#ദിനസരികള് 606


രണ്ടാമൂഴം എന്ന നോവലിലെ ഏറ്റവും മനോഹരവും ഹൃദയസ്പര്ശിയുമായ ഒരു സന്ദര്ഭം ഏതാണ് എന്ന ചോദ്യത്തിന് അത്ര എളുപ്പം ഉത്തരം കണ്ടെത്താന് നമുക്കു കഴിഞ്ഞെന്നു വരില്ല. കാരണം നമ്മുടെ മനസ്സിലേക്ക് തിക്കിത്തിരക്കിക്കയറി വരുന്ന നിരവധി മൂഹൂര്ത്തങ്ങളെ ജീവിതത്തിന്റെ വിവിധ വിതാനങ്ങളോടിണക്കിവെച്ചുകൊണ്ട് സമര്ത്ഥമായി ആവിഷ്കരിച്ചെടുത്തിരിക്കുന്ന ഈ നോവലില് നിന്ന് ഒന്നോ രണ്ടോ സന്ദര്ഭങ്ങളെ തിരഞ്ഞെടുക്കുക എന്നാവശ്യപ്പെട്ടാല് അതു തുലോം ദുഷ്കരമായിരിക്കുമെന്നതില് എനിക്കു സംശയമില്ല. മൂഹൂര്ത്തങ്ങള് നിരവധിയുണ്ട്. ചേദിരാജാവിന്റെ കഴുത്തില്നിന്ന് ചെത്തിപ്പൂക്കള് ചിതറിച്ചു കൊണ്ടു കടന്നുപോകുന്ന കൃഷ്ണന്റെ ചക്രം കടന്നുപോകുന്ന രംഗം , ചുട്ടുകൊല്ലപ്പെടാന്‌ പാകത്തില് അരക്കില്ലത്തിലെത്തിച്ചേര്ന്ന ഒരു കാട്ടാളത്തിയും അഞ്ചുമക്കളും , ദ്രോണാചാര്യരുടെ തലവെട്ടിയെടുത്ത ധൃഷ്ടദ്യുമ്നന് സാത്യകിയെ നേരിടുന്നത്, അഭിമന്യു മരിച്ചതറിഞ്ഞ് കരഞ്ഞു വീര്ത്ത മുഖവുമായി നില്ക്കുന്ന കൃഷ്ണനെ കാണുമ്പോള് ജീര്ണവസ്ത്രങ്ങളുടെ ഉപമയെക്കുറിച്ചോര്ക്കുന്ന ഭീമസേനന് ഇങ്ങനെ ഉദാഹരിക്കുവാനാണെങ്കില് നിരവധി ശോഭയാര്ന്ന സന്ദര്ഭങ്ങള് രണ്ടാമൂഴത്തിലുണ്ട്. ഇവയില് നിന്നും ഒരെണ്ണം തിരഞ്ഞെടുക്കുകയെന്നത് അത്രയെളുപ്പം സാധിക്കുമെന്നു വിചാരിക്കുക വയ്യ.

എന്നിരുന്നാലും ഏറ്റവും ഹൃദയ സ്പര്ശിയായ ഒരു രംഗമായി എനിക്ക് അനുഭവപ്പെട്ടത് ദ്വൈപായനമെന്ന തടാകത്തില്‍‍പ്പോയി ഒളിച്ചിരുന്ന ദുര്യോധനനെ കൃഷ്ണനും കൂട്ടരും കണ്ടെത്തി യുദ്ധത്തിനായി വിളിക്കുന്ന രംഗമാണ്.പതിനെട്ടു ദിവസത്തെ ഘോരമായ യുദ്ധം തന്റെ പ്രിയപ്പെട്ടവരേയും സൈന്യത്തേയുമൊക്കെ ഇല്ലാതാക്കി എന്നു തിരിച്ചറിഞ്ഞ് എല്ലാം നഷ്ടപ്പെട്ടവനായ വ്യഥയില് ലോകത്തെ അഭിമുഖീകരിക്കുവാന് പ്രയാസപ്പെട്ടിരുന്ന ദുര്യോധനന്റെ മുന്നിലേക്കാണ് ഭീമസേനന് വെല്ലുവിളിയുമായി എത്തുന്നത്.ഓരോ കുത്തുവാക്കുകളും സമര്ത്ഥമായി പ്രയോഗിച്ചുകൊണ്ട് യുധീഷ്ടിരന് അദ്ദേഹത്തെ തടാകത്തിലെ ഒളിസ്ഥലത്തുനിന്നും പുറത്തു കൊണ്ടു വരാന് ശ്രമിക്കുന്നു.നാം ആ രംഗം ഒരല്പം അടുത്തുനിന്നുകൊണ്ട് വീക്ഷിക്കുക. നോവലിലേക്ക് :-
ദ്വൈപായനമെന്നു വിളിക്കാറുള്ള കയം ശാന്തമാണ്.അഗാധവുമാണ്.അവിടെയൊന്നും ആരേയും കണ്ടില്ല.താണുകിടക്കുന്ന ആറ്റുവഞ്ചികള്ക്കിടയില് നദീമുഖത്തു ഗുഹയുണ്ട്.അതിലൊന്നിലായിരിക്കും ദുര്യോധനന് എന്ന് വിശോകന് പറഞ്ഞു.
ശകാരവാക്കുകളെറിഞ്ഞ് മാനം കെടുത്തി പുറത്തിറക്കണമെന്ന് യുധീഷ്ടിരന് തന്ത്രം നിശ്ചയിച്ചു.
‘യുധീഷ്ഠിരനും പാണ്ഡവരുമാണ് , ദുര്യോധനാ!’
മറുപടി ഒന്നുമില്ല
‘ഒളിച്ചിരിക്കുകയാണോ ഭീരു? കുലദ്രോഹി. പുറത്തുവന്ന് ക്ഷത്രിയരെപ്പോലെ യുദ്ധം ചെയ്ത് ഒന്നുകില് വിജയിച്ച് വീരനാവ്.അല്ലെങ്കില് അവസാനത്തെ ഉറക്കം ഉറങ്ങ്’
ഇങ്ങനെ ഓരോന്നു പറഞ്ഞു ദുര്യോധനനെ പ്രകോപിതനാക്കി പുറത്തുകൊണ്ടുവരുവാന് യുധീഷ്ഠിരന് ശ്രമിച്ചുകൊണ്ടിരുന്നു.എന്നാല് അതുകൊണ്ടൊന്നും അദ്ദേഹം വഴങ്ങുന്നില്ലെന്നു മനസ്സിലാക്കിയ അവസാനമായി യുധീഷ്ഠിരന് ഇങ്ങനെ പറഞ്ഞു.
‘പുറത്തുവാ ധൈര്യമുണ്ടെങ്കില് പുരുഷനാണെങ്കില്. ഞങ്ങളിലാരോടു വേണമെങ്കിലും യുദ്ധം ചെയ്യാം.നിശ്ചയിക്കുന്ന ആയുധം.ജയിച്ചാല് നീതന്നെ രാജാവ്’

