#ദിനസരികള് 608


1931 മാര്ച്ച് മൂന്നിന് ഭഗത് സിംഗ് സഹോദരന് കുല്ത്താറിന് ഇങ്ങനെ എഴുതി :- “എത്രയും പ്രിയപ്പെട്ട കുല്ത്താര് , ഇന്ന് നിന്റെ കണ്ണിലെ നനവു കണ്ട് എനിക്ക് വല്ലാത്ത വേദനയുണ്ട്.വല്ലാത്ത നൊമ്പരം നിറഞ്ഞതായിരുന്നു നിന്റെ ഇന്നത്തെ വാക്കുകള്.നിന്റെ കണ്ണീര് എനിക്കു സഹിക്കുവാന് കഴിയുന്നില്ല.പ്രിയപ്പെട്ട അനുജാ മനോബലത്തോടെ പഠനം തുടരുക.ആരോഗ്യം ശ്രദ്ധിക്കുക. ധീരത പുലര്ത്തുക. മറ്റെന്തു പറയാന്!ശരി, വിട.എന്റെ നാട്ടുകാരേ , സന്തോഷമായിരിക്കൂ. ഇതാ ഞങ്ങള് യാത്രയായി.ധീരതയോടെ ജീവിതത്തെ നേരിടുക , നമസ്കാരം” ഈ കത്തെഴുതി കൃത്യം ഇരുപത്തിയൊന്നു ദിവസങ്ങള് കഴിഞ്ഞപ്പോള് ഭഗത് സിംഗ് ജോണ് സൌണ്ടര് എന്ന പോലീസ് ഓഫീസറെ കൊന്നുവെന്നും 1929 ഏപ്രിൽ 8 - ന് സെന്ട്രല് അസംബ്ലി ഹാളില് ബോംബെറിഞ്ഞുവെന്നുമുള്ള കേസുകളില് കുറ്റക്കാരനാണെന്നു വിധിച്ച് തൂക്കിലേറ്റപ്പെട്ടു.കൂടെ കേസുകളിലെ കൂട്ടുപ്രതികളായിരുന്ന രാജ് ഗുരുവും സുഖ് ദേവുമുണ്ടായിരുന്നു. ഈങ്കുലാബ് സിന്ദാബാദ് എന്നു വിളിച്ചു കൊണ്ട് അക്ഷോഭ്യരായി തൂക്കുമരത്തിലേക്ക് പോയ ധീരരായ ആ ചെറുപ്പക്കാര് തങ്ങളുടെ ജീവിതം ഹോമിച്ചുകൊണ്ട് സ്വാതന്ത്ര്യസമരമുന്നേറ്റങ്ങളുടെ തീച്ചൂള ആളിക്കത്തിച്ചതിന്റെ കൂടി ഫലമായിട്ടാണ് 1947 ല് നാം സ്വാതന്ത്ര്യം നേടിയത്.

ഇപ്പോള് ഇതിവിടെ പറയാന് കാരണം ചില കോണുകളില് നിന്നും ഇന്ത്യയിലെ ഇടതുപക്ഷം സ്വാതന്ത്ര്യസമരമുന്നേറ്റങ്ങള്ക്കു പകര്ന്ന ഊര്ജ്ജത്തെ തമസ്കരിക്കാനുള്ള ശ്രമങ്ങളെ കണ്ടതുകൊണ്ടാണ്.ഗാന്ധിയുടെ ആരാധകരായ ഒരു കൂട്ടരായിരുന്നു ഒരു കാലത്ത് ഇടതുതമസ്കരണത്തിന് ശ്രമിച്ചത്. അത്തരമൊരു സാഹചര്യത്തെ അഭിമുഖീകരിച്ചുകൊണ്ട് ശാഹീദ് ഭഗത് സിംഗ് എന്ന ലേഖനത്തില് പി ജി എഴുതുന്നു “ മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‌ നടന്ന അഹിംസാ സമരമാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്നത് എന്ന് ഇപ്പോഴും വാദിക്കുന്നവരുണ്ട്.തീര്ച്ചയായും മഹാത്മജിയുടെ നേതൃത്വത്തില് നടന്ന സമരവും അതിനദ്ദേഹം ഉപകരണമാക്കിയ ഇന്ത്യന് നാഷണല് കോണ്ഗ്രസ്സും ഇന്ത്യന് സ്വാതന്ത്ര്യസമരത്തില് വഹിച്ച നിര്ണായകവും മഹനീയവുമായ പങ്കിനെ അവഗണിക്കുകയോ വിസ്മരിക്കുകയോ ചെയ്യുന്നത് ചരിത്രത്തോടുള്ള സത്യസന്ധതയോ നീതിയോ ആയിരിക്കില്ല.എന്നാല് അതുമാത്രമാണ് ഇന്ത്യന് സ്വാതന്ത്ര്യസമരത്തിന്റെ ഏകധാരയെന്ന വാദവും അതുപോലെതന്നെ ചരിത്രത്തോടുള്ള സത്യസന്ധതയോ നീതിയോ ആയിരിക്കില്ല.”



സ്വന്തമായി ചരിത്രമില്ലാത്ത ഒരു കൂട്ടര് മറ്റുള്ളവര്ക്കും തങ്ങളെപ്പോലെതന്നെ ചരിത്രമില്ല എന്നു വാദിക്കുന്നതിലെ തമാശ മനസ്സിലാകാത്തവരല്ല നമ്മള്.പക്ഷേ അതു കേവലമായ ഒരു തമാശപറച്ചിലായി തള്ളിക്കളയേണ്ട സാഹചര്യത്തിലൂടെയല്ല നാം കടന്നു പോകുന്നത്. ചരിത്രത്തില് നിന്നും പലരേയും സ്വന്തമാക്കിയെടുത്തുകൊണ്ടു വേരുകള് കണ്ടെത്തുന്ന ഒരു സംഘം ശക്തരായി പ്രവര്ത്തിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. ഇക്കാലഘട്ടത്തില് നാം പോരടിച്ചും ജീവന് ത്യജിച്ചും പിന്നിട്ടുപോന്ന വഴികളിലെ ഒരോര്മ്മകളേയും കൈവിട്ടുകൂട. കാരണം ഓര്മ്മകളാണ് ചരിത്രം. ആ ഓര്മ്മകളെ നിരന്തരം പറഞ്ഞുകൊണ്ടേയിരിക്കുകയെന്നതാണ് ഓര്മ്മകള് അപഹരിക്കുന്നവരുടെ കാലത്ത് നമുക്കു ചെയ്യാനുള്ള ദൌത്യം.


(ഭഗത് സിംഗിന്റെ കത്തിന്റെ പരിഭാഷ പി കെ ശ്രീജിഷ് )

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം