#ദിനസരികള്‍ 622
നാളിതുവരെയുള്ള
നമ്മുടെ പ്രാര്‍ത്ഥനകള്‍ ഇരുട്ടില്‍ നിന്നും പ്രകാശത്തിലേക്ക് നയിക്കുക
എന്നായിരുന്നു. അവിദ്യയില്‍ നിന്നും വിദ്യയിലേക്ക്, മരണത്തില്‍ നിന്നും
നിത്യതയിലേക്ക് ആനയിക്കുക എന്നുമൊക്കെയായിരുന്നു. എന്നാല്‍ നേര്‍വിപരീതമായ
ഒരാശയത്തെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് അയ്യപ്പജ്യോതി എന്ന പേരില്‍ നമ്മുടെ
തെരുവുകളില്‍ കഴിഞ്ഞ ദിവസം നടന്ന ആഭാസത്തരത്തിലെ ‘പ്രാര്‍ത്ഥന’
ഞങ്ങളെ വെളിച്ചത്തില്‍ നിന്നും ഇരുട്ടിലേക്ക് നയിക്കുക
എന്നതായിരുന്നു. വെളിച്ചം
കൊളുത്തിവെച്ചുകൊണ്ട് ഇരുളിലേക്ക് മാറിനില്ക്കുക ! എത്രമാത്രം
അസംബന്ധവും യുക്തിഹീനവുമാണെതെന്ന് നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ?
തങ്ങള്‍ അശുദ്ധകളാണെന്ന് സ്വയം പ്രഖ്യാപിച്ചുകൊണ്ടു വന്നെത്തിയ
സ്ത്രീകളുടെ സംഘങ്ങള്‍ വലുപ്പത്തില്‍ ചെറുതെങ്കിലും ഈ സമൂഹത്തില്‍ത്തന്നെ ജീവിച്ചു
പോകുന്നവരാണ് എന്ന നിലയില്‍ തങ്ങള്‍ക്ക് അസ്വതന്ത്രരായി നൂറ്റാണ്ടിനുമുമ്പത്തെ
ധാരണകളെ പുണര്‍ന്നു കഴിയാനുള്ള അവകാശം വേണം എന്ന വാദത്തെ വകവെച്ചു കൊടുക്കാന്‍
ജനാധിപത്യബോധവും ശാസ്ത്രീയ ചിന്താരീതികളും വേരോടിയ ആധുനിക സമൂഹത്തിന് കഴിയുകയില്ല.
രോഗാതുരമായ മനസ്സിനേയും ശരീരത്തേയും ശുശ്രൂഷിച്ചും ചികിത്സകള്‍ നല്കിയും
വീണ്ടെടുക്കുക എന്ന ബോധമാണ് നമ്മെ എക്കാലത്തും നയിക്കേണ്ടത്. അതുപോലെ നാം
ചെയ്യേണ്ടത് ആരുടെയൊക്കെയോ നിര്‍ബന്ധത്തിന് വഴങ്ങി ഇരുട്ടിലേക്ക് ഒതുങ്ങിക്കൂടാന്‍
കച്ചകെട്ടിയിറങ്ങിയ ആ സഹോദരിമാരുടെ കൈപിടിച്ചു വെളിച്ചത്തിലേക്ക് കയറ്റി നിറുത്തുക
എന്നതാണ്, കൈയ്യൊഴിഞ്ഞു കളയുകയല്ല വേണ്ടത്. അതുകൊണ്ട് അയ്യപ്പജ്യോതിയില്‍
പങ്കെടുത്തവരെ പ്രത്യേകം ശ്രദ്ധ നല്കി നവോത്ഥാനമൂല്യങ്ങളിലേക്ക് കൈപിടിച്ചുയര്‍ത്തുക
എന്ന ദൌത്യമാണ് പൊതു സമൂഹം നിര്‍വഹിക്കേണ്ടത്.
അഞ്ചുദിവസങ്ങള്‍ക്കശേഷം സമത്വം എന്ന ആശയത്തെ മുറുകെപ്പിടിച്ചുകൊണ്ട്
കേരളത്തിലെ വനിതകള്‍ കൈകോര്‍ത്തുപിടിക്കുകയാണ്. ഏതെങ്കിലും പ്രത്യേക വിശ്വാസങ്ങളെ
അവര്‍ നിരാകരിക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്യുന്നില്ല. മറിച്ച് പുരുഷന്മാര്‍ക്ക്
ഇടപെടാവുന്ന , കയറി നില്ക്കാവുന്ന ഇടങ്ങളിലെല്ലാം സ്ത്രീകള്‍ക്കും കയറാമെന്നും
അതിനപ്പുറത്ത് ഏതെങ്കിലും വിവേചനങ്ങളുണ്ടെങ്കില്‍ അത് തെറ്റാണെന്ന്
പ്രഖ്യാപിക്കുകയുമാണ് ആ കൂട്ടായ്മ ചെയ്യാന്‍ പോകുന്നത്.പുരുഷമേല്‍ക്കോയ്മ വാഴുന്ന
ഒരു സമൂഹത്തില്‍ സ്ത്രീകളും തുല്യരായിത്തന്നെ പരിഗണിക്കപ്പെടണം എന്ന ആവശ്യത്തിന്
വളരെയേറെ പ്രസക്തിയുണ്ടെന്ന് മനസ്സിലാക്കപ്പെടണം.ആ പ്രഖ്യാപനമാണ് വനിതകള്‍ ജനുവരി
ഒന്നിന് നടത്താന്‍ പോകുന്നത്.ഈ വിഷയം ശബരിമലയിലെ സ്ത്രീപ്രവേശനവുമായി
കൂട്ടിക്കുഴച്ച് വിശ്വാസികള്‍ക്കും മതസമൂഹത്തിനുമെതിരെയാണ് വനിതാ മതിലെന്ന
തരത്തില്‍ നടക്കുന്ന പ്രചാരണങ്ങള്‍ അസംബന്ധമാണ്.ലിംഗനീതി, തുല്യത എന്നീ ആശയങ്ങളെ
മാത്രമാണ് വനിതാമതില്‍ മുന്നോട്ടു വെയ്ക്കുന്നത്.
അയ്യപ്പജ്യോതിയും വനിതാമതിലും തമ്മില്‍ അഞ്ചുദിവസമല്ല,
മറിച്ച് അഞ്ചുനൂറ്റാണ്ടുകാലത്തെ ദൂരമുണ്ട്. ചരിത്രത്തില്‍ എവിടെയാണ് നമ്മുടെ
സ്ഥാനമെന്നാണ് ഇനി അടയാളപ്പെടുത്താനുള്ളത്.
Comments