#ദിനസരികള്‍ 619


ശബരിമലയില് ദര്ശനത്തിനെത്തിയ മനീതി പ്രവര്ത്തകര് , ഭ്രാന്തു പിടിച്ച ഒരു കൂട്ടം ക്രിമിനലുകള് അസാമാന്യമായ ആള്ക്കൂട്ടത്തിന്റെ പിന്ബലത്തില് പൊടുന്നനെ സൃഷ്ടിച്ച കനത്ത പ്രതിഷേധത്തെത്തുടര്ന്ന് ജീവനും കൈയ്യിലെടുത്തു പിടിച്ചുകൊണ്ട് ഓടി രക്ഷപ്പെട്ടിരിക്കുന്നു. അവരോടൊപ്പം മത്സരിച്ചോടി കേരളവും നൂറ്റാണ്ടുകള്ക്കപ്പുറത്തേക്ക് ചെന്നു നില്ക്കുന്നു. ഇന്ത്യയില് മറ്റൊരു സംസ്ഥാനത്തുമില്ലാത്ത വിധം ഭരണഘടനയെ ഉയര്ത്തിപ്പിടിക്കുന്നുവെന്ന് അഭിമാനിക്കുന്ന ഒരു ജനത, നവോത്ഥാനമൂല്യങ്ങളെന്ന നെടുങ്കോട്ടകളുടെ സംരക്ഷണമുണ്ടെന്ന് അഭിമാനിക്കുന്ന ഒരു ജനത പകല് വെളിച്ചത്തില് നഗ്നരാക്കപ്പെട്ട് ലോകത്തിന്റെ മുന്നില് ചൂളി നില്ക്കുന്നു, ഇങ്ങിനിയുയരാത്തവിധം കുനിഞ്ഞുപോയ ശിരസ്സുമായി.

തികച്ചും നിര്ഭാഗ്യകരമായ ഈ സംഭവത്തെ പിന്പറ്റി ഇടതുപക്ഷ സര്ക്കാറിനെ പ്രതിക്കൂട്ടില് നിറുത്തുവാനുള്ള വ്യായാമങ്ങള് നടക്കുന്നു. രാഷ്ട്രീയ താല്പര്യങ്ങള്ക്കു വേണ്ടി ശബരിമലയെ ഉപയോഗിച്ചവരും ഭരണഘടനയെ ലംഘിച്ചുകൊണ്ട് വിശ്വാസത്തെ സംരക്ഷിക്കണമെന്ന് വാദിച്ചവരുമൊക്കെ നവോത്ഥാന മൂല്യങ്ങളെ സംരക്ഷിക്കുന്നതില് വീഴ്ച പറ്റിയെന്ന് ആക്ഷേപിച്ചുകൊണ്ടു സര്‌ക്കാറിനെതിരെ തിരിയുന്ന രസകരമായ കാഴ്ച നാം കാണുന്നു. എല്ലാ പ്രശ്നങ്ങള്ക്കും കാരണക്കാരായ അത്തരം ആളുകളുടെ പേക്കൂത്തുകളെ നാം അവഗണിക്കുക.

പോലീസ് ശബരിമല വിഷയത്തില് തുടക്കം മുതലേ ശ്ലാഘനീയമായ നിലപാടാണ് സ്വീകരിച്ചു പോന്നിട്ടുള്ളത്. ആദ്യദിവസം തന്നെ നിലയ്ക്കലില് പോലീസ് കാണിച്ച സഹനമാണ് സംഘപരിവാരത്തിന്റെ യഥാര്ത്ഥമുഖം എന്തെന്ന് കേരളത്തിനു മുന്നില് തുറന്നു കാണിച്ചത്.അക്രമികളുടെ അഴിഞ്ഞാട്ടമുണ്ടായിട്ടും സംയമനത്തോടെ നേരിട്ട പോലീസ് കേരളം നാളിതുവരെ കാണാത്ത തന്ത്രപരമായ നീക്കത്തിലൂടെ നമ്മെ അത്ഭുതപ്പെടുത്തി.ശബരിമലയെ മറ്റൊരു അയോധ്യയാക്കി മുതലെടുപ്പു നടത്താന് ശ്രമിച്ചവരെ പോലീസിന്റെ ബുദ്ധിപരമായ നീക്കങ്ങള് തടഞ്ഞു നിറുത്തി. പ്രതിഷേധക്കാര്‌ക്കെതിരെ വെടിവെച്ചിട്ടായാലും സുപ്രീംകോടതി വിധി നടപ്പിലാക്കണമെന്നു വാദിക്കുന്നവര് താല്പര്യ‌പ്പെടുന്നത് സംഘപരിവാരത്തിന്റെ മുന്നേറ്റമാണെന്നും അതിനൊരു കലാപവും കുറേ മരണങ്ങളും അനിവാര്യമാണെന്നും ഭരണാധികാരികള് തിരിച്ചറിഞ്ഞതിന്റെ കൂടി ഫലമാണ് ശബരിമല ഇന്നും വര്ഗ്ഗീയവാദികളുടെ ബാലികേറാമലയായി നിലകൊള്ളുന്നത്.

