#ദിനസരികള്‍ 621




            സംഘപരിവാരമെന്ന കോമാളിക്കൂട്ടത്തിലേക്ക് ഗോപാലകൃഷ്ണന്‍, സുരേന്ദ്രന്‍ ,ശോഭ സുരേന്ദ്രന്‍ പ്രഭൃതികള്‍കള്‍ക്ക് ബുദ്ധിപരമായും സൈദ്ധാന്തികമായും  കടുത്ത വെല്ലുവിളിയുയര്‍ത്തിക്കൊണ്ട് ടി പി സെന്‍കുമാരനെന്ന റിട്ടയേഡ് ഐ പി എസ് ഉദ്യോഗസ്ഥന്‍ കൂടി ചേര്‍ന്നതോടെ ഇനിയങ്ങോട്ട് അവര്‍ തമ്മിലുള്ള മത്സരം കൊഴുക്കുമെന്നാണ് പ്രമുഖരായ രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. ഇന്നലെത്തന്നെ അദ്ദേഹം നടത്തിയ പ്രകടനത്തിന്റെ മുന്നില്‍ സുരേന്ദ്രനും ശോഭയ്ക്കും എന്തിന് സാക്ഷാല്‍ ഗോപാലകൃഷ്ണനുപോലും പിടിച്ചു നില്ക്കാന്‍ വിഷമമായിരിക്കുമെന്നതിന്റെ സൂചനയാണ് പുറത്തു വരുന്നതെന്ന് അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.അതുകൊണ്ട് ഉത്തരോത്തരം ഊര്‍ദ്ധ്വന്‍ വലിച്ചുകൊണ്ടിരിക്കുന്ന പരിവാരത്തിന്റെ ഉയരങ്ങളിലേക്കുള്ള യാത്ര ക്ഷിപ്രസാധ്യമാക്കാന്‍ ഇത്തരം പുംഗവന്മാരുടെ സാന്നിധ്യം സഹായിക്കുമെന്ന ശുഭപ്രതീക്ഷയില്‍ ഞാനും ആനന്ദതുന്ദിലനാണ്.
            പാളത്താറുടുത്തു അങ്കത്തട്ടിലേറി വായ്ത്താരി മുഴക്കി ടിപി സെന്‍കുമാരനു വേണ്ടി ഇച്ചിരെക്കാലംമുമ്പ് ഗോദയിലിറങ്ങിയ യുഡിഎഫിലെ ചില മാന്യന്മാരുണ്ടല്ലോ , അവരെക്കൂടി ഈ സന്ദര്‍ഭത്തില്‍ നാം സ്മരിക്കാതെ പോകരുത്. എന്തൊക്കെയായിരുന്നു അവരന്ന് ഉന്നയിച്ചിരുന്നതെന്ന് അവരുടെ പിന്നാലെ പോകുന്നവരെങ്കിലും ഒന്നന്വേഷിച്ചു വെയ്ക്കുന്നത് നല്ലതാണ്. മുഖം നോക്കാതെ നടപടിയെടുത്തിരുന്ന രാഷ്ട്രീയമില്ലാത്ത നീതിമാനായിരുന്ന കോമളനായിരുന്നു സെന്‍കുമാരനെന്നാണ് അന്ന് ശ്രീമാന്‍ രമേശ് ചെന്നിത്തല പാടി നടന്നിരുന്നത്. ഇന്നും അദ്ദേഹത്തിന് ആ പാട്ടില്‍ മാറ്റമുണ്ടാക്കാന്‍ വഴിയില്ല. കാരണം അടുത്തു തന്നെ , മിക്കവാറും നിയമസഭ ഇലക്ഷനോടുകൂടി ,  സെന്‍കുമാരന്റെ വലതുഭാഗത്ത് ഒരു സീറ്റ് ചെന്നിത്തലയ്ക്കു വേണ്ടിയും ബുക്കുചെയ്തു വെച്ചിട്ടുണ്ടെന്നാണ് കോണ്‍ഗ്രസിലെത്തന്നെ ചില കേന്ദ്രങ്ങളിലെ കുശുകുശുപ്പ്.അതുകൊണ്ട് ഇനിയായാലും മറിച്ചൊരഭിപ്രായം ചെന്നിത്തല പറയുമെന്ന് നാം കരുതണ്ട. പക്ഷേ റിട്ടയേഡ് ഡിജിപിയെക്കുറിച്ച് പിണറായി വിജയന്‍ പണ്ടേ പറഞ്ഞത്  സെന്‍കുമാരന്‍ സംഘപരിവാരത്തിലുള്ള ആളാണെന്നാണ്. അതുകൂടി ഇത്തരുണത്തില്‍ ഓര്‍ക്കുന്നത് നന്ന്.
            ഗവര്‍ണറായി നിയമിച്ചുകൊണ്ട് കേരളത്തിന്റെ രാഷ്ട്രീയാന്തരീക്ഷത്തില്‍ ഫലപ്രദമായി ഇടപെടാനുളള ബി ജെ പിയുടെ വജ്രായുധമായി ടി പി സെന്‍കുമാറിനെ ചില മാധ്യമങ്ങള്‍ ചിത്രീകരിച്ചിരുന്നുവല്ലോ.സത്യം പറഞ്ഞാല്‍ ചില മതേതരവാദികള്‍ സൌഹൃദ സംഭാഷണങ്ങളില്‍ അത്തരമൊരു സാധ്യതയെ ഇത്തിരി ആശങ്കയോടെയാണ് പലപ്പോഴും വിലയിരുത്തിയത്. ഒന്നാമത് സംസ്ഥാനത്തിന്റെ ഡി ജി പി സ്ഥാനത്തിരുന്നയാളെന്ന പരിവേഷത്തില്‍ അയാള്‍ക്ക് കൂടുതലായി ഇടപെടാന്‍ കഴിയും എന്ന ധാരണയാണ് ആ ആശങ്കയുടെ അടിസ്ഥാനമായിരുന്നത്. എന്നാല്‍ ഇനി ആ പടക്കം പൊട്ടാന്‍ പോകുന്നില്ലെന്നതാണ് ഇന്നലത്തെ അധ്യായത്തോടെ കേരളത്തിന് ബോധ്യമാകുന്ന മറ്റൊരു വസ്തുത.
            പണ്ടേ എഴുതിത്തള്ളിയതാണെങ്കിലും വെറുമൊരു അസംബന്ധം മാത്രമാണ് ഇയാളെന്ന് എനിക്കു ശരിക്കും ബോധ്യം വരുന്നത് , ഒരു സാധാ പോലീസുകാരന്റെ കഴുത്തിനു കുത്തിപ്പിടിച്ച് നെയിംപ്ലേറ്റു പറിച്ചെടുത്തുകൊണ്ട് അയാളെ സസ്പെന്റ് ചെയ്യാന്‍ വേണ്ടി ഉത്തരവിടുന്നതു കണ്ടതോടെയാണ്. അന്നു തീര്‍ന്നതാണ് സെന്‍കുമാറെന്ന മാന്യദേഹത്തോടുള്ള ബഹുമാനമെന്നുകൂടി പറയട്ടെ.


