#ദിനസരികള്‍ 623
ഓര്‍മകളിലെ
മുറിവുകള്‍ പൂര്‍ണമായും ഉണങ്ങാറില്ല. പലപ്പോഴും വടുകെട്ടി മുറിവായ കൂടി പുറമേ
ശാന്തമാകുന്നുവെന്നേയുള്ളു. അകം അപ്പോഴും തിളച്ചു മറിയുന്നുണ്ടാകും. ചില
കാലങ്ങളില്‍ ചില നേരങ്ങളില്‍ ആ വടുക്കള്‍ വിണ്ടുപൊട്ടി തീവേരുകള്‍ പുറത്തേക്കു
പടരും. അവ തൊടുന്ന ഇടങ്ങളൊക്കെ ദഹിച്ചുകൊണ്ടിരിക്കും.പരത്തുന്ന വേദനയില്‍ നാം
ഉരുകിയൊലിക്കും. ഓര്‍മകള്‍ അങ്ങനെയാണ്. കാലം ചിലതിന്റെയൊക്കെ മൂര്‍ച്ഛകളെ
അല്പമൊക്കെ ശമിപ്പിച്ചേക്കാം.എന്നാല്‍പ്പോലും ആഴങ്ങളില്‍ കൊളുത്തി നില്ക്കുന്ന
ചൂണ്ടപ്പിടികളെ അത്രവേഗം കുടഞ്ഞെറിയുക അസാധ്യമാണ്. ബാലചന്ദ്രന്‍ ചുള്ളിക്കാട്
അത്തരം ഓര്‍മകളെ
അത്രയും ആഴത്തില്‍ , അത്രയും തന്നെ തീക്ഷ്ണതയില്‍
അനുഭവിപ്പിച്ചിട്ടുണ്ട്. വേദനകളുടെ ഒരു മഹാപടലത്തെത്തന്നെ പുനരാവിഷ്കരിച്ചുകൊണ്ട്
എഴുതപ്പെട്ട ഓര്‍മകളുടെ ഓണം എന്ന കവിത വിണ്ടുകീറിയ വടുക്കളുടെ ഉള്ളില്‍ നിന്നും
പുറത്തേക്കൊഴുകിയ ഓര്‍മകളുടെ തീപ്പെയ്ത്താണ്.
ജന്മനാട്ടില്‍ച്ചെന്നു
വണ്ടിയിറങ്ങവേ
പുണ്ണുതോറും
കൊള്ളിവെച്ച പോലോര്‍മകള്‍ -
എന്നാണ് കവിത
തുടങ്ങുന്നതുതന്നെ. ഇനിയങ്ങോട്ടുള്ള ഓര്‍മകളിലൊന്നും വസന്തത്തിന്റെ വര്‍ണോത്സവങ്ങളേയില്ലെന്നു
പ്രഖ്യാപിച്ചുകൊണ്ട് ജനിച്ച നാട് മധുരമുള്ള ഒരൊര്‍മയായി പൊതുവേ വാഴ്ത്തപ്പെടുന്ന
കവികളുടെ ലോകത്തെ അടിമുടി നിഷേധിക്കുന്നു. ഓര്‍മകളുടെ ആനന്ദോത്സവമായ ഓണക്കാലം പക്ഷേ ഇക്കവിക്ക് തിക്തമായ അനുഭവങ്ങളെ ഓര്‍ത്തെടുക്കാനും
ഒരിക്കലും മറക്കരുതാത്ത വിധത്തില്‍
ഊതിപ്പെരുക്കിവെയ്ക്കാനുമുള്ള സന്ദര്‍ഭമാകുന്നു. ശപിക്കപ്പെട്ട ആ കാലത്തെ
മറക്കാതിരിക്കുവാനാണ് കവി തന്റെ നാട്ടിലേക്ക് വന്നുപോകുന്നതെന്ന് കവി
സാക്ഷ്യപ്പെടുത്തുന്നു.
ഓര്‍മ്മപ്പെരുക്കങ്ങളുടെ ബാല്യകുതുഹലങ്ങളില്‍പ്പോലും
ഇക്കവി കണ്ടെടുക്കുന്നത് വേദനകളെ മാത്രമാണ്
‘ഒന്നിച്ചു മുങ്ങിക്കുളിക്കുമ്പോഴെന്‍ തല
പൊങ്ങാതെ മുക്കിപ്പിടിച്ച ചങ്ങാതിയെ
ബഞ്ചിന്നു മേലെ കയറ്റി നിറുത്തിയെന്‍
പിഞ്ചു ഹൃദയം ചതച്ച ഗുരുവിനെ
ആദ്യാനുരാഗ പരവശനായി ഞാന്‍
ആത്മരക്തംകൊണ്ടെഴുതിയ വാക്കുകള്‍
ചുറ്റുമിരിക്കും സഖികളെ കാണിച്ചു
പൊട്ടിച്ചിരിച്ചു രസിച്ച പെണ്‍കുട്ടിയെ’ – യൊക്കെയാണ്
കവി എക്കാലത്തും മറക്കാതിരിക്കുവാനായി സൂക്ഷിച്ചെടുത്തു വെച്ചിരിക്കുന്നത്.ഒരു വ്യഥിതകാലത്തിന്റെ
ഓര്‍മ്മപ്പെരുക്കങ്ങളില്‍ സ്വയമുരുകിയും ഉരുകാന്‍ വായനക്കാരനെ ആവാഹിച്ചും
ഓണസ്മരണകളുടെ പരമ്പരാഗതമായ ഇക്കിളികളില്‍ നിന്നും മാറിനിന്നുകൊണ്ടു പുണ്ണുകളെ
കുത്തിയുണര്‍ത്താന്‍ കവി പ്രേരണയാകുന്നു.
Comments