എന്നാല് മനിതകളുടെ സന്ദര്ശനവുമായി ബന്ധപ്പെട്ട പോലീസിന് വീഴ്ച സംഭവിച്ചുവോ എന്ന് ന്യായമായും സംശയിക്കാവുന്നതാണ്. നേരത്തെ പ്രഖ്യാപിച്ചതിനു ശേഷമാണ് അവരുടെ വരവുണ്ടായത്.പമ്പ മുതല്തന്നെ പ്രതിഷേധവും ആരംഭിച്ചിരുന്നു. അവരെ അറസ്റ്റു ചെയ്തു നീക്കി അമ്പതുമീറ്റര് പിന്നിട്ടപ്പോഴേക്കും അതിശക്തമായ പ്രതിഷേധത്തിന്റെ ഫലമായി പോലീസിനും വനിതകള്ക്കും തിരിഞ്ഞോടേണ്ടിവന്നത് ദയനീയമായ കാഴ്ചയായി .ഇതിലും ശക്തമായ പ്രതിഷേധത്തിന്റെ കാലത്തുപോലും പോലീസിന് ഇത്രക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നു പറയേണ്ടിവരുന്നത് ഖേദകരമാണ്. ഇന്നെലെയുണ്ടായിരുന്ന അഭൂതപൂര്വ്വമായ തിരക്കിനെക്കുറിച്ചും ക്രിമിനലുകള് സംഘടിക്കുവാനുള്ള സാധ്യതയെക്കുറിച്ചുമൊക്കെ യഥാസമയം വേണ്ടപ്പെട്ടവരെ അറിയിക്കുന്ന കാര്യത്തില് പോലീസിലെ ഇന്റലിജന്സിന് വീഴ്ച സംഭവിച്ചുവോയെന്ന് ന്യായമായും സംശയിക്കാവുന്നതാണ്. വെടിവെച്ച് വഴിയൊരുക്കണമായിരുന്നുവെന്നോ ബലംപ്രയോഗിക്കണമായിരുന്നുവെന്നോ അല്ല ഞാന് പറയുന്നത്. നേരത്തെ പ്രഖ്യാപിച്ചതിനു ശേഷമെത്തിയെ വനിതകള്ക്ക് മതിയായ സുരക്ഷയൊരുക്കുന്നതില് പിഴവില്ലാത്ത ജാഗ്രത കാണിക്കണമായിരുന്നുവെന്ന് മാത്രമാണ്.സംസ്ഥാന സര്ക്കാറിനെപ്പോലും പ്രതിക്കൂട്ടിലേക്ക് എത്തിക്കുന്ന തരത്തിലുള്ള വീഴ്ച പോലീസിന്റെ ഭാഗത്തുനിന്നുമുണ്ടാകരുതായിരുന്നു.



കുറഞ്ഞ പക്ഷം കേരളത്തിലെ ജനതയുടെ മൂല്യങ്ങളെ വിശ്വസിച്ച് വന്ന ആ കൂട്ടായ്മയിലെ വനിതകള്ക്ക് മാന്യമായി പിന്തിരിയാനുള്ള ഒരവസരമെങ്കിലും പോലീസ് സൃഷ്ടിക്കേണ്ടതായിരുന്നു.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1