#ദിനസരികള് 609



|| ചോദ്യോത്തരങ്ങള്‍ ||

ചോദ്യം : ഹിന്ദുമതത്തെ നിങ്ങള്‍ എന്തിനാണ് ഇത്രമാത്രം എതിര്‍ക്കുകയും അവഹേളിക്കുകയും തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത് ?

ഉത്തരം : ഈ ചോദ്യത്തിന് ഉത്തരം പറയുന്നതിനു മുമ്പ് നിങ്ങള്‍ക്ക് ഏതെങ്കിലും സംഘടനകളുമായി ബന്ധുണ്ടോയെന്നും ഹിന്ദുമതത്തെ ആരാണ് സംരക്ഷിക്കുവാന്‍ മുന്‍‌കൈയ്യെടുക്കുന്നത് എന്നുമുള്ള ചോദ്യങ്ങള്‍ക്ക്  മറുപടി പറയാമോ?

ചോദ്യം : തീര്‍ച്ചയായും. ഞാന്‍ --- എന്ന സംഘപരിവാര സംഘടനയുടെ പ്രവര്‍ത്തകനാണ്. രണ്ട് ഇന്ത്യയിലെ ബി ജെ പിയും ആര്‍ എസ് എസുമടക്കമുള്ള ഹൈന്ദവ സംഘടനകളാണ് ഹിന്ദുമതത്തെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നത്.

ഉത്തരം : ഉത്തരം പറയാന്‍ ക്ഷമ കാണിച്ചതിന് സന്തോഷം. ഇനി നിങ്ങളുടെ ചോദ്യത്തിലേക്ക് വരാം.ഒറ്റ വാചകത്തില്‍ ഈ ചോദ്യത്തിനുള്ള മറുപടി ആദ്യമേ പറയട്ടെ. ഐ എസ് എന്ന തീവ്രവാദി സംഘടന ഇസ്ലാം മതത്തോട് ചെയ്ത ദ്രോഹമെന്താണോ അതുതന്നെയാണ് ഹിന്ദുമതത്തോട് ആര്‍ എസ് എസിന്റെ നേതൃത്വത്തിലുള്ള സംഘപരിവാരവും ചെയ്തത്. ഇസ്ലാമിനെ സംരക്ഷിക്കുന്നതിനു വേണ്ടി സ്ഥാപിക്കപ്പെട്ടതെന്ന വിശേഷണത്തോടെ നിലകൊള്ളുന്ന ഐ എസിനെയും അല്‍ ക്വയ്ദ പോലെയുമുള്ള സംഘടനകള്‍ ഇസ്ലാമിനെ ലോകത്തിനു മുന്നില്‍ അസഹിഷ്ണുതയുടെ മതമാക്കി മാറ്റുകയും ഇസ്ലാമോഫോബിയ പരത്തുന്നതില്‍ നിര്‍ണായക പങ്കു വഹിക്കുകയും ചെയ്തു. നമ്മുടെ കേരളത്തിലെ കൈവെട്ടുകേസടക്കമുള്ള സംഭവങ്ങളിലും സംഭവിച്ചത് ഇസ്ലാമിന്റെ മതശരീരത്തില്‍ ഗുരുതരമായ മുറിവുണ്ടാക്കി എന്നതുമാത്രമാണ്.എന്നാല്‍ ഇസ്ലാമായിരിക്കുന്ന ഒരുവന് തീവ്രവാദികയാകാനോ അന്യമതസ്ഥരെ ശത്രുക്കളായി കാണുവാനോ കഴിയില്ല എന്നാണ് മതത്തിന്റെ അടിസ്ഥാന ഗ്രന്ഥങ്ങള്‍ പഠിപ്പിക്കുന്നത്. അതിനു വിരുദ്ധമായ ഒരു വികാരമുണ്ടാക്കിയെടുക്കുകയാണ് തീവ്രവാദപ്രവര്‍ത്തനങ്ങള്‍ കൊണ്ടുണ്ടായതെന്നാണ് വസ്തുത.

            ഹിന്ദുമതത്തിന്റെ കാര്യത്തിലും സംഭവിച്ചത് സമാനമായ സംഭവം തന്നെയാണ്.

