#ദിനസരികള് 586


എത്ര തവണ ചിന്താവിഷ്ടയായ സീത വായിച്ചു? എത്ര തവണ കാവ്യത്തിലെ ഓരോ വാക്കുകളുമായി മല്ലടിച്ചു? അവയുടെ ആന്തരികാര്ത്ഥങ്ങളിലേക്ക് ഊളിയിടാന്‍‌ വെപ്രാളം കൊണ്ടു? എത്ര തവണ സീതയ്ക്കൊപ്പം നിലയുറപ്പിച്ചു നിന്നുകൊണ്ട് രാമാണയമല്ല , സീതായനമാണ് ശരി എന്ന് ആവര്ത്തിച്ചുറപ്പിച്ചു? രാമന്റെ നെഞ്ചിലേക്ക് സീത തൊടുത്ത ഓരോ വാക്ശരങ്ങളേയും എത്രതവണ എത്ര വട്ടം ആവര്ത്തിച്ച് ആവര്ത്തിച്ച് ആഞ്ഞെറിഞ്ഞു? എന്നിട്ടും മതി വരാതെ കഴിയുന്ന വിധത്തില്കഴിയുന്ന വാക്കുകളില്സീതയെ ആവിഷ്കരിക്കാനും ശ്രമിച്ചു. അതിവിടെ പകര്ത്തട്ടെ രാമായനമല്ല , സീതായനമാണ് ശരി എന്നൊരു പക്ഷമുണ്ടല്ലോ. ഞാനും പക്ഷക്കാരനാണ്.സീതയുടെ പാദരേണുക്കളെ പിന്തുടരാനുളള ആത്മബലം പോലും രാമനില്ല.സീതയോളം രാമന്ഉയരില്ലെന്ന് വാല്മീകിക്കും അറിയാം.ലോകത്തെ ഏറ്റവും ഗുണവാനും വീര്യവാനുമായ ആളെ തേടിയിറങ്ങിയ അദ്ദേഹം , ഒരു പക്ഷേ തന്റെ ചോദ്യത്തിനുത്തരം രാമനില്കണ്ടെത്തിയിട്ടുണ്ടാകാം.എന്നാല്രാമനെ അതിശയിക്കുന്ന തലത്തില്സീതയെ ഉരുക്കിപ്പണിതതിലൂടെ എക്കാലത്തും രാമനെക്കാള്മികച്ച പ്രതിയോഗിയെയാണ് ആദികവി സൃഷ്ടിച്ചെടുത്തത്.മനുഷ്യന്ഗുണവാനും വീര്യവാനും മാത്രമായിരുന്നാല്പോരെന്നും മനുഷ്യത്വമെന്ന സര്വ്വാതിശായിയായ മൂല്യബോധത്തെ പിന്പറ്റുമ്പോഴാണ് ഒരുവന്പൂര്ണനാകുന്നതെന്നും അത്തരത്തിലുള്ള ഒരു പ്രാഗ്രൂപത്തെയാണ് സീതയിലുടെ വാല്മീകി സൃഷ്ടിച്ചെടുത്തതെന്നും ഞാന്കരുതുന്നു.
രാമരാവണയുദ്ധാനന്തരം അഗ്നിപ്രവേശം നടത്തി പരിശുദ്ധി തെളിയിച്ചാണ് സീത രാമന്റെ ജീവിതത്തിലേക്ക് തിരിച്ചു വരുന്നത്. സീതയെ അഗ്നിപ്രവേശനത്തിന് അനുവദിച്ച നിമിഷംതന്നെ രാമനെന്ന ഗുണവാന്റെ പതനം ആരംഭിച്ചുവെന്നു വേണം പറയാന്‍.അയോധ്യാധിപതിയുടെ പത്നി സുചരിതയാണെന്ന് ലോകം അറിയട്ടെ എന്നാണ് രാമന്ചിന്തിക്കുന്നത്.മാലോകര്ക്കു വേണ്ടിയാണ് താന്സീതയെ പരീക്ഷിക്കുന്നതെന്ന വ്യാജേന സംശയഗ്രസ്തമായ തന്റെതന്നെ മനസ്സിനെ തൃപ്തിപ്പെടുത്തുകയായിരുന്നു രാമനെന്ന ചിന്തക്ക് അടിവരയിടുന്നതാണ് പിന്നീട് സീതയുടെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങള്എന്നതാണ് സത്യം.ആരോ ചിലര്അപവാദമുന്നയിച്ചത് ചാരന്മാര്മുഖേന രാമന്റെ ചെവിയിലെത്തുകയും രാമന്സീതയെ അതും തന്റെ കുഞ്ഞുങ്ങളെ ഉദരത്തില്പേറുന്ന സീതയെ വനത്തിലുപേക്ഷിക്കുവാന്കല്പിച്ചയക്കുകയും ചെയ്തതോടെ ഗുണവാനും വീര്യവാനുമെന്ന വിശേഷണം പേറി വജ്രസമാനം തിളങ്ങി നിന്നിരുന്ന രാമന്, കരിക്കട്ടപോലെ ഭൂമിയിലേക്ക് പട്ടുവീഴുന്നത് കാണുക.
പരിത്യാഗത്തിനുശേഷമാണ് , സീത രാമനെക്കാള്ഔന്നത്യമാര്ജ്ജിക്കുന്നതെന്ന് പറയാം.
രാവണാങ്കേ വസിച്ചോള്നീ
ദുഷ്ടന്കണ്ണാലെ കണ്ടവള്
നിന്നെ ത്തിരിച്ചെടുക്കാമോ
കുലവമ്പോതിടുന്ന ഞാന്‍
എന്തിനോ വീണ്ടു ഞാന്നിന്നെ
അതു കിട്ടിക്കഴിഞ്ഞു മേ
ഇല്ലൊരാസക്തി മേ നിങ്കല്
വിട്ടുപോകാം യഥേഷ്ടമേ
എന്ന് ഒരിക്കല്തന്നെ ആട്ടിയകറ്റിയവനാണെന്ന ബോധ്യമുണ്ടായിട്ടും ഒരു നോട്ടംകൊണ്ടു പോലും സുചരിതയായ സതീരത്നം രാമനെ ഭര്ത്സിക്കുന്നില്ല.സീതയുടെ മൌനത്തിന്റെ രഹസ്യം പക്ഷേ രാമനെ നിഷ്പ്രഭനാക്കുന്നതിനു വേണ്ടിയായിരുന്നുവെന്ന് കാലത്തിന് അറിയാമായിരിക്കണം. അതുകൊണ്ടാണല്ലോ ,
കാവ്യം രാമായണം കൃല്സ്നം
സീതായാശ്ചരിതം മഹത് എന്ന് കവിയെക്കൊണ്ട് കടന്നു പറഞ്ഞുവെപ്പിക്കുന്നത്.പരിത്യക്തയായ സീതയെ രാജസൂയ വേദിയിലേക്ക് ആദികവി തിരിച്ചെത്തിക്കുന്നുണ്ട്. അപ്പോഴും കണ്ണുനീര്വാര്ത്തുകൊണ്ട് രാമന്റെ കാല്ക്കലേക്ക് പോയി വീഴുന്നവളായി സീത മാറുന്നില്ല, മറിച്ച് രാമന്റെ മുഖത്തുനോക്കി രാജസദസ്സിനെ സാക്ഷിയാക്കി ഞാന്പതിവ്രതയാണെങ്കില്ഭുമി പിളര്ന്ന് എന്നെ കൈക്കൊള്ളണേ എന്ന് ഭൂമി ദേവിയോട് അര്ത്ഥിക്കുകയാണുണ്ടായത്.ആ പ്രാര്ത്ഥനയുടെ തീവ്രത നോക്കുക. താനിനി രാമപത്നിയായി വേഷം കെട്ടാനില്ല എന്ന തീരുമാനമെടുത്ത ഒരുറച്ച മനസ്സിന്റെ നിലപാടാണത്. താന്പതിവ്രതയല്ലെങ്കില്ഭൂമി പിളര്ന്ന് താഴ്ത്തണേ എന്നല്ല പ്രാര്ത്ഥന എന്നതു പ്രത്യേകം ശ്രദ്ധിക്കുക.
ലോകവന്ദ്യനായ ഒരു പുരുഷന്റെ ദാസ്യപ്പണി ചെയ്തുകൊണ്ട് ജീവിച്ചുപോകുന്ന ഒരു പെണ്ണിനെ സൃഷ്ടിക്കുകയായിരുന്നില്ല കവി ഉദ്ദേശിച്ചിരുന്നതെന്ന് വ്യക്തം. പുരുഷന്റെ മേല്‍‌ക്കോയ്മകളെ തച്ചുടക്കുന്ന , അവന്റെ ആധിപത്യവാസനകളുടെ മുഖത്തു തുപ്പുന്ന സീതയെന്ന കഥാപാത്രം എക്കാലത്തേയും സ്ത്രീകള്ക്ക് മാതൃകയാകുക എന്നതുതന്നെയായിരിക്കും രാമായണകര്ത്താവും ഉദ്ദേശിച്ചിരുന്നത്.രാമായനങ്ങളെ സീതായനമാക്കുന്ന വായനകള്ക്ക് ഇനിയും പ്രസക്തിയുണ്ടെന്ന് നാം മനസ്സിലാക്കുക.” (ദിനസരികള്362 , 10-04-2018) പക്ഷേ നാളിതുവരെ ഞാന്നടത്തിയ സീതാകാവ്യത്തിലൂടെയുള്ള എല്ലാ യാത്രകളേയും റദ്ദു ചെയ്തുകൊണ്ട് സുനില്പി ഇളയിടം ചിന്താവിഷ്ടയായ സീതയുടെ മഹത്തായ മറ്റൊരു മുഖത്തെ അനാവരണം ചെയ്തു തരുമ്പോള്വിസ്മയസ്തബ്ദനായി നിന്നുപോകുയല്ലാതെ ഞാനെന്തു ചെയ്യാന്? വാഗ്ദോരണയില്ആമഗ്നമായി അടിമുടി കുളിര്ന്നുപോകുന്നു.
അദ്ദേഹത്തിന്റെ എത്രയോ വേദികളെ നാം കേട്ടിരിക്കുന്നു?പക്ഷേ കഴിഞ്ഞ ദിവസം പാലക്കാട്ടു നടന്ന നവോത്ഥാന സദസ്സില്നടത്തിയ പ്രസംഗം അദ്വിതീയമാണ്. ഇത്രയും ആര്ജ്ജവത്തോടെ , ഹൃദയദ്രവീകരണക്ഷമതയോടെ സുനില്പി ഇളയിടം കേരളത്തെ അഭിമുഖീകരിച്ച സന്ദര്ഭങ്ങള്ഇതിനുമുമ്പുണ്ടായിട്ടില്ല. കാലഘട്ടം ആവശ്യപ്പെടുന്നതുകൊണ്ടാകാം അദ്ദേഹത്തിന്റെ വാക്കുകളില്ക്ഷോഭം കലര്ന്നിരിക്കുന്നു. എത്രയാട്ടിയകറ്റിയിട്ടും പ്രതിരോധത്തിന്റെ നാലുപുറങ്ങളിലും പൈശാചികശക്തികള്ചുറ്റിക്കറങ്ങിക്കൊണ്ടേയിരിക്കുന്നുവെന്ന ബോധ്യമാകാം അദ്ദേഹത്തില്അടക്കിപ്പിടിച്ച ക്ഷോഭത്തിന്റെ ലാഞ്ചന ലയിച്ചു നിന്നത്.
സീതയെ മുന്നില്നിറുത്തിക്കൊണ്ട് സ്ത്രീസമൂഹത്തെ തങ്ങളുടെ കാല്ചുവട്ടിലേക്ക് വലിച്ചിഴച്ചുവെച്ച കോയ്മകളെ വെല്ലുവിളിക്കുകയാണ് കുമാരനാശാന്ചെയ്തത്.അതേ കോയ്മകള്വര്ത്തമാനകാലത്തും തങ്ങളുടെ വികൃതമായ മുഖങ്ങളെ പ്രദര്ശിപ്പിച്ചുകൊണ്ട് വേദികള്കീഴടക്കുമ്പോള്അതിനെ പ്രതിരോധിക്കേണ്ടത് നാടിന്റെ കടമയാണ് എന്ന തിരിച്ചറിവിലാണ് സുനില്കാല്കുത്തിനില്ക്കുന്നത്. ആകെയുള്ള മാനവസത്തയുടെ പിന്ബലത്തോടെയാണ്, അല്ലാതെ ഏതെങ്കിലും സങ്കുചിതമായ താല്പര്യങ്ങളുടെ മുകളിലല്ല അദ്ദേഹം തന്റെ പ്രതിരോധത്തിന്റെ കോട്ട പണിതെടുക്കുന്നത്.അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ വാക്കുകളെ പിന്പറ്റുന്നവര്മനുഷ്യനോട് ചേര്ന്ന് നില്ക്കുന്നു, മനുഷ്യത്വത്തെ തൊട്ടറിയുന്നു
പ്രതിരോധത്തിന്റെ മഹാമേരുവായി, പ്രകാശത്തിന്റെ മഹാഗോപുരമായി സുനില്പി ഇളയിടമെന്ന കൃശഗാത്രന്നിവര്ന്നു നില്ക്കുമ്പോള്ഇരുട്ടിന്റെ ഏതു ശക്തികള്ക്കാണ് കേരളത്തെ പരാജയപ്പെടുത്താന്കഴിയുക? അല്ല, തോല്വി നമുക്കുള്ളതല്ല.
(അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ ട്യൂബ് ലിങ്ക് ചുവടെ. ആ പ്രസംഗം മുഴുവനായിത്തന്നെ പകര്ത്തിയെടുത്ത
പ്രിയപ്പെട്ട ഷാജി മുള്ളൂക്കാരന് സ്നേഹം )

https://www.youtube.com/watch?v=uPRDpR2-mj8&feature=youtu.be&fbclid=IwAR3kt1tW1z3Y9jahfK58jaP28bO-pyC7iSXcRKZt5JSNnv_180had7VhrHo

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം