#ദിനസരികള് 607
ദേശീയ രാഷ്ട്രീയത്തില്‍ മാറ്റത്തിന് നാന്ദികുറിച്ചു കൊണ്ട് ഹിന്ദി
മേഖലയിലെ മൂന്നു സംസ്ഥാനങ്ങളില്‍ നിന്ന് ബി ജെ പിയും അവരുടെ വര്‍ഗ്ഗീയരാഷ്ട്രീയവും
പുറന്തള്ളപ്പെട്ടിരിക്കുന്നു. ജനാധിപത്യത്തിനും മതേതരത്വത്തിനും ഏറെ ആത്മവിശ്വാസം
പകരുന്നതാണ് ഈ വിജയമെന്ന കാര്യത്തില്‍ സംശയമില്ല.എന്നാല്‍ ഈ നേട്ടത്തില്‍ അമിതമായി
ആഹ്ലാദിക്കാനായി ഒന്നുമില്ലെന്നു മാത്രവുമല്ല , ആശങ്കപ്പെടാന്‍
ഒരുപാടുണ്ടെന്നുമാണ് സാഹചര്യങ്ങള്‍ നമ്മെ
ജാഗ്രതപ്പെടുത്തുന്നത്.വരാനിരിക്കുന്ന
ലോകസഭയിലേക്കുള്ള ഇലക്ഷനില്‍ മതേതര ജനാധിപത്യകക്ഷികള്‍ക്ക് മുന്‍തൂക്കമുണ്ടാകുന്ന
വിജയമുണ്ടാകുന്നതുവരെ ഈ ആശങ്ക നിലനില്ക്കുകതന്നെ ചെയ്യും.
ഹിന്ദി
സംസാരിക്കുന്ന മൂന്നു സംസ്ഥാനങ്ങളിലെ പരാജയം ബി ജെ പിയെ സംബന്ധിച്ച് ലളിതമായ
വിഷയമല്ല. നരേന്ദ്രമോഡിയും അമിത് ഷായുമടക്കമുള്ള നേതാക്കളില്‍ നിന്ന് ജനങ്ങളുടെ
ഇടയിലേക്ക് നേരിട്ട് വിതരണം ചെയ്യപ്പെട്ട ഊതിവീര്‍പ്പിക്കലുകള്‍ വേണ്ടത്ര ഫലം
കണ്ടില്ലയെന്നത് ചെറിയ കാര്യമല്ല.എന്നുവെച്ചാല്‍ ജനങ്ങളുടെ ഇടയില്‍ അവരുടെ
വിശ്വാസ്യതയ്ക്ക് ഗണ്യമായ തലത്തില്‍ ഇടിച്ചിലുകളുണ്ടായിരിക്കുന്നുവെന്നുതന്നെയാണ്
അര്‍ത്ഥം.ഇത് സംഘപരിവാരത്തിന്റെ നേതൃത്വത്തെ
പരിഭ്രാന്തരാക്കാതിരിക്കില്ല.അതുകൊണ്ടുതന്നെ ഇനിയുള്ള ബി ജെ പിയുടെ ഓരോ നീക്കവും
അതിസൂക്ഷ്മമായ പരിശോധനക്കു വിധേയമാക്കിക്കൊണ്ടു മാത്രമേ ജനാധിപത്യ മതേതര കക്ഷികള്‍ക്കു
തങ്ങളുടെ അജണ്ടകളെ ഫലപ്രദമായി പരുവപ്പെടുത്തിയെടുക്കുവാന്‍ കഴിയുകയുള്ളു.
ലോകസഭ ഇലക്ഷന്‍
പടിവാതില്ക്കലില്‍ എത്തി നില്ക്കുന്ന ഈ സന്ദര്‍ഭത്തില്‍ വികസനത്തെ മുന്‍നിറുത്തിയുള്ള
ഒരു സംവാദം ബി ജെ പിയില്‍ നിന്ന് പ്രതീക്ഷിക്കേണ്ടതില്ല.മാത്രവുമല്ല
നട്ടെല്ലൊടിഞ്ഞു കിടക്കുന്ന സാമ്പത്തിക മേഖല ഒരിലക്ഷന്‍ വിജയിപ്പിക്കാന്‍
ശേഷിയുള്ളതാണെന്ന് ബി ജെ പിയുടെ ബുദ്ധികേന്ദ്രങ്ങള്‍ ചിന്തിക്കുമെന്നു വിചാരിക്കുക
വയ്യ.അതുകൊണ്ടുതന്നെ ഇനിയുള്ള സാധ്യതകളെ മൂന്നായി തിരിക്കാം 1. അതിര്‍ത്തി
പ്രശ്നങ്ങള്‍ രൂക്ഷമാക്കിക്കൊണ്ട് യുദ്ധസദൃശമായ ഒരന്തരീക്ഷം സംജാതമാക്കുക 2. വന്‍
പ്രഖ്യാപനങ്ങള്‍, കാര്‍ഷിക രംഗത്ത് ഇളവുകള്‍, ചെറുകിട കാര്‍ഷികേതര മേഖലകളിലിടപെടല്‍
3. അയോധ്യയടക്കമുള്ള മതജാതിവര്‍ഗ്ഗീയതയുടെ സാധ്യതകള്‍ - ഈ മൂന്നിനേയും സമഗ്രമായി
സമ്മേളിപ്പിച്ചുകൊണ്ടുള്ള ഒരു അജണ്ടയിലായിരിക്കും ബി ജെ പി 2019 ലെ ഇലക്ഷനെ
നേരിടുക. തങ്ങള്‍ വിജയിക്കുമെന്ന് ഒരു സാധ്യതിയുമില്ലാതിരിക്കുമ്പോള്‍ പറഞ്ഞ
വീമ്പുകളായിരുന്നു വികസനസങ്കല്പങ്ങളെന്ന് വെങ്കയ്യനായിഡു പറഞ്ഞത് ഓര്‍മ്മിക്കുക.
വിജയിക്കാനുള്ള
ഏതൊരു സാധ്യതയും സംഘപരിവാരത്തിന്റെ കൈകളില്‍ ആയുധമായി പരിണമിക്കുമെന്നത്
പ്രതിപക്ഷനിരയിലെ ജാഗ്രത വര്‍ദ്ധിപ്പിക്കേണ്ടതാണ്. കോണ്‍ഗ്രസടക്കമുള്ള എതിര്‍കക്ഷികളിലെ
വിശ്വാസ്യതയെ തകര്‍ക്കുവാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടക്കും. എന്നുവെച്ചാല്‍
കണ്ണുചിമ്മാന്‍പോലും ഇളവുലഭിക്കാത്ത യുദ്ധരംഗത്തേക്ക് നാം , ഇന്ത്യയിലെ മതേതര
ജനാധിപത്യ മുന്നണി, പ്രവേശിച്ചു കഴിഞ്ഞുവെന്നര്‍ത്ഥം. അതുകൊണ്ടു മൂന്നു
സംസ്ഥാനങ്ങളിലെ വിജയം ചവിട്ടിനില്ക്കാനുള്ള പ്രചോദനത്തിന്റെ കച്ചിത്തുരുമ്പായി
മാത്രം കണ്ടുകൊള്ളുകയെന്നതാണ് ഉത്തരവാദിത്തബോധമുള്ള നാം ചെയ്യേണ്ടത്.
Comments