#ദിനസരികള് 587



            കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനോട് എസ് പി യതീഷ് ചന്ദ്ര പെരുമാറിയ രീതി ചര്‍ച്ച ചെയ്യപ്പെടുന്നതിനോടൊപ്പം ഒരു പൊളിറ്റിക്കല്‍ എക്സിക്യൂട്ടീവ് ഒരു നോണ്‍ പൊളിറ്റിക്കല്‍ എക്സിക്യൂട്ടീവിനോട് പെരുമാറേണ്ട രീതിയും ചര്‍‌ച്ച ചെയ്യപ്പെടുകതന്നെ വേണം.അങ്ങനെ വരുമ്പോള്‍ പരസ്പരം ബഹുമാനത്തോടെ പെരുമാറാന്‍ നിയമപരമായി ബാധ്യതപ്പെട്ട രണ്ടു സിസ്റ്റങ്ങള്‍ അതിനു മുതിരാതിരിക്കുകയും ഒന്ന് ഒന്നിനു മുകളില്‍ ക്രമവിരുദ്ധമായി ആധിപത്യം സ്ഥാപിക്കുവാന്‍ ശ്രമിക്കുകയും ചെയ്യുന്നത് ഭരണഘടനാപരമായി ശരിയായ രീതിയല്ല.സാഹചര്യങ്ങള്‍ വിലയിരുത്തിയാല്‍ നോണ്‍ പൊളിറ്റിക്കല്‍ എക്സിക്യൂട്ടീവ് നടപ്പിലാക്കേണ്ട ചുമതലകളിലേക്ക് ഒരു പൊളിറ്റിക്കല്‍ എക്സിക്യൂട്ടീവ് അധാര്‍മികമായി, രാഷ്ടീയമായ ഉദ്ദേശലക്ഷ്യങ്ങളോടെ ഇടപെടാന്‍ ശ്രമിച്ചിരിക്കുന്നുവെന്ന വസ്തുതയെ നാം വിസ്മരിച്ചുകൂട.അങ്ങനെ വരുമ്പോള്‍ എസ് പി യതീഷ് ചന്ദ്ര നിര്‍വഹിച്ചത് തന്റെ കര്‍ത്തവ്യമാണെന്നും കേന്ദ്രമന്ത്രി , ആ സ്ഥാനത്തെ ദുരുപയോഗം ചെയ്തുകൊണ്ട് പോലീസിന്റെ കര്‍ത്തവ്യത്തെ തടയാനോ സങ്കുചിതമായി വഴിതെറ്റിക്കുവാനോ ശ്രമിക്കുകയാണ് ചെയ്തത് എന്നു കാണാം.

            ഒന്നുകൂടി വ്യക്തമാക്കാം. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ മധ്യപ്രദേശിലെ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കുന്നത് തടയപ്പെട്ടിരുന്നുവല്ലോ. ക്രമസമാധാനപ്രശ്നമുണ്ടാകാന്‍ സാധ്യതയുണ്ട് എന്നു ആ സംസ്ഥാനത്തെ സര്‍ക്കാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് ഉത്തരവാദിത്തപ്പെട്ട ഒരാള്‍ എന്ന നിലയില്‍ സന്ദര്‍ശനത്തില്‍ നിന്ന് പിന്മാറാന്‍ അദ്ദേഹം കാണിച്ച മാന്യത ജനാധിപത്യപരമായ മര്യാദയാണ്. ഒരു സംസ്ഥാനത്തെ ക്രമസമാധാനപാലനത്തിന് നിയോഗിക്കപ്പെട്ട ഏജന്‍സികളെ വിശ്വാസത്തിലെടുക്കുകയും പരിഗണിക്കുകയും ചെയ്യുക എന്നതാണ് പൊതുവേയുള്ള കീഴ്വഴക്കം. എന്നാല്‍ ഇന്ത്യയിലെവിടേയും ഒരു പൌരനെന്ന നിലയില്‍ സ്വതന്ത്രമായി സഞ്ചരിക്കാമെന്നുള്ള ഭരണഘടനാദത്തമായ അവകാശമുന്നയിച്ചുകൊണ്ട് വേണമെങ്കില്‍ അദ്ദേഹത്തിന് മധ്യപ്രദേശും സന്ദര്‍ശിക്കുമെന്നു വാദിച്ചുകൊണ്ട് സംഘര്‍‌ഷാത്മകമായ ഒരന്തരീക്ഷം സൃഷ്ടിച്ചെടുക്കാമായിരുന്നു.