#ദിനസരികള്‍ 620
ധിക്കാരികളും നിഷേധികളുമാണ് ഇക്കാണുന്ന ലോകത്തെ സൃഷ്ടിച്ചത്. അവര് വ്യവസ്ഥകളെ വെല്ലുവിളിച്ചു. നെറികേടുകളെ നേര്ക്കുനേര് നേരിട്ടു.അധികാരത്തിന്റെ തണലുകളില് ചുറ്റിപ്പറ്റിനിന്ന് ഇളവേല്ക്കാതെ പൊള്ളുന്ന മണല്‌പ്പാതകളിലേക്ക് പൊരിവെയിലത്ത് ഇറങ്ങി നിന്നു. ചമ്മട്ടികള് ആയുധങ്ങളായി.ചില ജീവനുകള് കുരിശേറി. ചിലരാകട്ടെ അന്ധതമൂടിയ സിംഹാസനങ്ങള് വെച്ചു നീട്ടിയ വിഷം സന്തോഷപൂര്വ്വം വാങ്ങിക്കുടിച്ചു മരണം വരിച്ചു. മറ്റു ചിലരാകട്ടെ തീക്കുണ്ഡങ്ങളിലേക്ക് സ്വയം വലിച്ചെറിഞ്ഞു എരിഞ്ഞൊടുങ്ങി. ചിലര് മാപ്പു പറഞ്ഞുകൊണ്ടു ഉള്ളില് പൊട്ടിച്ചിരിച്ചു.ചിലരാകട്ടെ അലബാമായുടെ തെരുവുകളില് വെളുത്തകുഞ്ഞുങ്ങളും കറുത്ത കുഞ്ഞുങ്ങളും കൈകോര്ത്തു പിടിച്ചു നൃത്തം ചെയ്യുന്നത് സ്വപ്നം കണ്ടു.അങ്ങനെ തൂക്കുകയറുകളിലേക്ക്, വെടിയുണ്ടകളിലേക്ക്, വാള്മുനകളിലേക്ക് കൂസലെന്യേ നടന്നു കയറിവരാണ് ഇന്നത്തെ നമ്മുടെ ലോകത്തെ പണിതുയര്ത്തിയത്.
ഭൂരിപക്ഷം എക്കാലത്തും അവര്‌ക്കെതിരായിരുന്നു. തക്കം കിട്ടിയാല് പതിയിരുന്നാക്രമിക്കാനും ഒറ്റിക്കൊടുക്കാനും അക്കൂട്ടര് മത്സരിച്ചു. താല്കാലികമായുണ്ടായ വിജയത്തിനു മുന്നില് മതിമറന്നുകൊണ്ട് തങ്ങളാണ് ലോകം അടക്കിഭരിക്കുന്ന ജേതാക്കളെന്ന് ഒറ്റുകാര് അഹങ്കരിച്ചു.എന്നാല് കുരിശേറ്റാന് വിധിച്ചവനെക്കാളും കുരിശേറിയവനെ കാലം നെഞ്ചേറ്റുന്നത് നാം കണ്ടു. മറ്റുള്ളവരെ ഇങ്ങിനി കണ്ടെടുക്കാന് കഴിയാത്ത വണ്ണം ചരിത്രം പടുകുഴികളിലേക്ക് വലിച്ചെറിഞ്ഞു.
വാനരനില് നിന്നും നരനിലേക്ക് ഇനിയും ഇനിയും നടക്കാനുണ്ട് എന്നാണ് ഓരോ സന്ദിഗ്ദഘട്ടത്തിലും നിഷേധികള് പ്രഖ്യാപിച്ചത്.നിങ്ങള് യഥാര്ത്ഥത്തില് മനുഷ്യരായിട്ടില്ല എന്ന്. ഇനിയും ഇനിയും പരിണമിച്ച് പരിണമിച്ച് മുന്നേറാനുണ്ട് എന്ന്. എന്നാല് അതു സമ്മതിച്ചു തരുവാന് വാനരന്മാര് കൂട്ടാക്കിയില്ല. തങ്ങളാണ് സര്വ്വശക്തരായ മനുഷ്യരെന്ന് അവര് പല്ലിളിച്ചു.തങ്ങളുടെ ശരിയാണ് ശരിയായ ശരിയെന്ന് അവര് വാശി പിടിച്ചു.
എന്നാല് ചരിത്രം അവരുടെ കല്പനകള്ക്കുമുന്നില് തളം കെട്ടി നിന്നില്ല. അത് അവരേയും കടന്നു നിഷേധികളുടെ കൈകളില് പിടിച്ചുകൊണ്ടു മുന്നോട്ടുപോയി. അവര് പന്തിഭോജനം നടത്തി. തൊടലും തീണ്ടലും നിറുത്തി.ക്ഷേത്രപ്രവേശനം നടത്തി.ഒരിക്കല് നിഷിദ്ധമായിരുന്ന രാജപാതകളിലൂടെ വില്ലുവണ്ടികളില് തലയുയര്ത്തിപ്പിടിച്ച് കിരീടംചൂടി നിഷേധികള് പാഞ്ഞുപോയപ്പോള് അവര് പൊഴിച്ച പ്രഭാപ്രസരത്തെ ഉള്ക്കൊള്ളാനാകാതെ പലരും പൂതലിച്ച മതിലുകളും കമാനങ്ങളും കാവല് നില്ക്കുന്ന ഇരുണ്ട കോട്ടകളുടെ പഴമമൂടിയ അകത്തളങ്ങളിലിരുന്നു ചീഞ്ഞു ചീഞ്ഞു മണ്ണുപൊത്തി.വെള്ളികെട്ടിയ സ്ഥാനവടികള് പാടത്തു കന്നുകാലികളെ പൂട്ടുന്നവന്റെ കൈയ്യില് ചാട്ടക്കോലുകളായി.
ചരിത്രം ഇതായിരിക്കേ , മനുഷ്യവര്ഗ്ഗത്തിന്റെ ചരിത്രം ഇതായിരിക്കേ, പ്രിയപ്പെട്ട സുഹൃത്തേ , ചോദ്യം ഒന്നേയുള്ളു :- നിങ്ങള് ആരുടെ കൂടെയാണ് ?
Comments