ആവേശം മൂത്തു യുധീഷ്ഠിരന് പറഞ്ഞു പോയതാണ്. പക്ഷേ അതിനു മറുപടിയെന്നോണം ആറ്റുവഞ്ചികള്ക്കിടയില് നിന്നും ദുര്യോധന് കരക്കുകയറി അവരെ അഭിമൂഖീകരിച്ചു.ദുര്യോധനനാണ്. ഒറ്റക്കു പോരാടിയാല് ഭീമസേനനുപോലും അദ്ദേഹത്തെ വിജയിക്കാന് കഴിയില്ല. അക്കാര്യം കൃഷ്ണന് തുറന്നുതന്നെ ഈ സന്ദര്ഭത്തില് പറയുന്നുമുണ്ട്. അങ്ങനയെക്കെയുള്ളപ്പോഴാണ് തങ്ങളില് ആരെ വേണമെങ്കിലും എതിരാളിയായി തിരഞ്ഞെടുത്തുകൊള്ളുവാന് യുധീഷ്ഠിരന് അനുവദിക്കുന്നത്.

ഇവിടെയാണ് ദുര്യോധനന് സര്വ്വപ്രപഞ്ചത്തേയും അതിശയിപ്പിക്കുന്ന തീരുമാനം കൈക്കൊള്ളുന്നത്. അക്കൂട്ടത്തില് തനിക്ക് പറ്റിയ എതിരാളി ഭീമസേനന് മാത്രമേയുള്ളു എന്ന നല്ല ബോധ്യം അദ്ദേഹത്തിനുണ്ട്. നകുലനോ സഹദേവനോ അര്ജ്ജുനനോ തന്റെ ഗദയുടെ ഒരാഘാതം പോലും തടുക്കാന് ശേഷിയില്ലാത്തവരാണെന്നും അദ്ദേഹത്തിനറിയാം. വേണമെങ്കില് അവരെയാരെയെങ്കിലും എതിരാളിയായി സ്വീകരിച്ചുകൊണ്ടു പരാജയപ്പെടുത്താം.സത്യവ്രതനായ മൂത്തപാണ്ഡവന് തന്റെ വാക്കുകള് പാലിക്കേണ്ടിവരും. വീണ്ടും കാട്ടിലേക്കു മടങ്ങേണ്ടിവരും. എന്നാല് ദുര്യോധനന് അത്തരമൊരു എളുപ്പവഴി സ്വീകരിക്കാന് തയ്യാറായിരുന്നില്ല. തന്നിലും ബലം കുറഞ്ഞവനെ തോല്പിച്ചുകൊണ്ടു നേടുന്ന വിജയം വിജയമേയല്ലെന്നു അദ്ദേഹം ഉറപ്പിച്ചിട്ടുണ്ടാകണം.എന്നു മാത്രവുമല്ല ഒറ്റയ്ക്കുനിന്നാല് ഈ ലോകത്ത് തനിക്കാരുംതന്നെ എതിരാളിയില്ലെന്നുമറിയാം. ( ഭീമന് കൃഷ്ണന്റെ ഉപദേശപ്രകരം ചതിയിലൂടെ തുടയ്ക്കടിച്ചാണ് ദുര്യോധനനെ വീഴ്ത്തിയത് എന്ന കാര്യം വിസ്മരിക്കരുത്.) പരാജയപ്പെട്ടാല് തന്റെ ജീവിതത്തിന്റെ അവസാനമാണെന്നറിയാമായിരുന്നിട്ടുപോലും എതിരാളിയായി സ്വീകരിച്ചത് ഭീമസേനനെത്തന്നെയായിരുന്നു.

രണ്ടാമൂഴത്തിലെ മറ്റേതൊരു കഥാപാത്രത്തെക്കാളും ജീവിതസന്ദര്ഭങ്ങളെ തെല്ലും പതറാതെ, തന്റെ ബലത്തില് ഉറച്ചു വിശ്വസിച്ചുകൊണ്ട് ആര്ജ്ജവത്തോടെയും കരുത്തോടെയും നേരിട്ടത് ദുര്യോധനനായിരുന്നുവെന്ന് ഈ സന്ദര്ഭം രേഖപ്പെടുത്തുന്നു.



Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1