#ദിനസരികള്‍ 624



            മിണ്ടാതിരിക്കുക എന്ന് നാം ആരോടും പറയാന്‍ പാടില്ല എന്നു വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍.കാരണം അതിലൊരു അടിച്ചമര്‍ത്തലുണ്ട്, ഒരു നിഷേധാത്മകത്വമുണ്ട്, അന്യനോട് , അവന്റെ ആശയങ്ങളോട് പ്രകടിപ്പിക്കപ്പെടുന്ന അസഹിഷ്ണുതയുണ്ട്.തുല്യത എന്ന ആശയത്തിന് എക്കാലത്തേയുംകാള്‍ പ്രാധാന്യം കൈവന്നിരിക്കുന്ന ഈ സമയത്ത് നാം എല്ലാവരേയും കേള്‍ക്കാന്‍ തയ്യാറാകണം.എല്ലാവര്‍ക്കും സംസാരിക്കുവാനുള്ള അവസരമുണ്ടാകണം. അങ്ങനെ മാത്രമേ ഫാസിസത്തിന്റെ അടക്കിഭരിക്കലുകളെ നിശ്ശബ്ദമാക്കലുകളെ നമുക്കു പ്രതിരോധിക്കാന്‍ കഴിയൂ. അതുകൊണ്ട് മിണ്ടാതിരിക്കുക എന്നല്ല മിണ്ടിക്കൊണ്ടേയിരിക്കുക എന്നു വേണം നാം പറയാന്‍

            എന്നാലോ ? ചിലരുണ്ട്. അവര്‍ സ്ഥാനത്തും അസ്ഥാനത്തും സംസാരിച്ചുകൊണ്ടേയിരിക്കും.എന്താണ് പറയുന്നതെന്നോ പറയേണ്ടതെന്നോ ഒരു ധാരണയുമുണ്ടാകില്ല.അവര്‍ പറഞ്ഞതില്‍ പലതും പറഞ്ഞില്ലെങ്കിലും ഒരു കുഴപ്പവുമുണ്ടാകില്ല.അവരതു പറഞ്ഞതുകൊണ്ടുണ്ടാകുന്ന ആകെയുള്ള ഗുണം, ഒറ്റക്കെട്ടായി പോകുന്നയിടങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കാമെന്നതുമാത്രമാണ്. അത്തരക്കാര്‍ ഒരു മുന്നേറ്റത്തെയാകമാനം പിന്നോട്ടു പിടിച്ചു വലിക്കുന്നു.ഒരു യുദ്ധമുന്നണിയില്‍ സേനാംഗങ്ങള്‍ക്ക് പരസ്പരവിരുദ്ധമായ നിര്‍‌ദ്ദേശങ്ങള്‍ നല്കുന്നവര്‍ ആ സേനയെയാകെമാനം ആശയക്കുഴപ്പത്തിലാക്കുന്നപോലെ ഇത്തരക്കാരും അതുവരെയെടുത്ത നിലപാടുകളുടെ വിശ്വാസ്യത പൊതുജനമധ്യത്തില്‍ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമുണ്ടാക്കുന്നു. അവരോട് മിണ്ടാതിരിക്കുക എന്നു പറയുന്നതാണ് ഫാസിസ്റ്റുവിരുദ്ധ മുന്നേറ്റത്തിനു ശക്തി പകരുക.

            ഇങ്ങനെ വാചാടോപം നടത്തി കുഴപ്പമുണ്ടായിയെന്ന് മനസ്സിലാക്കുന്നവര്‍ ഉടനടി സ്വീകരിക്കുന്ന തന്ത്രമാണ് തന്റെ വാക്കുകളെ തെറ്റായി വ്യാഖ്യാനിച്ചതാണ് എന്ന വാദം. സമൂഹത്തിലെ പ്രധാനികളായവരുടെ വാക്കുകള്‍ സങ്കുചിതമായ വീക്ഷണങ്ങള്‍ കൈമുതലാക്കി കൊണ്ടുനടക്കുന്നവര്‍ വളച്ചൊടിക്കാറുണ്ട്, തെറ്റായി വ്യാഖ്യാനിക്കാറുണ്ട്.എന്നാല്‍ അത്തരമൊരു സാധ്യത മുന്നില്‍ കണ്ടുകൊണ്ട് വാക്കുകള്‍ പ്രയോഗിക്കുന്നതില്‍ നാം സൂക്ഷ്മത പാലിച്ചില്ലെങ്കില്‍ , പ്രത്യേകിച്ച് സംഘര്‍ഷങ്ങളുടെ ഇക്കാലത്ത്, ഇനി ഏതു കാലത്താണ് നാം അതു പഠിക്കുക? അതുകൊണ്ടുതന്നെ സി പി ഐ എം സംസ്ഥാന കമ്മറ്റി അംഗം സഖാവ് ചന്ദ്രന്‍ പിള്ള ഇന്നലെ മാതൃഭൂമി ചാനലിലെ ഒരു ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ടു പറഞ്ഞ കാര്യങ്ങള്‍ നാം ശരിയായ വിധത്തില്‍ വിലയിരുത്തിപ്പോകേണ്ടതുതന്നെയാണ്.

            ചോദ്യം , നിങ്ങള്‍ ഏതുപക്ഷത്തെ കൊടിയാണ് കൈകളിലേന്തിയിരിക്കുന്നത് എന്നല്ല മറിച്ച് നിങ്ങള്‍ ഏതു പക്ഷത്തെ ആശയത്തോടാണ് ഹൃദയംകൊണ്ട് ചേര്‍ന്നിരിക്കുന്നത് എന്നാണ്. പിടിച്ചിരിക്കുന്നത് പുരോഗമന പക്ഷത്തിന്റെ കൊടിയാണെങ്കിലും ജീവിക്കുന്നത് വലതുപക്ഷത്തിന്റെ പിന്തിരിപ്പന്‍ ആശയങ്ങളിലാണെങ്കില്‍ ദയവായി ആ കളത്തിലേക്ക് മാറി നില്ക്കുക, ഞങ്ങള്‍ക്ക്, ഇടതുപക്ഷ ആശങ്ങളെ നെഞ്ചേറ്റുന്നവര്‍ക്ക് ഇനിയും ഏറെ മുന്നോട്ടു പോകാനുണ്ട്.

Comments

Popular posts from this blog

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1208 - കടലു കാണാന്‍ പോയവര്‍