#ദിനസരികള് 584
ഉണ്ണിക്കുടവുമേന്തി
കെ ആര്‍ ഗൌരി
കള്ളിനു പോയനേരം
വേലിക്കപ്പാത്തിരുന്നു
ഇ എം എസ്
കല്ലെറിഞ്ഞു വിളിച്ചു
വിക്കാ ചട്ടാ മച്ചിപ്പെണ്ണേ
വിക്കന്റെ തലയിലെ ഗൌരിച്ചോത്തി
ഗൌരീ നീയൊരു പെണ്ണല്ലേ
ഈ അരി എങ്ങനെ വെച്ചു വിളമ്പും
ഗൌരിപ്പെണ്ണേ മച്ചിപ്പെണ്ണേ
മക്കടെ വേദനയറിയില്ലേ?
എമ്മനും ഗൌരിയും ഒന്നാണേ,
തോമാ അവരുടെ വാലാണേ
നാടു ഭരിക്കാനറിയില്ലെങ്കില്‍
ചകിരി ഭരിക്കൂ ഗൌരിച്ചോത്തീ
ചാത്തന്‍ പൂട്ടാന്‍ പോകട്ടെ
ചാക്കോ നാടു ഭരിക്കട്ടെ
കെ ആര്‍ ഗൌരി പെണ്ണല്ലേ
പുല്ലു പറിയ്ക്കാന്‍ പൊയ്ക്കൂടേ?
ഗൌരിച്ചോത്തി പെണ്ണല്ലേ
പുല്ലു പറിയ്ക്കാന്‍ പൊയ്ക്കൂടേ ?
നാടു ഭരിയ്ക്കാന്‍ അറിയില്ലെങ്കില്‍
വാടി ഗൌരി കയറുപിരിയ്ക്കാന്‍
ചോരച്ചെങ്കൊടി എന്തിനു കൊള്ളാം
കെ ആര്‍ ഗൌരിക്കു ബോഡിക്കു കൊള്ളാം
ഗൌരിച്ചോത്തിയെ വേളി കഴിച്ചൊരു
റൌഡിത്തോമാ സൂക്ഷിച്ചോ -
കോണ്‍ഗ്രസുപാര്‍ട്ടി നേതൃത്വം നല്കുന്ന വലതുപക്ഷത്തുനിന്ന് കേരളം
കേട്ട ചില മുദ്രാവാക്യങ്ങളാണിവ. കെ ആര്‍ ഗൌരി എന്ന സ്ത്രീയെ വ്യക്തിപരമായി
ആക്ഷേപിച്ചുകൊണ്ടും അവരുടെ സ്ത്രീത്വത്തെ ഇടിച്ചു താഴ്ത്തിക്കൊണ്ടും യാതൊരു
വിധത്തിലുള്ള ജനാധിപത്യമര്യാദകളും പാലിക്കാതെ ഉയര്‍ന്ന ഈ മുദ്രാവാക്യങ്ങള്‍
കേരളത്തില്‍ പ്രവര്‍ത്തിച്ചിരുന്ന, ഇപ്പോഴും പ്രവര്‍ത്തിക്കുന്ന ജാതീയതയേയും
സ്ത്രീവിരുദ്ധതയേയും ഉയര്‍ത്തിപ്പിടിക്കുന്ന വലതുപക്ഷ മനസ്സിന്റെ നേര്‍ച്ചിത്രമാണ്.തീവ്രഹിന്ദുത്വവാദികളുടെ
കൂടാരങ്ങളിലേക്ക് ഇവിടെ നിന്നും ഒരു ചുവടിന്റെ ദൂരം പോലുമില്ല.അതുകൊണ്ടാണ്
സ്ത്രീവിരുദ്ധവും ജാത്യാധിഷ്ഠിതവുമായ ഒരു മുദ്രാവാക്യത്തിന്റെ കുടക്കീഴിലേക്ക്
മതതീവ്രവാദികളായവരുടെ കൂടെ ഒരു സന്ദേഹവുമില്ലാതെ കോണ്‍ഗ്രസിനും വലതുപക്ഷത്തിനും
കയറി നില്ക്കാന്‍ കഴിഞ്ഞത്. മതജാതികക്ഷികളുമായി നിലനില്ക്കുന്നുണ്ടെന്ന് കോണ്‍ഗ്രസിലെ
ചിലരെങ്കിലും ധരിച്ചു വെച്ചിരിക്കുന്ന അതിര്‍ത്തിരേഖ എന്നെന്നേക്കുമായി
ഇല്ലാതാകുകയും ഒരൊറ്റക്കൊടി രൂപപ്പെട്ടു വരികയും ചെയ്യുക എന്നതാണ് ഇനി ഈ വലതുപക്ഷത്തിന്
ആസന്നമായിരിക്കുന്ന ദുരന്തം.
സമൂഹരൂപീകരണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ എല്ലായ്പോഴും തന്നെ
ഈ വലതുപക്ഷശക്തികള്‍ കേരളത്തെ പിന്നോട്ടേക്ക് ആനയിച്ചതായി കാണാം.കേവലമൊരു
വിമോചനസമരം മാത്രമല്ല, എത്രയോ നൂറ്റാണ്ടുകളായി ഈ പക്ഷം ജാതീയതയായും
സ്ത്രീവിരുദ്ധതയായും ഇവിടെ പ്രവര്‍ത്തിച്ചുവരുന്നു.ഒരു രാഷ്ട്രീയ ശക്തിയായി
രൂപാന്തരം പ്രാപിച്ചതിനുശേഷവും നവോത്ഥാനമൂല്യങ്ങള്‍ക്ക് ഘടകവിരുദ്ധമായ നിലപാടുകളെ
യാതൊരു ആശങ്കയും കൂടാതെ ഇവര്‍ ആശ്ലേഷിച്ചു.നാം കണ്ടുകൊണ്ടിരിക്കുന്ന , വിശ്വാസത്തെ
സംരക്ഷിക്കാനെന്ന പേരില്‍ നടത്തുന്ന സമരകോലാഹലങ്ങള്‍ ഈ വലതുപക്ഷത്തെ
അടക്കിഭരിക്കുന്ന ജീര്‍ണതകളുടെ പൊട്ടിപ്പുറപ്പെടലുകളാണ്.
സവര്‍ണതയോട് എന്നും ഏറ്റുമുട്ടുകയും വിട്ടുവീഴ്ചയില്ലാതെ
എതിര്‍ത്തു നില്ക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ഒരു പുരോഗമന മനസ്സ് വളരെ ശക്തമായി
കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുവെന്നതാണ് കേരളം ഇന്നത്തെ കേരളമായി മാറുന്നതില്‍
നിര്‍ണായകപങ്കു വഹിച്ചത്.അതല്ലായിരുന്നുവെങ്കില്‍ നമ്മുടെ നാട് ഇന്നും സവര്‍ണന്റെ
പാദസേവ ചെയ്യുമായിരുന്നുവെന്നതിന്റെ തെളിവാണ് , “ പാളേല്‍
കഞ്ഞികുടിപ്പിക്കും , തമ്പ്രാനെന്നു വിളിപ്പിക്കും “ എന്ന മുദ്രാവാക്യം.എത്രമാത്രം വിധേയത്വം പേറുന്നതാണ്
വലതുമനസ്സ് ഉയര്‍ത്തിയ ഈ മുദ്രാവാക്യമെന്നു നോക്കുക.ഇന്നും
ഈ വിധേയത്വത്തില്‍ നിന്നും കരകയറാതെ തമ്പ്രാന്റേയും അവന്റെ ഇംഗിതങ്ങളേയും സാധിപ്പിച്ചുകൊടുക്കാന്‍
മുട്ടുകാലിലിഴയുന്നവരെ നാം ചുറ്റും കാണുന്നു.പടുതിരി കത്തി ഇരുളിലേക്ക് ആണ്ടു
പോയവരെ രാജാവെന്നും തന്ത്രിയെന്നുമൊക്കെയുള്ള വിശേഷണങ്ങളില്‍
പുനസ്ഥാപിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ കൊണ്ടുപിടിച്ചു നടക്കുന്നു. ജാതീയതയുടേയും
സ്ത്രീവിരുദ്ധതയുടേയും നുകങ്ങള്‍ക്കു കീഴിലേക്ക് നമ്മുടെ കഴുത്തു നീട്ടി
തമ്പ്രാനെന്നും അടിയനെന്നുമൊക്കെ ഏറ്റു പറഞ്ഞുകൊണ്ടു ഒരു കെട്ടകാലത്തേക്ക് നമ്മെ
കൂട്ടിക്കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ക്ക് നാം വഴങ്ങേണ്ടതുണ്ടോ എന്നതുമാത്രമാണ് വര്‍ത്തമാനകാലത്ത്
ഉന്നയിക്കപ്പെടേണ്ട ചോദ്യം.
Comments