ചോദ്യം : ഹൈന്ദവസംഘടനകളേയും ഐ എസിനേയും അല്‍ ക്വയ്ദയേയും താരതമ്യപ്പെടുത്തിക്കൊണ്ട് നിങ്ങള്‍ പറയുന്നത് മഹാവൃത്തികേടല്ലേ ?

ഉത്തരം : നിങ്ങളെ വേദനിപ്പിക്കുന്നതില്‍ എനിക്കു വിഷമമുണ്ടെങ്കിലും പക്ഷേ അതാണു സത്യം. ഹിന്ദുമതത്തിന്റെ അടിസ്ഥാന ഗ്രന്ഥങ്ങള്‍ പുലര്‍ത്തിപ്പോരുന്ന ആശയങ്ങളെ വളച്ചൊടിച്ചും തെറ്റായി വ്യാഖ്യാനിച്ചും സംഘപരിവാരം ഹിന്ദുമതത്തിന്റെ പേരില്‍ വര്‍ഗ്ഗീയത വളര്‍ത്തി. ഇതര മതസ്ഥരേയും വിശ്വാസികളേയും അന്യവത്കരിച്ചുകൊണ്ട് അവര്‍ നടത്തിയ നീക്കങ്ങളില്‍ ഏറ്റവും കേടു സംഭവിച്ചത് ഹിന്ദുമതത്തിന് തന്നെയായിരുന്നു. ഏതേതൊക്കെ മൂല്യങ്ങളാണോ ഹിന്ദുമതം ഉയര്‍ത്തിപ്പിടിച്ചത് അതാതു മൂല്യങ്ങള്‍ക്ക് ക്ഷയം സംഭവിച്ചു. ഹിന്ദുമതത്തില്‍ തന്നെ നിലനിന്നു പോന്നിരുന്നതും ആധുനികലോകത്തിന്റെ കാഴ്ചപ്പാടുകള്‍ക്ക് ഇണങ്ങാത്തതുമായ വര്‍ണവ്യവസ്ഥ പരിഷ്കരിക്കപ്പെടേണ്ടതിനു പകരം കൂടുതല്‍ ശക്തമായി തിരിച്ചു വന്നു. ഇപ്പോളാകട്ടെ , ഹൈന്ദവബിംബങ്ങളെന്ന നാട്യത്തില്‍ അവതരിപ്പിക്കപ്പെടുന്ന ഓരോന്നിന്റേയും പിന്നില്‍ വെറുപ്പിന്റേയും വിദ്വേഷത്തിന്റേയും ആശയങ്ങളാണ് നിലകൊള്ളുന്നത്.ഉദാഹരണത്തിന് പശു സമം ഹിന്ദുത്വം എന്ന തലത്തിലേക്ക് നാം എത്തിച്ചേര്‍ന്നതു മാത്രം പരിശോധിച്ചാല്‍ പോരേ ?
           
            അതുകൊണ്ട് ലോകത്തിന്റെ മുന്നില്‍ ഹിന്ദുമതത്തിന്റെ എല്ലാ ധാര്‍മിക മൂല്യങ്ങളേയും സഹിഷ്ണുതയേയും ചോര്‍ത്തിക്കളഞ്ഞുകൊണ്ടു അന്യമതസ്ഥര്‍‌ക്കെതിരേയും വിശ്വാസികള്‍‌ക്കെതിരേയും വാളെടുക്കുന്ന ഒരു വിഭാഗമാണ് ഹിന്ദുമത വിശ്വാസികള്‍ എന്നൊരു ധാരണയാണ് സംഘപരിവാരത്തിന്റെ ഇടപെടലുകള്‍‌കൊണ്ട് ഉണ്ടായിരിക്കുന്നത്. അത് ആ മതത്തിന്റെ എല്ലാ നല്ല വശങ്ങളുടേയും ശോഭകളെ കെടുത്തിക്കളയുന്നുവെന്നതാണ് വസ്തുത.അതുകൊണ്ട് ഹിന്ദുമതത്തെ സ്നേഹിക്കുന്നവര്‍ ചെയ്യേണ്ടത് സംഘപരിവാരം സൃഷ്ടിക്കുന്ന ചെളിക്കുഴികളില്‍ വീഴാതെ മതമൂല്യങ്ങളിലേക്ക് മടങ്ങുകയെന്നുതന്നെയാണ്.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1