#ദിനസരികള് 585


            ഇന്ത്യന്‍ ഭരണഘടനയോട് മറ്റാരേയുംകാള്‍ വിധേയത്വം കാണിക്കേണ്ടത് ഒരു ഇസ്ലാം മതവിശ്വാസിയെ സംബന്ധിച്ച് അത്യന്താപേക്ഷിതമാണെന്നു നമ്മുടെ ദൈനന്ദിന വ്യവഹാരങ്ങളില്‍ പലരും പറഞ്ഞു പോരുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ഇതര വിഭാഗങ്ങളെല്ലാം ജനിക്കുമ്പോള്‍ത്തന്നെ ഭരണഘടനയോട് വിധേയരായിരിക്കുന്നുവെന്നും എന്നാല്‍ മുസ്ലിം വിഭാഗം അങ്ങനെയല്ലെന്നും ആരെങ്കിലും ചിന്തിക്കുന്നുണ്ടെങ്കില്‍ അത് തികച്ചും വികലമായ ധാരണയാണ്. ഒരു ജനത എന്ന നിലയില്‍ അവരെ രണ്ടാംസ്ഥാനത്തേക്ക് ഭരണാഘടനാവിരുദ്ധമായി തള്ളിക്കളയുന്ന ഈ പ്രവണത ആരോഗ്യകരമായ ജനാധിപത്യത്തിന് ഭൂഷണമല്ല.ആ നിലപാട് മുസ്ലിംവിഭാഗക്കാരില്‍ അപകര്‍ഷതയുണ്ടാകാനും അതേ കാരണംകൊണ്ടുതന്നെ ഭരണഘടനാ വിരുദ്ധമായ നിലപാടുകളിലേക്ക് തെന്നിപ്പോകാനും കാരണമായേക്കാം.
            തീര്‍ച്ചയായും ഇന്ത്യന്‍ മുസ്ലിങ്ങള്‍ക്ക് ഭരണഘടനയെക്കുറിച്ച് വേവലാതികളുണ്ട്. അത്തരമൊരു വേവലാതി ഉണ്ടായിവരാനുള്ള കാരണം അവരുടെ അനുഭവങ്ങള്‍ തന്നെയാണ്.ഇന്ത്യ , ഒരു രാഷ്ട്രമെന്ന നിലയ്ക്ക ഭരണഘടനാപരമായ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിക്കേണ്ട സമയത്തു അതുചെയ്യാതെ മതവര്‍ഗ്ഗീയവാദികളുടെ ഇഷ്ടാനുസാരം പ്രവര്‍ത്തിച്ചതുകൊണ്ടാണ് അവിശ്വാസത്തില്‍ പൊതിഞ്ഞ അത്തരമൊരു വേവലാതി രൂപപ്പട്ടുവന്നത്.രണ്ടു സംഭവങ്ങള്‍ പരിശോധിക്കുക ഒന്ന് ബാബരി മസ്ജിദും മറ്റൊന്ന് ഗുജറാത്ത് വംശഹത്യയും.
            ബാബറി മസ്ജിദ്,  അതുണ്ടായ കാലം മുതല്‍ മുസ്ലീം ആരാധനാ കേന്ദ്രമായിരുന്നു.ഇന്ത്യയിലെ ഹിന്ദു തീവ്രവാദികള്‍  ശ്രീരാമജന്മസ്ഥലം എന്ന വാദമുന്നയിച്ചുകൊണ്ടുവന്ന് 1991 ഡിസംബര്‍ ആറിന് ആ പള്ളിയെ തകര്‍‌ത്തെറിഞ്ഞു. ഇന്ത്യയെ രണ്ടായി മുറിച്ച വര്‍ഗ്ഗീയമായി രണ്ടായി വെട്ടിമുറിച്ച  വിഭജനമായിരുന്നു അത്.അതിനു ശേഷം ഇത്രയും കാലമായിട്ടും ഭരണഘടനയെ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു ജനത എന്ന നിലയില്‍ ആ പ്രശ്നത്തിന് ഉത്തരം കണ്ടെത്താനും മുസ്ലിം ജനവിഭാഗത്തിന് നീതി നല്കാനും നമുക്ക് കഴിഞ്ഞിട്ടില്ല.നാം ഇപ്പോഴും കലാപങ്ങളെ ഭയന്നും നീതി നിഷേധിച്ചും ഭരണഘടനയെ റദ്ദാക്കിക്കൊണ്ടേയിരിക്കുന്നു.
            ഗുജറാത്ത് കലാപകാലത്ത് അഡീഷനല്‍ ‍ ഡി ജി പിയായിരുന്ന ആര്‍ബി ശ്രീകുമാര്‍ എഴുതിയ ഗുജറാത്ത് ഇരകള്‍ക്കു വേണ്ടി ഒരു പോരാട്ടം എന്ന പുസ്തകം എന്റെ മേശപ്പുറത്തു കിടക്കുന്നു.മുസ്ലിം ജനതയെ വംശീയമായി ഉന്മൂലനം ചെയ്യാന്‍ സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയും കൂട്ടരും നടത്തിയ ഗൂഢാലോചനയെക്കുറിച്ച് പറയുന്ന  പ്രസ്തുത പുസ്തകം ഉള്‍ക്കിടിലത്തോടെയല്ലാതെ നമുക്കു വായിച്ചു തീര്‍ക്കാന്‍ കഴിയില്ല.ക്രമസമാധാനം സംരക്ഷിക്കേണ്ട പോലീസ് അടക്കമുള്ള സര്‍ക്കാര്‍ ഏജന്‍സികളെ എത്ര ക്രൂരമായാണ് ഭരണത്തിലിരിക്കുന്ന വര്‍ഗ്ഗീയ കക്ഷികള്‍ കലാപത്തിന് അനുകൂലമായി പ്രയോഗിച്ചത്! ഒരു ജനത എന്ന നിലയില്‍ നമുക്കു പൊതുവായുണ്ടെന്ന് നാം അഭിമാനിക്കാറുള്ള തുല്യത , മതനിരപേക്ഷത, മാനവികത മുതലായ സവിശേഷതകളെയൊക്കെ അട്ടിമറിച്ചുകൊണ്ടു ഹിന്ദു എന്ന വിഭാഗത്തിന്റെ മാത്രം താല്പര്യങ്ങളെ സംരക്ഷിക്കുന്നതിനു വേണ്ടി കലാപത്തില്‍ ഇടപെരുതെന്ന് മുഖ്യമന്ത്രിതന്നെ നേരിട്ടു നിര്‍‍ദ്ദേശം നല്കുന്നു! അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ ഭരണഘടന റദ്ദാക്കപ്പെടുന്നു.
            രണ്ടു സംഭവങ്ങളും ഇന്ത്യയിലെ മുസ്ലിങ്ങളുടെ മനസ്സിലുണ്ടാക്കിയിരിക്കുന്ന അവിശ്വാസം അസ്ഥാനത്തല്ല. ആ അവിശ്വാസത്തെ നീക്കിയെടുക്കേണ്ടതിനു പകരം വീണ്ടും വീണ്ടും ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങളെ ഓര്‍മിപ്പിച്ചുകൊണ്ട് അവരെ വീര്‍പ്പുമുട്ടിക്കാനാണ് നാം ശ്രമിക്കുന്നതെങ്കില്‍ അവര്‍ നമ്മുടെ ജനാധിപത്യങ്ങളില്‍ നിന്നും ഭരണഘടനയില്‍ നിന്നും ഏറെ ദൂരത്തേക്ക് ഓടിമാറുക തന്നെ ചെയ്യും.
                       


Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം