#ദിനസരികള് 610
റഫീക് അഹമ്മദിന്റെ മതദേഹം എന്ന കവിത പോസ്റ്റു ചെയ്തതിനുശേഷം
വിശ്വാസികളില്‍ നിന്നും പലതരത്തിലുള്ള സമീപനങ്ങളെ എനിക്ക്
അഭിമുഖീകരിക്കേണ്ടിവന്നു. അവയില്‍ ചിലത് സംവാദാത്മകമാണ്. അവര്‍ മതം
പറഞ്ഞിരിക്കുന്ന തലത്തില്‍ നിന്നുകൊണ്ട് ഇന്നയിന്ന കാരണങ്ങളാണ് അതിന്റെ
പിന്നിലെന്ന് ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നു. മറ്റു ചിലരിലാകട്ടെ തുടിച്ചു
നില്ക്കുന്നത് ആക്രമണോത്സുകതയാണ്. ഞങ്ങളുടെ മതത്തിന്റെ കാര്യം ഞങ്ങള്‍
നോക്കിക്കൊള്ളാം നിങ്ങളതില്‍ ഇടപെടുകയേ വേണ്ട എന്നാണ് അവരുടെ പ്രതികരണം. മതത്തെ
ആരോ ആക്രമിക്കുന്നുവെന്ന രീതിയിലാണ്
അത്തരക്കാര്‍ എഴുന്നേറ്റു വരുന്നത്.ഇനിയും ചിലരാകട്ടെ എന്തിന് ഞങ്ങളെ
ഉപദ്രവിക്കുന്നു, ഞങ്ങള്‍ ഞങ്ങളുടെ വിശ്വാസവുമായി ആരേയും ബുദ്ധിമുട്ടിക്കാതെ
കടന്നുപൊയ്ക്കൊള്ളട്ടെ എന്നൊരു ഭാവത്തിലാണ്.ഇവിടെയൊക്കെ ഒരു കാര്യത്തില്‍ മാത്രം
തര്‍ക്കമുണ്ടാകുന്നില്ല.അത് സ്ത്രീശരീരം മൂടിവെക്കേണ്ടതുതന്നെയാണ് എന്ന
കാര്യത്തിലാണ്.അതിനു പറയുന്ന കാരണങ്ങളില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുന്നുവെന്നേയുള്ളു.
അന്ധമായ വിശ്വാസത്തെ
മാത്രം അടിസ്ഥാനപ്പെടുത്തിയുള്ള ഒരു വാദത്തോട് എത്ര ശക്തമായി ഏറ്റുമുട്ടിയാലും ഒരു
മാറ്റവും അക്കാര്യത്തിലുണ്ടാകുമെന്നു കരുതുന്നില്ലെങ്കിലും സമയം കളയാനുണ്ടെങ്കില്‍
ഏതെങ്കിലും മതവിശ്വാസിയെ കണ്ടുപിടിച്ച് ഒരല്പം പ്രകോപിപ്പിച്ചാല്‍ മതി.പിന്നെ
വരുന്ന അസംബന്ധങ്ങളൊക്കെ നമുക്ക് ഒരുപാട് ചിരിയ്ക്ക് അവസരമൊരുക്കിത്തരുന്നുണ്ട്.
ഇത് ഒരു മതത്തിന്റെ മാത്രം കാര്യമല്ല , ലോകത്തു നിലനില്ക്കുന്ന എല്ലാ
മതത്തിന്റേയും പ്രതികരണരീതി അങ്ങനെത്തന്നെയാണ്. അവരവരുടെ വിശ്വാസങ്ങളെ
തൊടുന്നതുവരെ എല്ലാവരും ചിന്താശീലമുള്ളവരും ഉദാരമനസ്കരുമായിരിക്കും.എന്നാല്‍
അവരുടേതായ ഏതെങ്കിലുമൊന്നിനെ നാമൊന്നു തൊട്ടുപോയാല്‍ സമസ്തപ്രഭാവവും ആര്‍ജ്ജിച്ചുകൊണ്ട്
യുദ്ധോദ്യൂക്തനായി സടകുടഞ്ഞെഴുന്നേല്ക്കുന്ന ഒരുഗ്രരൂപി പ്രത്യക്ഷപ്പെടുന്നതു
നമുക്കു കാണാം, ചിരിക്കാം.
പുരുഷകേന്ദ്രിതമായ
മതശാസനകളുടെ സ്വഭാവങ്ങളെക്കുറിച്ച് ഇത്തരക്കാരോട് പറഞ്ഞിട്ടു കാര്യമില്ല.അവള്‍
മൂടിവെക്കേണ്ടവള്‍ തന്നെയാണ് എന്നതിനപ്പുറം മറ്റൊന്നും പറയാന്‍ അവര്‍ക്കില്ല. എന്തിനാണ് സ്ത്രീയെ മറച്ചു വെക്കുന്നതെന്നു
ചോദിച്ചാലുള്ള ഉത്തരം പുരുഷന് വികാരമുണ്ടാകാതിരിക്കാനാണെന്നാണ്. അങ്ങനെ പുരുഷന്
വികാരമുണ്ടായി സ്ത്രീയെ പ്രാപിച്ചാല്‍ അവള്‍ വ്യഭിചാരിയാകും ,
പാപിണിയാകും, മതംകെട്ടുപോകും. അപ്പോള്‍ പുരുഷന്റെ നഗ്നത കണ്ടാല്‍ സ്ത്രീക്ക്
വികാരമുണ്ടാകുന്നതുകൊണ്ട് പുരുഷനെ മൂടിവെക്കേണ്ടതല്ലേ എന്ന ചോദ്യ വലിയ
വിഡ്ഢിത്തമാണെന്നാണ് മതവാദികളുടെ അഭിപ്രായം. സ്ത്രീ ആക്രമിക്കപ്പെടാനും അവളെ ബലാല്‍സംഗം
ചെയ്യാനും സാധ്യതയുള്ളതുകൊണ്ട് പുരുഷനെ മൂടിവെച്ചുകൊണ്ടോ കെട്ടിയിട്ടുകൊണ്ടോ
സ്ത്രീയെ സംരക്ഷിക്കുന്നതിനെക്കുറിച്ച് ‘മതപണ്ഡിതര്‍’
ചിന്തിക്കണമെന്ന് ആവശ്യപ്പെട്ടുകൊള്ളട്ടെ ! അങ്ങനെ
ഇത്രയും കാലം നാം കെട്ടിയിട്ടു പോറ്റിയ സ്ത്രീ മോചിതയാക്കപ്പെടട്ടെ !
ഇത്രയും പറഞ്ഞതുകൊണ്ട് ഉടനടി ആരെങ്കിലും തിരുത്തപ്പെടുമെന്നോ
ആരെയെങ്കിലും തിരുത്തിക്കാമെന്നോ ഉള്ള മൌഢ്യമൊന്നും എനിക്കില്ല.എന്നിരുന്നാലും
ആധുനിക ലോകത്തിന് നിരക്കാത്ത യുക്തികളെ നിരന്തരം എതിര്‍ത്തുകൊണ്ടേയിരിക്കുക എന്നത്
വര്‍ത്തമാനകാലത്ത് ജീവിച്ചുപോകുന്ന ഏതൊരാളിന്റേയും കടമയാണ്.രോഗിയായിരിക്കുന്ന
ഒരാളെ രോഗത്തിന് വിട്ടുകൊടുക്കാതെ ചികിത്സിക്കാന്‍ ശ്രമിക്കുന്നത് നമ്മുടെ
സാമൂഹികബോധത്തിന്റെ ഫലമാണല്ലോ. അതുപോലെയുള്ള ബോധമാണ് മതത്തിന്റെ പേരില്‍ ‘മറ്റാര്‍ക്കും
ബുദ്ധിമുട്ടില്ലാതെ’ ചിലര്‍ ആചരിക്കുന്നവയെ ചോദ്യം
ചെയ്യുമ്പോഴും പ്രവര്‍ത്തിക്കുന്നത്. ആരെങ്കിലും ആക്രമിക്കപ്പെടുന്നുവെങ്കില്‍
അക്രമിയെയാണ് മനുഷ്യനാക്കിയെടുക്കേണ്ടത് അല്ലാതെ ഇരയേയല്ല എന്നു
മനസ്സിലാക്കപ്പെടുകതന്നെവേണം.
Comments