നിയമവാഴ്ച നിലനില്ക്കണമെന്ന് ആഗ്രഹിക്കുന്ന ഒരാളെന്ന നിലയില്‍ മുഖ്യമന്ത്രി സ്വീകരിച്ച അന്ന് നിലപാട് സ്വാഗതാര്‍ഹമാണ്.പൊന്‍ രാധാകൃഷ്ണന്‍‌ എന്ന ഉത്തരവാദിത്തപ്പെട്ട കേന്ദ്രമന്ത്രിയുടെ ശബരിമല സന്ദര്‍ശനം ഈ സംഭവവുമായി ചേര്‍ത്തുവായിക്കുക. ഇവിടെ അദ്ദേഹം വരുന്നതിന് യാതൊരു തടസ്സവും ആരും ഉന്നയിച്ചിട്ടില്ല. എന്നാല്‍ ക്രമസമാധാനപാലനത്തിന് നിയമിക്കപ്പെട്ട ഒരുദ്യോഗസ്ഥന്റെ നിര്‍‌ദ്ദേശങ്ങളെ തന്റെയും ജനങ്ങളുടേയും സുരക്ഷ മുന്‍നിറുത്തി അംഗീകരിക്കുക എന്ന പ്രാഥമിക മര്യാദ കാണിക്കേണ്ടതിനു പകരം അദ്ദേഹം പെര്‍മനന്റ് എക്സിക്യൂട്ടീവ് തെറ്റായ ഉത്തരവ് നല്കാനാണ് ശ്രമിച്ചത്.ഇവിടെയാണ് യതീഷ് ചന്ദ്ര എന്ന ഉദ്യോഗസ്ഥന്‍ അത് തന്റെ ഉത്തരവാദിത്തമാണ് എന്ന് പൊളിറ്റിക്കല്‍ എക്സിക്യൂട്ടീവിനെ ഓര്‍മപ്പെടുത്താന്‍ ശ്രമിച്ചതും വിജയിച്ചതും. അത് അവതരിപ്പിച്ച രീതിയെക്കുറിച്ച് നമുക്ക് വാദിക്കാം തര്‍ക്കിക്കാം. പക്ഷേ ഉദ്ദേശത്തെ ചോദ്യം ചെയ്യുവാന്‍ കഴിയില്ല എന്നതാണ് വസ്തുത.ഇവിടെ കേന്ദ്രമന്ത്രിയുടെ സഞ്ചാര സ്വാതന്ത്ര്യത്തേയോ മറ്റേതെങ്കിലും അവകാശത്തെയോ യതീഷ് ചന്ദ്ര ചോദ്യം ചെയ്തിട്ടില്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. ജനങ്ങളുടെ സുഗമമായ വരവിനും പോക്കിനും വേണ്ടി പോലീസ് നടപ്പിലാക്കിയ ഒരു സിസ്റ്റം പാടില്ല എന്ന നിര്‍‌ദ്ദേശം ചൂണ്ടിക്കാണിക്കുക മാത്രമേയുണ്ടായിട്ടുള്ളു.അത് യതീഷ് ചന്ദ്ര എന്ന ഒരൊറ്റായാള്‍ തീരുമാനിച്ചതുമല്ല. ആ സിസ്റ്റം തെറ്റാണെങ്കില്‍ രേഖാമൂലം ഉത്തരവ് തന്നാല്‍ തിരുത്താം എന്ന നിലപാടും പ്രശംസനീയംതന്നെയാണ്. എഴുതിക്കൊടുക്കുവാന്‍ അധികാരമില്ലെങ്കില്‍ പിന്നെ വാക്കാല്‍ നിര്‍‌ദ്ദേശിച്ച് നടപ്പിലാക്കുവാനാവശ്യപ്പെടാന്‍ എന്ത് അധികാരമാണുള്ളത് ?

