#ദിനസരികള് 633


            യുവതിപ്രവേശനത്തെത്തുടര്‍ന്ന് ശബരിമല നട അടച്ചുവെന്നും താന്ത്രികവിധി പ്രകാരം , തന്ത്രിയുടെ കാര്‍മികത്വത്തില്‍ ശുദ്ധീകരണ പ്രക്രിയകള്‍ പൂര്‍ത്തിയാക്കിയതിനു ശേഷമാണ് വീണ്ടും തുറന്നതെന്നുമുള്ള വാര്‍ത്തകളില്‍ പതിനഞ്ചു ദിവസത്തിനകം വിശദീകരണം നല്കാന്‍ തന്ത്രിയോട് ദേവസ്വം ബോര്‍ഡ് രേഖാമൂലം ആവശ്യപ്പെട്ടിരിക്കുകയാണ്.ഗുരുതരമായ ഭരണഘടനാ നിഷേധം നടത്തിയ തന്ത്രി അയിത്താചരണം നടത്തുകയായിരുന്നുവെന്നും തന്ത്രിയെ മാറ്റേണ്ടി വന്നാല്‍ നിയമനം നടത്തിയ ദേവസ്വം ബോര്‍ഡിന് അതുചെയ്യാന്‍ അധികാരമുണ്ടെന്ന് വകുപ്പുമന്ത്രിയും അസന്നിഗ്ദമായി വ്യക്തമാക്കിയിട്ടുണ്ട്.
            സാങ്കേതികമായി തന്ത്രിയുടെ വിശദീകരണം എന്തുതന്നെയായാലും യുവതി പ്രവേശനത്തെത്തുടര്‍ന്ന് നടയച്ചത് ഭരണഘടനയേയും ഇന്ത്യന്‍ നിയമവ്യവസ്ഥയേയും വെല്ലുവിളിക്കുന്ന നടപടിയാണ് എന്ന കാര്യത്തില്‍ സംശയമില്ല. സുപ്രിംകോടതി എന്തു വിധിച്ചാലും ക്ഷേത്രത്തില്‍ നടപ്പിലാക്കണമോ വേണ്ടയോ എന്നു തീരുമാനിക്കുന്നത് തന്ത്രിയോ അതുപോലുള്ളവരുടെ സമാജങ്ങളോ ആണെന്നു വരികില്‍ ജനാധിപത്യത്തിനും നിയമവ്യവസ്ഥിതിക്കും എന്താണ് പ്രസക്തി ? കേവലമൊരു പൌരന്‍ മാത്രമായ , മറ്റൊരു തരത്തിലുള്ള അധികാരവും ജനങ്ങളുടെ മുകളില്‍ ചുമത്താന്‍ അവകാശമില്ലാത്ത ഒരാള്‍ തന്നില്‍ നിക്ഷിപ്തമല്ലാത്ത അധികാരത്തെ ഉപയോഗിച്ചുകൊണ്ട് സുപ്രിംകോടതിയെ വെല്ലുവിളിക്കുന്നത് തെമ്മാടിത്തരമാണ്.അതും നിയമംമൂലം നിരോധിക്കപ്പെട്ട അയിത്താചരണമടക്കമുള്ള സംഭവങ്ങള്‍ നടന്നുവെന്ന് മന്ത്രിതന്നെ സമ്മതിച്ച സ്ഥിതിക്ക് ഒരു നിമിഷം പോലും തന്ത്രിയെ തല്‍സ്ഥാനത്ത് തുടരാന്‍ അനുവദിക്കാതിരിക്കുകയാണ് വേണ്ടത്. എന്നാല്‍ ജനാധിപത്യപരമായി മാത്രം പ്രവര്‍ത്തിക്കുന്ന സര്‍ക്കാറായാതുകൊണ്ട് തന്ത്രിക്കെതിരെ നടപടിയെടുക്കുന്നതിനുമുമ്പ് അയാളോട് വിശദീകരണം ചോദിക്കുക എന്ന രീതി ദേവസ്വംബോര്‍ഡ് അനുവര്‍ത്തിച്ചത് പ്രശംസനീയം തന്നെയാണ്.ജനാധിപത്യബോധമില്ലാത്തെ ബ്രാഹ്മണരാക്ഷസനായതന്ത്രിയുടെ അതേ രീതി ഉത്തരവാദിത്വബോധമുള്ള സ്ഥാപനങ്ങള്‍ പ്രകടിപ്പിക്കരുതല്ലോ !.
            എന്തുവിലകൊടുത്തും തന്ത്രിയെ സംരക്ഷിക്കുമെന്ന നിലപാടാണ് കേരള തന്ത്രി സമാജത്തിന്റേയും അഖിലേന്ത്യാ ബ്രാഹ്മണ സഭയുടേയും പ്രസ്ഥാവനകള്‍ വ്യക്തമാക്കുന്നത്.കെട്ടുപോയ സവര്‍ണാധിപത്യത്തെ പുനസ്ഥാപിച്ചെടുക്കുന്നതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് ഈ തീരുമാനമെന്ന കാര്യത്തില്‍ സംശയമില്ല. തന്ത്രിമാരുടെ സഭ കൂടി തീരുമാനിച്ചാല്‍ മാത്രമേ സുപ്രിംകോടതി വിധി നടപ്പിലാക്കാനാകൂ എന്നും ശബരിമലയെ സംബന്ധിച്ച് ദേവന്റെ പിതൃസ്ഥാനീയനായ തന്ത്രിക്ക് പ്രത്യേക അധികാരങ്ങളുണ്ട് എന്നുമാണ് തന്ത്രിപക്ഷം പറയുന്നത്. നീണ്ട പന്ത്രണ്ടു വര്‍ഷക്കാലം വാദിച്ചിട്ടും സുപ്രിംകോടതിയെ അഞ്ചുപേരെപ്പോലും ബോധ്യപ്പെടുത്താനാകാത്ത വാദങ്ങളുമായി ഇന്ത്യയിലെ ബഹുസഹസ്രം ജനങ്ങളുടെ മുന്നിലേക്ക് വരുന്ന ഇക്കൂട്ടര്‍ വഴങ്ങുന്നില്ലെങ്കില്‍ അടിച്ചമര്‍ത്തുകതന്നെ വേണമെന്നും അതിനായി ജനാധിപത്യ സവര്‍ണവിരുദ്ധ സമൂഹം ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണമെന്നുമാണ് എന്റെ ഭരണഘടനാ ബോധ്യങ്ങള്‍ പറയുന്നത്.       

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം