all like this. North Indians mock South Indians for their darker complexion and South Indians mock Africans for the same reason. വംശീയതയ്ക്ക് വളം വെയ്ക്കുന്ന തരത്തിലുള്ള സിനിമകള്‍ കേരളത്തിനു മാത്രമല്ല ഏതു നാടിനും ആപത്കരമാണ്. അതൊരിക്കലും ഒരു സമൂഹത്തിലും പ്രോത്സാഹിപ്പിക്കപ്പെട്ടുകൂട എന്ന് ഇതിലും മാന്യമായി എങ്ങനെയാണ് പറയാനാകുക? അരുന്ധതിയുടെ ഈ പ്രസ്ഥാവന അവരെ പ്രതിസ്ഥാനത്തേക്കു മാറ്റി നിറുത്തുകയും ആരാധകരെന്ന തെമ്മാടിക്കൂട്ടം കൂവിവിളിക്കാന്‍ ആരംഭിക്കുകയും ചെയ്തിരിക്കുന്നു.

            കുറച്ചു കാലം മുമ്പ് നടി പാര്‍വ്വതിക്കെതിരെയുള്ള ആക്രമണം നാം നേരിട്ടു കണ്ടതാണ്.തന്ത്രപരമായ മൌനം പാലിക്കുന്ന സാംസ്കാരിക രാഷ്ട്രീയ നേതൃത്വത്തേയും നാം കണ്ടു.വിമര്‍ശനങ്ങള്‍ ഉന്നയിച്ചതിന്റെ പേരില്‍ തന്റെ തൊഴിലവസരങ്ങള്‍ പോലും ഇല്ലാതാക്കുന്നുവെന്ന് ആ നടി വിലപിക്കുന്നതും നാം കേട്ടതാണ്.ഫാന്‍സു ക്ലബുകളെന്ന ഗുണ്ടാസംഘങ്ങളെ ഊട്ടി വളര്‍ത്തി കൊണ്ടു നടക്കുന്ന നമ്മുടെ നായകര്‍ ഇനിയെങ്കിലും വിമര്‍ശനത്തിന്റെ പേരില്‍ ഇത്തരം തെമ്മാടിത്തരങ്ങള്‍  അരുത് എന്ന് കര്‍ശനമായ നിര്‍‌ദ്ദേശം കൊടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
            വിമര്‍ശനങ്ങളെ അംഗീകരിക്കാത്തതും അസഹിഷ്ണുത പ്രകടിപ്പിക്കുന്നതും ആരോഗ്യകരമായ സംവാദങ്ങളെ അപ്രസക്തമാക്കുന്നു. താരദൈവങ്ങളും അവരുടെ സിനിമകളും വിമര്‍ശനത്തിന് അതീതമല്ലെന്ന ബോധ്യം സമൂഹത്തില്‍ വേരോടേണ്ടതുതന്നെയാണ്.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1