#ദിനസരികള് 611
ഫിക്ഷന്റെ അവതാരലീലകള് എന്നൊരു പുസ്തകം കെ പി അപ്പന് എഴുതിയിട്ടുണ്ട്.ലോകസാഹിത്യത്തിലെ മഹത്തായ നൂറുനോവലുകളെ പരിചയപ്പെടുത്തിക്കൊണ്ട് നൂറു പഠനങ്ങള് തയ്യാറാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശമെങ്കിലും ഇരുപത്തിയഞ്ചു ലേഖനങ്ങള് മാത്രമേ പൂര്ത്തീകരിക്കുവാന് കഴിഞ്ഞുള്ളു. ആ ലേഖനങ്ങളെ സമാഹരിച്ചുകൊണ്ടാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.കെ പി അപ്പനെപ്പോലെയുള്ള ഒരു മനീഷിയില് നിന്നും അത്തരമൊരു പഠനം ലഭിക്കാതെപോയത് മലയാളസാഹിത്യ ലോകത്തിന് തീര്ത്താല് തീരാത്ത നഷ്ടമാണെന്ന് ഈ പഠനങ്ങളിലൂടെ കടന്നുപോകുന്ന ആരും ചിന്തിച്ചുപോകും.
“പേന എനിക്കു പടവാളല്ല. കാരണം എഴുത്തുകാരന് കുതിരപ്പട്ടാളമല്ലമല്ലെന്ന് എനിക്കറിയാം.പേന എനിക്കു വസ്തുവല്ല. ബാഹ്യമായ ഒരുപകരണമല്ല.പേന എനിക്കു രചനാപരമായ ബോധമാണ്.അത് നിറയൊഴിക്കലിന്റെ കരുത്തിലേക്ക് എന്നെ സ്നേഹപൂര്വ്വം നാടുകടത്തുന്നു.അത് എന്നെ വ്യഥിത സന്ദേഹിയാക്കുന്നു.വിരസമായ യാന്ത്രികരചനയില് നിന്നും അതെന്നെ മോചിപ്പിക്കുന്നു” എന്ന് പുസ്തകത്തിലെ എന്റെ പേനയും പഠനമുറിയും എന്ന ആമുഖലേഖനത്തില് പറയുന്നതിനോട് നമുക്ക് പ്രതിപത്തി തോന്നുന്നത് യാന്ത്രിക രചന എന്ന പ്രയോഗം വരുന്നതോടുകൂടിയാണ്. മനുഷ്യകഥാനുഗായികളാകണമെന്ന് സങ്കല്പിക്കപ്പെട്ടുപോരുന്ന കൃതികള് യാന്ത്രികമാകുന്നതിനെ അപ്പന് സര്വ്വശക്തിയും സംഭരിച്ച് പ്രതിരോധിക്കുന്നു.നിങ്ങള് അനുകൂലമായാലും ഇല്ലെങ്കിലും അപ്പന് അന്വേഷിക്കുന്നത് ഓരോ കൃതിയും സംവദിക്കുന്ന ആത്മീയമായ ഉറവുകളെയാണ്.അമ്മ എന്ന നോവലിനെക്കുറിച്ചുള്ള ലേഖനത്തില് അദ്ദേഹം എഴുതുന്നതു നോക്കുക – “യഥാര്ത്ഥ വിശ്വാസം മാനവരാശിക്കുള്ള സേവനമാണ്.അത് അമ്മയിലൂടെ തെളിയിക്കപ്പെടുന്നു.നോവല് ചിലപ്പോള് നാടോടി ദൃഷ്ടാന്തകഥപോലെ വികസിക്കുന്നു.മറ്റു ചിലപ്പോള് പൂജാനടപടി ഗ്രന്ഥംപോലെ വിശുദ്ധമായിത്തീരുന്നു.ഭാഷയില് സ്ഫോടന ശബ്ദമില്ല.സ്വച്ഛതയുള്ള ഭാഷയില് വലിയ സംഘര്ഷങ്ങള് രൂപപ്പെടുത്തുന്നു.എല്ലാം വിശദമാക്കുന്ന ആഖ്യാനമാണ് നോവലിസ്റ്റിന്റേത്.നോവിലിസ്റ്റിന് ബോധത്തിന്റെ ആറുകണ്ണുകളുണ്ടെന്ന് ഈ നോവല് വ്യക്തമാക്കുന്നു.ആന്തരികതയില് ഈ കലാസൃഷ്ടി ക്രൈസ്തവബോധ്യങ്ങളുടെ പ്രണവധ്വനിയാണ്”
പൊതുശരികളില് നിന്ന് മറുശരികളിലേക്കുള്ള യാത്രയാണ് കെ പി അപ്പന്റെ നോവല് പഠനങ്ങള്. അക്കാര്യത്തില് നമുക്ക് അദ്ദേഹത്തോട് വിയോജിപ്പുകളുണ്ടാകാം. അദ്ദേഹത്തിന്റെ ശരികളുടെ വര്ഗ്ഗപരതയോട് വിപ്രതിപത്തികളുണ്ടാകാം. എന്നിരുന്നാലും അതൊക്കെ വിശാലമായ അര്ത്ഥത്തില് സാഹിത്യത്തിന് മുതല്ക്കൂട്ടാകുമായിരുന്നുവെന്ന കാര്യത്തില് എതിരഭിപ്രായത്തിന് സാംഗത്യമുണ്ടെന്നു കരുതുന്നില്ല.അതുകൊണ്ടുതന്നെ അപ്പന്റെ നൂറുനോവല് പഠനങ്ങള് ലഭിക്കാതെ പോയതില് മലയാള സാഹിത്യലോകം നിരാശപ്പെടുകതന്നെ ചെയ്യും.
Comments