#ദിനസരികള്‍ 625



            വാസ്കോ ഡ ഗാമാ കപ്പലിറങ്ങിയത് എവിടെയാണ്? കുട്ടിക്കാലം മുതല്‍ കേള്‍ക്കുന്ന ചോദ്യത്തിന് പഠിച്ചു വെച്ചിരിക്കുന്ന ഉത്തരം കോഴിക്കോടിനടുത്തുള്ള കാപ്പാട് എന്ന സ്ഥലത്താണ് എന്നാണ്.എന്നാല്‍ അതു തെറ്റാണെന്നാണ് ചരിത്രകാരനായ എം ജി എസ് നാരായണന്‍ കേരള ചരിത്രത്തിലെ പത്തു കള്ളക്കഥകള്‍ എന്ന പുസ്തകത്തിലെ ഗാമ കാപ്പാട് കപ്പലിറങ്ങിയ കഥ എന്ന ലേഖനത്തിലൂടെ പറയുന്നത്.ഡോ. സഞ്ജയ് സുബ്രഹ്മണ്യത്തിന്റെ The Career and Legend of Gama എന്ന പുസ്തകത്തെ അടിസ്ഥാനപ്പെടുത്തിയാണ് എം ജി എസ് ഈ ലേഖനമെഴുതിയിട്ടുള്ളതെന്നത് പ്രസ്തുത വാദത്തിന്റെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കുന്നുണ്ട്.( ഞാന്‍ ആ പുസ്തകം വായിച്ചിട്ടില്ല. അതുകൊണ്ട് എം ജി എസ് പറയുന്നതിനെ ഏറ്റു പറയുക മാത്രം ചെയ്യുന്നു. )

            പാഠപുസ്തകങ്ങളിലും നമ്മുടെ ബോധ്യങ്ങളിലും നീണ്ടനാളുകളായി നിലനില്ക്കുന്ന ആ കള്ളക്കഥ ആര്‍ക്കിയോളജക്കല്‍ സര്‍‌വ്വേ ഓഫ് ഇന്ത്യ ഉണ്ടാക്കിയെടുത്തതാണ് എന്നാണ് അദ്ദേഹം പറയുന്നത്. അടിസ്ഥാനപരിശോധനകളൊന്നും കൂടാതെ കോഴിക്കോടിനടുത്തുള്ള കാപ്പാട് എന്ന സ്ഥലത്ത്  1498 മെയ് 20 ന് വാസ്കോ ഡ ഗാമ കപ്പലിറങ്ങി എന്നൊരു സ്തൂപം അവര്‍ സ്ഥാപിച്ചു. അതോടെയാണ് ഈ അസംബന്ധത്തിന് ഔദ്യോഗിക പരിവേഷം ലഭിക്കുന്നതും വ്യാപകമായി പഠിക്കുകയും പഠിപ്പിക്കപ്പെടുകയും ചെയ്യുന്നത്.ഒരു തരത്തില്‍ ഉത്തരേന്തന്‍ മേധാവിത്തമുള്ള സര്‍‌വ്വേക്ക് ദക്ഷിണേന്ത്യാചരിത്രത്തിലെ പ്രത്യേകിച്ച് കേരളത്തിലെ സംഭവങ്ങളെക്കുറിച്ച് ഉദാസീനമനോഭാവത്തിന്റെ ലക്ഷണമാണിത്.എന്ന് ഈ ശിലാസ്ഥാപനം നടത്തിയ A S I യുടെ മനോഭാവത്തെക്കുറിച്ച് വിമര്‍ശനാത്മകമായി എം ജി എസ് എഴുതുന്നു.   

            പിന്നെ എവിടെയാണ് ഗാമ കപ്പലിറങ്ങിയത് ? പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് വൈകി ഏഴിമലയിലെത്തിയ ഗാമയ്ക്ക്  കോഴിക്കോടേക്കുള്ള യാത്രയില്‍ വഴി തെറ്റി.രാത്രിയില്‍ കാപ്പാട് അങ്ങാടിയില്‍ നിന്നുമുള്ള വെളിച്ചം കണ്ടപ്പോള്‍ അതു കോഴിക്കോടാണെന്ന് തെറ്റിദ്ധരിച്ചു അവിടെ നങ്കൂരമിട്ടു. പിറ്റേന്ന് കപ്പലിലേക്ക് വന്ന പ്രാദേശിക മത്സ്യത്തൊഴിലാളികളില്‍ നിന്നും കോഴിക്കോടേക്ക് ഇനിയും ഏറെ ദൂരമുണ്ടെന്ന് മനസ്സിലാക്കിയ ഗാമ തന്റെ ഒരു തടവുപുള്ളിയെ തൊഴിലാളികളുടെ കൂടെ കരയിലേക്ക് അയച്ചു.അയാള്‍ കരയിലെത്തി മൊറോക്കന്‍ വ്യാപാരികളില്‍ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഒരാഴ്ച കഴിഞ്ഞു മാത്രമേ സാമൂതിരി രാജാവ് സ്ഥലത്തുണ്ടാകുകയുള്ളു എന്ന് മനസ്സിലാക്കി. ഒരാഴ്ചയ്ക്കു ശേഷം സാമൂതിരിയുടെ നിര്‍‌ദ്ദേശപ്രകാരം കപ്പലുകള്‍ പന്തലായിനിയ്ക്ക് അടുത്തുള്ള കൊല്ലം എന്ന സ്ഥലത്തേക്ക് തിരിച്ചു വിടപ്പെട്ടു.കപ്പലുകള്‍ക്ക് കരയിലേക്ക് അടുക്കാനുള്ള സൌകര്യം അവിടെയാണ് ഉള്ളതത്രേ ! അങ്ങനെ ഇവിടെ ആദ്യമായി കാലുകുത്തിയ ഗാമയെ ആഘോഷമായി എഴുന്നള്ളിച്ചുകൊണ്ട് കോഴിക്കോട് നഗരത്തിലേക്ക് ആനയിച്ചുവെന്ന് എംജിഎസ് എഴുതുന്നു.

            ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ സ്ഥാപിച്ച തെറ്റായ സ്തൂപം ഇനിയെങ്കിലും അവിടെ നിന്നും മാറ്റണമെന്നും രേഖപ്പെടുത്തപ്പെട്ട തെറ്റായ വിവരങ്ങളെ തിരുത്തണമെന്നും എം ജി എസ് ആവശ്യപ്പെടുന്നു.

Comments

Popular posts from this blog

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1208 - കടലു കാണാന്‍ പോയവര്‍