            അഞ്ചുദിവസങ്ങള്‍ക്കശേഷം സമത്വം എന്ന ആശയത്തെ മുറുകെപ്പിടിച്ചുകൊണ്ട് കേരളത്തിലെ വനിതകള്‍ കൈകോര്‍ത്തുപിടിക്കുകയാണ്. ഏതെങ്കിലും പ്രത്യേക വിശ്വാസങ്ങളെ അവര്‍ നിരാകരിക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്യുന്നില്ല. മറിച്ച് പുരുഷന്മാര്‍ക്ക് ഇടപെടാവുന്ന , കയറി നില്ക്കാവുന്ന ഇടങ്ങളിലെല്ലാം സ്ത്രീകള്‍ക്കും കയറാമെന്നും അതിനപ്പുറത്ത് ഏതെങ്കിലും വിവേചനങ്ങളുണ്ടെങ്കില്‍ അത് തെറ്റാണെന്ന് പ്രഖ്യാപിക്കുകയുമാണ് ആ കൂട്ടായ്മ ചെയ്യാന്‍ പോകുന്നത്.പുരുഷമേല്‍‌ക്കോയ്മ വാഴുന്ന ഒരു സമൂഹത്തില്‍ സ്ത്രീകളും തുല്യരായിത്തന്നെ പരിഗണിക്കപ്പെടണം എന്ന ആവശ്യത്തിന് വളരെയേറെ പ്രസക്തിയുണ്ടെന്ന് മനസ്സിലാക്കപ്പെടണം.ആ പ്രഖ്യാപനമാണ് വനിതകള്‍ ജനുവരി ഒന്നിന് നടത്താന്‍ പോകുന്നത്.ഈ വിഷയം ശബരിമലയിലെ സ്ത്രീപ്രവേശനവുമായി കൂട്ടിക്കുഴച്ച് വിശ്വാസികള്‍ക്കും മതസമൂഹത്തിനുമെതിരെയാണ് വനിതാ മതിലെന്ന തരത്തില്‍ നടക്കുന്ന പ്രചാരണങ്ങള്‍ അസംബന്ധമാണ്.ലിംഗനീതി, തുല്യത എന്നീ ആശയങ്ങളെ മാത്രമാണ് വനിതാമതില്‍ മുന്നോട്ടു വെയ്ക്കുന്നത്.

        അയ്യപ്പജ്യോതിയും വനിതാമതിലും തമ്മില്‍ അഞ്ചുദിവസമല്ല, മറിച്ച് അഞ്ചുനൂറ്റാണ്ടുകാലത്തെ ദൂരമുണ്ട്. ചരിത്രത്തില്‍ എവിടെയാണ് നമ്മുടെ സ്ഥാനമെന്നാണ് ഇനി അടയാളപ്പെടുത്താനുള്ളത്.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1