            കേന്ദ്രമന്ത്രി വന്നത് ഒരു ഭക്തനായി ശബരിമല സന്ദര്‍ശിക്കുക എന്ന ഉദ്ദേശത്തോടെയല്ല, മറിച്ച് അവിടുത്തെ പ്രശ്നങ്ങളില്‍ രാഷ്ട്രീയമായി ഇടപെട്ടുകൊണ്ടു മുതലെടുക്കുവാന്‍ കൂടിയാണ്. അതുകൊണ്ടാണ് സന്നിധാനത്ത് അദ്ദേഹം നാമജപസമരം നടത്താന്‍ നേതൃത്വം നല്കിയത്. ശബരിമലയിലെ ഓരോ സംവിധാനങ്ങളേയും പ്രതിസ്ഥാനത്തു നിറുത്തിക്കൊണ്ടുള്ള കേന്ദ്രമന്ത്രിയുടെ രാഷ്ട്രീയ സന്ദര്‍ശനത്തെ ഒരു ഭക്തന്റെ ആത്മീയയാത്രയായി കാണുന്നത് വലിയ അപരാധംതന്നെയാകുന്നു. പോലീസ് സവിശേഷമായ സാഹചര്യത്തില്‍ കലാപകാരികളില്‍ നിന്നും ജനങ്ങളെ രക്ഷിച്ചെടുക്കുന്നതിനു വേണ്ടി പ്രഖ്യാപിച്ച നിയമസംവിധാനങ്ങളെ മന്ത്രിയെന്ന നിലയില്‍ വെല്ലുവിളിക്കുക വഴി പൊന്‍ രാധാകൃഷ്ണന്‍ സത്യപ്രതിജ്ഞാലംഘനം നടത്തിയിട്ടുണ്ടോ എന്നും പരിശോധിക്കേണ്ടതുതന്നെയാണ്.

            രാഷ്ട്രീയ ശരികളെക്കുറിച്ചുള്ള വേവലാതികള്‍ ചുറ്റിനുമുയരുന്നത് ഞാന്‍ കാണാതിരിക്കുന്നില്ല.നല്ലതുതന്നെ. തങ്ങള്‍ എല്ലാത്തരം വീഴ്ചകളില്‍ നിന്നും മുക്തരാണെന്നു നടിക്കാനുള്ള ആരുടേയും അവകാശത്തെ ഞാന്‍ ചോദ്യം ചെയ്യുന്നില്ല. പക്ഷേ ഒന്നോര്‍ക്കണം.ഇവിടെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നത് ഫാസിസത്തെയാണ്.അതിന്റെ വക്താക്കളും പ്രയോക്താക്കളുമായിട്ടുള്ള ആളുകള്‍ സര്‍വ്വശക്തിയുമെടുത്ത് ഇരച്ചാര്‍ത്തു വരികയാണ്.അങ്ങനെ ഇരച്ചാര്‍ത്തു വരുന്ന ഇരുട്ടിന്റെ ശക്തികളില്‍ നിന്നും രക്ഷപ്പെടാനുള്ള വ്യഗ്രതയില്‍ ഓടിപ്പായുമ്പോള്‍ ചിലപ്പോള്‍ അറിയാതെ ഏതെങ്കിലും കുടിവെള്ളത്തിന്റെ കുഞ്ഞൊഴുക്കുകളെ കലക്കിപ്പോയെന്നു വരാം.ഉടനെ ഏറ്റവും പ്രധാനപ്പെട്ട ഒരു വിഷയമായി അതുയര്‍ത്തിക്കൊണ്ടുവരുന്നത് ഗുണപരമല്ലെന്നു മാത്രമല്ല ഫാസിസത്തിന്റെ വരവിനെ ത്വരിതപ്പെടുത്തുകകൂടിയാണ്.ഒന്നോര്‍ക്കണം, ഒരു വ്യക്തി ദുഷിച്ചാല്‍‌ നമുക്ക് വളരെ വേഗം തിരുത്താനുള്ള നടപടി സ്വീകരിക്കാം. എന്നാല്‍ ഒരു ജനത ദുഷിച്ചാല്‍ തിരിച്ചുവരവ് ക്ഷിപ്രസാധ്യമല്ല. ഒരു ജനതയെ ഒന്നാകെ ദുഷിപ്പിക്കാനുള്ള നടപടികളാണ് ചുറ്റും നടക്കുന്നത്.അവിടെ വ്യക്തിപരമായ രാഷ്ട്രീയ ധാരണകളുടെ അടിസ്ഥാനത്തില്‍ സമൂഹത്തെ ഒന്നാകെ അടക്കിപ്പിടിച്ചു മുന്നോട്ടു പോകുന്നതുതന്നെയാണ് അഭികാമ്യമായിട്ടുള്ളത്.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം