#ദിനസരികള്‍ 637


കേരള ചരിത്രപഠനങ്ങളില് വേലായുധന് പണിക്കശേരി പ്രാചീന കേരളത്തിലെ കുറ്റങ്ങളെക്കുറിച്ചും അവയ്ക്കുള്ള ശിക്ഷകളെക്കുറിച്ചും വിവരിക്കുന്നുണ്ട്.മൂവായിരത്തി അഞ്ഞൂറോളം കൊല്ലത്തിന്റെ ‘മഹത്തായ’ പാരമ്പര്യത്തിന്റെ പിന്തുടര്ച്ച അവകാശപ്പെട്ടു പോരുന്ന നമ്മള് എത്രമാത്രം നിഷ്ഠൂരവും മനുഷ്യത്വരഹിതവുമായ കാലങ്ങളിലൂടെയാണ് കടന്നുപോന്നതെന്ന് ഈ വിവരണം വ്യക്തമാക്കും.പാടിപ്പുകഴ്ത്തുന്നതൊന്നുമല്ല നമ്മുടെ ചരിത്രമെന്നും അതു ജാതിയെ അടിസ്ഥാനപ്പെടുത്തിയ ഉച്ചനീചത്വങ്ങളുടെ വലയില് കുടുങ്ങിക്കിടന്നതായിരുന്നുവെന്നും ഏതൊരു സാമൂഹികസാഹചര്യങ്ങളേയും പരിശോധിക്കുന്നത് ജാതീയമായ ബോധ്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നെന്നും വിധി നിശ്ചയിച്ചിരുന്നത് സവര്ണ സങ്കല്പങ്ങളെ പിന്പറ്റിക്കൊണ്ടായിരുന്നുവെന്നുമുള്ള നമ്മുടെ ചരിത്രത്തെ മറച്ചു വെച്ചുകൊണ്ട് മാനവികതയുടേയും മഹാബലിക്കാലത്തിന്റേയും പുറംപൂച്ചുകളില് അധികകാലം മുഖം മറച്ചു വെയ്ക്കാന് നമുക്ക് കഴിയില്ലെന്നുതന്നെയാണ് ഇത്തരം പുസ്തകങ്ങള് വര്ത്തമാനകാലത്തോട് പറയുന്നത്. അതുകൊണ്ട് പഴയ കാലത്തെക്കുറിച്ച് അഭിരമിക്കുന്ന ഒരു ജനതയെ വീണ്ടും വീണ്ടും എന്തായിരുന്നു നമ്മുടെ പഴയ കാലം എന്ന് ഓര്മ്മിപ്പിച്ചുകൊണ്ടേയിരിക്കണം.മോഹസ്മൃതികളിലേക്ക് മയങ്ങി വീഴുന്നവരുടെ തലയ്ക്കു തട്ടി ഉണര്ത്തിക്കൊണ്ടേയിരിക്കണം.

ശിക്ഷാവിധികള്ക്ക് വൈദിക കാലത്തോളം പഴക്കമുണ്ട്.അവസാനമായി മനു എല്ലാത്തിനേയും ക്രോഢീകരിക്കുകയാണുണ്ടായത്.അങ്ങനെ മനുവിന്റെ സ്മൃതി ആധികാരികമായ ദണ്ഡനീതികളുടെ അവസാനവാക്കായി പരിണമിച്ചു.”ഇന്നത്തെ നിലവെച്ചു നോക്കിയാല് പ്രാചീന ദണ്ഡനീതികള് ഭീകരവും കഠിന ഹൃദയരെപ്പോലും നടുക്കുന്നതുമായിരുന്നു.ഏറ്റവും ക്രൂരമായ രീതിയിലാണ് അക്കാലത്ത് വധശിക്ഷ നടപ്പിലാക്കിയിരുന്നത്.മരത്തില് കെട്ടിനിറുത്തി തൊലിയുരിച്ചു കൊല്ലുക , തീയിലിട്ടു ചുട്ടുകരിക്കുക , തിളയ്ക്കുന്ന എണ്ണയിലിട്ട് വറുക്കുക, കഷണങ്ങളായി വെട്ടി നുറുക്കുക, ഇവയെല്ലാം സാധാരണ സംഭവങ്ങളായിരുന്നു.” വെന്ന് നമുക്കു കാണാം. ഇത്തരം ശിക്ഷാവിധികള് അനുഭവിച്ചിരുന്ന സാമൂഹികമായി പിന്തള്ളപ്പെട്ട ജനവര്ഗ്ഗമായിരുന്നുവെന്നതാണ് വസ്തുത. കുറ്റത്തിന്റെ കടുപ്പം എന്നതിനെക്കാള് ജാതിയെ അടിസ്ഥാനപ്പെടുത്തി ശിക്ഷാവിധികള് നടപ്പിലാക്കപ്പെട്ടു.സമൂഹത്തിലെ ഉന്നത സ്ഥാനീയരായ വിഭാഗങ്ങള് ചെയ്ത അതേ കുറ്റം താഴ്ന്ന നിലയിലുള്ളവര് ചെയ്താല് രണ്ടു തരത്തിലുള്ള ശിക്ഷകളായിരിക്കും ലഭിക്കുക. ആദ്യകൂട്ടര്ക്കു ലഘുവായതാണെങ്കില് രണ്ടാമത്തവര്ക്ക് വധശിക്ഷയോളമെത്തിയേക്കാം.ബ്രാഹ്മണരെ ശിക്ഷിക്കുവാന് അസാധ്യം തന്നെയായിരുന്നു. അവര്ക്കു ലഭിക്കുമായിരുന്ന ഏറ്റവും വലിയ ശിക്ഷ ജാതിഭ്രഷ്ടായിരുന്നു. അത് വിധിക്കാനുള്ള അധികാരമാകട്ടെ ആഴ്വാഞ്ചേരി തമ്പ്രാക്കളെന്ന ബ്രാഹ്മണരില് നിക്ഷിപ്തവുമായിരുന്നുവെന്ന് വേലായുധന് പണിക്കശേരി ചൂണ്ടിക്കാണിക്കുന്നുണ്ട്.ക്രിസ്ത്യാനികള്ക്കും മുസ്ലീമുകള്ക്കും വ്യത്യസ്ഥമായ ശിക്ഷണരീതികള് നിലനിന്നിരുന്നു.

ജാത്യധിഷ്ടിതവും പ്രാകൃതവുമായ ഒരു കാലത്തെയാണ് നാം മഹത്തും മാതൃകയുമായി വാഴ്ത്തിപ്പാടുന്നത്.മേല്ത്തട്ടുകാരുടെ പടപ്പുകളെയാണ് നാം ചരിത്രം വായിച്ചെടുക്കാന് അടിസ്ഥാനപ്പെടുത്തിയത്.അവിടെയൊന്നും വഴി വെട്ടിയവന്റെ കഥയില്ലായിരുന്നു. എന്നാല് ആ വഴിയേ ചെങ്കോലും കീരീടവും ധരിച്ച് തേരുകളില് പാഞ്ഞുപോയവന്റെ ഗുണഗണങ്ങള് ധാരാളമായി നിറച്ചു വെച്ചിരുന്നു.ഇനി വഴി വെട്ടിയവന്റെ ചരിത്രമാണ് എഴുതപ്പെടേണ്ടത്.


Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1